Technology

'ഡിജിറ്റല്‍ മനുഷ്യര്‍'ക്ക് ചൈനയുടെ പൂട്ട്; കുട്ടികളിൽ ആസക്തി സൃഷ്ടിക്കുന്ന കണ്ടന്റുകൾക്ക് വിലക്ക്

18 വയസ്സിനു താഴെയുള്ളവര്‍ക്ക് 'വിര്‍ച്വല്‍ ഇന്റിമേറ്റ് റിലേഷന്‍ഷിപ്പുകള്‍'ക്ക് ഡിജിറ്റൽ മനുഷ്യർ അവസരമൊരുക്കുന്നത് നിരോധിക്കും

Madism Desk

ചുറ്റുപാടുകളിൽനിന്ന് ഒറ്റപ്പെട്ട് ഇൻസ്റ്റഗ്രാമിലും സ്നാപ്പിലും ഒതുങ്ങുന്ന യുവതലമുറയെക്കുറിച്ചുള്ള ആശങ്കകൾ ഏതെങ്കിലും ഒരു രാജ്യത്ത് ഒതുങ്ങുന്നതല്ല. ഇടതടവില്ലാതെ അഡിക്റ്റീവ് കണ്ടന്റുകൾ ലഭ്യമാക്കി വിദ്യാർഥികൾ ഉൾപ്പടെയുള്ളവരെ സോഷ്യൽമീഡിയയിൽ തളച്ചിടുന്ന കാര്യത്തിൽ മെറ്റ പോലുള്ള ഭീമന്മാർ പ്രതിക്കൂട്ടിലാണ്. അനന്തമായ സ്ക്രോളിങ്, ഓട്ടോ പ്ലേ പോലുള്ള ഫീച്ചറുകൾ മനപ്പൂർവം സൃഷ്ടിച്ച് ഉപയോക്താക്കളെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അടിമപ്പെടുത്തകയാണെന്നാണ് ആരോപണം.

തങ്ങളുടെ പൗരന്മാർ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകൾക്ക് അടിമപ്പെടുന്നതിന് തടയുന്നതിനായി നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ചൈന. നിയമത്തിന്റെ കരട് പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആസക്തി വർധിപ്പിക്കുന്നതോ ആയ പ്ലാറ്റ്‌ഫോമുകൾക്ക് കൃത്യമായ ലേബലിങ്ങും വിലക്കും ഉറപ്പുവരുത്തുന്നതാണ് കരട്.

എല്ലാ 'സാങ്കൽപ്പിക മനുഷ്യ ഉള്ളടക്കങ്ങൾ'ക്കും 'ഡിജിറ്റല്‍ മനുഷ്യന്‍' എന്ന് വ്യക്തമായ ലേബല്‍ നൽകും. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് 'വിര്‍ച്വല്‍ ഇന്റിമേറ്റ് റിലേഷന്‍ഷിപ്പുകള്‍'ക്ക് ഡിജിറ്റൽ മനുഷ്യർ അവസരമൊരുക്കുന്നത് നിരോധിക്കുമെന്നും ചൈനയുടെ സൈബര്‍ സ്‌പേസ് ഏജൻസി നിര്‍ദേശിച്ചിരിക്കുന്ന കരട് വ്യക്തമാക്കുന്നു.

കരട് നിയമങ്ങൾ മേയ് ആറു വരെ പൊതുജനാഭിപ്രായം ലഭ്യമാക്കും. ആളുകളുടെ വ്യക്തിഗതവിവരങ്ങള്‍ അനുവാദമില്ലാതെ ഡിജിറ്റല്‍ മനുഷ്യരെ സൃഷ്ടിക്കുന്നതിനായി ഉപയോഗിക്കുന്നതും വ്യക്തിത്വ സ്ഥിരീകരണം എന്ന കടമ്പ കടക്കാന്‍ വിര്‍ച്വല്‍ മനുഷ്യരെ ഉപയോഗിക്കുന്നതും നിരോധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തില്‍ സ്വകാര്യതയ്ക്കും സുരക്ഷക്കും മേലുള്ള നിയന്ത്രണമാണ് ചൈന ലക്ഷ്യമിടുന്നത്.

രാജ്യസുരക്ഷയെയും ഭരണകൂടത്തെയും ദേശീയ ഐക്യത്തെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കണ്ടന്റുകൾ നിർമിക്കുന്നതിനു ഡിജിറ്റല്‍ മനുഷ്യരെ ഉപയോഗിക്കരുതെന്ന് കരടില്‍ വ്യക്തമാക്കുന്നു. ലൈംഗിക സൂചനകള്‍ ഉള്ളതോ, ഭീകരത, ക്രൂരത എന്നിവ ഉള്ളതോ ചിത്രീകരിക്കുന്നതോ, ജാതി അല്ലെങ്കില്‍ പ്രദേശ അടിസ്ഥാനത്തിലുള്ള വിവേചനം പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ തടയാനും സേവനദാതാക്കളോട് നിര്‍ദേശിക്കുന്നു.

കഴിഞ്ഞമാസം പുറത്തിറക്കിയ പുതിയ പഞ്ചവത്സര പദ്ധതിയിലൂടെ സമ്പദ്‌ വ്യവസ്ഥയിലൂടെ നിർമിത ബുദ്ധി വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള ചൈനയുടെ ലക്ഷ്യം വ്യക്തമാക്കിയിരുന്നു. അതിനോടൊപ്പം ഈ മേഖലയിലെ സുരക്ഷയുടെയും മൂല്യങ്ങളുടെയും സമന്വയമാണ് ചൈനയുടെ ലക്ഷ്യം.സൈബര്‍ ഇടങ്ങളിലെ സുരക്ഷ, പൊതുതാല്‍പ്പര്യങ്ങള്‍, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ ഗുണമേന്മയുള്ള വളര്‍ച്ച എന്നിവ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു മാറ്റമെന്നും അധികൃതര്‍ അവകാശപ്പെട്ടു.

English Summary: China has proposed new draft regulations to control the use of “digital humans” and reduce online addiction, especially among children.