World Cup 2026

റെക്കോര്‍ഡുകള്‍ റൊണാള്‍ഡോയ്ക്ക് വഴിമാറുന്നു, ലോകകപ്പ് നോക്കൗട്ടില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

മത്സരത്തിന്റെ 53-ാം മിനിറ്റില്‍ ജോസിപ് സ്റ്റാനിസിച്ചിന്റെ ക്രോസില്‍ നിന്ന് ഇവാന്‍ പെരിസിച്ച് ഗോള്‍ നേടിയതോടെ ക്രൊയേഷ്യയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 68-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ പോര്‍ച്ചുഗലിന് സമനില സമ്മാനിച്ചു.

Sports Desk

ലോക ഫുട്‌ബോള്‍ ചരിത്രത്തിലേക്ക് ഒരു അധ്യായം കൂടി കൂട്ടിച്ചേര്‍ത്ത് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫിഫ ലോകകപ്പിന്റെ ആവേശകരമായ പ്രീ-ക്വാര്‍ട്ടര്‍ യോഗ്യതാ മത്സരത്തില്‍ (റൗണ്ട് ഓഫ് 32) ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ മുന്നേറിയപ്പോള്‍, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോയും സ്വന്തമാക്കി. തന്റെ 41-ാം വയസ്സിലാണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം കൈവരിച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി വലയിലെത്തിച്ചാണ് റൊണാള്‍ഡോ റെക്കോര്‍ഡ് പുസ്തകങ്ങള്‍ തിരുത്തിക്കുറിച്ചത്. ഇതോടെ നോക്കൗട്ട് റൗണ്ടില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരം എന്ന ലയണല്‍ മെസിയുടെ റെക്കോര്‍ഡ് റൊണാള്‍ഡോ മറികടന്നു. ഇതിലുപരി, ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ റൊണാള്‍ഡോ നേടുന്ന കരിയറിലെ ആദ്യ ഗോള്‍ കൂടിയാണിത് എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.

മത്സരത്തിന്റെ 53-ാം മിനിറ്റില്‍ ജോസിപ് സ്റ്റാനിസിച്ചിന്റെ ക്രോസില്‍ നിന്ന് ഇവാന്‍ പെരിസിച്ച് ഗോള്‍ നേടിയതോടെ ക്രൊയേഷ്യയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 68-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ പോര്‍ച്ചുഗലിന് സമനില സമ്മാനിച്ചു. തുടര്‍ന്ന് റൊണാള്‍ഡോ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട് ബെഞ്ചിലിരിക്കെ, മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ റാഫേല്‍ ലിയാവോയുടെ അസിസ്റ്റില്‍ നിന്ന് ഗോണ്‍സാലോ റാമോസ് നേടിയ ഹെഡ്ഡര്‍ ഗോളാണ് പോര്‍ച്ചുഗലിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കനത്ത തര്‍ക്കങ്ങള്‍ക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ക്രൊയേഷ്യയുടെ മരിയോ പാസാലിച്ച് പന്ത് വലയിലെത്തിച്ച് 2-2 എന്ന നിലയില്‍ സമനില പിടിച്ചെന്ന് തോന്നിച്ചെങ്കിലും, വാര്‍ പരിശോധനയില്‍ അത് ഓഫ്സൈഡ് ആണെന്ന് കണ്ടെത്തി ഗോള്‍ നിഷേധിച്ചു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ക്രൊയേഷ്യന്‍ ആരാധകര്‍ മൈതാനത്തേക്ക് കുപ്പികള്‍ എറിയുകയും കാണികള്‍ ഒന്നടങ്കം കൂവിവിളിക്കുകയും ചെയ്തു. 2026 ലോകകപ്പില്‍ വാര്‍ ഇടപെടലിലൂടെ റദ്ദാക്കപ്പെടുന്ന പത്താമത്തെ ഗോളാണിത്.

ആദ്യപകുതി ഗോൾരഹിതം

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ആന്റെ ബുദിമിർ നടത്തിയ മുന്നേറ്റത്തോടെയാണ് പോരാട്ടത്തിന് ചൂടുപിടിച്ചത്. തൊട്ടുപിന്നാലെ പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസ് തൊടുത്ത മനോഹരമായ ഒരു ഗോൾശ്രമം ക്രൊയേഷ്യൻ ഗോൾകീപ്പർ തട്ടിയകറ്റി. നാലും പതിമൂന്നും മിനിറ്റുകളിൽ വിറ്റിഞ്ഞയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്രൊയേഷ്യൻ പ്രതിരോധം ഭേദിക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ആദ്യ മിനിറ്റുകളിൽ ഗോളെന്നുറപ്പിച്ച വലിയ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും പന്തടക്കത്തിൽ പോർച്ചുഗലിനായിരുന്നു മേധാവിത്വം. എന്നാൽ കൃത്യതയാർന്ന പാസുകളിലൂടെ കളി നെയ്തെടുത്താണ് ക്രൊയേഷ്യ ഇതിന് മറുപടി നൽകിയത്. ഹൈഡ്രേഷൻ ബ്രേക്കിന് ശേഷം ജോവോ കാൻസലോ ബോക്സിലേക്ക് നൽകിയ മികച്ചൊരു ക്രോസ് ബ്രൂണോയ്ക്കോ റൊണാൾഡോയ്ക്കോ കണക്ട് ചെയ്യാനായില്ല. 34-ാം മിനിറ്റിൽ റാഫേൽ ലിയാവോയുടെ കോർണറിൽ നിന്നുള്ള നുനോ മെൻഡസിന്റെ ശ്രമവും 40-ാം മിനിറ്റിൽ ബ്രൂണോയുടെ മറ്റൊരു കോർണർ കിക്ക് അവസരവും ലക്ഷ്യം കാണാതെ പോയതോടെ, നാല് മിനിറ്റ് അധികസമയം അനുവദിച്ച ആദ്യപകുതി ഇരുടീമുകളും ഗോൾരഹിതമായി പിരിഞ്ഞു.

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സിആർ7

തന്റെ 26-ാം ലോകകപ്പ് മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിയറിലെ അസാധാരണമായ മികവ് ഒരിക്കൽക്കൂടി തെളിയിച്ചാണ് ചരിത്ര ഗോൾ നേടിയത്. ഇതോടെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച ലയണൽ മെസി (29), ലോതർ മത്തേവൂസ് (27) എന്നിവർക്ക് തൊട്ടരികിൽ അദ്ദേഹം എത്തി. മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ ഇടംപിടിച്ചതോടെ 41 വയസ്സും 147 ദിവസവും പ്രായമുള്ള റൊണാൾഡോ, ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരമെന്ന റെക്കോർഡും സ്വന്തമാക്കി. തൊട്ടുമുമ്പത്തെ ദിവസം എഡിൻ സെക്കോ (40 വയസ്സും 106 ദിവസവും) സ്ഥാപിച്ച റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ചും (40 വയസ്സും 296 ദിവസവും) ആദ്യ ഇലവനിൽ ഉണ്ടായിരുന്നതിനാൽ, 40 വയസ്സിന് മുകളിലുള്ള രണ്ട് ഔട്ട്ഫീൽഡ് താരങ്ങൾ നേർക്കുനേർ വരുന്ന ആദ്യ ലോകകപ്പ് മത്സരമെന്ന ചരിത്രവും ഇതിലൂടെ പിറന്നു. കളിക്ക് ശേഷം മുൻ റയൽ മാഡ്രിഡ് സഹതാരങ്ങളായ ഇരുവരും മൈതാനമധ്യത്തിൽ കെട്ടിപ്പിടിച്ച് സൗഹൃദം പങ്കുവെച്ചതും ശ്രദ്ധേയമായി.

2018-ലും 2022-ലും ക്രൊയേഷ്യയെ ലോകകപ്പിന്റെ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് നയിച്ച ലൂക്കാ മോഡ്രിച്ചിന്റെ അഞ്ചാമത്തെ ലോകകപ്പ് സ്വപ്നങ്ങള്‍ക്കാണ് അന്ത്യമായത്. റൗണ്ട് ഓഫ് 32-ല്‍ ക്രൊയേഷ്യ പുറത്തായതോടെ മോഡ്രിച്ച് യുഗത്തിനും ഇവിടെ വിരാമമാവുകയാണ്. ആവേശകരമായ ഈ വിജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ പോര്‍ച്ചുഗല്‍ തിങ്കളാഴ്ച നടക്കുന്ന മത്സരത്തില്‍ കരുത്തരായ സ്‌പെയിനിനെ നേരിടും.

Portugal advanced to the FIFA World Cup Round of 16 after defeating Croatia 2-1 in a dramatic Round of 32 clash. Cristiano Ronaldo made history by becoming the oldest player ever to score in a FIFA World Cup knockout match, netting a penalty at the age of 41. The goal was also Ronaldo's first-ever World Cup knockout goal.