World Cup 2026

ലോകകപ്പിലെ മലയാളി 'ടച്ച്'; തഹ്‌സിൻ നാടിനു അഭിമാനം

ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടംപിടിച്ച തഹ്‌സിൻ മുഹമ്മദ് ജാംഷിദ് കേരളത്തിനു മാത്രമല്ല രാജ്യത്തിനു മുഴുവൻ അഭിമാനമാകുകയാണ്

Sports Desk

ലോകകപ്പ് 48 ടീമുകളുടെ മത്സരമാക്കിയിട്ടും ഇന്ത്യക്ക് ഇടംപിടിക്കാൻ സാധിക്കാത്തത് കായികപ്രേമികളെ സംബന്ധിച്ച് വലിയ വിഷമമാണ്. എന്നാൽ രാജ്യത്തിന്റെ ഇങ്ങേ അറ്റത്തുനിന്ന് ഒരു മലയാളി ലോകകപ്പ് കളിക്കാൻ പോകുന്നു. ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടംപിടിച്ച തഹ്‌സിൻ മുഹമ്മദ് ജാംഷിദ് കേരളത്തിനു മാത്രമല്ല രാജ്യത്തിനു മുഴുവൻ അഭിമാനമാകുകയാണ്.

ഖത്തറിന്റെ 26 അംഗ ടീമിലാണ് തഹ്‌സിൻ ഇടംപിടിച്ചിരിക്കുന്നത്. 19 കാരനായ തഹ്‌സിന്റെ കുടുംബ വേരുകൾ കണ്ണൂരിലാണ്. തലശ്ശേരി സ്വദേശിയായ ജംഷീദിന്റെയും വളപ്പട്ടണം സ്വദേശിനി ഷൈമയുടെയും മകൻ.

1996 ലാണ് തഹ്‌സിന്റെ കുടുംബം ഖത്തറിലെത്തുന്നത്. ഖത്തർ ദേശീയ ടീമിലേക്ക് ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത ആസ്പയർ അക്കാദമിയിൽ നിന്നാണ് തഹ്‌സിൻ പന്ത് തട്ടിത്തുടങ്ങിയത്. ഖത്തർ പൗരത്വമുണ്ടെങ്കിലും തഹ്‌സിനു അടിമുടിയൊരു മലയാളി ടച്ചുണ്ട്.

അണ്ടർ 17, അണ്ടർ 19 ഖത്തർ ടീമുകളിൽ കളിക്കാനുള്ള ഭാഗ്യം തഹ്‌സിനു ലഭിച്ചു. ഖത്തറിലെ പരമോന്നത ഫുട്‌ബോൾ ലീഗായ ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് തഹ്‌സിൻ. എതിർ ടീമിന്റെ പ്രതിരോധ നിരയെ അനായാസം മറികടക്കാനുള്ള വൈഭവവും ഡ്രിബ്‌ളിങ് മികവുമാണ് തഹ്‌സിന്റെ ഏറ്റവും വലിയ കളി മേന്മകൾ.

ലോകകപ്പ് ക്വാളിഫയറിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഖത്തർ രാജ്യാന്തര ടീമിനായി തഹ്‌സിൻ ആദ്യമായി കളിക്കുന്നത്. യോഗ്യത മത്സരത്തിൽ ഇന്ത്യക്കെതിരായ ഖത്തർ സ്‌ക്വാഡിൽ തഹ്‌സിൻ ഇടംപിടിച്ചിരുന്നു.

പിതാവ് ജംഷീദിൽ നിന്നാണ് തഹ്‌സിനു ഫുട്‌ബോൾ ജ്വരം പിടിക്കുന്നത്. ഖത്തറിലെത്തിയ ശേഷം മകനെ ഫുട്‌ബോളർ ആക്കാൻ ഈ പിതാവ് തന്നാൽ ആവുന്ന വിധം പരിശ്രമിച്ചു. വീട്ടുകാർക്കൊപ്പം നാട്ടിലെത്തിയാൽ ഫുട്‌ബോൾ കളിക്കാനായി ഗ്രൗണ്ടുകൾ അന്വേഷിച്ചു പോകുന്ന പതിവുണ്ട് തഹ്‌സിന്. ഒടുവിൽ മകനെ സ്വപ്‌നത്തിലേക്ക് കൈപിടിച്ച് നടത്തിയതിന്റെ ചാരിതാർഥ്യവും ഈ പിതാവിനുണ്ട്.

ബോസ്‌നിയ, സ്വിറ്റ്‌സർലൻഡ്, കാനഡ എന്നിവർക്കൊപ്പം ഗ്രൂപ്പി ബിയിലാണ് ഖത്തർ ലോകകപ്പിൽ കളിക്കുന്നത്. 26 അംഗ സ്‌ക്വാഡിൽ നിന്ന് ഫസ്റ്റ് ഇലവനിലേക്ക് തഹ്‌സിനു അവസരം കിട്ടുമോ എന്ന കാത്തിരിപ്പിലാണ് മലയാളികൾ.

English Summary: Although the FIFA World Cup has expanded to 48 teams, India's failure to qualify remains a major disappointment for football fans. However, there is a proud moment for the country as a Malayali footballer is set to feature on the world's biggest stage. Tahsin Mohammed Jamsheed, who has secured a place in Qatar's World Cup squad, has become a source of pride not only for Kerala but for the entire nation. His achievement highlights the growing presence of Malayali talent in international football and offers inspiration to aspiring players across India.