Technology

ലോകത്തിന്റെ എഐ കുതിനൊപ്പം സെമികണ്ടക്ടർ വിപ്ലവത്തിൽ ഇന്ത്യയും

അടുത്ത ഏതാനും വർഷങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന നയങ്ങൾ രാജ്യത്തിന്റെ സാങ്കേതിക ശേഷിയെ നിർണയിക്കുമെന്ന് വിലയിരുത്തൽ

Madism Desk

ആർട്ടിഫിഷ്യൽ ഇന്റലിജൻസും സെമികണ്ടക്ടർ സാങ്കേതികവിദ്യയും ആഗോള സമ്പദ്‌വ്യവസ്ഥയുടെ ദിശ നിർണയിക്കുന്ന സാഹചര്യത്തിൽ, അടുത്ത ഏതാനും വർഷങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന നയങ്ങൾ രാജ്യത്തിന്റെ സാങ്കേതിക ശേഷിയെ നിർണയിക്കുമെന്ന് വിലയിരുത്തൽ. ചിപ്പ് നിർമാണത്തിനൊപ്പം ഡിസൈൻ, ഗവേഷണം, പേറ്റന്‍റ്, അഡ്വാൻസ്ഡ് പാക്കേജിങ് തുടങ്ങിയ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അഭിപ്രായം.

തായ്‌വാൻ, ദക്ഷിണ കൊറിയ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സെമികണ്ടക്ടർ മേഖലയിൽ വലിയ നിക്ഷേപങ്ങളാണ് നടത്തുന്നത്. ഇതിന് സമാനമായി ഇന്ത്യയും ഇന്ത്യ സെമി കണ്ടക്ടര്‍ മിഷന്‍ അഥവാ ഐ എസ് എം, ഡിസൈന്‍ ലിങ്ക്ഡ് ഡിവൈസ് ഡിഎല്‍ഐ, ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ ആഭ്യന്തര സെമികണ്ടക്ടർ, എഐ ഇക്കോസിസ്റ്റം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യം.

ഇന്ത്യയുടെ സെമികണ്ടക്ടർ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇതുവരെ 12 നിർമാണ യൂണിറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇവയ്ക്കായി ആകെ 1.64 ലക്ഷം കോടി രൂപയിലധികം നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു സിലിക്കൺ ഫാബ്, ഒരു സിലിക്കൺ കാർബൈഡ് ഫാബ്, ഗാലിയം നൈട്രൈഡ് മൈക്രോ എൽഇഡി ഡിസ്പ്ലേ ഫാബ് എന്നിവയ്ക്കൊപ്പം ഒൻപത് പാക്കേജിങ് യൂണിറ്റുകളുമുണ്ട്. മൂന്ന് യൂണിറ്റുകൾ ഇതിനകം വാണിജ്യ ഉൽപ്പാദനം ആരംഭിച്ചതായും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയുടെ സെമികണ്ടക്ടർ വളർച്ച പാക്കേജിങ്, അസംബ്ലി മേഖലകളിൽ മാത്രം കേന്ദ്രീകരിക്കരുതെന്ന വാദവും ഉയരുന്നുണ്ട്. പരമ്പരാഗത എടിഎംപി/ ഒഎസ്എടി പ്രവർത്തനങ്ങൾക്കൊപ്പം ഉയർന്ന മൂല്യമുള്ള ചിപ്പ് ഡിസൈൻ, സെമികണ്ടക്ടർ ഐപി, അഡ്വാൻസ്ഡ് പാക്കേജിങ്, ഗവേഷണം എന്നിവയിലേക്കും നിക്ഷേപം മാറ്റണമെന്നാണ് ആവശ്യം.

ഇതിനായി കേന്ദ്രസർക്കാർ സെമികോണ്‍ 2.0 പ്രഖ്യാപിച്ചിട്ടുണ്ട്. 1.27 ലക്ഷം കോടി രൂപയുടെ മൊത്തം ബജറ്റ് വിഹിതമുള്ള പദ്ധതിയിൽ ചിപ്പ് ഡിസൈൻ, സെമികണ്ടക്ടർ നിർമാണം, ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും, ഗവേഷണം, പരിശീലനം തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

എഐയുടെ വളർച്ചയോടെ സെമികണ്ടക്ടർ വ്യവസായത്തിലും പുതിയ അവസരങ്ങൾ രൂപപ്പെടുകയാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ച് എഐ inference ആവശ്യങ്ങൾക്കായി വിവിധ മേഖലകൾക്ക് അനുയോജ്യമായ ചിപ്പുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ക്ലൗഡ് സേവനങ്ങൾ, പ്രതിരോധം, കൃഷി, വ്യാവസായിക മേഖല, എഡ്ജ് കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിലെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ചുള്ള ചിപ്പ് ഡിസൈനുകൾക്ക് വലിയ വിപണി സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ വലിയ എൻജിനീയറിങ്, ശാസ്ത്ര മാനവവിഭവശേഷി ഈ മേഖലയിലെ പ്രധാന ശക്തിയായി കണക്കാക്കപ്പെടുന്നു. ഇതിനകം നിരവധി സ്റ്റാർട്ടപ്പുകൾക്ക് ചിപ്പ് ഡിസൈൻ പദ്ധതികൾക്ക് പിന്തുണ നൽകുകയും വ്യവസായ നിലവാരത്തിലുള്ള ഇഡിഎ ടൂളുകളിലേക്ക് പ്രവേശനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് 24 സെമികണ്ടക്ടർ ഡിസൈൻ പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ അനുവദിക്കുകയും 105 സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും ഇഡിഎ ടൂളുകളിലേക്ക് പ്രവേശനം നൽകുകയും ചെയ്തിട്ടുണ്ട്.

ഇലക്ട്രോണിക്സ് നിർമാണ മേഖലയിൽ ഇന്ത്യ ഇതിനകം നേടിയ മുന്നേറ്റവും സെമികണ്ടക്ടർ നയത്തിന് അടിത്തറയാകുന്നുണ്ട്. ആപ്പിളിന്റെ ഐഫോൺ ഉൽപ്പാദനത്തിന്റെ ഏകദേശം നാലിലൊന്ന് 2025ൽ ഇന്ത്യയിൽ നടന്നതായി റിപ്പോർട്ടുകളുണ്ട്. ചൈനയ്ക്ക് പുറത്തേക്ക് വിതരണശൃംഖല വ്യാപിപ്പിക്കുന്ന കമ്പനികളുടെ നീക്കം ഇന്ത്യയ്ക്ക് പ്രയോജനപ്പെട്ടതിന്റെ ഉദാഹരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

എന്നാൽ മൊബൈൽ ഫോൺ അസംബ്ലിയിൽ നിന്ന് സെമികണ്ടക്ടർ സാങ്കേതികവിദ്യയുടെ ഉയർന്ന മൂല്യമുള്ള ഘട്ടങ്ങളിലേക്ക് മാറുക എന്നതാണ് അടുത്ത വെല്ലുവിളി. ഗവേഷണ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക, ആഭ്യന്തര ചിപ്പ് ഡിസൈൻ കമ്പനികൾക്ക് കൂടുതൽ പിന്തുണ നൽകുക, അഡ്വാൻസ്ഡ് പാക്കേജിങ് വികസിപ്പിക്കുക, ഇന്ത്യൻ സെമികണ്ടക്ടർ ഐപി സൃഷ്ടിക്കുക തുടങ്ങിയ നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് നിർദേശം.

ലോകത്തെ സാങ്കേതിക വിതരണശൃംഖലയിൽ നിർണായക സ്ഥാനം നേടാൻ ഇന്ത്യയ്ക്ക് വലിയ ആഭ്യന്തര വിപണിയും എൻജിനീയറിങ് മാനവവിഭവശേഷിയും നിലവിലുള്ള നയപരമായ പിന്തുണയും പ്രയോജനപ്പെടുത്താനാകുമെന്നാണ് ഈ നിലപാടിന്റെ അടിസ്ഥാനം. എന്നാൽ അസംബ്ലി, പാക്കേജിങ് മേഖലകളിൽ മാത്രം ഒതുങ്ങാതെ ചിപ്പ് ഡിസൈൻ, ഗവേഷണം, ഐപി, അഡ്വാൻസ്ഡ് സാങ്കേതികവിദ്യ എന്നിവയിലേക്ക് ഇന്ത്യ എത്ര വേഗത്തിൽ മുന്നേറുമെന്നതാകും അടുത്ത ഘട്ടത്തിലെ പ്രധാന ചോദ്യം.

Against the backdrop of global AI growth, India is making significant strides in the semiconductor sector. The country aims to strengthen its technological capabilities by increasing investments in chip manufacturing, design, research, and advanced packaging. Through the Semicon 2.0 initiative, which involves an investment of ₹1.27 lakh crore, India is seeking to secure a significant position in the global technology supply chain.