Analysis

100 ദിവസം പിന്നിട്ട് പശ്ചിമേഷ്യന്‍ യുദ്ധം; സംഘര്‍ഷം ഇറാനെയും ലെബനനെയും ലോകത്തെയും ബാധിച്ചതെങ്ങനെ?

ട്രൂത്ത് സോഷ്യലിലെ ട്രംപിന്റെ പോസ്റ്റുകള്‍ എണ്ണ വിപണിയില്‍ കോടിക്കണക്കിന് ഡോളറിന്റെ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് കാരണമായി.

Madism Desk

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'വളരെ വേഗത്തില്‍' അവസാനിക്കുമെന്ന് പറഞ്ഞ യുദ്ധം തുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു. ഏപ്രില്‍ എട്ടിന് ഇരുവിഭാഗങ്ങളും വെടിനിര്‍ത്തലിന് ധാരണയായിരുന്നെങ്കിലും ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. ഇടയ്ക്കിടെയുള്ള വെടിവെയ്പ്പുകള്‍ തുടരുന്നതിനൊപ്പം സമാധാന ചര്‍ച്ചകള്‍ പലതവണ പരാജയപ്പെടുകയും ചെയ്തു. അമേരിക്കയുടെ അഭ്യര്‍ത്ഥന അവഗണിച്ച് വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ഇസ്രായേല്‍ ലെബനനിലെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇറാന്‍ കഴിഞ്ഞ ദിവസം ഇസ്രായേലിലേയ്ക്ക് മിസൈല്‍ ആക്രമണം നടത്തി. പ്രത്യാക്രമണമായി ഇസ്രായേല്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന്‍, തബ്രിസ്, ഇസ്ഫഹാൻ എന്നീ നഗരങ്ങളിൽ ബോംബിട്ടു. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേലിന്റെ വ്യോമാക്രമണം. പശ്ചിമേഷ്യയിൽ സംഘർഷം ഇതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

7,000 പേര്‍ കൊല്ലപ്പെട്ടു

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലാണ് യുദ്ധം എങ്കിലും ഇറാനേക്കാള്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് ലെബനനിലാണ്. പ്രാഥമിക കണക്കുകള്‍ പ്രകാരം ലെബനനില്‍ 3,593 പേരും, ഇറാനില്‍ 3,468 പേരും, ഗള്‍ഫ് രാജ്യങ്ങളില്‍ 29 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ഇറാന്റെ ആക്രമണങ്ങളില്‍ 26 ഇസ്രായേലികളും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

ലെബനന്റെ അഞ്ചിലൊന്ന് ഭാഗം ഇസ്രായേല്‍ പിടിച്ചടക്കി

ഏപ്രില്‍ 17 മുതല്‍ ലെബനനില്‍ പ്രത്യേക വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ആക്രമണങ്ങള്‍ കാരണം പത്ത് ലക്ഷത്തിലധികം ലെബനന്‍ ജനത ഭവനരഹിതരായി. ഈ അധിനിവേശത്തെ 'എല്ലാം കരിച്ചുകളയുന്ന നയവും കൂട്ടായ ശിക്ഷാവിധിയും' എന്നാണ് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം വിശേഷിപ്പിച്ചത്. ഇത് നഗരങ്ങളെയും ഗ്രാമങ്ങളെയും തകര്‍ക്കുകയും ജനങ്ങളെ നാടുകടത്താന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു.

ഇസ്രായേല്‍ സൈന്യം തെക്കന്‍ ലെബനനിലെ നബാതിയ നഗരത്തിന്റെ അതിര്‍ത്തികളില്‍ എത്തിയിട്ടുണ്ട്. സൈന്യം ബോഫോര്‍ട്ട് കോട്ട പിടിച്ചെടുക്കുകയും ചെയ്തു. ഇത് കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ലെബനനിലേക്ക് ഇസ്രായേല്‍ നടത്തുന്ന ഏറ്റവും ശക്തമായ കടന്നുകയറ്റമാണ്. നിലവില്‍ ഇസ്രായേല്‍ സൈന്യം രാജ്യത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗം (2,000 ചതുരശ്ര കിലോമീറ്റര്‍) കൈവശപ്പെടുത്തിയിട്ടുണ്ട്.

തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ലിറ്റാനി നദിക്ക് തെക്കുള്ള ഹിസ്ബുള്ള ക്യാമ്പുകള്‍ ഇല്ലാതാക്കുകയാണ് ലെബനനിലെ ലക്ഷ്യമെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, സൈന്യം ആ പരിധിയും ലംഘിച്ച് ലെബനനിലെ പ്രദേശങ്ങള്‍ പിടിച്ചടക്കുകയാണ്. ലിറ്റാനിക്ക് വടക്ക് 10 കിലോമീറ്റര്‍ അകലെയുള്ള സഹ്‌റാനി നദി വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ യുഎസ്-ഇസ്രായേല്‍ നടത്തിയ ശക്തമായ ബോംബാക്രമണത്തെത്തുടര്‍ന്ന് 30 ലക്ഷത്തിലധികം ഇറാനികളും പലായാനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

ഹോര്‍മുസ് കടലിടുക്ക്; പ്രതിദിനം 100 കപ്പലുകളില്‍ നിന്ന് ഏഴിലേക്ക്

ആഗോളതലത്തില്‍ എണ്ണയുടെയും വാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോയിരുന്ന തന്ത്രപ്രധാനമായ ജലപാതയായ ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ നൂറുകണക്കിന് കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഫെബ്രുവരി 28 നും മെയ് 31 നും ഇടയില്‍ ഏകദേശം 607 കപ്പലുകള്‍ മാത്രമാണ് ഈ കടലിടുക്കിലൂടെ കടന്നുപോയത്. അതായത് പ്രതിദിനം ശരാശരി ഏഴ് കപ്പലുകള്‍ മാത്രം. യുദ്ധത്തിന് മുമ്പ് ഇത് പ്രതിദിനം 100 കപ്പലുകള്‍ വരെയായിരുന്നു.

കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണ ശേഖരത്തില്‍ പെട്ടെന്ന് തന്നെ വലിയ കുറവ് രേഖപ്പെടുത്തി. യുദ്ധം നീണ്ടുപോയാതോടെ എണ്ണശേഖരം പൂര്‍ണ്ണമായി തീരുമെന്ന ആശങ്കയ്ക്ക് കാരണമായി. കൂടാതെ, ഏപ്രില്‍ പകുതി മുതല്‍ ഇറാനിലെ തുറമുഖങ്ങള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത് ഈ ജലപാതയിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതത്തെ കൂടുതല്‍ തടസ്സപ്പെടുത്തി. ടാങ്കറുകള്‍ക്ക് കടലിടുക്ക് വിട്ടുപോകാന്‍ കഴിയാത്തത് പ്രധാന റൂട്ടുകളില്‍ കപ്പലുകളുടെ ലഭ്യത കുറയുന്നതിനും ചരക്കുകൂലി വര്‍ദ്ധിക്കുന്നതിനും കാരണമായി.

146 രാജ്യങ്ങളില്‍ പെട്രോള്‍ വില വര്‍ധിച്ചു

യുദ്ധം ഊര്‍ജ്ജ വിപണിയെ അടിമുടി പിടിച്ചുലച്ചു, കഴിഞ്ഞ മൂന്ന് മാസത്തിനിടെ എണ്ണവില ഏകദേശം ഇരട്ടിയായി. ആഗോള ഊര്‍ജ്ജ വിപണികളെ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി ഈ പ്രതിസന്ധിയെ ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ ആഘാതമെന്നാണ് വിശേഷിപ്പിച്ചത്. യുദ്ധത്തിന് മുമ്പ് ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 70 ഡോളറായിരുന്നു. യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ വില 100 ഡോളര്‍ കടന്നു. ഒടുവില്‍ അത് 120 ഡോളറിനടുത്ത് വരെ ഉയര്‍ന്ന ശേഷം വീണ്ടും 100 ഡോളറിലേക്ക് തിരിച്ചെത്തി.

എണ്ണവിലയിലെ ഈ വ്യതിയാനങ്ങള്‍ക്ക് പ്രധാന കാരണം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളായിരുന്നു. ട്രൂത്ത് സോഷ്യലിലെ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ എണ്ണ വിപണിയില്‍ കോടിക്കണക്കിന് ഡോളറിന്റെ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് കാരണമായി. ഇന്ധനവില വര്‍ദ്ധനവ് സാധാരണക്കാരെ നേരിട്ട് ബാധിച്ചു. അല്‍ ജസീറയുടെ കണക്കനുസരിച്ച് ഫെബ്രുവരി അവസാനത്തിന് ശേഷം കുറഞ്ഞത് 146 രാജ്യങ്ങളിലെങ്കിലും പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

തങ്ങളുടെ ആവശ്യത്തിനുള്ള എണ്ണയുടെ 60 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങളാണ് ഏറ്റവും വലിയ വിലക്കയറ്റം നേരിടുന്നത്. മ്യാന്‍മര്‍ പോലുള്ള രാജ്യങ്ങളില്‍ യുദ്ധത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ പെട്രോള്‍ വിലയില്‍ 90 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി. ആഫ്രിക്കയില്‍ നൈജീരിയക്കാര്‍ പെട്രോളിന് 50 ശതമാനത്തിലധികം കൂടുതല്‍ പണം നല്‍കേണ്ടി വരുന്നു. പെറു പോലുള്ള ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ 40 ശതമാനം ഉയര്‍ന്ന നിരക്കിലാണ് ഇന്ധനം വാങ്ങുന്നത്. കൂടാതെ വാട്ടര്‍ ബോട്ടിലുകള്‍, ഭക്ഷ്യ പാക്കേജിംഗുകള്‍ മുതല്‍ അലക്കു ഡിറ്റര്‍ജന്റുകള്‍ വരെയുള്ള ആയിരക്കണക്കിന് നിത്യോപയോഗ സാധനങ്ങളുടെ വിലകളിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ആഗോള ഭക്ഷ്യ വിതരണ ശൃംഖല പൂര്‍ണ്ണമായും പ്രകൃതിവാതകം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന രാസവളങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യോത്പാദനം ഉറപ്പാക്കുന്നതിനും ഇവ അത്യാവശ്യമാണ്. തല്‍ഫലമായി ഊര്‍ജ്ജവിലയ്‌ക്കൊപ്പം ഭക്ഷ്യവിലയും കുതിച്ചുയര്‍ന്നു. വയലുകളില്‍ ഉപയോഗിക്കുന്ന വളം മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളിലേക്ക് ഭക്ഷണം എത്തിക്കുന്ന ട്രക്കുകള്‍ വരെയുള്ള ഭക്ഷ്യ വിതരണ ശൃംഖലയുടെ എല്ലാ ഘട്ടങ്ങളെയും ഇത് ബാധിച്ചു. വന്‍കിട എണ്ണക്കമ്പനികള്‍ ഉയര്‍ന്ന വിലയിലൂടെ ലാഭം കൊയ്‌തെങ്കിലും ഈ അവസ്ഥ തുടര്‍ന്നാല്‍ അത് സമ്പദ്വ്യവസ്ഥയെ വലിയ തകര്‍ച്ചയിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചേക്കാം.

ആഗോള വിപണികള്‍ ഇടിഞ്ഞു

ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും വലിയൊരു പ്രാദേശിക യുദ്ധത്തിനുള്ള സാധ്യതയും നിക്ഷേപകര്‍ മുന്‍കൂട്ടി കണ്ടതോടെ ആഗോള ഓഹരി വിപണികള്‍ തുടക്കത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. യുഎസ് ഓഹരി വിപണിയുടെ സൂചികയായ എസ് ആന്റ് പി 500 മാര്‍ച്ച് അവസാനത്തോടെ 9.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. നയതന്ത്ര നീക്കങ്ങളും ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും ഇടയ്ക്കിടെ വിപണികളില്‍ ചലനങ്ങള്‍ ഉണ്ടാക്കി. യുദ്ധം മുറുകുമെന്ന വാര്‍ത്തകളില്‍ വിപണി താഴേക്കും, വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ വാര്‍ത്തകളില്‍ വിപണി മുകളിലേക്കും ചലിച്ചു. ഇത് വിപണിയിലെ കൃത്രിമത്വത്തിന് കാരണമാകുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

യൂറോപ്യന്‍ സൂചികകളായ എഫ്ടിഎസ്ഇ 100, യൂറോ സ്റ്റോക്‌സ് 600, ജര്‍മ്മന്‍ ഡാക്‌സ് എന്നിവയെയാണ് ഇത് കൂടുതല്‍ ദോഷകരമായി ബാധിച്ചത്. യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകള്‍ എണ്ണയെ വളരെയധികം ആശ്രയിക്കുന്നതിനാല്‍ മാര്‍ച്ചില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. ഗള്‍ഫ് എണ്ണയെ വളരെയധികം ആശ്രയിക്കുന്ന ഏഷ്യന്‍ വിപണികളെയും ഈ പ്രതിസന്ധി ബാധിച്ചു. യുദ്ധത്തിന്റെ തുടക്കത്തില്‍ ജപ്പാന്റെ നിക്കേയ് സൂചികയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിന നഷ്ടം നേരിടേണ്ടി വന്നു. ഏപ്രില്‍ അവസാനത്തില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചപ്പോള്‍ നിക്കേയ് സൂചിക കുത്തനെ ഉയര്‍ന്നുവെങ്കിലും, മെയ് പകുതിയോടെ ഇരുരാജ്യങ്ങളും വീണ്ടും വെടിവെയ്പ്പ് തുടങ്ങിയപ്പോള്‍ വീണ്ടും ഇടിഞ്ഞു.

എണ്ണവില വര്‍ദ്ധനവ് മൂലമുണ്ടായ നാണയപ്പെരുപ്പ പ്രതിസന്ധിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ മുന്നേറ്റത്തിനും ഇടയിലാണ് ഇപ്പോള്‍ ആഗോള ഓഹരി വിപണികള്‍ നിലകൊള്ളുന്നത്. ശക്തമായ 'എഐ സെമിസ് ബൂം' (AI semis boom) കാരണം നാസ്ഡാക്, എസ് ആന്റ് പി 500 സൂചികകള്‍ ഈ വര്‍ഷം റെക്കോര്‍ഡ് ഉയരത്തിലെത്തി.

പലവട്ടം ചര്‍ച്ചകള്‍ നടന്നിട്ടും കരാറായില്ല

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനും അമേരിക്കയും ഇസ്രായേലും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ രണ്ടുതവണയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ആദ്യം 2025 ജൂണിലും, പിന്നീട് 2026 ഫെബ്രുവരി 28-നും. പാകിസ്ഥാന്‍ മധ്യസ്ഥത വഹിച്ച ചര്‍ച്ചയില്‍ യുഎസും ഇറാനും തമ്മില്‍ ഏപ്രില്‍ എട്ടിന് രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ധാരണയായി. യുദ്ധം താല്‍ക്കാലികമായി നിര്‍ത്താനും നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാനുമായിരുന്നു ഈ കരാര്‍. ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം അനുവദിക്കാന്‍ ഇറാനും സമ്മതിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇസ്രായേല്‍ ലെബനനിലുടനീളം നൂറിലധികം വ്യോമാക്രമണങ്ങള്‍ നടത്തുകയും 250 ലധികം ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ചര്‍ച്ചകള്‍ ഏപ്രില്‍ 11-12 തീയതികളില്‍ പാകിസ്ഥാനിലാണ് നടന്നത്. ഇസ്ലാമാബാദില്‍ ഇറാനും യുഎസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ആണവ പ്രശ്‌നത്തെച്ചൊല്ലി ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ആണവ വിഷയത്തില്‍ അമേരിക്കയുടെ നിലപാട് നിരസിച്ച ഇറാന്‍ ഒരു പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചെങ്കിലും ട്രംപ് അത് 'അനാവശ്യം' എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. തൊട്ടുപിന്നാലെ ഇറാന്റെ കപ്പല്‍ ഗതാഗതത്തിന് യുഎസ് നാവിക ഉപരോധം പ്രഖ്യാപിച്ചു.

English Summary: One hundred days after the outbreak of the conflict involving Iran, Israel, and the United States, hopes for a lasting peace remain distant despite a temporary ceasefire agreement reached on April 8. The war has claimed more than 7,000 lives, with Lebanon suffering the highest death toll, followed closely by Iran. The conflict has also severely disrupted global energy markets. Repeated diplomatic efforts involving Iran, the United States, Israel, and regional mediators have failed to secure a permanent settlement.