സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വികസന പ്രോജക്റ്റുകള്‍ക്കായി മുനിസിപ്പല്‍ ബോണ്ടിലൂടെ 200 കോടി രൂപ സമാഹരിക്കാനുള്ള കൊച്ചി കോര്‍പ്പറേഷന്റെ തീരുമാനം പ്രഖ്യാപനത്തില്‍ സുന്ദരമാണെങ്കിലും പ്രായോഗികതലത്തില്‍ കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മേയര്‍ വി.കെ മിനിമോളിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടപ്പ് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ (2026-27) ബോണ്ട് വിപണിയിലെത്താന്‍ പ്രാരംഭ നടപടികള്‍ തുടങ്ങിയെങ്കിലും, കോര്‍പ്പറേഷന്റെ മുന്‍കാല സാമ്പത്തിക അച്ചടക്കമില്ലായ്മയും കുറഞ്ഞ ക്രെഡിറ്റ് റേറ്റിങും ഈ നീക്കത്തിന് കരിനിഴല്‍ വീഴ്ത്തുന്നതായി റിപ്പോര്‍ട്ട്. കേരളത്തിന്റെ ആകെ കടം 5 ലക്ഷം കോടി രൂപ പിന്നിട്ടതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് കൊച്ചി ഈ ബദല്‍ മാര്‍ഗ്ഗം തേടുന്നത്. വൈറ്റില സോണല്‍ ഓഫീസ് കോംപ്ലക്‌സ്, കലൂര്‍ ഷോപ്പിങ് കോംപ്ലക്‌സ് എന്നിവയാണ് ബോണ്ട് തുകയിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും വന്‍കിട ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരില്‍ നിന്നും കടം വാങ്ങുന്ന ഈ സംവിധാനം കൃത്യമായി വിനിയോഗിച്ചില്ലെങ്കില്‍ നഗരസഭ വലിയൊരു കടക്കെണിയിലാകുമെന്ന മുന്നറിയിപ്പും ശക്തമാണ്.
ആഭ്യന്തര രാഷ്ട്രീയ തര്‍ക്കങ്ങളും, ഉദ്യോഗസ്ഥ തലത്തിലെ മെല്ലപ്പോക്കും, കൃത്യമല്ലാത്ത ഓഡിറ്റിംഗും മുഖമുദ്രയാക്കിയ കൊച്ചി കോര്‍പ്പറേഷന്‍, ഈ കടമ്പകളെല്ലാം മറികടന്ന് ആറ് മാസത്തിനകം 200 കോടി സമാഹരിക്കുമോ
ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയും സെബിഅനുമതിയും
ബോണ്ട് ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട് മേയര്‍ വി.കെ മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ്, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.എസ് ഷിബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആന്റണി പൈനുതറ എന്നിവരടങ്ങുന്ന ഉന്നതതല സംഘം കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഡല്‍ഹിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തിയിരുന്നു. പദ്ധതിക്ക് കേന്ദ്ര മന്ത്രാലയം പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സാങ്കേതിക പരിശീലനം നല്‍കാന്‍ തയാറാകുകയും ചെയ്തിട്ടുണ്ട്.
വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയില്‍നിന്ന് ബോണ്ട് പുറത്തിറക്കാനുള്ള പ്രാഥമിക അനുമതി കൊച്ചി കോര്‍പ്പറേഷന്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ബോണ്ട് നടപടികളുമായി സഹകരിക്കാന്‍ അനുയോജ്യമായ ബാങ്കിനെ കണ്ടെത്തുന്നതിനായി കോര്‍പ്പറേഷന്‍ തങ്ങളുടെ കീഴിലുള്ള 'സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ്' എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്താണ് കൊച്ചി നേരിടുന്ന ക്രെഡിറ്റ് റേറ്റിംഗ് തടസ്സം?
മുനിസിപ്പല്‍ ബോണ്ട് വിപണിയില്‍ ഒരു നഗരസഭയുടെ വിശ്വാസ്യത അളക്കുന്നത് അതിന്റെ ക്രെഡിറ്റ് റേറ്റിംഗ് അടിസ്ഥാനമാക്കിയാണ്. ഇവിടെയാണ് കൊച്ചി ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്.
'BBB റേറ്റിംഗിന്റെ കുറഞ്ഞ സുരക്ഷിതത്വം: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് നഗരങ്ങളുടെ റേറ്റിംഗില്‍ കൊച്ചിക്ക് ലഭിച്ചത് 'BBB' (Moderate Credit Risk) ഗ്രേഡ് മാത്രമാണ്. സെബി മാനദണ്ഡപ്രകാരം 'BBB' ഉള്ളവര്‍ക്ക് ബോണ്ട് ഇറക്കാമെങ്കിലും നിക്ഷേപകര്‍ക്കിടയില്‍ ഇതിന് പലിശ ബാധ്യത കൂടുതലായിരിക്കും. ഉയര്‍ന്ന സുരക്ഷിതത്വമുള്ള 'AA+' റേറ്റിംഗുള്ള അഹമ്മദാബാദിനോ, 'CARE Stable' റേറ്റിംഗുള്ള ഇന്‍ഡോറിനോ ലഭിക്കുന്ന പലിശ നിരക്കില്‍ (കുറഞ്ഞ നിരക്കില്‍) പണം സമാഹരിക്കാന്‍ കൊച്ചിക്ക് സാധിക്കില്ല. റേറ്റിംഗ് കുറയുമ്പോള്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യേണ്ടി വരും. ഇത് കോര്‍പ്പറേഷന് ഭാവിയില്‍ കനത്ത ബാധ്യതയാകും.
നികുതി പിരിവിലെ പരാജയം: മുന്‍പ് റേറ്റിംഗ് ഏജന്‍സികള്‍ നടത്തിയ വിലയിരുത്തലില്‍ കൊച്ചി കോര്‍പ്പറേഷന്റെ നികുതി പിരിവ് കാര്യക്ഷമത വെറും 49 ശതമാനം മാത്രമായിരുന്നു. സ്വന്തം വരുമാനം കൃത്യമായി പിരിച്ചെടുക്കാന്‍ സാധിക്കാത്ത ഒരു തദ്ദേശ സ്ഥാപനത്തിന് മേല്‍ നിക്ഷേപകര്‍ എത്രത്തോളം വിശ്വാസമര്‍പ്പിക്കുമെന്നത് വലിയ ചോദ്യചിഹ്നമാണ്.
റേറ്റിങ് ഏജന്‍സികളുമായുള്ള 'നോണ്‍കോപ്പറേഷന്‍' ചരിത്രം
കൊച്ചിയുടെ സാമ്പത്തിക സുതാര്യതയെ ചോദ്യം ചെയ്യുന്ന മറ്റൊരു പ്രധാന ഘടകം മുന്‍കാല ഓഡിറ്റിംഗ് ചരിത്രമാണ്.മുന്‍പ് കൊച്ചി കോര്‍പ്പറേഷന്റെ ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട് പ്രമുഖ ഏജന്‍സിയായ ബ്രിക്ക്‌വര്‍ക്ക് റേറ്റിംഗ്‌സ് നഗരസഭയെ 'Issuer Not Cooperating (വിവരങ്ങള്‍ കൈമാറാന്‍ സഹകരിക്കാത്ത സ്ഥാപനം) എന്ന നെഗറ്റീവ് കാറ്റഗറിയിലേക്ക് മാറ്റിയിരുന്നു. ആവശ്യമായ സാമ്പത്തിക വിവരങ്ങളും ഓഡിറ്റ് സ്‌റ്റേറ്റ്‌മെന്റുകളും കൃത്യസമയത്ത് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ഇത്തരമൊരു പശ്ചാത്തലമുള്ള നഗരസഭയ്ക്ക് വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ കര്‍ശനമായ ചട്ടങ്ങള്‍ മറികടക്കുക എളുപ്പമാകില്ല. സെബി നിയമപ്രകാരം ബോണ്ട് ഇറക്കണമെങ്കില്‍ തുടര്‍ച്ചയായി 3 വര്‍ഷത്തെ കൃത്യമായി ഓഡിറ്റ് ചെയ്ത ലാഭവിഹിതം പൊതുസമക്ഷം തെളിയിക്കേണ്ടതുണ്ട്. നിലവില്‍ അക്കൗണ്ടുകളിലെ പിഴവുകള്‍ തീര്‍ക്കാനും ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ നേടാനുമായി 'സിഹെഡ്' ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും, മൂന്ന് വര്‍ഷത്തെ സാമ്പത്തിക ഡാറ്റ സുതാര്യമായി ക്രോഡീകരിക്കുക എന്നത് സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയുന്ന ഒന്നല്ല.
'റവന്യൂ ബോണ്ട്' മാതൃകയിലെ അപകടങ്ങള്‍
കൊച്ചി കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത് 'റവന്യൂ ബോണ്ടുകള്‍' പുറത്തിറക്കാനാണ്. അതായത്, സമാഹരിക്കുന്ന പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പദ്ധതികളില്‍ നിന്നുള്ള വരുമാനത്തില്‍ (വൈറ്റില, കലൂര്‍ പ്രോജക്റ്റുകളിലെ വാടക, പാര്‍ക്കിംഗ് ഫീസ് മുതലായവ) നിന്ന് വേണം ബോണ്ടിന്റെ പലിശയും മുതലും തിരിച്ചടയ്ക്കാന്‍.എന്നാല്‍ ഇവിടെയും യാഥാര്‍ത്ഥ്യം കടുത്ത വെല്ലുവിളിയുയര്‍ത്തുന്നു.കൊച്ചി നഗരത്തില്‍ വലിയ കെട്ടിട നിര്‍മ്മാണങ്ങളും ഷോപ്പിംഗ് കോംപ്ലക്‌സുകളും കൃത്യസമയത്ത് പൂര്‍ത്തിയാകാറില്ല എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. വിഭാവനം ചെയ്ത വികസന പദ്ധതികള്‍ ഏതെങ്കിലും കാരണത്താല്‍ വൈകിയാല്‍ കോര്‍പ്പറേഷന് ഉദ്ദേശിച്ച വരുമാനം ലഭിക്കാതെ വരും. എന്നാല്‍ പദ്ധതി വൈകിയാലും ബോണ്ട് വാങ്ങിയ നിക്ഷേപകര്‍ക്ക് പലിശ കൃത്യസമയത്ത് നല്‍കേണ്ടതുണ്ട്. നിര്‍ദ്ദിഷ്ട പ്രോജക്റ്റുകള്‍ വരുമാനം തരുന്നതില്‍ പരാജയപ്പെട്ടാല്‍, ബോണ്ട് തിരിച്ചടവിനായി കോര്‍പ്പറേഷന് തങ്ങളുടെ പൊതു ഫണ്ടോ ദൈനംദിന നികുതി വരുമാനമോ ഉപയോഗിക്കേണ്ടി വരും. ഇത് നഗരത്തിലെ മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളെയും ദൈനംദിന ഭരണത്തെയും പൂര്‍ണ്ണമായി തളര്‍ത്താന്‍ ഇടയാക്കും.
നേരത്തെ ഇന്‍ഡോറും സൂരത്തും ചെന്നൈയും ബോണ്ട് വിപണിയില്‍ വെന്നിക്കൊടി പാറിച്ചത് തങ്ങളുടെ കൃത്യമായ സാമ്പത്തിക അച്ചടക്കവും ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗുംനിലനിര്‍ത്തിക്കൊണ്ടാണ്. എന്നാല്‍, ആഭ്യന്തര രാഷ്ട്രീയ തര്‍ക്കങ്ങളും, ഉദ്യോഗസ്ഥ തലത്തിലെ മെല്ലപ്പോക്കും, കൃത്യമല്ലാത്ത ഓഡിറ്റിംഗും മുഖമുദ്രയാക്കിയ കൊച്ചി കോര്‍പ്പറേഷന്‍, ഈ കടമ്പകളെല്ലാം മറികടന്ന് ആറ് മാസത്തിനകം 200 കോടി സമാഹരിക്കുമോ അതോ ഇതൊരു കേവല ബജറ്റ് പ്രഖ്യാപനമായി അവശേഷിക്കുമോ എന്ന് കണ്ടറിയണം.
Cities such as Indore, Surat, and Chennai have successfully tapped the municipal bond market by maintaining strong fiscal discipline, transparent governance, and high credit ratings. In contrast, the Kochi Corporation faces significant challenges, including political disagreements, bureaucratic delays, and concerns over financial auditing. Despite these hurdles, the corporation has set an ambitious target of raising ₹200 crore through municipal bonds within six months. Whether Kochi can overcome its governance and financial challenges to achieve this goal, or whether the proposal will remain merely a budget announcement, remains to be seen.