World Cup 2026

'നീ എന്റെ അച്ഛനൊപ്പം കളിച്ചതല്ലേ'; സിദാന്റെ മകനൊപ്പം മെസി, അപൂർവ കാഴ്ച

സിദാനും ലൂക്ക സിദാനുമെതിരായ മെസി കളിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

Sports Desk

ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്റെ മകൻ ലൂക്ക സിദാന്റെ ലോകകപ്പ് അരങ്ങേറ്റ മത്സരമായിരുന്നു ഇന്നത്തേത്. അർജന്റീനയായിരുന്നു ലൂക്ക ഉൾപ്പെട്ട അൽജീരിയയുടെ എതിരാളികൾ. ആദ്യ ഗ്രൂപ്പ്ഘട്ട മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് അർജന്റീനയുടെ ജയം. നായകൻ ലയണൽ മെസിയാണ് അർജന്റീനയ്ക്കായി മൂന്ന് ഗോളും നേടിയത്. താരത്തിന്റെ ലോകകപ്പിലെ ആദ്യ ഹാട്രിക് കൂടിയാണിത്.

ലൂക്ക സിദാൻ ആയിരുന്നു അൽജീരിയയുടെ ഗോൾകീപ്പർ. ലൂക്കയെ കബളിപ്പിച്ചാണ് മെസിയുടെ മൂന്ന് ഗോളും പിറന്നത്, അച്ഛനും മകനും ഒപ്പം കളിച്ചതിന്റെ അപൂർവനേട്ടവും മെസി സ്വന്തമാക്കി.

ലൂക്കയുടെ കളി കാണാൻ പിതാവ് സിനദീൻ സിദാൻ ഗ്യാലറിയിലുണ്ടായിരുന്നു. മെസി ബാഴ്‌സലോണയിൽ കളിക്കുമ്പോൾ സിദാൻ റയൽ മഡ്രിഡിനായി കളിച്ചിരുന്നു. എതിർ ടീം താരങ്ങളെന്ന നിലയിലും മഡ്രിഡ് പരിശീലകനായി സിദ്ദാനുള്ള സമയത്തും മെസി ബാഴ്‌സലോണയ്ക്കായി കളിച്ചിട്ടുണ്ട്.

സിദാന്റെ മാതാപിതാക്കൾ ജനിച്ചതും വളർന്നതും അൽജീരിയയിലാണ്. മകന്റെ ഫുട്‌ബോൾ ഭാവി ലക്ഷ്യമിട്ടാണ് ഇവർ ഫ്രാൻസിലേക്കു ചേക്കേറിയത്. പിന്നീട് സിദാൻ ഫ്രാൻസിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറി. 1998 ൽ ഫ്രാൻസ് ലോകകപ്പ് നേടുമ്പോൾ സിദാൻ ടീമിലുണ്ടായിരുന്നു.

ഇരുപത്തിയെട്ടുകാരനായ ലൂക്കയുടെ ജനനം ഫ്രാൻസിലായിരുന്നു. സിദ്ദാൻ റയൽ മഡ്രിഡിലെത്തിയതോടെ സ്‌പെയിനിലേക്കു കുടുംബസമേതം മാറി. പിതാവിനെ പോലെ ഫ്രാൻസിനുവേണ്ടി കളിച്ചാണ് ലൂക്കയും തുടങ്ങിയത്. അണ്ടർ 17 ഫുട്‌ബോളിൽ ഫ്രാൻസിനായി ലൂക്ക കളിച്ചിട്ടുണ്ട്.

തന്റെ കായികഭാവിയിൽ കൂടുതൽ സാധ്യതകൾ ലഭിക്കണമെങ്കിൽ ഫ്രാൻസിൽനിന്ന് മാറണമെന്ന് ലൂക്ക തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ വർഷം അൽജീരിയയിലേക്കു മാറുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഫ്രാൻസിൽനിന്ന് അൽജീരിയയിലേക്കു മാറാനുള്ള ലൂക്കയുടെ ആവശ്യം ഫിഫ അംഗീകരിച്ചത്.

സിദാനും ലൂക്ക സിദാനുമെതിരായ മെസിയുടെ കളി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ''പണ്ട് അച്ഛനെ പേടിപ്പിക്കുകയായിരുന്നു പണി, ഇപ്പോൾ മകന്റെ കരിയറിനു പണി കൊടുത്തിരിക്കുന്നു,'' എന്നാണ് ഫുട്‌ബോൾ ആരാധകരുടെ കമന്റുകൾ. ലൂക്ക സിദ്ദാനെ കൺഫ്യൂഷനിലാക്കിയാണ് മെസി എണ്ണംപറഞ്ഞ മൂന്ന് ഗോളും സ്‌കോർ ചെയ്തത്. ഇതു ലൂക്കയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ ഞെട്ടലായി അവശേഷിക്കുമെന്നും ആരാധകർ പറയുന്നു.

Argentina beat Algeria 3–0 in a World Cup group-stage match, with Lionel Messi scoring a hat-trick. Algeria's goalkeeper was Luca Zidane, the son of football legend Zinedine Zidane. The match created a rare moment in football history, as Messi—who previously played against Zidane during his career—also played against and scored against his son. Images of the occasion have gone viral, with fans celebrating the unique father-and-son connection.

The game marked Luca Zidane's World Cup debut, making the occasion even more memorable. Fans on social media have highlighted the remarkable fact that Messi has now faced two generations of the Zidane family on the football field.