ഒരു രാഷ്ട്രീയ പാർട്ടിയുടെ ചരമക്കുറിപ്പ് എഴുതുക എന്നത് സാധാരണ ഗതിയിൽ രാഷ്ട്രീയബോധത്തിന് വിരുദ്ധമായ കാര്യമാണ്. അവ ജെറിക്കോ റോസിനെപ്പോലെയാണെന്നാണ് വെയ്പ് — ജെറിക്കോ റോസ് പ്രതികൂല സാഹചര്യങ്ങളിൽ വർഷങ്ങളോളം ഉണങ്ങിയ പന്തുപോലെ നിലനിൽക്കുകയും, ഈർപ്പം ലഭിക്കുന്ന നിമിഷം വീണ്ടും പൂക്കുകയും ചെയ്യും. ഇതുപോലെയാണ് തൃണമൂൽ കോൺഗ്രസിന്ർറെ നിലവിലെ അവസ്ഥ. ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധിയായി തോന്നുന്ന ഈ സാഹചര്യത്തെ അതിജീവിച്ച് ജോരാ ഘാസ് ഫൂൽ അഥവാ ഇരട്ട പുല്ല്പൂക്കൾ പോലെ വീണ്ടും നിലനിൽക്കുമോ ടിഎംസി?
ഈ ചോദ്യമാണ് ഇപ്പോൾ പശ്ചിമ ബംഗാളിലാകെ ഉയരുന്നത്. മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിന് ഈ കെട്ട നാളുകൾ അതിജീവിച്ച് 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2031-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ നേരിടാനാകുമോ? ബിജെപി ഇതിനോടകം തന്നെ ബംഗാളിൽ വലിയ രാഷ്ട്രീയ ശക്തിയായി വളർന്നു കഴിഞ്ഞു, അതിന്റെ സ്വാധീനം കൂടുതൽ ശക്തമാകുമെന്നതാണ് വിലയിരുത്തൽ. അതേസമയം, തൃണമൂൽ ഇതിനോടകം തന്നെ ആഭ്യന്തര പ്രതിസന്ധികളാൽ തകർച്ചയുടെ ലക്ഷണങ്ങൾ കാട്ടുകയും ചെയ്തിരിക്കുന്നു.
'രക്ഷപെടാൻ' വഴിതേടി നേതാക്കൾ?
മമതയുടെയും മരുമകൻ അഭിഷേക് ബാനർജിയുടെയും പാർട്ടി ലൈനുകളോട് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് ടിഎംസിയിലെ വിമത നേതാക്കൾ. റിപ്പോർട്ടുകൾ പ്രകാരം, പാർട്ടിയുടെ ഔദ്യോഗിക നിലപാടിനും മമതാ ബാനർജിയുടെയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെയും നേതൃത്വത്തിനുമെതിരെ നിലപാട് സ്വീകരിച്ച് വിമത ടിഎംസി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ടിഎംസി രണ്ട് എംഎൽഎമാരായ സന്ദീപൻ സഹയെയും റിതബ്രതാ ബാനർജിയെയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് ഫേസ്ബുക്ക് ലൈവിലെത്തി, ടിഎംസിക്കുള്ളിൽ പിളർപ്പുണ്ടാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞു മമത.
പിഴച്ചതെവിടെ മമതയ്ക്ക്?
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നിലവിൽ മമത കടന്നുപോകുന്നത്. 1998ൽ ടിഎംസി സ്ഥാപിക്കുമ്പോൾ നാല്പതുകളുടെ തുടക്കത്തിലായിരുന്നു അവർ. മുപ്പത് വർഷം മുമ്പെടുത്ത ആ നിർണായക തീരുമാനത്തെ സംരക്ഷിച്ച് നിലനിർത്താനുള്ള ശ്രമത്തിലാണ് ഈ 71ാം വയസ്സിൽ മമത. 30 വർഷത്തിൽ 15 വർഷവും ഭരണത്തിലിരുന്ന് ടിഎംസി അവർക്കെല്ലാം സാധ്യമാക്കി കൊടുത്തിരുന്നു. ഭരണം തെറിച്ച പാർട്ടികൾക്കൊന്നും പിന്നീട് മുഖ്യമന്ത്രിക്കസേര നൽകിയ ചരിത്രം പശ്ചിമ ബംഗാളിനില്ല എന്നതും ഓർക്കണം.
പാർട്ടി പ്രത്യയശാസ്ത്രത്തോടുള്ള നേതാക്കളുടെ പ്രതിബദ്ധതയാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ ചർച്ച ചെയ്യേണ്ട മറ്റൊരു കാര്യം. അഭിനേതാക്കളും കായികതാരങ്ങളുമടങ്ങുന്ന സെലിബ്രിറ്റികളാണ് പാർട്ടിയുടെ പ്രധാന നേതൃനിര. വോട്ടർമാരെ സ്വാധീനിക്കാനുള്ള കഴിവ് മാത്രമായിരുന്നു പാർട്ടിയിലേക്കുള്ള ഇവരുടെ ടിക്കറ്റിന് പിന്നിൽ. പാർട്ടിയെ ആത്മാർഥതയോടെ ഇതിലെത്ര പേർ പിന്തുണയ്ക്കുന്നു എന്നത് ഇന്ന് നേരിട്ട് കാണുകയാണ് ബംഗാൾ. കൃത്യവും വ്യക്തവുമായ ഒരു പ്രത്യയശാസ്ത്രം പാർട്ടിക്കില്ല എന്നതും എടുത്തു പറയണം. വേരില്ലാത്ത മരമാണ് ടിഎംസി എന്ന് ഒരു മുതിർന്ന നേതാവ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അതാണ്, ചെറിയ ഒരു കുത്തൊഴുക്കിൽ പോലും വേരോടെ പിഴുത് പോകാൻ തക്കവണ്ണം ദുർബലമായി പാർട്ടി മാറിയതിന് കാരണവും.
മെയ് 4-ന് പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതുമുതൽ ആശയക്കുഴപ്പത്തിലും ആഭ്യന്തര പ്രതിസന്ധിയിലുമാണ് ടിഎംസി. 294 അംഗ നിയമസഭയിൽ ബിജെപി 208 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ ടിഎംസിക്ക് ലഭിച്ചത് വെറും 80 സീറ്റുകളാണ്. ഇതോടെ മമതയ്ക്ക് സ്വന്തം എംഎൽഎമാരിലുള്ള നിയന്ത്രണവും സ്വാധീനവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രൂപപ്പെട്ടു.
യോഗത്തിനെത്താൻ പോലും ആളില്ല !
പാർട്ടിയിലെ ഭിന്നതയും പ്രശ്നങ്ങളും വ്യക്തമാക്കപ്പെട്ടത് ഈ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. പ്രതിസന്ധികൾ ചർച്ച ചെയ്യാൻ മമത വിളിച്ചു ചേർത്ത യോഗത്തിൽ 80ൽ അറുപത് എംഎൽഎമാരും എത്തിയില്ല. അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതിഷേധപരിപാടികളിലായിരുന്നു പലരും എന്നൊക്കെ പിന്നീട് ന്യായീകരണങ്ങളെത്തി. ഒടുവിൽ 20 എംഎൽമാരെ വെച്ച് ഒരു അനൌദ്യോഗിക മീറ്റിംഗ് നടത്തി മമത. പക്ഷേ ഇതോടെ, സ്വന്തം പാർട്ടി അംഗങ്ങളെ ഒരുമിച്ച് നിലനിർത്താൻ മമത ബാനർജി ബുദ്ധിമുട്ടുകയാണെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമായി. ടിഎംസി ഭരണകാലത്ത് ഉയർന്ന അഴിമതി ആരോപണങ്ങൾ, രാഷ്ട്രീയ പീഡനങ്ങൾ, നിയമ-സമാധാന മേഖലയിലെ പ്രശ്നങ്ങൾ എന്നിവയെച്ചൊല്ലിയുള്ള ജനങ്ങളുടെ അതൃപ്തിയും ഇതിന് കാരണങ്ങളിലൊന്നായിരിക്കാമെന്നാണ് വിലയിരുത്തൽ.
മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ തഴപ്പെടുന്ന പാർട്ടിയിലെ പഴയ നേതൃനിരയാണ്. നിരവധി ടിഎംസി നേതാക്കൾ രാഷ്ട്രീയ ഉപദേശക സ്ഥാപനമായ , ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി, I-PACനെ പാർട്ടിയിൽ കൊണ്ടുവന്ന് അതിന് അമിത സ്വാധീനം നൽകിയതിന് അഭിഷേക് ബാനർജിയെയാണ് കുറ്റപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് മാത്രമല്ല, പാർട്ടി പ്രവർത്തകരെയും ഇടത്തരം നേതൃനിരയെയും ടിഎംസി നേതൃത്വത്തിൽ നിന്ന് അകറ്റിനിർത്തിയതിനും ഐ-പാക്കിനെ അവർ വിമർശിക്കുന്നു.
ഇതൊക്കെ കൊണ്ടു തന്നെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് ടിഎംസിയുടെ ഭാവി രാഷ്ട്രീയ നിലനിൽപ്പിനെക്കുറിച്ച് സംശയമുണ്ടാകാം. അതിനാൽ ബിജെപിയിലേക്ക് ചേക്കേറാനുള്ള ആലോചനകൾ ചിലർക്കെങ്കിലുമുണ്ടെന്ന വിലയിരുത്തലുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ശേഷം അഞ്ച് വർഷം മുഴുവൻ പ്രതിപക്ഷത്ത് ചെലവഴിക്കാൻ അധികം രാഷ്ട്രീയ നേതാക്കളും താൽപര്യപ്പെടാറില്ല എന്നതും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.
സേഫ് സോണിലേക്ക് ചാടാൻ ടിഎംസി കൌൺസിലർമാരും എംഎൽഎമാരും ഇപ്പോഴേ ശ്രമം തുടങ്ങിയിട്ടുണ്ട്. ബരാസത് മണ്ഡലത്തിൽ നിന്നുള്ള ടിഎംസി എംപി കകോലി ഘോഷ് കഴിഞ്ഞ ആഴ്ച പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചിരുന്നു. 1998-ൽ മമത തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ച കാലം മുതൽ അവർക്കൊപ്പമുണ്ടായിരുന്ന നേതാവാണ് കാക്കോളി ഘോഷ് ദസ്തിദാർ. രാജിക്കുശേഷം അവർ മുഖ്യമന്ത്രിയായ സുവേന്ദു അധികാരിയുമായി ഒരു യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. നാദിയ, നോർത്ത് 24 പർഗാനാസ്, ഹൂഗ്ലി എന്നീ മൂന്ന് ജില്ലകളിൽ നിന്നുള്ള ടിഎംസിയുടെ ആറ് എംഎൽഎമാരും ഈ യോഗത്തിന്റെ ഭാഗമായിരുന്നു. ടിഎംസിക്ക് ലോക്സഭയിൽ 29 എംപിമാരുണ്ടായിരുന്നെങ്കിലും, ബസിർഹട്ട് എംപിയായ ഹാജി നൂറുൽ ഇസ്ലാമിന്റെ മരണത്തെ തുടർന്ന് ആ എണ്ണം 28 ആയി കുറഞ്ഞു.
അവിശ്വസ്തരെയോ ബി.ജെ.പിക്ക് ആവശ്യം?
ടിഎംസിയിൽ നിന്ന് കൂറുമാറി വരുന്ന നേതാക്കളെ ഉൾക്കൊള്ളുന്നതിൽ ബിജെപി ജാഗ്രത പുലർത്താൻ സാധ്യതയുണ്ട്. ടിഎംസി എംഎൽഎമാരെ വലിയ തോതിൽ ഉൾപ്പെടുത്തുന്നതിൽ ബിജെപിക്ക് രാഷ്ട്രീയ നേട്ടം കുറവായിരിക്കാമെങ്കിലും ടിഎംസി എംപിമാർ ബിജെപിയിലേക്ക് എത്തിയാൽ ലോക്സഭയിലെ പാർട്ടിയുടെ ശക്തി വർധിപ്പിക്കാൻ അത് സഹായിച്ചേക്കും.
അതേസമയം, ‘പഴയ നേതൃനിരയും പുതിയ നേതൃനിരയും’ തമ്മിലുള്ള ആഭ്യന്തര പോരാട്ടം ബിജെപിയെ ആശങ്കപ്പെടുത്തുന്ന ഘടകമാണ്. ടിഎംസി തന്നെ ഇത്തരം വിഭാഗീയ പോരാട്ടങ്ങളുടെ ഇരയായിട്ടുള്ളതിനാൽ, അതേ പ്രശ്നം സ്വന്തം പാർട്ടിയിലേക്ക് ഇറക്കുമതി ചെയ്യാൻ ബിജെപി താൽപര്യപ്പെടില്ല.
2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇത്തരമൊരു അനുഭവം നേരിട്ടതായും വിലയിരുത്തപ്പെടുന്നു. ടിഎംസിയിൽ നിന്ന് കൂറുമാറിയ നേതാക്കൾ ബിജെപിയുടെ മോശം പ്രകടനത്തിന് കാരണമായതായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ സ്ഥാനാർഥികളെ വോട്ടർമാർ ടിഎംസിയുടെ പഴയ രാഷ്ട്രീയ സംസ്കാരത്തിന്റെ തുടർച്ചയായി കണ്ടതും ബിജെപിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ പ്രതികൂലമായി ബാധിച്ചതായി നിരീക്ഷകർ വിലയിരുത്തുന്നു.
മമതയില്ലാതെ ഒരു ടിഎംസി സാധ്യമോ?
മമതയില്ലാതെ ഒരു ടിഎംസി ഉണ്ടാകുമോ എന്നത് ചോദ്യം തന്നെയാണ്. ഉദ്ധവ് താക്കറയെയും ശരദ് പവാറിനെയും പോലെ പാർട്ടി വിട്ടുകൊടുത്ത് പോരടിക്കേണ്ടി വരുമോ മമതയ്ക്ക് എന്നതും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. രാഷ്ട്രീയരംഗത്തുള്ള അധികാരവും കരുത്തുമാണ് ബംഗാളിൽ ഭരണം തീരുമാനിക്കുന്നത്. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി കാട്ടിത്തരുകയും ചെയ്തു.
ടിഎംസിയിലുള്ള നിയന്ത്രണം നിലനിർത്തുകയും പാർട്ടി സംഘടനയെ പുനർനിർമിക്കുകയും ചെയ്യുക എളുപ്പമുള്ള കാര്യമല്ല. ടിഎംസിയുടെ ഏറ്റവും വലിയ ദൗർബല്യം തന്നെയാണ് അതിന്റെ ഏറ്റവും വലിയ ശക്തിയും. ടിഎംസിയുടെ പര്യായമായി മാറിയിരിക്കുകയാണ് മമതാ ബാനർജി ഇന്ന്. പാർട്ടിയുടെ ജീവനാഡിയാണ് അവർ. പോരാടാനുള്ള അവരുടെ മനോവീര്യം നിലനിൽക്കുന്നിടത്തോളം കാലം ടിഎംസിക്കും തിരിച്ചുവരവിനുള്ള സാധ്യത നിലനിൽക്കും.
എന്നാൽ ഒരു വശത്ത് ശക്തമായി വളരുന്ന ബിജെപിയെയും മറുവശത്ത് പാർട്ടിക്കുള്ളിലെ വെല്ലുവിളികളെയും ഒരേസമയം നേരിടേണ്ട സാഹചര്യമാണിപ്പോൾ മമതക്കും ടിഎംസിക്കും മുന്നിലുള്ളത്. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും 2031-ലെ നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പായി അതിജീവനത്തിന്റെ നിർണായക പരീക്ഷണത്തിലൂടെയാണ് പാർട്ടി കടന്നുപോകുന്നതും.
തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ കൊടുങ്കാറ്റിനെ അതിജീവിക്കാൻ ടിഎംസിക്ക് സാധിച്ചേക്കാം. എന്നാൽ അതിനായി പാർട്ടി എത്ര വലിയ രാഷ്ട്രീയ വില നൽകേണ്ടിവരും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
English Summary: Can the Trinamool Congress led by Mamata Banerjee survive the current turmoil and take on the BJP in the 2029 Lok Sabha elections and the 2031 Assembly polls? The BJP has already emerged as a major political force in Bengal, and many believe its influence will only grow stronger in the coming years. Meanwhile, critics argue that the Trinamool Congress is already showing signs of implosion due to mounting internal crises.