ലെബനനിൽ ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ യൂറോപ്യന്‍ യൂണിയന്‍ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. യുദ്ധത്തില്‍ തകർന്ന ലെബനനില്‍ ഇ.യു ഇടപെട്ടാല്‍ മാത്രമാണ് നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുവെന്നും വിലയിരുത്തലുകളുണ്ട്. ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങള്‍ അതിസാധാരണക്കാരായ മനുഷ്യരെ എത്രത്തോളം ദോഷകരമായി ബാധിച്ചുവെന്നത് ലോകത്തിന് വ്യക്തമാകുന്നത് അയർലൻഡ് എംഇപി ബാരി ആൻഡ്രൂസ് കഴിഞ്ഞ മാസം ബെയ്റൂട്ടിൽ നടത്തിയ സന്ദർശനത്തിന് പിന്നാലെയാണ്!. വ്യോമാക്രമണങ്ങളിൽനിന്ന് രക്ഷതേടി ദക്ഷിണ ലെബനനിൽ പാലായനം ചെയ്ത മനുഷ്യരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും കെടുതി രൂക്ഷമായ പ്രദേശങ്ങള്‍ നേരിട്ടെത്തി വിലയിരുത്തുകയും ചെയ്തിരുന്നു. സന്ദർശനത്തിന് പിന്നാലെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളാണ് സംഘർഷത്തിന്‍റെ 'ഭീകരരൂപം' വെളിപ്പെടുത്തയത്.
ഏത് നൂറ്റാണ്ടിൽ ഏതു ദേശത്തു നടന്ന യുദ്ധമായാലും ശരി, സാധാരണക്കാരെ സംബന്ധിച്ച് യുദ്ധം തീരാ ദുരിതമാണ്. ആക്രമണങ്ങളില്‍നിന്ന് ജീവനും വാരിപ്പിടിച്ച് ഓടുന്നവർ രണ്ടാംഘട്ടത്തില്‍ യുദ്ധം ചെയ്യേണ്ടിവരുന്നത് ദുസ്സഹമായ ജീവിത സാഹചര്യങ്ങളോടായിരിക്കും. അതിന് ഉത്തമദൃഷ്ടാന്തമാണ് ബെയ്‌റൂട്ടിലെ അഭയാർത്ഥി ക്യാമ്പുകൾ.
ലെബനനിലെ താൽക്കാലിക അഭയകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന പല സ്കൂളുകളിലും 2024-ലെ ഇസ്രയേൽ കടന്നുകയറ്റകാലത്തേക്കാൾ മോശമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. അഴുകിയ മെത്തകൾ, പഴകിയ കമ്പളങ്ങൾ, അന്തേവാസികൾക്കിടയിൽ പടർന്നുപിടിച്ചുകൊണ്ടിയിരിക്കുന്ന ചർമരോഗങ്ങളും തുടങ്ങി പ്രതീക്ഷയുടെ നേരിയ മങ്ങൽ പോലുമില്ലാതെ അനേകായിരം മനുഷ്യരാണ് വിധിയെ പഴിച്ച് ദുരിതാവസ്ഥയില്‍ കഴിയുന്നത്. അഭയാർത്ഥി ക്യാമ്പുകൾക്കായുള്ള സഹായ ബജറ്റ് ഇ.യു വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതോടെ ദുരവസ്ഥ രൂക്ഷമായതായും ബാരി ആൻഡ്രൂസ് പറയുന്നു.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ അമേരിക്ക വധിച്ചതിന് പിന്നാലെയാണ് ഹിസ്ബുല്ല പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ പങ്കാളികളാവുന്നത്. പിന്നാലെ ഇസ്രയേലിലേക്ക് ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തി, തിരിച്ചടിച്ച ഇസ്രയേൽ കഴിഞ്ഞ ആഴ്ചകളില്‍ ശക്തമായ ആക്രമണമാണ് ലെബനനില്‍ തുടരുന്നത്. ഇതിനിടെയായിരുന്നു ആൻഡ്രൂസിന്‍റെ ലെബനന്‍ സന്ദർശനം. ഇസ്രയേലിനെതിരെ യൂറോപ്യൻ യൂണിയന്റെ ഉപരോധം വീണ്ടും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ആദ്യ നേതാക്കളിൽ ഒരാളാണ് ആന്‍ഡ്രൂസ്. ലെബനനിലെ ആക്രമണങ്ങൾക്കൊപ്പം വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ, ഗാസയിലെ ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ, വിവിധ കുറ്റകൃത്യങ്ങളില്‍ തടവില്‍ കഴിയുന്ന പാലസ്തീനികൾക്കെതിരെ മാത്രം പ്രഖ്യാപിക്കപ്പെടുന്ന വധശിക്ഷ നിയമം എന്നിവയില്‍ മാറ്റം വരണമെന്നും വിഷയത്തില്‍ യൂറോപ്യൻ യൂണിയൻ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇറാനെതിരായ യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ഇസ്രയേലിന്റെ പ്രധാന സാമ്പത്തിക പങ്കാളിയായ യൂറോപ്യൻ യൂണിയൻ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയോ ഉചിതമായ നടപടികൾ സ്വീരിക്കുകയോ ചെയ്തിട്ടില്ല. ജിയോ പൊളിറ്റിക്കല്‍ ഘടകങ്ങള്‍ പരിശോധിച്ച് ഓരോ രാജ്യത്തിന്‍റെയും പരമാധികാരം നിലനിർത്തുന്നതിനുള്ള ന്യൂട്രല്‍ പ്രസ്താവനകള്‍ പോലും ഇ.യുവിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. സാമ്പത്തികവും നയതന്ത്രപരവുമായ സ്വാധീനം ഉപയോഗിച്ച് യൂറോപ്യൻ യൂണിയൻ ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാൻ തയ്യാറാകണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
68 ബില്യൺ യൂറോയുടെ വ്യാപാരബന്ധമാണ് ഇസ്രയേലുമായി യൂറോപ്യൻ യൂണിയനുള്ളത്. ഊർജം, ശാസ്ത്രഗവേഷണം തുടങ്ങിയ മേഖലകളിലുള്ള സഹകരണവും ഈ കരാറിന്റെ ഭാഗമാണ്. കരാർ സസ്പെൻഡ് ചെയ്യാനും സൈനിക പിന്തുണ അവസാനിപ്പിക്കാനും അനധികൃത കുടിയേറ്റ മേഖലകളുമായുള്ള വ്യാപാരം അവസാനിപ്പിക്കണമെന്നും മുൻ യൂറോപ്യൻ യൂണിയൻ പ്രതിനിധിയായ സ്വെൻ കുൻ വോൻ ബുർഗിസ്‌ഡോർഫ് അഭിപ്രായപ്പെട്ടിരുന്നു. പ്രതിഷേധം വാക്കുകളിൽ മാത്രമായി ചുരുങ്ങരുത്; ഫലപ്രദമായ നടപടികളില്ലെങ്കിൽ ഒന്നിനും അർത്ഥമില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യൂറോപ്യൻ യൂണിയന്റെ പ്രതികരണം “ദുർബലവും നിരാശാജനകവും” ആണെന്ന് ബാരി ആൻഡ്രൂസും വിമർശിച്ചു. പാലസ്തീനികളെ മാത്രം ബാധിക്കുന്ന രീതിയിൽ തയ്യാറാക്കിയ വധശിക്ഷാ നിയമത്തെക്കുറിച്ച് യൂറോപ്യൻ കമ്മീഷൻ പ്രതികരിച്ചത് ഈ നിയമം ആശങ്കാജനകവും പിന്നിലേക്ക് വലിക്കുന്ന നീക്കവും എന്നാണ് പ്രതികരിച്ചത്. മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓഫ് യൂറോപ്പ് ഇത് നിലവിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കി.
കഴിഞ്ഞ നാലാഴ്ചകളിൽ മാത്രമായി ലെബനനിൽ കൊല്ലപ്പെട്ടത് 1,240-ൽ അധികം മനുഷ്യരാണ്, 1.1 മില്യൺ ജനങ്ങൾ വീടുകൾ ഉപേക്ഷിച്ച് ഒഴിഞ്ഞുപോയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഒക്ടോബർ വെടിനിർത്തലിന് ശേഷവും ഗാസയിൽ 673 പേർ കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 72,000 കടന്നു. അയർലൻഡ്, സ്പെയിൻ, സ്ലൊവേനിയ തുടങ്ങിയ രാജ്യങ്ങൾ പാലസ്തീൻ അനുകൂല നിലപാട് എടുക്കുമ്പോൾ ജർമ്മനി, ഓസ്ട്രിയ എന്നിവ ചരിത്രപരമായ കാരണങ്ങൾ പറഞ്ഞ് ഇസ്രയേലിനെ വിമർശിക്കാൻ മടിക്കുകയാണ്. ഹംഗേറിയൻ പ്രധാനമന്ത്രി വിക്റ്റർ ഓർബാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നും, ഉപരോധങ്ങൾ പോലുള്ള നടപടികൾ തടയുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇ.യു രാജ്യങ്ങളുടെ വ്യത്യസ്തമായ ഈ കാഴ്ച്ചപ്പാടുകളാണ് ഇസ്രയേലിന് അനുകൂലമായി നില്‍ക്കുന്ന ഘടകവും.
ഇതിനിടെ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻ ദേർ ലെയൻ ഗാസ സംഘർഷവുമായി ബന്ധിപ്പിച്ച് ഇസ്രയേലിന് ഉപരോധിക്കാന്‍ നിർദ്ദേശിച്ചിരുന്നുവെങ്കിലും, അംഗരാജ്യങ്ങളുടെ പിന്തുണ ലഭിക്കാതിരുന്നതോടെ നടപ്പിലാവാതെ പോയി. യൂറോപ്യൻ യൂണിയൻ ഡിപ്ലോമാറ്റിക് ബന്ധം തുടരുകയാണെന്ന് വ്യക്തമാക്കുമ്പോൾ, കൂടുതൽ ശക്തമായ നടപടികൾ അനിവാര്യമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും നയങ്ങളെ പിന്തുടരുന്നത് യൂറോപ്യൻ യൂണിയന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം ഇപ്പോൾ അത്യാവശ്യമാണ്. ഈ മേഖലയിലെ സംഭവവികാസങ്ങൾ ലോകത്തിന്റെ ഭാവിയെയും ആഗോള സാമ്പത്തിക സംവിധാനങ്ങളെയും നിർണയിക്കുന്ന ഘട്ടത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
English Summary: Barry Andrews criticises the EU’s “weak and pathetic” response to Israel’s actions, urging stronger economic and diplomatic measures amid rising humanitarian crises in Lebanon and Gaza.