ഫുട്ബോൾ ലോകത്തെ അത്ഭുതങ്ങളിലൊന്നാണ് സ്പെയിൻ, ബാഴ്സലോണ താരമായ ലാമിൻ യമാലെന്ന പത്തൊൻപത് വയസുകാരൻ. മൂന്ന് സീസണുകളിലായി ബാഴ്സലോണക്കായി ലാമിൻ 49 ഗോളുകളും സ്പെയിനിനായി ഏഴ് ഗോളുകളും നേടിയിട്ടുണ്ട്. മാത്രമല്ല, കരിയറിൽ ആകെ 64 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. ബാഴ്സലോണയിൽ മെസിക്ക് പകരക്കാരനായാണ് പലരും ലാമിൻ യമാലിനെ കാണുന്നത്.
എന്നാൽ പലരും കരുതുന്നതുപോലെ ലാമിൻ എന്നത് ആദ്യ പേരും യമാൽ എന്നത് കുടുംബപ്പേരും അല്ല. തന്റെ ജഴ്സിയിൽ അഭിമാനത്തോടെ ഈ രണ്ട് പേരുകളുമാണ് താരം പ്രിന്റ് ചെയ്യാറുള്ളത്. ഈ പേരിനുപിന്നിൽ കടുത്ത ദാരിദ്ര്യത്തിൽനിന്നും തന്റെ കുടുംബത്തെ രക്ഷിച്ച രണ്ട് സാധാരണക്കാരായ മനുഷ്യരോടുള്ള വലിയ കടപ്പാടിന്റെ കഥയുണ്ട്.
സ്പെയിനിലെ കാറ്റലോണിയയിൽ 2007 ജൂലൈ 13നാണ് ലാമിൻ യമാൽ ജനിക്കുന്നത്. താരത്തിന്റെ യഥാർത്ഥ പേര് ലാമിൻ യമാൽ നസ്രാവി എബാന എന്നാണ്. ജനിക്കുന്നതിന് തൊട്ടുമുമ്പ്, അദ്ദേഹത്തിന്റെ മാതാപിതാക്കൾ കാറ്റലോണിയയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വീട്ടുവാടക കൊടുക്കാൻപോലും പണമില്ലാതെ തെരുവിലേക്ക് ഇറക്കപ്പെടേണ്ട അവസ്ഥയിലായിരുന്നു ആ ദമ്പതികൾ നേരിട്ടിരുന്നത്. ആ കഠിനമായ ഘട്ടത്തിൽ രക്ഷകരായി എത്തിയത് അവരുടെ അയൽക്കാരായ രണ്ട് സുഹൃത്തുക്കളായിരുന്നു.
ഈ ചെറിയ കുടുംബത്തിന് താമസിക്കാൻ ഇടവും വലിയ സാമ്പത്തിക സഹായവും നൽകി പ്രതിസന്ധിയിൽനിന്നും സംരക്ഷിച്ചു. അതിലൊരാളുടെ പേര് ലാമിൻ എന്നും രണ്ടാമത്തെയാളുടെ പേര് യമാൽ എന്നുമായിരുന്നു. തങ്ങളെ സഹായിച്ച ആ മനുഷ്യരോടുള്ള ആദരസൂചകമായി തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞിന് അവരുടെ പേരുകൾ നൽകുമെന്ന് മാതാപിതാക്കൾ അന്ന് പ്രതിജ്ഞ ചെയ്തിരുന്നു. അങ്ങനെയാണ് കുഞ്ഞിന് ലാമിൻ യമാൽ എന്ന് പേരിട്ടത്.
മൊറോക്കോക്കാരനായ പിതാവിന്റെ കുടുംബപ്പേരായ നസ്രാവി എന്നോ ഇക്വറ്റോറിയൽ ഗിനിയക്കാരിയായ അമ്മയുടെ കുടുംബപ്പേരായ എബാന എന്നോ ജേഴ്സിയിൽ ഉപയോഗിക്കാൻ താരത്തിന് നിയമപരമായി സാധിക്കുമായിരുന്നു. എന്നാൽ ബാഴ്സലോണക്ക് വേണ്ടിയും സ്പെയിൻ ദേശീയ ടീമിന് വേണ്ടിയും ബൂട്ട് കെട്ടുമ്പോൾ താരം തന്റെ ജേഴ്സിയിൽ ലാമിൻ യമാൽ എന്ന് മാത്രമാണ് എഴുതുന്നത്. തന്റെ കുടുംബത്തിന് പട്ടിണിയിൽ നിന്ന് തുണയായ ആ രണ്ട് സാധാരണക്കാരുടെ പേരുകൾ ലോകത്തിന്റെ നെറുകയിൽ എത്തിക്കുക എന്നതാണ് ഈ താരത്തിന്റെ ലക്ഷ്യം.
അറബിക് വാക്കായ ലാമിൻ യമാൽ എന്നതിന്, ലാമിൻ എന്നാൽ വിശ്വസ്തൻ എന്നും യമാൽ എന്നാൽ സൗന്ദര്യം എന്നുമാണ് അർത്ഥം. ഗോളടിച്ച ശേഷം കൈകൾ കൊണ്ട് 304 എന്ന അക്കങ്ങൾ കാണിക്കാറുണ്ട്. താൻ വളർന്ന സ്പെയിനിലെ കറ്റാലൻ പ്രദേശമായ റൊക്കഫോണ്ടയിലെ പോസ്റ്റ്കോഡ് 08304 എന്നതാണ്. ലോകപ്രശസ്തനായ ശേഷവും കടുത്ത ദാരിദ്ര്യവും കുടിയേറ്റക്കാരും നിറഞ്ഞ തന്റെ പഴയ നാടിനെയും അവിടുത്തെ സാധാരണക്കാരായ ജനങ്ങളെയും താൻ മറന്നിട്ടില്ല എന്ന് കാണിക്കാനാണ് ലാമിൻ ഈ നമ്പറുകൾ വിരലുകൾ കൊണ്ട് അടയാളപ്പെടുത്തുന്നത്.
2007ൽ ലാമിൻ യമാൽ ജനിച്ച് മാസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ ലയണൽ മെസ്സി ഈ കുഞ്ഞിനോടുകൂടെയുള്ള ഒരു ചിത്രം ലോകത്താകമാനം വൈറലായിരുന്നു. ബാഴ്സലോണയും യുണിസെഫും ചേർന്ന് നടത്തിയ ഒരു ചാരിറ്റി കലണ്ടറിന് വേണ്ടിയെടുത്ത ചിത്രമായിരുന്നു അത്. അന്ന് മെസ്സിയുടെകൂടെയുള്ള ആ കുഞ്ഞ് ഇന്ന് ബാഴ്സലോണയുടെ പത്താം നമ്പർ ജേഴ്സി അണിയാൻ പോന്ന താരമായി വളർന്നത് ഫുട്ബോൾ ലോകത്തെ ഒരു അത്ഭുത കാവ്യമാണ്.
Lamine Yamal's name carries a touching story of gratitude. Born as Lamine Yamal Nasraoui Ebana, he was named after two neighbours, Lamine and Yamal, who helped his family during severe financial hardship before his birth. Instead of using his family surnames, the Barcelona and Spain star proudly wears "Lamine Yamal" on his jersey to honour them. His "304" goal celebration represents his hometown's postcode, while a viral childhood photo with Lionel Messi has become a symbol of his remarkable journey to football stardom.