Soccer

'മഡ്രിഡ് വിട്ടപ്പോഴേ ഞാൻ ഇത് ആഗ്രഹിച്ചിരുന്നു'; ഫ്രാൻസിനെ പരിശീലിപ്പിക്കാൻ സിദാൻ

1998 ൽ ഫ്രാൻസ് ആദ്യത്തെ ലോകകിരീടം ചൂടിയപ്പോൾ സിദാൻ ടീമിലുണ്ടായിരുന്നു

Sports Desk

ഫ്രഞ്ച് ഫുട്‌ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ഇതിഹാസ താരം സിനദിൻ സിദാൻ. ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്കു പിന്നാലെയാണ് ദിദിയർ ദെഷാംപ്‌സിനു പകരക്കാരനെ ഫ്രാൻസ് തേടിയത്. രാജ്യാന്തര ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സിദാൻ സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം.

''ഞാൻ വളരെ സന്തോഷവാനാണ്. ഇതൊരു സ്വപ്‌നമായിരുന്നു. ഈ ഫ്രാൻസ് ടീമിൽ അസാധാരണ പ്രതിഭകളുണ്ട്, അസാധാരണ ടീമുമാണ്. ഈ അവസരത്തിനായി കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ കാത്തിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ നിമിഷം എനിക്ക് വൈകാരികവുമാണ്. ഞാൻ ഈ ടീമിനെ ഒരു ആരാധകനെ പോലെയും ഭാവിയിലെ പരിശീലകനെ പോലെയുമാണ് കണ്ടിരുന്നത്. ഞാൻ അക്കാര്യം ഒളിപ്പിച്ചുവയ്ക്കുന്നില്ല. റയൽ മഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനു ശേഷം ഞാൻ എന്നോടു തന്നെ പറഞ്ഞിരുന്നു, 'ഫ്രാൻസ് പരിശീലകനാകണം' എന്ന്,'' സിദാൻ പറഞ്ഞു.

2021 വരെ റയൽ മഡ്രിഡ് പരിശീലകനായിരുന്നു സിദാൻ. അതിനുശേഷം മറ്റു ക്ലബുകളുടെ പരിശീലക സ്ഥാനമൊന്നും ഏറ്റെടുത്തില്ല. ഫ്രാൻസ് പരിശീലകനാകാൻ വേണ്ടിയാണ് മറ്റു ക്ലബുകളിലേക്കുള്ള ക്ഷണം നിരസിച്ചതെന്നും സിദാൻ വെളിപ്പെടുത്തി.

''ഞാൻ ഫ്രാൻസ് പരിശീലക സ്ഥാനം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് മറ്റൊരു ക്ലബിന്റെയും പരിശീലക സ്ഥാനത്തേക്കു പോകാതിരുന്നത്. മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞാൽ ഫ്രാൻസ് ടീമിനെ പരിശീലിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. മാഡ്രിഡിന് ശേഷം മറ്റു ക്ലബുകളിൽ നിന്ന് നിരവധി ഓഫറുകൾ വന്നിരുന്നു. ഞാൻ അതെല്ലാം ഫ്രാൻസ് ടീമിനായി നിഷേധിച്ചു. ഫ്രഞ്ച് ടീമിന്റെ പരിശീലകനാകുക എന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം,'' സിദാൻ കൂട്ടിച്ചേർത്തു.

1998 ൽ ഫ്രാൻസ് ആദ്യത്തെ ലോകകിരീടം ചൂടിയപ്പോൾ സിദാൻ ടീമിലുണ്ടായിരുന്നു. 2006 ലെ ലോകകപ്പിൽ സിദാനു കീഴിൽ ഫ്രാൻസ് ഫൈനൽ കളിച്ചെങ്കിലും ഇറ്റലിയോടു തോറ്റ് കിരീടത്തിനരികെ വീണു. അന്ന് മറ്റൊരാസിയെ തലകൊണ്ട് ഇടിച്ചിട്ടതും സിദാൻ റെഡ് കാർഡ് കണ്ട് മടങ്ങിയതും ഫ്രാൻസ് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ഫ്രാൻസിന്റെ മൂന്നാം ലോകകിരീടം എന്ന സ്വപ്‌നത്തിലേക്കാണ് ഇപ്പോൾ സിദാൻ ചാർജ്ജെടുത്തിരിക്കുന്നത്.

14 വർഷമായി ദെഷാംപ്‌സാണ് ഫ്രാൻസിനെ പരിശീലിപ്പിച്ചിരുന്നത്. ദെഷാംപ്‌സിനു കീഴിലാണ് 2018 ലെ ലോകകപ്പ് ഫ്രാൻസ് ജേതാക്കളായത്. 2022 ലോകകപ്പിൽ ഫൈനൽ കളിച്ചിരുന്നു. ഇത്തവണത്തെ ലോകകപ്പിൽ സ്‌പെയിനോട് സെമിയിൽ തോറ്റാണ് ഫ്രാൻസ് പുറത്തായത്. അതിനുപിന്നാലെ പരിശീലക സ്ഥാനം ഒഴിയാൻ ദെഷാംപ്‌സ് തീരുമാനിച്ചു.

French football legend Zinedine Zidane has been appointed as the new head coach of the French national team. France began searching for a successor to Didier Deschamps after their defeat in the World Cup semifinal. The official announcement came shortly after Zidane expressed his willingness to take charge of the national side.