World Cup 2026

സകലതും താളംതെറ്റിയ കലാശക്കൊട്ട്; വീണുപോയി മെസിയും!

സ്‌പെയിൻ 803 പാസുകളുമായി കളംനിറഞ്ഞപ്പോൾ അർജന്റീനയുടെ പാസുകൾ വെറും 445 ആണ്.

Sports Desk

2026 ലോകകപ്പിലെ അർജന്റീനയുടെ ഏറ്റവും മോശം പ്രകടനമാണ് ഫൈനലിൽ സ്‌പെയിനെതിരെ കണ്ടത്. ബോൾ പൊസഷനിൽ മുതൽ ഷോർട്ട്‌സ് ഓൺ ടാർഗറ്റിൽ വരെ സകലതിലും പാളി. ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് ഒന്നിലേറെ തവണ നിർണായക സേവുകൾ നടത്തിയത് ഒഴിച്ചാൽ വ്യക്തിഗത പ്രകടനങ്ങളിൽ അർജന്റീന താരങ്ങൾ വല്ലാതെ പിന്നോട്ടുപോയി.

ബോൾ പൊസഷനിൽ 68 ശതമാനവും സ്‌പെയിനൊപ്പം ആയിരുന്നു. ടിക്കിടാക്ക പാസുകളിലൂടെ പന്ത് കൈവശം വെച്ച് അർജന്റീനയുടെ ക്ഷമ നശിപ്പിക്കുകയായിരുന്നു സ്‌പെയിൻ. കൂടുതൽ സമയവും കളി നടന്നത് അർജന്റീനയുടെ ബോക്‌സിനുള്ളിലാണ്. പാസുകളിൽ 90 ശതമാനം കൃത്യത കൂടിയായപ്പോൾ കാര്യങ്ങൾ സ്‌പെയിന് അനായാസം.

ഷോർട്‌സ് ഓൺ ടാർഗറ്റിൽ അർജന്റീന സംപൂജ്യരാണ്. സ്‌പെയിനെ വെല്ലുവിളിക്കുന്ന രീതിയിൽ ഒരു ഷോർട്ട്‌സ് ഓൺ ടാർഗറ്റ് പോലും ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ അർജന്റീനയ്ക്കില്ല. സ്‌പെയിൻ 803 പാസുകളുമായി കളംനിറഞ്ഞപ്പോൾ അർജന്റീനയുടെ പാസുകൾ വെറും 445 ആണ്.

പ്രതിരോധത്തിലൂന്നിയ സ്‌കലോണി തന്ത്രം അമ്പേ പൊളിയുന്ന കാഴ്ചയാണ് മെറ്റ്‌ലൈഫിൽ കണ്ടത്. ഒരു ഘട്ടത്തിലും അർജന്റീന ആക്രമണ ഫുട്‌ബോൾ ശൈലി പുറത്തെടുത്തില്ല. ഇതാണ് മെസിപ്പടയുടെ തോൽവിക്കു പ്രധാന കാരണം.

എൻസോ ഫെർണാണ്ടസ് റെഡ് കാർഡ് കണ്ട് മടങ്ങിയതും അർജന്റീനയുടെ തോൽവിയിൽ നിർണായകമായി. അധിക സമയത്ത് പത്ത് പേരുമായാണ് അർജന്റീന സ്‌പെയിനെ നേരിട്ടത്. അർജന്റീനയ്ക്ക് അഞ്ച് യെല്ലോ കാർഡുകളും ലഭിച്ചു.

മുൻ മത്സരങ്ങളിലെ പോലെ സെറ്റ് പീസുകൾ നേടിയെടുക്കാനും അർജന്റീനയ്ക്ക് സാധിച്ചില്ല. സ്‌പെയിൻ ഒൻപത് കോർണറുകളെടുത്തപ്പോൾ അർജന്റീനയ്ക്ക് അത് വെറും നാല് മാത്രം.

ലയണൽ മെസി പൂർണമായി നിറംമങ്ങിയ മത്സരമെന്നും ഇതിനെ വിശേഷിപ്പിക്കാം. ഇ.എസ്.പി.എൻ പത്തിൽ മൂന്ന് ആണ് മെസിയുടെ പ്രകടനത്തിനു നൽകിയിരിക്കുന്ന റേറ്റിങ്. ഫൈനലിൽ മെസിക്കുള്ള ആകെ 54 ടച്ചുകൾ. മത്സരത്തിന്റെ ആദ്യ 15 മിനിറ്റിൽ ഒരു തവണ മാത്രമാണ് പന്ത് മെസിയുടെ കാലിൽ തൊട്ടത്. മെസിയെ പൂർണമായി പൂട്ടുക എന്നതായിരുന്നു സ്‌പെയിൻ തന്ത്രം. അത് വിജയിച്ചതോടെ അർജന്റീന പ്രതിരോധത്തിലായി.

Argentina produced arguably its poorest performance of the 2026 FIFA World Cup in the final against Spain. The defending champions were outplayed across key metrics, including possession, passing accuracy, and control of the game. Spain dominated the match with 68% possession, using their trademark tiki-taka style to dictate the tempo and frustrate Argentina. Much of the game was played in and around Argentina's penalty area, while Spain maintained an impressive 90% passing accuracy. Goalkeeper Emiliano Martínez was one of the few bright spots for Argentina, making several crucial saves that prevented an even heavier defeat. Overall, Spain's superiority in midfield and ball control proved decisive in the World Cup final.