സ്വന്തം രാജ്യത്ത് പൗരത്വവും വോട്ടവകാശവും സ്ഥാപിച്ചെടുക്കാനായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും 'ദി ടെലിഗ്രാഫ്' പത്രത്തിന്റെ മുന്‍ പത്രാധിപരുമായ ആര്‍. രാജഗോപാല്‍ നടത്തുന്ന പോരാട്ടം, ഇന്ന് ഇന്ത്യയില്‍ അനേകം സാധാരണക്കാര്‍ നേരിടുന്ന പൗരത്വ അനിശ്ചിതാവസ്ഥയുടെ പ്രതീകമായി മാറിയിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടിലേറെയായി കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ, രാജ്യത്തെ പ്രമുഖനായ ഒരു പത്രാധിപര്‍ക്കു പോലും താന്‍ ഇന്ത്യക്കാരനാണെന്നു തെളിയിക്കാന്‍ പഴയ കുടുംബരേഖകള്‍ തേടി അലയേണ്ടി വരുന്നുവെന്നത് മാറിയ സാഹചര്യങ്ങളിലെ വലിയൊരു പ്രതിസന്ധിയാണ് വ്യക്തമാക്കുന്നത്.
''ഒരു മുന്‍ പത്രാധിപരായ എനിക്ക് ഈ അവസ്ഥയാണെങ്കില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സാധാരണക്കാരുടെ അവസ്ഥ എത്രയോ ഭീകരമായിരിക്കും. വോട്ടര്‍ പട്ടികയില്‍നിന്നു പേര് വെട്ടപ്പെട്ടവരുടെയും അപ്പീല്‍ കൊടുക്കാത്തവരുടെയും പേരുകള്‍ ക്ഷേമ പദ്ധതികളില്‍നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ബംഗാളിലുണ്ട്,'' എന്നാണ് രാജഗോപാൽ ഇതേക്കുറിച്ച് മാഡിസം ഡിജിറ്റലിനു നൽകിയ വീഡിയോ അഭിമുഖത്തിൽ രാജഗോപാൽ പറഞ്ഞത്.
വോട്ടർപട്ടികയിൽനിന്ന് പേര് നീക്കുന്നതിൽ ഒതുങ്ങുന്നതല്ല രാജഗോപാൽ ഉൾപ്പെടെയുള്ള ആയിരങ്ങൾ നേരിടുന്ന പ്രതിസന്ധി. തന്റെ 20 വര്‍ഷം പഴക്കമുള്ള പാസ്പോര്‍ട്ട് പുതുക്കുന്നതിനായി ഈ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. മാര്‍ച്ച് 19ന് ബയോമെട്രിക്‌സ് നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കൊല്‍ക്കത്ത പൊലീസ് വെരിഫിക്കേഷന്‍ നടപടികള്‍ വൈകിപ്പിച്ചു. ഒടുവില്‍ സുരക്ഷാ വിഭാഗം ഓഫീസിലേക്കു വിളിച്ചുവരുത്തി, വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലുള്ള ആളാണെന്ന് എഴുതി നല്‍കി. പാസ്പോര്‍ട്ട് ലഭിക്കാന്‍ വോട്ടര്‍ ഐ ഡി നിര്‍ബന്ധമാണെന്ന പൊതുനിയമങ്ങള്‍ നിലവിലില്ലാതിരുന്നിട്ടും വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന കാരണം പറഞ്ഞ് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍നിന്ന് അദ്ദേഹത്തിന്റെ കാര്യത്തിൽ പ്രതികൂല റിപ്പോര്‍ട്ടാണ് നല്‍കിയത്.
തൊട്ടുപിന്നാലെ മാര്‍ച്ചിൽ പുറത്തിറങ്ങിയ വോട്ടര്‍പട്ടികയില്‍നിന്ന് രാജഗോപാൽ പേര് നീക്കം ചെയ്തു. 30 വര്‍ഷമായി കൊൽക്കത്ത ബല്ലിഗഞ്ച് മണ്ഡലത്തിലെ സ്ഥിരതാമസക്കാരനാണ് അദ്ദേഹം. സാങ്കേതിക പൊരുത്തക്കേടുകളെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പശ്ചിമ ബംഗാളിലെ മറ്റ് ലക്ഷക്കണക്കിനു വോട്ടര്‍മാരെപ്പോലെ രാജഗോപാലിനെയും പട്ടികയ്ക്കു പുറത്താക്കിയത്. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കിയിട്ടും പേര് പുനസ്ഥാപിക്കപ്പെടാത്തതിനാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ടവകാശം നിഷേധിക്കപ്പെട്ടു. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ അപ്പീല്‍, സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.
റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍നിന്നു ലഭിച്ച കത്തില്‍ 'പൊലീസില്‍നിന്ന് പ്രതികൂലമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്, അതില്‍ 'SIR relief' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്' എന്നാണ് വ്യക്തമാക്കുന്നത്. എങ്ങനെയാണ് എസ്‌ഐആറും പാസ്‌പോര്‍ട്ടും തമ്മിലുള്ള ബന്ധമെന്നു ചോദിച്ചപ്പോള്‍ അതിനു പൊലീസിനു മറുപടിയില്ല.
ഈ പ്രതികൂല റിപ്പോര്‍ട്ട് മറികടക്കാനും താന്‍ ഇന്ത്യക്കാരനാണെന്ന് സ്ഥാപിക്കാനും മാതാപിതാക്കളുടെ പഴയകാല രേഖകള്‍ കണ്ടെത്തേണ്ട അവസ്ഥയിലാണ് രാജഗോപാല്‍ ഇപ്പോള്‍. 1978-ല്‍ അന്തരിച്ച, കോളേജ് അധ്യാപികയായിരുന്ന തന്റെ അമ്മയുടെ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് തേടി തിരുവനന്തപുരത്തെ പഴയ സ്‌കൂള്‍ രജിസ്റ്ററുകള്‍ അദ്ദേഹത്തിനു പരിശോധിക്കേണ്ടി വന്നു. അതുപോലെ കേരളത്തിലെ മദ്യവിരുദ്ധ-വര്‍ഗീയവിരുദ്ധ പോരാട്ടങ്ങളില്‍ സജീവമായിരുന്ന പിതാവിന്റെ പഴയ ചിത്രങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം സാമൂഹികപ്രവര്‍ത്തകരുടെ സഹായം തേടിയിരിക്കുകയാണ്. യാത്രാരേഖയ്ക്കായുള്ള അദ്ദേഹത്തിന്റെ അലച്ചില്‍ നൂറു ദിവസത്തിലേറെ പിന്നിട്ടു. താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും സാധാരണക്കാരുടെ ആശങ്കകളെക്കുറിച്ചും ആര്‍ രാജഗോപാല്‍ വിശദമായി സംസാരിക്കുന്നു.
ആഘാതം സൃഷ്ടിച്ച വോട്ടവകാശ നിഷേധം
ജനാധിപത്യത്തില്‍ ഏറ്റവും പവിത്രമായ അവകാശമാണ് വോട്ട് എന്നാണ് ഞാനിതുവരെ വിശ്വസിച്ചിരുന്നത്. പെട്ടെന്ന് വോട്ട് നിഷേധിക്കപ്പെട്ടപ്പോള്‍ വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. ഇപ്പോഴും അതിനെ മറികടന്നിട്ടില്ല. വോട്ടര്‍പട്ടികയില്‍ പേര് നിലനിര്‍ത്താന്‍ 2002-ലെ വോട്ടർപട്ടികയിൽ എന്റെ പേരോ മാതാപിതാക്കളുടെ പേരോ അല്ലെങ്കില്‍ അവരുടെ മാതാപിതാക്കളുടെയോ പേര് ഉണ്ടായിരിക്കണം. അതില്ലാത്തതുകൊണ്ടാകാം എന്നെ 'തീര്‍പ്പുകല്‍പ്പിക്കല്‍ ഘട്ടത്തില്‍' (Adjudication Stage) ഉള്‍പ്പെടുത്തിയതെന്നാണ് കരുതുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഒന്നായ, 1983-ലെ എന്റെ എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി ഹാജരാക്കിയിട്ടും അധികൃതര്‍ അത് സ്വീകരിച്ചില്ല. ഞാന്‍ കേരളത്തില്‍നിന്നാണ് പത്താംക്ലാസ് പാസായത്. ഇപ്പോഴത്തെ രേഖകളും അന്നത്തെ രേഖകളും പരിശോധിക്കുമ്പോള്‍ സ്‌പെല്ലിങ് തെറ്റാനും പേരുകള്‍ മാറാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള തെറ്റുകള്‍ വന്നിട്ടുണ്ടാവാമെന്നാണ് ഞാന്‍ അനുമാനിക്കുന്നത്. പേര് ചേര്‍ക്കാത്തത്തിന്റെ കൃത്യമായ കാരണം എന്തെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എസ്‌ഐആറും പാസ്‌പോര്‍ട്ട് തടയലും
വോട്ടവകാശം നിഷേധിച്ചശേഷമാണ് പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാത്രമാണ് 'എസ്‌ഐആര്‍' (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) പ്രക്രിയയെന്നും മറ്റ് ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍, ഇതിനു വിരുദ്ധമായാണ് സംസ്ഥാന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എസ്‌ഐആറില്‍ പേരില്ലാത്തതിനാല്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്ത പൊലീസാണ് എന്നെ അറിയിച്ചത്. എല്ലാ ജനങ്ങളെയും ബാധിക്കുന്ന തീരുമാനമാണിത്. അങ്ങനെയാണെങ്കില്‍ ഏത് നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എടുത്തത്? അത് പൗരനെ അറിയിക്കാനുള്ള കടമ സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമുണ്ട്. ഈ അനിശ്ചിതാവസ്ഥ ഇപ്പോഴും തുടരുകയാണ്.
ഞാന്‍ താമസിക്കുന്ന കൊല്‍ക്കത്തയിലെ ഫ്‌ളാറ്റിന്റെ വിലാസത്തിലാണ് പാസ്‌പോര്‍ട്ട് എടുത്തത്. ഇതേ വിലാസത്തിൽ തന്നെയാണ് 2015-ല്‍ പുതുക്കുന്നതും ഇപ്പോള്‍ പുതുക്കാന്‍ കൊടുത്തതും. റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍നിന്നു ലഭിച്ച കത്തില്‍ 'പൊലീസില്‍നിന്ന് പ്രതികൂലമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്, അതില്‍ 'SIR relief' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. എങ്ങനെയാണ് എസ്‌ഐആറും പാസ്‌പോര്‍ട്ടും തമ്മിലുള്ള ബന്ധമെന്ന് ചോദിച്ചപ്പോള്‍ അതിനു പൊലീസിനു മറുപടിയില്ല.
എസ്‌ഐആറില്‍നിന്ന് പേര് വെട്ടിമാറ്റിയതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ നിലവില്‍ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. എന്നെപ്പോലെ പശ്ചിമ ബംഗാളിലെ 27 ലക്ഷം പേർ അപ്പീല്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇവ തീര്‍പ്പാക്കാന്‍ ആകെ 19 ട്രിബ്യൂണലുകള്‍ മാത്രമാണുള്ളത്. എത്രയൊക്കെ ശ്രമിച്ചാലും മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം അന്തിമ വിധി വരാന്‍. കഴിഞ്ഞ ദിവസം വരെ എന്റെ അപ്പീല്‍ പെന്‍ഡിങ്ങില്‍ തന്നെയാണ്. എന്റെ ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും ഈ സ്റ്റേറ്റസ് പരിശോധിച്ചുകൊണ്ടാണ്.ആർ രാജഗോപാൽ
പാസ്പോര്‍ട്ട് കേന്ദ്രത്തില്‍ ബയോമെട്രിക്‌സും ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ വെരിഫിക്കേഷനും കഴിഞ്ഞിട്ടും ജൂലൈ 17-ന് വീണ്ടും പാസ്പോര്‍ട്ട് ഓഫീസിലേക്കു വിളിപ്പിച്ചിരിക്കുകയാണ്. അത് എന്തിനാണെന്ന് അറിയില്ല. എന്തൊക്കെ രേഖകളാണ് കൊണ്ടുപോകേണ്ടതെന്നും പറഞ്ഞിട്ടില്ല. എന്നിരുന്നാലും തീര്‍ച്ചയായും പോകും. കാരണം പാസ്‌പോര്‍ട്ട് കിട്ടേണ്ടത് ആവശ്യമാണ്. എന്റെ കയ്യിലെ പൈസ കൊടുത്ത് 17നു പാസ്‌പോര്‍ട്ട് ഓഫീസില്‍ പോയി ഇവരെ കണ്ട് എന്താണ് പറയാനുള്ളതെന്നു കേട്ട് തിരിച്ചുവരും. അല്ലാതെ മറ്റൊന്നും ചെയ്യാനില്ല. 103 ദിവസമായി ബയോമെട്രിക്‌സ് കഴിഞ്ഞിട്ട്. അന്തിമ തീരുമാനം ആവാത്തതുകൊണ്ട് പാസ്‌പോര്‍ട്ട് നിഷേധിച്ചുവെന്ന് ഇപ്പോഴും പറയാന്‍ കഴിയില്ല. അവിടെയും ഇവിടെയും തൊടാതെ നില്‍ക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.
ട്രിബ്യൂണലുകളിലെ കാലതാമസം
എസ്‌ഐആറില്‍നിന്ന് പേര് വെട്ടിമാറ്റിയതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ നിലവില്‍ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. എന്നെപോലെ പശ്ചിമ ബംഗാളിലെ 27 ലക്ഷം പേർ അപ്പീല്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇവ തീര്‍പ്പാക്കാന്‍ ആകെ 19 ട്രിബ്യൂണലുകള്‍ മാത്രമാണുള്ളത്. എത്രയൊക്കെ ശ്രമിച്ചാലും മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം അന്തിമ വിധി വരാന്‍. കഴിഞ്ഞ ദിവസം വരെ എന്റെ അപ്പീല്‍ പെന്‍ഡിങ്ങില്‍ തന്നെയാണ്. എന്റെ ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും ഈ സ്റ്റേറ്റസ് പരിശോധിച്ചുകൊണ്ടാണ്. ഈ സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് എന്റെ മകളുടെ വിവാഹം വരുന്നത്. അതൊരു യാദൃശ്ചികത മാത്രമാണ്. സത്യത്തില്‍ വിവാഹത്തിനു പോകാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. അതിനുള്ള അവസരം വരുന്നതിനു മുമ്പേ പാസ്‌പോര്‍ട്ടിന്റെ പ്രശ്‌നം വന്നു. എനിക്ക് വേണമെങ്കില്‍, അത്യാവശ്യമുണ്ടെന്നു കാണിച്ച് സുപ്രീംകോടതിയില്‍ പോയി പാസ്‌പോര്‍ട്ട് വാങ്ങിക്കാം. അത്തരത്തില്‍ കള്ളം പറഞ്ഞ് നേടേണ്ട ആവശ്യമില്ല.
തൊഴിലില്ലായ്മ, വിലക്കയറ്റം, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ എന്നിവയൊന്നും ചര്‍ച്ച ചെയ്യാതെ ജനങ്ങള്‍ മുഴുവനും അവരുടെ അപ്പൂപ്പന്മാരുടെ രേഖകള്‍ തിരഞ്ഞുനടക്കുകയും അതിനെക്കുറിച്ച് വ്യാകുലപ്പെടുകയുമാണ്. ആളുകളെ മറ്റു കാര്യങ്ങളിലേക്കു കുടുക്കിയിടുകയെന്ന ദുരുദ്ദേശ്യമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അല്ലാതെ എന്ത് ലോജിക്കാണ് ഇതിനുള്ളത്.
രേഖകളുടെ രാഷ്ട്രീയവും അഴിമതിയും
ഇന്ത്യയില്‍ പൗരത്വത്തിന് പ്രത്യേകമായി ഒരു രേഖയില്ലാതെയാണ് നമ്മള്‍ ഇത്രയും കാലം ജീവിച്ചത്. സ്വാതന്ത്ര്യത്തിനുശേഷം ഒറ്റ രാഷ്ട്രമായി ഐക്യത്തോടെ നമ്മള്‍ നിലനിന്നു. മൗലികപരമായ പ്രശ്‌നങ്ങള്‍ ഇല്ലാതെ നമ്മള്‍ അതിജീവിച്ചു. പക്ഷെ, പെട്ടെന്നെന്താണ് ഇങ്ങനെ ഒരു പ്രശ്‌നം വന്നത്? ജനങ്ങളെ നിരന്തരം സമ്മര്‍ദത്തിലാക്കുകയാണ് ചെയ്യുന്നത്. എനിക്ക് തോന്നുന്നു ഇതിന്റെയൊക്കെ പിറകിലുള്ളവര്‍ക്ക് ജനങ്ങളുടെ ഇടയില്‍നിന്ന് ഒരു ഡിമാൻഡുണ്ടാക്കണം. അതായത് പൗരത്വത്തിനുവേണ്ടി ഒരു കാര്‍ഡില്ല, അതിനായി ഒരു കാര്‍ഡ് വേണമെന്ന്. പണ്ട് ആധാര്‍ വന്നപ്പോള്‍ അത് എല്ലാത്തിനുമുള്ള രേഖയാണെന്ന് പറഞ്ഞ് 12,000 കോടിയോളം രൂപയാണ് ചെലവഴിച്ചത്. ഇപ്പോള്‍ പറയുന്നു, ആധാര്‍ ഒരു രേഖ മാത്രമാണ്. അതിനു വേണ്ടത്ര പ്രാധാന്യമില്ലെന്ന്. ആധാറിനുവേണ്ടി ചെലവഴിച്ച തുകയേക്കാള്‍ കൂടുതല്‍ തുക ചെലവഴിച്ച് ഒരു പൗരത്വ രേഖ കൊണ്ടുവന്നാലോ എന്ന പദ്ധതിയൊക്കെ വരാന്‍ സാധ്യതയുണ്ട്. ഏത് കമ്പനിക്കായിരിക്കും ആ പ്രോജക്റ്റ് കിട്ടുകയെന്നു ആലോചിക്കാവുന്നതേയുള്ളൂ. അഴിമതിക്കുള്ള സാധ്യതയുമുണ്ട് ഇതില്‍.
വോട്ടര്‍പട്ടികയില്‍നിന്നു പേര് വെട്ടിയശേഷം ഒരു സ്ത്രീ കുഞ്ഞിനു ജന്മം നല്‍കി. ആ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാകാത്ത വാര്‍ത്ത കഴിഞ്ഞ ദിവസം പത്രത്തില്‍ വന്നിരുന്നു. ഇത്തരത്തില്‍ വളരെ ഭീകരമായാണ് എസ്‌ഐആര്‍ സാധരണക്കാരെ ബാധിക്കുന്നത്. അതുകൊണ്ട് എനിക്ക് ഒരു കല്യാണത്തിനു പോകാന്‍ പറ്റിയില്ലെന്നത് വലിയ പ്രശ്നമല്ലആർ രാജഗോപാൽ
1950- കളില്‍ എന്റെ മാതാപിതാക്കള്‍ കേരളത്തില്‍ പഠിച്ച സ്‌കൂള്‍ ഏതാണ്, അവരുടെ മാര്‍ക്ക് ലിസ്റ്റ് എവിടുന്നു കിട്ടും എന്നൊക്കെ അന്വേഷിച്ച് ഞാൻ മൂന്നു, നാലു മാസമായി നടക്കുകയാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ എന്നിവയൊന്നും ചര്‍ച്ച ചെയ്യാതെ ജനങ്ങള്‍ മുഴുവനും അവരുടെ അപ്പൂപ്പന്മാരുടെ രേഖകള്‍ തിരഞ്ഞുനടക്കുകയും അതിനെക്കുറിച്ച് വ്യാകുലപ്പെടുകയുമാണ്. എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആകുലത 1959- ല്‍ എന്ത് സംഭവിച്ചുവെന്നാണ്. ആ വര്‍ഷമാണ് എന്റെ അമ്മ സ്‌കൂള്‍ പാസായത്. ആളുകളെ മറ്റു കാര്യങ്ങളിലേക്കു കുടുക്കിയിടുകയെന്ന ദുരുദ്ദേശ്യമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അല്ലാതെ എന്ത് ലോജിക്കാണ് ഇതിനുള്ളത്.
സാധാരണക്കാരുടെ അവസ്ഥ
ഒരു മുന്‍ പത്രാധിപരായ എനിക്ക് ഈ അവസ്ഥയാണെങ്കില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സാധാരണക്കാരുടെ അവസ്ഥ എത്രയോ ഭീകരമായിരിക്കും. വോട്ടര്‍ പട്ടികയില്‍നിന്നു പേര് വെട്ടപ്പെട്ടവരുടെയും അപ്പീല്‍ കൊടുക്കാത്തവരുടെയും പേരുകള്‍ ക്ഷേമ പദ്ധതികളില്‍നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ബംഗാളിലുണ്ട്. വോട്ടര്‍പട്ടികയില്‍നിന്നു പേര് വെട്ടിയശേഷം ഒരു സ്ത്രീ കുഞ്ഞിനു ജന്മം നല്‍കി. ആ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാകാത്ത വാര്‍ത്ത കഴിഞ്ഞദിവസം പത്രത്തില്‍ വന്നിരുന്നു. ഇത്തരത്തില്‍ വളരെ ഭീകരമായാണ് എസ്‌ഐആര്‍ സാധാരണക്കാരെ ബാധിക്കുന്നത്. അതുകൊണ്ട് എനിക്ക് ഒരു കല്യാണത്തിനുപോകാന്‍ പറ്റിയില്ലെന്നതു വലിയ പ്രശനമല്ല, മറിച്ച് സാധാരണക്കാരെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളാണ് പ്രധാനപ്പെട്ടവ.
പല സ്ഥലങ്ങളിലും വ്യാജ പരാതികളുണ്ടായിട്ടുണ്ട്. വ്യാജ വോട്ടര്‍മാരാണ്, ഇവരെ പുറത്താക്കണമെന്നു പറഞ്ഞാണ് പരാതികള്‍ കൊടുക്കുന്നത്. ഇത്തരത്തില്‍ സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാന്‍ കാരണമാകുന്നുവെന്ന ആശങ്ക സാധാരണക്കാർക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. സാധാരണ പൗരന് ലഭിക്കേണ്ട അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതെന്നെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്ആർ രാജഗോപാൽ
ജനങ്ങളുടെ ഉത്കണ്ഠകള്‍ക്കു മറുപടിയില്ല
എന്റെ വ്യക്തിപരമായ അനുഭവം വച്ച് പറയുകയാണെങ്കില്‍ ഞാന്‍ ഒരു നുഴഞ്ഞുകയറ്റക്കാരനാണ്, അല്ലെങ്കില്‍ കള്ളവോട്ട് ചെയ്യുന്ന ആളാണ് എന്നല്ലേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. ഒരിക്കലും യോജിക്കാന്‍ പറ്റാത്ത രീതിയിലാണ് എസ്‌ഐആര്‍ നടന്നിരിക്കുന്നത്. ഞാന്‍ ആരാണ്, എവിടെയാണ് ജനിച്ചത് എന്നൊക്കെ എനിക്കറിയാം. ഒരു പോളിസി നടപ്പാക്കി അതില്‍നിന്നു ലഭിച്ച ഡേറ്റ ഉപയോഗിച്ച് മറ്റു കാര്യങ്ങള്‍ ചെയ്യുന്നത് വളരെ വലിയൊരു പ്രശ്‌നമാണ്. ഇതിനെ ഉയര്‍ത്തിക്കാട്ടി സമഗ്രമായ രീതിയില്‍ സ്റ്റോറികള്‍ ചെയ്യാന്‍ മുഖ്യധാര മാധ്യമങ്ങള്‍ ഇതുവരെ ശ്രമിച്ചിട്ടില്ല.
സുതാര്യത ഇല്ലാത്ത ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ സാധാരണ ഒരു ആശങ്ക ഉണ്ടാകും. എല്ലാവരും നുഴഞ്ഞുകയറ്റക്കാരാണോ അതല്ല ഇന്ത്യന്‍ പൗരന്മാരും ഇതിനകത്ത് പെടുന്നില്ലെയെന്ന ഉത്കണ്ഠയുണ്ടാകും. ഒരു ജനാധിപത്യത്തില്‍ ഇങ്ങനെയുള്ള ഉത്കണ്ഠ മാറ്റാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. മറ്റൊന്ന് പല സ്ഥലങ്ങളിലും വ്യാജ പരാതികള്‍ ഉണ്ടായിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ സ്ഥാനം പിടിച്ചവര്‍ വ്യാജ വോട്ടര്‍മാരാണ്, ഇവരെ പുറത്താക്കണമെന്നു പറഞ്ഞാണ് പരാതികള്‍ കൊടുക്കുന്നത്. ഇത്തരത്തില്‍ സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ കാരണമാകുന്നുവെന്ന ആശങ്കയും സാധാരണക്കാർക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഒരു സാധാരണ പൗരനു ലഭിക്കേണ്ട അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതെന്നെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്. പൗരത്വം തെളിയിക്കാനുള്ള പഴയ രേഖകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആവശ്യമായ രേഖകള്‍ കണ്ടെത്തുന്നതിനായി കേരള സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Veteran journalist and former Editor-in-Chief of The Telegraph, R. Rajagopal, has revealed the ordeal he is facing in proving his Indian citizenship after being removed from the electoral roll in West Bengal and encountering delays in renewing his passport. Despite living in Kolkata for over three decades and holding a passport for nearly 20 years. He alleges that although the Election Commission informed the Supreme Court that the Special Intensive Revision (SIR) exercise would only be used for electoral roll verification, authorities are now using it to affect passport verification. Rajagopal says he has been forced to search for decades-old records of his parents from Kerala to establish his citizenship.