2018ലാണ് വിനീഷ്യസ് ജൂനിയർ റയൽമാഡ്രിഡിന്റെ സ്ഥിരം കളിക്കാരനാകുന്നത്. എന്നാൽ മികച്ച പ്രതിഭയെന്ന നിലയിൽ വിനീഷ്യസ് അറിയപ്പെട്ടിരുന്നെങ്കിലും ഗോളടിക്കുന്നതിലും ഫിനിഷിംഗിലും സ്ഥിരതയില്ലെന്ന വിമർശനം അന്നേ നേരിട്ടിരുന്നു. 2021ൽ പരിശീലകനായി കാർലോ ആൻസലോട്ടി വീണ്ടും റയൽമാഡ്രിഡിൽ എത്തിയതോടെ വിനിയുടെ തലവര മാറുകയായിരുന്നു.
ആൻസലോട്ടിയുടെ കീഴിൽ റയൽ മാഡ്രിഡിൽ വിനീഷ്യസ് ഒരു യുവ പ്രതിഭയിൽനിന്ന് ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ വിങ്ങർമാരിലൊരാളായി വളർന്നു. 2021-22 സീസണിൽ 22 ഗോളുകളും 20 അസിസ്റ്റുകളും നേടിയ അദ്ദേഹം, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ വിജയഗോളിലൂടെ റയലിന് യൂറോപ്യൻ കിരീടവും സമ്മാനിച്ചു. തുടർന്ന് വന്ന സീസണുകളിലും ഗോളുകളും അസിസ്റ്റുകളുംകൊണ്ട് ടീമിന്റെ ആക്രമണനിരയിലെ കേന്ദ്രബിന്ദുവായി മാറുകയായിരുന്നു.
ആൻസലോട്ടിയുടെ ഏറ്റവും വലിയ സംഭാവന വിനീഷ്യസിന് നൽകിയ ആത്മവിശ്വാസമായിരുന്നു. പന്ത് നഷ്ടപ്പെട്ടാലും വീണ്ടും ശ്രമിക്കാൻ സ്വാതന്ത്ര്യം നൽകുകയും, ആക്രമണത്തിൽ അദ്ദേഹത്തിന്റെ സ്വാഭാവിക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിൽ ടീമിനെ ക്രമീകരിക്കുകയും ചെയ്തു. പലപ്പോഴും മാധ്യമങ്ങൾക്കും വിമർശകർക്കുംമുന്നിൽ താരത്തെ പരസ്യമായി പിന്തുണച്ചതും വിനീഷ്യസിന്റെ വളർച്ചയിൽ നിർണായകമായി.
അതേസമയം, ഒരു ഫുട്ബോൾ താരത്തിന്റെ കരിയറിൽ പരിശീലകന്റെ സ്വാധീനം എത്രമാത്രം നിർണായകമാണെന്നതിന് ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് വിനീഷ്യസ് ജൂനിയറും കാർലോ ആൻസലോട്ടിയും തമ്മിലുള്ള ബന്ധം. ക്ലബ് ഫുട്ബോളിൽ റയൽ മാഡ്രിഡിനായി ലോകോത്തര പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്ന വിനീഷ്യസിന് ഒരുകാലത്ത് ബ്രസീൽ ജേഴ്സിയിൽ അതേ മികവ് ആവർത്തിക്കാനാകുന്നില്ലെന്ന വിമർശനം ശക്തമായിരുന്നു.
2022 ഖത്തർ ലോകകപ്പിന്റെ സമയത്ത് ഈ വിമർശനം വലിയ ചർച്ചയായിരുന്നു. റയൽ മാഡ്രിഡിനായി നിർണായക മത്സരങ്ങളിൽ ഗോളുകളും അസിസ്റ്റുകളും നൽകി തിളങ്ങുന്ന വിനീഷ്യസ്, ബ്രസീലിനായി എത്തിയാൽ സ്വാധീനം ചെലുത്തുന്നില്ലെന്നായിരുന്നു ആരാധകരുടെ പരാതി. ഖത്തറിൽ നാല് മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ മാത്രമാണ് നേടിയത്. ദക്ഷിണ കൊറിയക്കെതിരായ പ്രീക്വാർട്ടർ ഫൈനലിലായിരുന്നു ആ ഏക ഗോൾ.
ഇപ്പോൾ അതേ പരിശീലകൻ ബ്രസീൽ ദേശീയ ടീമിന്റെ ചുമതലയേറ്റതോടെ പഴയ ഗുരു-ശിഷ്യ വീണ്ടും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. 2026 ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽനിന്ന് നാല് ഗോളുകൾ നേടിയ വിനീഷ്യസ് ബ്രസീലിന്റെ ആക്രമണത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്. ഖത്തറിലെ നാല് മത്സരങ്ങളിൽ ഒരു ഗോൾ മാത്രമെന്ന കണക്കിൽ നിന്ന് മൂന്ന് കളികളിൽ നാല് ഗോളുകൾ എന്ന നിലയിലേക്കുള്ള കുതിപ്പ് യാദൃശ്ചികമല്ല.
ഇതോടൊപ്പം മറ്റൊരു താരത്തെക്കുറിച്ചുള്ള ചർച്ചയും ശക്തമാണ്. റാഫീഞ്ഞയാണ് ഇപ്പോൾ ആരാധകരുടെ വിമർശനത്തിന് വിധേയനാകുന്നത്. ക്ലബ് ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ദേശീയ ടീമിനായി അതേ സ്വാധീനം ചെലുത്താനാകുന്നില്ലെന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്. ഒരുകാലത്ത് വിനീഷ്യസ് നേരിട്ട അതേ ചോദ്യങ്ങളാണ് ഇപ്പോൾ റാഫീഞ്ഞയ്ക്കും മുന്നിലുള്ളത്.
Vinicius Junior's transformation under Carlo Ancelotti highlights the impact a coach can have on a player's career. After joining Real Madrid in 2018, Vinicius was known for his talent but faced criticism over inconsistent finishing. Ancelotti's return in 2021 helped unlock his potential, turning him into one of football's most dangerous wingers. While Vinicius struggled for Brazil at the 2022 World Cup, scoring just once in four matches, he has flourished again under Ancelotti with Brazil, netting four goals in three games at the 2026 World Cup.