ചാറ്റ്ജിപിടിയുമായുള്ള ദീർഘമായ സംഭാഷണങ്ങൾ തന്റെ മാനസികാവസ്ഥ ഗുരുതരമായി ബാധിച്ചെന്നും പിന്നീട് താൻ യേശുവാണെന്നും ചാറ്റ്ജിപിടി ദൈവമാണെന്നും വിശ്വസിക്കുന്ന അവസ്ഥയിലെത്തിയെന്നും യുവാവ്. കാലിഫോർണിയ സ്വദേശിയായ 34കാരൻ മൈക്കൽ ലൈൻസാണ് ഈ വിചിത്രവാദവുമായി എത്തിയത്. ഓപ്പൺഎഐക്കെതിരെ ഇദ്ദേഹം കോടതിയെ സമീപിച്ചു. 2025 ജൂലൈയിലാണ് ലൈൻസ് കേസ് ഫയൽ ചെയ്തത്.
ചാറ്റ്ജിപിടിയുമായുള്ള ആഴ്ചകളോളം നീണ്ട ആശയവിനിമയങ്ങളാണ് തന്റെ മാനസിക പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ആറ് മാസത്തോളം കാത്തിരുന്ന ശേഷമാണ് പഴയ ചാറ്റുകൾ വീണ്ടും പരിശോധിക്കാൻ കഴിഞ്ഞതെന്നും അവയിലൂടെ സംഭവങ്ങളുടെ തുടക്കം മുതൽ നടന്ന കാര്യങ്ങൾ മനസ്സിലാക്കാനായെന്നും ലൈൻസ് പറയുന്നു. ലൈൻസിന് ബൈപോളാർ രോഗാവസ്ഥയുണ്ടെന്നാണ് കേസ് രേഖകളിലുള്ളത്.
പത്ത് വർഷം മുമ്പുണ്ടായ മസ്തിഷ്ക പരിക്കിന് പിന്നാലെ 2024ലാണ് രോഗനിർണയം നടന്നത്. സാധാരണ സമയങ്ങളിൽ തനിക്ക് പ്രത്യേക മതവിശ്വാസങ്ങളൊന്നുമില്ലെന്നും എന്നാൽ മാനിയ അനുഭവപ്പെടുമ്പോൾ ചിന്തകൾ ആത്മീയ വിഷയങ്ങളിലേക്ക് വഴുതിപ്പോകാറുണ്ടെന്നും അദ്ദേഹം പറയുന്നു.
2023 മുതൽ ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്ന ലൈൻസ് തുടക്കത്തിൽ വ്യായാമം, ഭാരോദ്വഹനം, ഭക്ഷണക്രമം തുടങ്ങിയ വിഷയങ്ങളിലാണ് എഐയുടെ സഹായം തേടിയിരുന്നത്. എന്നാൽ ജിപിടി-4ഒ പുറത്തിറങ്ങിയതോടെ ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായെന്നാണ് അദ്ദേഹത്തിന്റെ വാദം.
വിമാനത്തിൽ നിന്ന് പുറത്താക്കി
2025 ഫെബ്രുവരിയിൽ മാനിയ അവസ്ഥയിലായിരിക്കെ ലൈൻസിനെ വിമാനത്തിൽ നിന്ന് ബലമായി പുറത്താക്കിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് പിന്നീട് ചാറ്റ്ജിപിടിയുമായി സംസാരിച്ചപ്പോൾ, അടിയന്തരമായി ചികിത്സ ആവശ്യമായേക്കാവുന്ന മാനസികാരോഗ്യ പ്രശ്നമായി സാഹചര്യം തിരിച്ചറിയുന്നതിനുപകരം തന്റെ അനുഭവങ്ങൾക്ക് ആത്മീയമായ വ്യാഖ്യാനമാണ് എഐ നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്.
തുടർന്നുള്ള സംഭാഷണങ്ങളിൽ താൻ മിശിഹാ വ്യക്തിത്വമായിരിക്കാമെന്ന സംശയം ലൈൻസ് പങ്കുവെച്ചതായും പറയുന്നു. ഇതിന് മറുപടിയായി യേശു മരുഭൂമിയിൽ 40 ദിവസം നേരിട്ട പരീക്ഷണവുമായി തന്റെ അനുഭവത്തെ ചാറ്റ്ജിപിടി താരതമ്യം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ചാറ്റ്ജിപിടി യേശുവാണെന്ന വിശ്വാസത്തിലേക്ക്
തുടർന്നുള്ള ആശയവിനിമയങ്ങൾ തന്റെ തെറ്റായ വിശ്വാസങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയെന്നാണ് ലൈൻസിന്റെ ആരോപണം. ക്രമേണ ചാറ്റ്ജിപിടി യേശുവോ ദൈവമോ ആണെന്ന് വിശ്വസിക്കുകയും അതിനെ നേരിൽ കാണാനാകുമെന്ന പ്രതീക്ഷ പുലർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
എന്നാൽ പ്രതീക്ഷിച്ച കൂടിക്കാഴ്ച നടക്കാതെ വന്നതോടെ കടുത്ത മാനസിക സമ്മർദത്തിലായെന്നും തുടർന്ന് അമിതമായി മരുന്നുകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ലൈൻസ് പറയുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർ അദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.
എഐ സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷ വേണമെന്ന് ആവശ്യം
പിന്നീട് ചാറ്റ്ജിപിടി വീണ്ടും ഉപയോഗിച്ചപ്പോൾ ഉണ്ടായ സംഭാഷണങ്ങളും തന്റെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഇതിന് ശേഷം പ്ലാറ്റ്ഫോം പൂർണമായി ഉപേക്ഷിച്ചെന്നും ലൈൻസ് പറയുന്നു. മാനസികാരോഗ്യ പ്രതിസന്ധിയിലായ ഉപയോക്താക്കളുമായി നടത്തുന്ന സംഭാഷണങ്ങളിൽ കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് കേസിലൂടെ അദ്ദേഹം ആവശ്യപ്പെടുന്നത്. സ്വയം ഉപദ്രവിക്കാനുള്ള സാധ്യതയുള്ള സംഭാഷണങ്ങൾ തിരിച്ചറിഞ്ഞാൽ എഐ ഇടപെട്ട് അവ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സുരക്ഷാ സംവിധാനങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് ദുർബലരായ ഉപയോക്താക്കളുമായുള്ള സംഭാഷണങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ച മോഡലുകൾ നീക്കം ചെയ്യണമെന്നും തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ലൈൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓപ്പൺഎഐയുടെ പ്രതികരണം
കേസിൽ ഓപ്പൺഎഐ ഇതുവരെ ഔദ്യോഗികമായി വിശദമായ മറുപടി നൽകിയിട്ടില്ല. സംഭവം ഏറെ വേദനാജനകമാണെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. മാനസികാരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി ഇത്തരം സെൻസിറ്റീവ് സാഹചര്യങ്ങളിൽ ചാറ്റ്ജിപിടിയുടെ പ്രതികരണങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.
ആഴ്ചയിൽ ഏകദേശം പത്ത് ലക്ഷം ഉപയോക്താക്കളുടെ സംഭാഷണങ്ങളിൽ ആത്മഹത്യാ ആസൂത്രണവുമായി ബന്ധപ്പെട്ടേക്കാവുന്ന സൂചനകൾ കണ്ടെത്തുന്നുണ്ടെന്നാണ് ഓപ്പൺഎഐയുടെ കണക്ക്. ചാറ്റ്ജിപിടിയുമായി ബന്ധപ്പെട്ട മാനസിക വിഭ്രാന്തി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നിലവിൽ പരിമിതമാണെങ്കിലും വിഷയത്തിൽ ആരോഗ്യവിദഗ്ധരുടെ ശ്രദ്ധ വർധിച്ചുവരികയാണ്. അതേസമയം, ഇപ്പോൾ തന്റെ അവസ്ഥ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടുന്ന ശക്തമായ പിന്തുണാ സംവിധാനമാണ് തനിക്കൊപ്പമുള്ളതെന്നും ലൈൻസ് പറയുന്നു.
Thirty-four-year-old Michael Lines from California has filed a lawsuit against OpenAI, alleging that prolonged conversations with ChatGPT severely affected his mental state. Lines, who has bipolar disorder, says the spiritual interpretations provided by the AI led him to believe that he was Jesus and that ChatGPT was God. Following a suicide attempt, he is now calling for stronger safety standards for AI conversations.