യൂറോപ്യൻ ഫുട്ബോളിനെ അടക്കിഭരിച്ച 'റോയൽ' മാഡ്രിഡിന്റെ നിലവില്‍ അതിദയനീയ സാഹചര്യത്തിലാണ്. 15 ചാമ്പ്യൻസ് ലീഗും 36 ലാലിഗയും ഉള്‍പ്പെടെ 105 കിരീടങ്ങളുടെ പാരമ്പര്യമുള്ള റയലിന് മുമ്പെങ്ങുമില്ലാതിരുന്ന തിരിച്ചടിയാണ് കഴിഞ്ഞ രണ്ട് സീസണുകളിലായി നേരിടേണ്ടിവന്നത്. മാനേജർമാരെ മാറ്റി വിജയം പരീക്ഷിച്ചിരുന്ന ക്ലബിന്റെ തന്ത്രങ്ങൾ നടപ്പിലായില്ലെന്ന് മാത്രമല്ല, കേട്ടുകേൾവിയില്ലാത്ത അശുഭ വാർത്തകളാണ് ഡ്രസിങ് റൂമിൽനിന്നും ഉയർന്നു കേൾക്കുന്നത്. ഇതോടെ സമ്പന്നന്മാരുടെ ക്ലബിനെ അടുത്തസീസണോടുകൂടി ഒരു ഉടച്ചുവാർക്കേണ്ട നിർബന്ധിത സാഹചര്യത്തിലാണ് ക്ലബ് പ്രസിഡന്‍റ് പെരസ്.
ഐതിഹാസിക ചരിത്രം
ഒരു പ്രാദേശിക ഫുട്ബോൾ ക്ലബ് രൂപീകരിക്കുന്നതിനായി 1900ത്തിൽ ബാഴ്‌സലോണ സ്വദേശികളും മാഡ്രിഡിൽ സ്ഥിര താമസക്കാരും ബിസിനസുകാരുമായിരുന്ന ഹുവാന്‍ പാഡ്രോസ്, കാര്‍ലോസ് പാഡ്രോസ് എന്നീ സഹോദരങ്ങളും മറ്റു സുഹൃത്തുക്കളുംകൂടി ഒരു ഉപദേശക സംഘത്തെ രൂപീകരിച്ചു. രണ്ട് വർഷത്തെ കൂടിയാലോചനകൾക്കുശേഷം 1902 മാർച്ച് ആറിന് മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബെന്ന പേരില്‍ ഒരു ഫ്രാഞ്ചൈസി രൂപീകരിച്ചു. ക്ലബിന്റെ ആദ്യ പ്രസിഡന്‍റായി ഹുവാന്‍ പാഡ്രോഡിനെ തന്നെ സംഘം തിരഞ്ഞെടുത്തു.
മാഡ്രിഡിലും പരിസര പ്രദേശത്തും നടന്നിരുന്ന മത്സരങ്ങളിൽ സ്ഥിരമായി വിജയിക്കുമായിരുന്ന ടീമിന് 1920ല്‍ സ്‌പെയിന്‍ രാജാവായ അല്‍ഫോന്‍സോ പതിമൂന്നാമന്‍ റോയല്‍ എന്നര്‍ത്ഥം വരുന്ന റിയല്‍ എന്ന ബഹുമതി നല്‍കിയതിലൂടെ സ്പെയിൻ ആകമാനം അറിയുന്ന ക്ലബായി റയൽ മാഡ്രിഡ് മാറുകയായിരുന്നു. ക്ലബ്ബിന്റെ ലോഗോയിലുള്ള രാജകീയ കിരീടത്തിനുള്ളിലെ ചരിത്രവും ഇതാണ്. രാജകീയ ബന്ധം ലഭിച്ചതോടെ പ്രാദേശിക തലത്തിൽനിന്ന് രാജ്യത്തുടനീളമുള്ള ഫുട്‌ബോളിലെ അതികായന്‍മാരായി മാറുകയായിരുന്നു റയൽ മാഡ്രിഡ്.
റയൽ മാഡ്രിഡും ബാഴ്സലോണയും ഇന്ന് കാണുന്ന ശത്രുതയിലേക്കെത്തിയതിനു പിന്നിലും ഈ ചരിത്രമാണ് പറയാനുള്ളത്. രാജാവിൽനിന്ന് ലഭിച്ച രാജകീയ ബന്ധം റയൽ മാഡ്രിഡിനെയും ആരാധകരേയും രാജ്യ അനുകൂലികളാക്കുകയും സ്പെയിനിൽനിന്ന് പുറത്ത്കടന്ന് തങ്ങൾക്ക് സ്വന്തമായൊരു രാജ്യം വേണമെന്ന് കറ്റാലിൻ അനുകൂലികളായെ ബാഴ്സലോണയെ വിമതരാക്കുകയും ചെയതു. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ഏറ്റുമുട്ടലായി എൽക്ലാസികോ മാറിയതിനുപിന്നിലും ഈ വൈര്യമുണ്ട്.
മാഡ്രിഡിലും സ്പെയിലും തങ്ങളുടേതായ ഇടം കണ്ടെത്തിയ റയൽ മാഡ്രിഡ് പതുക്കെ യൂറോപ്പിനെ കീഴടക്കാൻ തുടങ്ങി. 1950-കളിൽ യൂറോപ്പ് ഫുട്ബോൾ പഠിച്ചു തുടങ്ങുമ്പോൾ റയൽ മാഡ്രിഡ് യൂറോപ്പിനെ ഭരിക്കാൻ തുടങ്ങി എന്നതാണ് ചരിത്രം. അക്കാലയളവിൽ തുടർച്ചയായി 5 യൂറോപ്യൻ കപ്പുകൾ വാരിക്കൂട്ടി യൂറോപ്യൻ രാജാവെന്ന വിളിപ്പേരിൽ റയൽ മാഡ്രിഡ് അറിയപ്പെടാൻ തുടങ്ങി. തുടർന്നിങ്ങോട്ട് 2000കളിലെ സിദാന്‍, റൊണാള്‍ഡൊ നസാരിയോ, ഡേവിഡ് ബെക്കാം, ലൂയിസ് ഫിഗോ എന്നീ ഇതിഹാസങ്ങളും അടുത്ത തലമുറയിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സെര്‍ജിയോ റാമോസ്, ലൂക്കാ മോഡ്രിച്ച്, കരിം ബെന്‍സിമ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത ഇതിഹാസങ്ങളും കളിച്ച് കപ്പടിച്ചുകൂട്ടി ലോകത്തിലെ അതികായൻമാരെന്ന വിളിപ്പേരിനെ അരക്കെട്ടുറപ്പിച്ചു.
ലോകത്തിലെ ഏറ്റവും സമ്പന്ന ക്ലബായി മാറിയ റയൽ അന്താരാഷ്ട്ര തലത്തിലും സ്‌പെയിനിലുമായി 105 ട്രോഫികളാണ് വാരിക്കൂട്ടിയത്. 15 ചാമ്പ്യന്‍സ് ലീഗ്, 36 ലാലിഗ, 5 ഫിഫ ക്ലബ് വേള്‍ഡ് കപ്പ്, 6 യുവേഫ സൂപ്പര്‍ കപ്പ്, 3 ഇന്റര്‍നാഷണല്‍ കപ്പ്. 2 യൂറോപ ലീഗ്. 20 കോപ്പ ഡെല്‍ റെ, 13 സൂപ്പര്‍ കോപ്പ ഉള്‍പ്പെടെയാണ് 105 കിരീടങ്ങളെന്ന സ്വപ്നം നേട്ടത്തിലേക്ക് എത്തിയത്.
മങ്ങുന്ന പ്രതാപം
കഴിഞ്ഞ രണ്ടുവർഷമായി നല്ല വാർത്തകളല്ല റോയൽ ക്ലബിൽനിന്നും ഉയർന്നുകേൾക്കുന്നത്. കിരീട ക്ഷാമവും പ്രൊഫഷണലിസമില്ലാഴ്മയും കോച്ചുകളുടെ സ്ഥിരതയില്ലാഴ്മയും കിരീടമില്ലാത്തൊരു സീണണാണ് റയൽമാഡ്രിഡിന് സമ്മാനിച്ചത്. ചാമ്പ്യൻസ് ലീഗിൽ സെമിഫൈനൽപോലും കാണാതെ പുറത്തായതും ഇന്നലെ എൽക്ലാസികോയിലെ പരാജയത്തോടെ ലാലിഗ നഷ്ടമായതും ക്ലബിന് വലിയ തലവേദനയല്ല. സീസണിൽ ഒരു കിരീടംപോലും ലഭിക്കാത്ത റയലിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാൻ പ്രസിഡണ്ട് പെരസും ഒഫീഷ്യൽസും തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്.
കോച്ചുമാരെ പുറത്താക്കുന്നതില്‍ ഒരു മനുഷ്യത്ത്വവുമില്ലാത്ത നിലപാടാണ് റയല്‍മാഡ്രിഡിനുള്ളത്. ചാമ്പ്യന്‍സ് ലീഗ്, ലാലിഗ തുടങ്ങി ഒരു കിരീടംപോലു ലഭിക്കാത്ത സീസണില്‍ കോച്ച് ആൽവാരോ അർബലോവക്ക് ശേഷെം മറ്റൊരു കോച്ചുമാരെ നിലവില്‍ കിട്ടാനില്ലെന്നൊരു ആരോപണം നിലവില്‍ റയല്‍മാഡ്രിഡ് നേരിടുന്നുണ്ട്. യുര്‍ഗന്‍ ക്ലോപ്പ്, ദിദിയര്‍ ദെഷാംപ്‌സ്, ലയണല്‍ സ്‌കലോണി, ജോസെ മൗറീഞ്ഞോ, മൗറീഷ്യോ പോച്ചെറ്റിനോ തുടങ്ങിയ കോച്ചുമാരെ പ്രസിഡണ്ട് പെരസ് സമീപിച്ചെങ്കിലും മൗറീഞ്ഞോ മാത്രമാണ് സമ്മതംമൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകം കണ്ട എക്കാലത്തെയും കോച്ചുമാരില്‍ ഒരാളായ അന്‍സലോട്ടി, സാബി അലോണ്‍സൊ തുടങ്ങിയവരെയൊക്കെ പുറത്താക്കിയത് ലോകം ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. ലാലിഗയില്‍ കേവലം നാല് പോയിന്റ് വ്യത്യാസത്തില്‍നില്‍ക്കുമ്പോഴാണ് സാബിയെ റയൽ പുറത്താക്കുന്നത്. എന്നാൽ പകരംവന്ന ആൽവാരോ അർബലോവയേയും മാസങ്ങൾക്ക്ശേഷം ഈ സീസണോടെ പുറത്താക്കുയാണ് ക്ലബ്.
ടീമിന് നിലവില്‍ പ്രൊഫഷണലിസം ഇല്ലെന്നാണ് ക്ലബ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ട്രസിങ് റൂമിലുള്ള അസ്വാരസ്യങ്ങള്‍ സാധാരണ ഉള്ളതാണെങ്കിലും കേവലമൊരു അസ്വാരസ്യമല്ല റയലിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടീമംഗങ്ങൾക്കിടയിൽനടന്ന വാഗ്വാദങ്ങൾ കയ്യാങ്കളിയിലേക്കും ആശുപത്രിയിലേക്കും നീണ്ടുപോയി എന്നത് റയൽമാഡ്രിഡിനെ സംബദ്ധിച്ചിടത്തോളം കല്ലുകടിയാണ്.
കഴിഞ്ഞദിവസം വാൽവെർഡെയും ചൗമേനിയുംതമ്മിൽ ട്രയിനിങ് ഗ്രൗണ്ടില്‍ നടന്ന ഏറ്റുമുട്ടൽ കയ്യാങ്കളിയിലാണ് അവസാനിച്ചത്. സംഭവത്തെതുടർന്ന് തല പൊട്ടിയ വാല്‍വെര്‍ഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ക്ലബിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ രണ്ടുപേർക്കുമെതിരെ 4.5 കോടിരൂപ റയൽ പെനൽറ്റി വിധിക്കുകയും ചെയ്തു. ഇതിനുതോട്ടുമുന്നെ, അന്റോണിയോ റൂഡിഗറും അല്‍വാരോ കരേരസും ട്രസിങ് റൂമില്‍വെച്ച് ഏറ്റുമുട്ടിയിരുന്നു. മറ്റൊരു സൂപ്പർതാരമായ എംബാപെക്കെതിരെയും പെരുമാറ്റദൂഷ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടീം ഒഫീഷ്യല്‍സിനോട് തട്ടിക്കയറി സംസാരിച്ചെന്നാണ് എംബാപെക്കെതിരെയുള്ള ആരോപണം. താരം സ്വന്തം ഇമേജില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ടീം സ്പിരിറ്റിലേക്ക് വരുന്നില്ലെന്നും ടീമംഗങ്ങള്‍ക്കിടിയില്‍ സംസാരമുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എംബാപെയെ പുറത്താക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം പ്രസിഡിണ്ട് പെരസിന് ആരാധകര്‍ മാസ് പെറ്റിഷനുമായി രംഗത്തെത്തി. 3 കോടി പേരാണ് ഇതുവരെ പെറ്റിഷനില്‍ ഒപ്പുവെച്ചത്.
അതിനിടെ കോച്ചും മുതിര്‍ന്ന താരങ്ങളുംതമ്മില്‍ മാനസികമായി അകല്‍ച്ചയിലാണെന്നതും വസ്തുതയാണ്. കാർവഹാൾ ഉൾപ്പെടെയുള്ള താരങ്ങളും കോച്ച് അൽവാരോ ആർബെലോവയുംതമ്മിൽ സുഖത്തിലല്ലെന്നാണ് ടീം അംഗങ്ങൾതന്നെ സാക്ഷ്യപ്പെടുത്തുന്നത്. താരങ്ങളില്‍ സ്വാധീനമില്ലെന്നായിരുന്നു മുന്‍ കോച്ചായിരുന്ന സാബി അലോണ്‍സക്കെതിരെയും ഉയര്‍ന്ന പരാതികൾ. വിനീഷ്യസ് ജൂനിയര്‍, എംബാപെ തുടങ്ങിയ താരങ്ങള്‍ അലോണ്‍സയോട് കയര്‍ക്കുന്ന വീഡിയോകള്‍ പുറത്തായിരുന്നു. റയൽമാഡ്രിഡിൽ പല താരങ്ങളുംതമ്മിൽ പരസ്പരം മിണ്ടുന്നില്ലെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു.
English Summary: Real Madrid CF, once the dominant “royal” force of European football with 15 Champions League titles and 36 La Liga trophies, is now facing one of the toughest phases in its modern history.
The club’s recent struggles over the past two seasons, failed coaching changes, and reports of dressing-room tensions have become major talking points in world football. Club president Florentino Pérez is reportedly planning a major rebuild next season to restore Real Madrid’s dominance.