Sports Special

ബാറ്റിങ് സ്ക്വാഡ് സ്ട്രോങ്ങാണ്! ബൗളിങിൽ ആശങ്ക; ഈ സാല കപ്പും നംദുവാകുമോ?

നിലവിലെ ചാമ്പ്യന്മാരെന്ന ഉത്തരവാദിത്തത്തോടെ, കിരീടം നിലനിർത്തുകയെന്ന ഭാരിച്ച ലക്ഷ്യവുമായാണ് വിരാട് കോഹ്‌ലിയും സംഘവും ഇത്തവണ മൈതാനത്തിറങ്ങുന്നത്

Kousalya Murugan

ഐപിഎൽ ചരിത്രത്തിലെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, 2025-ൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കിരീടമുയർത്തിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, 2026 സീസണിലേക്ക് ചുവടുവെക്കുന്നത് അങ്ങേയറ്റം ആത്മവിശ്വാസത്തോടെയാണ്. രജത് പാട്ടിദാറിന്റെ നേതൃത്വത്തിൽ പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തി നേടിയ കന്നി കിരീടം ടീമിന്റെ പ്രതിച്ഛായ തന്നെ മാറ്റിമറിച്ചിരിക്കുന്നു. മുൻകാലങ്ങളിൽ ടീമിന്റെ സ്ഥിരതയെക്കുറിച്ച് ആരാധകർക്കിടയിൽ ആശങ്ക നിലനിന്നിരുന്നെങ്കിലും, മുംബൈ ഇന്ത്യൻസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും പോലെ അതിശക്തമായ 'സെറ്റിൽഡ് യൂണിറ്റ്' ആയി മാറാൻ ഇത്തവണ ആർസിബിക്ക് സാധിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരെന്ന ഉത്തരവാദിത്തത്തോടെ, കിരീടം നിലനിർത്തുകയെന്ന ഭാരിച്ച ലക്ഷ്യവുമായാണ് വിരാട് കോഹ്‌ലിയും സംഘവും ഇത്തവണ മൈതാനത്തിറങ്ങുന്നത്.

IPL 2025 won RCB

മികച്ച ബാറ്റിംഗ് നിരയാണ് പതിവുപോലെ ഇത്തവണയും ആർസിബിയുടെ വജ്രായുധം. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യമായി വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോഹ്‌ലിയും ഫിൽ സാൾട്ടും ഇത്തവണയും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. കഴിഞ്ഞ സീസണിൽ സാൾട്ടിന്റെ വെടിക്കെട്ട് തുടക്കങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ 657 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ലേലത്തിൽ 7 കോടി രൂപയ്ക്ക് ടീമിലെത്തിച്ച പ്രമുഖ താരം വെങ്കടേഷ് അയ്യർ കൂടി എത്തുന്നതോടെ ടോപ്പ് ഓർഡർ കൂടുതൽ സുരക്ഷിതമാകും. മധ്യനിരയിൽ പാട്ടിദാർ, ജിതേഷ് ശർമ്മ, ക്രുനാൽ പാണ്ഡ്യ എന്നിവർക്കൊപ്പം ഫിനിഷർമാരായ റൊമാരിയോ ഷെപ്പേർഡും ടിം ഡേവിഡും ചേരുമ്പോൾ എട്ടാം നമ്പർ വരെ നീളുന്ന ബാറ്റിംഗ് കരുത്താണ് ടീമിനുള്ളത്. കഴിഞ്ഞ സീസണിൽ ഷെപ്പേർഡ് പുലർത്തിയ 291.66 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റ് ഏത് കൂറ്റൻ സ്കോറും മറികടക്കാൻ ആർസിബിയെ പ്രാപ്തരാക്കുന്നു.

RCB Team, IPL 2025

എന്നാൽ ബാറ്റിംഗിലെ കരുത്തിന് വിപരീതമായി ബൗളിംഗ് നിരയിൽ ചില വെല്ലുവിളികൾ ടീം നേരിടുന്നുണ്ട്. പേസ് നിരയിലെ പ്രധാന ആയുധമായാ ജോഷ് ഹേസൽവുഡിന്റെ ഫിറ്റ്നസ് ആശങ്കാജനകമാണ്, കൂടാതെ ടൂർണമെന്റിന്റെ തുടക്കത്തിൽ അദ്ദേഹം ലഭ്യമാകാത്തതും ടീമിന് തിരിച്ചടിയാകും. വ്യക്തിപരമായ കാരണങ്ങളാൽ യഷ് ദയാൽ കൂടി വിട്ടുനിൽക്കുന്നതോടെ ബൗളിങ് സ്ക്വാഡ് ഭുവനേശ്വർ കുമാർ എന്ന ഒറ്റ പ്രതീക്ഷയിലേക്ക് ചുരുങ്ങും. ഹേസൽവുഡിന് പകരക്കാരനായി എത്തിയ ന്യൂസിലൻഡ് താരം ജേക്കബ് ഡഫിയുടെ ഫോമില്ലായ്മയും ടീമിന് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ, ലേലത്തിൽ വലിയ തുകയ്ക്ക് സ്വന്തമാക്കിയ യുവ ഇടംകൈയ്യൻ പേസർ മങ്കേഷ് യാദവിലും രാസിഖ് ദാറിലും ടീമിന് വലിയ പ്രതീക്ഷകളുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനം മങ്കേഷിന് പ്ലേയിംഗ് ഇലവനിൽ ഇടം നേടിക്കൊടുത്തേക്കാം.

തന്ത്രപരമായ നീക്കങ്ങളിൽ എടുത്തുപറയേണ്ടത് സ്പിൻ വിഭാഗത്തിലെ സുയാഷ് ശർമ്മയുടെയും ക്രുനാൽ പാണ്ഡ്യയുടെയും സാന്നിധ്യമാണ്. ഹോം ഗ്രൗണ്ടായ ചിന്നസ്വാമിക്ക് പുറമെ വലിയ ബൗണ്ടറികളുള്ള റായ്പൂരിൽ രണ്ട് മത്സരങ്ങൾ കളിക്കുന്നത് സ്പിന്നർമാർക്ക് ഗുണകരമായേക്കും. എങ്കിലും, മറ്റ് മുൻനിര ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്പിൻ വിഭാഗത്തിൽ ബാക്കപ്പ് ഓപ്ഷനുകളുടെ കുറവ് ആർസിബിയുടെ ബലഹീനതയായി വിലയിരുത്തപ്പെടുന്നുണ്ട്. പവർ പ്ലേ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ ഭുവനേശ്വർ കുമാറും മങ്കേഷ് യാദവും എത്രത്തോളം വിജയിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ടീമിന്റെ മുന്നോട്ടുപോക്ക്. മധ്യഓവറുകളിൽ സ്പിന്നർമാരുടെ പ്രകടനവും പവർപ്ലേ ഓവറുകളിലെ പേസ് ബൗളിങിന്റെ മൂർച്ഛയെ സ്വാധീനിച്ചേക്കാം.

ചുരുക്കത്തിൽ, ഐപിഎൽ 2026-ലെ കെട്ടുറപ്പുള്ള ബാറ്റിംഗ് നിരയുള്ള ടീമുകളിലൊന്നാണ് ആർസിബി. ചാമ്പ്യന്മാരെന്ന സമ്മർദ്ദവും ടൂർണമെന്റിന്റെ തുടക്കത്തിലെ ബൗളർമാരുടെ അഭാവവുമാണ് അവരെ അലട്ടുന്ന പ്രധാന ഭീഷണികൾ. സമ്മർദ്ദമില്ലാതെ സ്വതന്ത്രമായി ബാറ്റ് ചെയ്യുന്ന വിരാട് കോഹ്‌ലിയും വലിയ അഴിച്ചുപണികളൊന്നും നടത്താതെ എത്തുന്ന സ്ക്വാഡും ഇത്തവണ ആർസിബി പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. ബാറ്റിംഗിലെ ആഴവും ടീമിലെ ഒത്തൊരുമയും മുൻനിർത്തി പരിശോധിക്കുമ്പോൾ, ബൗളിംഗ് നിര കൂടി ഉണർന്നു പ്രവർത്തിച്ചാൽ രണ്ടാം കിരീടം എന്ന സ്വപ്നം ആർസിബിക്ക് കയ്യെത്തും ദൂരത്താണ്.

പ്രധാന ഇന്ത്യൻ താരങ്ങൾ: Virat Kohli, Rajat Patidar, Jitesh Sharma, Krunal Pandya, Bhuvneshwar Kumar, Venkatesh Iyer, Krunal pandya

വിദേശ താരങ്ങൾ: Phil Salt, Tim David, Romario Shepherd, Jacob Duffy, Jacob Bethell, Josh Hazlewood, Nuwan Thushara

പുതിയ സൈനിംഗുകളും ലേലത്തിൽ എടുത്തവരും: Venkatesh Iyer, Jacob Duffy, Vihaan Malhotra, Mangesh Yadav, Jordan Cox, Kanishk Chouhan, Satwik Deswal, Vicky Ostwal

ടീമിൽ നിലനിർത്തിയ പ്രധാന താരങ്ങൾ: Rajat Patidar, Virat Kohli, Phil Salt, Abhinandan Singh, Bhuvneshwar Kumar, Devdutt Padikkal, Jacob Bethell, Jitesh Sharma, Josh Hazlewood, Krunal Pandya, Nuwan Thushara, Rasikh Dar, Romario Shepherd, Suyash Sharma, Swapnil Singh, Tim David

മികച്ച പ്ലേയിംഗ് ഇലവൻ (Best Playing XI): Phil Salt (Overseas), Virat Kohli, Venkatesh Iyer, Rajat Patidar (C), Jitesh Sharma (WK), Krunal Pandya, Romario Shepherd (Overseas), Tim David (Overseas), Bhuvneshwar Kumar, Josh Hazlewood / Jacob Duffy (Overseas), Mangesh Yadav

English Summary; Royal Challengers Bengaluru enter IPL 2026 as defending champions with a powerful batting lineup led by Virat Kohli. However, concerns over bowling depth and player availability could impact their chances of retaining the title.