"വിദ്യാഭ്യാസ പ്രക്രിയയെ ചലിപ്പിക്കുന്ന ഇന്ധനമാണ് അക്കാദമിക ആലോചനകൾ. അത്തരം അക്കാദമിക ആലോചനകൾ താരതമ്യേന ദുർബലമായ ഒരന്തരീക്ഷം നിലവിലുണ്ട്" എന്ന് പറഞ്ഞാണ് പി പ്രേമചന്ദ്രൻ്റെ 'ചിരി(ച്ചു)മരിച്ച ക്ലാസുമുറികൾ' ആരംഭിക്കുന്നത്. ഈ പുസ്തകത്തിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്ന ആദ്യഘടകം അതിന്റെ തലക്കെട്ടാണ്. ആ ശീര്‍ഷകം ആകർഷകമാകുന്നതിന്, വ്യക്തിപരമായി സവിശേഷമായ ഒരു കാരണം കൂടെയുണ്ട്. 2024 അവധിക്കാല അധ്യാപക പരിശീലനത്തിൽ, 'ക്ലാസുമുറിയിൽ അധ്യാപകരും കുട്ടികളും എല്ലാം മറന്ന് ചിരിച്ച രസകരമായ ഒരനുഭവം പങ്കുവയ്ക്കാൻ' പറഞ്ഞപ്പോൾ അമ്പതിലധികം അധ്യാപകരില്‍ അഞ്ചിൽ താഴെ ആളുകൾക്ക് മാത്രമേ അത്തരം നേരിയതെങ്കിലും ഒരനുഭവം പങ്കുവെക്കാൻ ഉണ്ടായിരുന്നുള്ളൂ. ആ സമയം മനസ്സിൽ വന്ന ആശയമാണ് 'ചിരി മരിച്ച ക്ലാസുമുറികൾ'! അതിനാൽത്തന്നെ തന്നെ ഈ പുസ്തകത്തോട് സവിശേഷമായൊരടുപ്പം അതിന്റെ പേരില്‍ത്തന്നെ അനുഭവപ്പെടുകയുണ്ടായി. നമ്മുടെ പാഠപുസ്തകങ്ങള്‍ പരിശോധിച്ചാലും കുട്ടികൾക്ക് രസകരം എന്നു തോന്നുന്ന, വായിച്ചാസ്വദിച്ച് ചിരിക്കാവുന്ന പാഠഭാഗങ്ങൾ തീരെ ഇല്ലെന്നുതന്നെ പറയേണ്ടിവരും. വിദ്യാർത്ഥി നാളുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, അന്ന് കടന്നുപോയ പാഠഭാഗങ്ങളിൽ രസകരമായ ചിലവ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ അധ്യാപക ജീവിതത്തില്‍, ക്ലാസുമുറികളിൽ വിനിമയം ചെയ്ത പാഠഭാഗങ്ങളെക്കുറിച്ചോർക്കുമ്പോൾ, കുട്ടികളിൽ ചിരിവിടർത്തുന്ന പാഠഭാഗങ്ങൾ ഒട്ടുമേ ഇല്ലായിരുന്നു എന്നത് ആശ്ചര്യകരമായി തോന്നി.
ക്ലാസുമുറിയിൽ ഇരിക്കുന്ന കുട്ടികളും ക്ലാസിലേക്കെത്തുന്ന അധ്യാപകരും വളരെ ഗൗരവത്തോടെ ഇടപെടുകയും പെരുമാറുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ, ചിരി നമ്മുടെ വിദ്യാലയ പരിസരത്തുനിന്നും പാടെ മാഞ്ഞുപോകുന്നതിന്റെ ആശങ്ക പലപ്പോഴും ഉണ്ടായിരുന്നു. കുട്ടികളും അധ്യാപകരും അതിഗൗരവത്തോടെയാണ് ക്ലാസുമുറികളിലും സ്കൂളിലും പെരുമാറുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഏതായാലും ഈ പുസ്തകം മുഴുവനായും 'ചിരിമരിച്ച ക്ലാസ് മുറികളെ' കുറിച്ചല്ല എന്നത് ആശ്വാസകരമാണ്! ഇതിലെ ഇരുപത്തിയഞ്ച് ലേഖനങ്ങൾ, പല അക്കാദമിക വിഷയങ്ങളില്‍, പലയിടങ്ങളിൽ ഇടപെട്ടതിന്റെ പി പ്രേമചന്ദ്രന്റെ അനുഭവസാക്ഷ്യമാണ്. ഈ പുസ്തകം തീർച്ചയായും മുഴുവന്‍ അധ്യാപകരും വായിച്ചിരിക്കേണ്ടതാണ് എന്നത് നിസ്സംശയം പറയാവുന്നതാണ്. കാരണം അധ്യാപകര്‍ എന്ന നിലയിൽ അവരുടെ അന്വേഷണത്തിന്റെ വേരുകൾ ഏതേത് മണ്ണിലാണ് ആഴ്ന്നിറങ്ങേണ്ടത് എന്നതിന്റെ ദിശാസൂചിയാണ് ഈ പുസ്തകത്തിലെ അധ്യായങ്ങള്‍. ഈ പുസ്തകം സസൂക്ഷ്മം വായിക്കുകയും ആ മണ്ണില്‍ വേരുപടർത്താന്‍ ഉത്സാഹിക്കുകയും ചെയ്യുന്ന അധ്യാപകർക്ക് തീർച്ചയായും അവരെ സമ്പൂർണ്ണമായി പൊളിച്ചെഴുതേണ്ടി വരും എന്നതിലും സംശയമില്ല. ആ പൊളിച്ചെഴുത്താവട്ടെ കാലത്തിന് അനിവാര്യവും അനുയോജ്യവുമായ ഒരു അധ്യാപക/അധ്യാപിക നിർമ്മിതിയിലേക്ക് അവരെ നയിക്കുകതന്നെ ചെയ്യും.
'പാഠം സിലബസ്സിനകത്തും പുറത്തും' എന്ന ഒന്നാമത്തെ ലേഖനത്തിൽ, പാഠങ്ങളോടൊപ്പം അവയ്ക്ക് പുറത്തെ അധ്യാപകരുടെ അറിവുകളും അനുഭവപരിചയങ്ങളുമായിരുന്നു വലിയ പാഠങ്ങൾ എന്ന് ലേഖകൻ പറഞ്ഞുവെക്കുന്നുണ്ട്. വലിയൊരളവുവരെ ജീവിതവും പഠിപ്പിച്ചിരുന്നു അന്നത്തെ അധ്യാപകർ! ഇന്ന്, സിലബസ്സിന് പുറത്തുള്ളത് എന്തെങ്കിലും പറഞ്ഞാൽ, വെറുതെ സമയം കളയുകയാണെന്ന് പറയുന്ന കുട്ടികളും രക്ഷിതാക്കളും അധ്യാപക സമൂഹവുമാണ്. 'അറിവ്' കുത്തിനിറച്ച പാഠഭാഗങ്ങൾ തീർക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. എന്നാൽ ഇവിടെ നഷ്ടപ്പെടുന്നത് ശരിയായ ജീവിതപാഠങ്ങൾ വിനിമയം ചെയ്യപ്പെടുന്ന ക്ലാസുമുറികളാണ്. നല്ല അധ്യാപകര്‍ പാഠഭാഗമല്ല ജീവിതമാണ് പഠിപ്പിക്കുന്നത് എന്ന് പറയാറുണ്ട്. അങ്ങനെയൊരു ജീവിതപാഠം എവിടെയൊക്കെയോ നമുക്ക് വലിയൊരളവിൽ നഷ്ടപ്പെട്ടിട്ടുണ്ട്. തെറ്റായി വിനിമയം ചെയ്യപ്പെടുന്ന ഒരു പാഠഭാഗം ചുവന്ന മഷിയിലുള്ള ഒരു വരയില്‍ ഒതുങ്ങും. എന്നാൽ തെറ്റായി വിനിമയം ചെയ്യപ്പെടുന്ന ജീവിതപാഠം തിരുത്താൻ കഴിയാത്ത അവബോധമാകും എന്നതാണ് പ്രധാനം. അതിനർത്ഥം നിങ്ങൾ വിനിമയം ചെയ്യുന്ന ജീവിതപാഠം ശ്രദ്ധയോടെയും കരുതലോടെയുമാണ് കുഞ്ഞുങ്ങളിലേക്ക് പകരേണ്ടത് എന്ന് കൂടിയാണ്. "അജ്ഞാതമായ ആനന്ദത്തെ കണ്ടെത്താൻ ലോകം മുഴുവൻ അരിച്ചു നടക്കണമെന്നില്ല; ഏതെങ്കിലുമൊക്കെ ചെറിയ ചെറിയ നിമിഷങ്ങളിൽ ആനന്ദത്തെ കണ്ടെത്താൻ നമുക്ക് കഴിയേണ്ടതുണ്ട് " എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഈ ലേഖനം അവസാനിക്കുന്നത്. വൈലോപ്പിള്ളി പറഞ്ഞതുപോലെ "മർത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങൾ; അല്ല മാത്രകൾ മാത്രം"! മുന്തിയ സന്ദർഭങ്ങളും ആനന്ദത്തിൻ്റെ മാത്രകളും ഉൾച്ചേർക്കപ്പെടുന്നില്ലെങ്കിൽ നിശ്ശൂന്യമായ ഒന്നായി വിദ്യാഭ്യാസ പ്രക്രിയ മാറും.
സ്ഥാപനത്തിൻ്റെ നല്ല മേലധികാരി എങ്ങനെയായിരിക്കണമെന്ന് 'വാക്കിന്റെ നിഴലും വെളിച്ചവും' എന്ന ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. നല്ലതിനെ മനസ്സറിഞ്ഞ് അനുമോദിക്കുക എന്നതാവണം അവരുടെ പ്രാഥമിക പാഠം. ക്രിയാത്മകമായി ജോലിചെയ്യുന്ന ഇരുപത് ശതമാനം ആളുകളുടെ ഊർജ്ജത്തിലാണ് ഒരു സ്ഥാപനത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഭംഗിയായി നടക്കുന്നത്. എന്നാൽ പലപ്പോഴും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നവരെ അഭിനന്ദിക്കാനുള്ള മനോഭാവം മേലധികാരികൾ മറന്നുപോകുന്നു എന്നതാണ് യാഥാർത്ഥ്യം. "നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം" എന്ന് ചുരുക്കം. നല്ലത് ഇടതൂർന്ന് വളരുമ്പോൾ ചീത്തകൾക്ക് സ്ഥാനമില്ലാതാകും എന്ന സാമാന്യതത്വമാണ് വിദ്യാലയങ്ങളിലും പാകിമുളപ്പിക്കേണ്ടത്.
'ചുവന്ന മഷി പുരട്ടിയ ചീർപ്പുകൾ' എന്ന ലേഖനത്തിൽ കുട്ടികളുടെ സർഗാത്മക രചനയെ പ്രോത്സാഹിപ്പിക്കാൻ അധ്യാപകർക്ക് കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂക്ഷ്മമായി പ്രതിപാദിക്കുന്നു. എഴുതാൻ മടിക്കുന്ന അധ്യാപകർക്ക് എഴുത്തിനെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നതെങ്ങനെ എന്നാണ് ലേഖകൻ ചോദിക്കുന്നത്! "എല്ലാ അധ്യാപകരും സർഗാത്മക എഴുത്തുകാരാവണമെന്നല്ല ഉദ്ദേശിക്കുന്നതെന്ന" വാൽക്കഷ്ണം കൂടി ഇതിനുണ്ട്. ചുവന്ന മഷി കൊണ്ട് എഴുത്തിലെ കുറ്റം കാണുകയല്ല അതിലെ സർഗാത്മകാംശങ്ങൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അധ്യാപകർക്ക് കഴിയുകയാണ് വേണ്ടതെന്നും ഈ ലേഖനത്തിലൂടെ ഓർമ്മപ്പെടുത്തുന്നു. വാക്ധോരണികളില്‍ അഭിരമിക്കുന്ന അധ്യാപകർ പോലും എഴുത്തിനെ ഗൗരവത്തോടെ കാണുന്നില്ല എന്നും ലേഖകൻ പറയുന്നുണ്ട്.
സ്കൂളിലെ ഉച്ചക്കഞ്ഞി കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ ഇടപെട്ടത് എങ്ങനെയെന്ന കൗതുകമാണ് ലേഖനം മുന്നോട്ടുവെക്കുന്നത്
പുസ്തകത്തിന്റെ പേരിലുള്ള ലേഖനം, നല്ല ക്ലാസ് മുറികളെ സൃഷ്ടിക്കുന്നത് അധ്യാപകരുടെ നർമ്മബോധമാണെന്നു നിരീക്ഷിക്കുന്നുണ്ട്. അമിത ഗൗരവമാണ് അധ്യാപകരുടെ മുഖമുദ്ര എന്നു കരുതുന്ന അധ്യാപകർ വിഡ്ഢികളാണെന്നും ലേഖകന്‍ പറയുന്നു. അധ്യാപകര്‍ 'പെർഫോമറാണ്' എന്ന നിലയിലേക്ക് പുതിയകാലം അവരെ ആവശ്യപ്പെടുന്നുണ്ട്. ക്ലാസുകളില്‍ നിർദോഷമായ നർമ്മകഥകൾ വേണം അവതരിപ്പിക്കാൻ എന്നതും ശ്രദ്ധേയമാണ്. "കുട്ടികളുടെ നിറവും ആകൃതിയും സൗന്ദര്യവും ഒക്കെ ചൂണ്ടിക്കാട്ടിയുള്ള കളിയാക്കലുകളാണ് നർമ്മം" എന്ന് വിചാരിച്ചു പോകുന്ന അധ്യാപകർ വലിയ അപകടമാണ് സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതാണ്. 'ചിരിച്ചു മരിച്ച ക്ലാസുമുറികളി'ൽ നിന്ന് 'ചിരി മരിച്ച ക്ലാസുമുറികളി'ലേക്കുള്ള പരിണാമം വേദന പടർത്തുന്ന ഒന്നായി മാറുന്നു.
ഉച്ചക്കഞ്ഞി വിതരണത്തിന്റെ ആരോഗ്യപാഠവും സാമൂഹികപാഠവും ഉൾപ്പെടുന്ന ലേഖനം 'ഉച്ചക്കഞ്ഞിയുടെ രാഷ്ട്രീയം' എന്താണെന്ന് വിശദീകരിക്കുന്നു. സ്കൂളിലെ ഉച്ചക്കഞ്ഞി കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ ഇടപെട്ടത് എങ്ങനെയെന്ന കൗതുകമാണ് ലേഖനം മുന്നോട്ടുവെക്കുന്നത്. സ്കൂൾ ഒരു സാമൂഹിക സംവിധാനമാകുന്നതിൽ ഭക്ഷണം വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് വായിക്കുമ്പോൾ നമ്മുടെ ഓർമ്മയുടെ രുചിമുകുളങ്ങളിൽ കഞ്ഞിയും പയറും ഉപ്പുമാവും വന്ന് നിറയുന്നു.
എത്രയോ തവണ ക്ലാസ്സിന് പുറത്താക്കപ്പെട്ട ഒരാളെന്ന നിലയില്‍ വ്യക്തിപരമായി ഏറെ സന്തോഷിപ്പിച്ച അധ്യായമാണ് 'ക്ലാസ്സില്‍നിന്ന് പുറത്താക്കപ്പെടുന്ന കുട്ടികളെ'ക്കുറിച്ചുള്ള ഒന്ന്. ക്ലാസിന് പുറത്ത് നിർത്തപ്പെടുന്ന കുട്ടിയുടെ മാനസികമായ പരിക്ക് ഗുരുതരമാണെന്ന തിരിച്ചറിവ് അധ്യാപകന് ഉണ്ടായിരിക്കണം. "ക്ലാസിനു പുറത്തുനിർത്തിയ കുട്ടി അധ്യാപകന്റെ പരാജയത്തിന്റെ കൊടിയടയാളമാണ്" എന്ന് എം എൻ വിജയൻ നിരീക്ഷിക്കുന്നുണ്ട്. കുട്ടികൾക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷയാണ് ഈ പുറത്താക്കൽ. വിധേയരല്ലാത്ത ആളുകളെ മുഴുവൻ പുറത്താക്കിയാൽ ശേഷം ജോലി എളുപ്പമാകും എന്ന് കരുതുന്ന ഒരു വലിയ അധ്യാപക സമൂഹമുണ്ട്. "ഞാനൊരു ഹൈസ്കൂൾ അധ്യാപികയായി ജീവിതം അവസാനിപ്പിക്കില്ല" എന്ന് മറുപടി പറഞ്ഞതിന് ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ട കുട്ടി അതിനെക്കുറിച്ച് എഴുതിയത് അധ്യാപക സമൂഹത്തിന് മുഴുവൻ പാഠമാണ്. വളരെ നിസ്സാരമായ കാര്യങ്ങൾക്ക് ക്ലാസുമുറിക്ക് പുറത്തേക്ക് കുട്ടികളെ നിർത്തുമ്പോൾ ആ പ്രശ്നം പരിഹരിക്കുന്നതിൽ താൻ സമ്പൂർണ്ണ പരാജയമാണ് എന്ന് അധ്യാപകൻ സമ്മതിക്കുകയാണ്. വിജയൻ മാഷ് നിരീക്ഷിച്ചത് പോലെ "നിങ്ങൾ കുട്ടിയെ പുറത്താക്കുമ്പോഴും കുട്ടി ഉന്നയിച്ച പ്രശ്നം അന്തരീക്ഷത്തിൽ തന്നെ നിലനിൽക്കുന്നുണ്ട്". അത് പരിഹരിക്കാനുള്ള ശേഷിയാണ് അധ്യാപകര്‍ നേടേണ്ടത്.
'ഭാഷാശുദ്ധി വാദത്തിലെ അസംബന്ധങ്ങൾ' എന്ന ലേഖനത്തിൽ, പരീക്ഷകളില്‍ മലയാളം എഴുതുന്നതില്‍ വരുന്ന തെറ്റുകളെ മുൻനിർത്തിമാത്രം, പഠിതാവിന്റെ മറ്റു കഴിവുകളെയെല്ലാം പിൻതള്ളണമോ എന്ന ചോദ്യമാണ് ലേഖകൻ മുന്നോട്ടുവയ്ക്കുന്നത്. മാതൃഭാഷ പലതലങ്ങളില്‍ നേരിടുന്ന അവഗണനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ലേഖകൻ എന്നത് ഈ ലേഖനത്തെ കൂടുതല്‍ ആഴമുള്ളതാക്കുന്നു. ഭാഷ എന്ന നിലയിൽ മലയാളം നേരിടുന്ന വെല്ലുവിളിയും ഒരു അക്കാദമിക വിഷയം എന്ന നിലയിൽ മലയാളം നേരിടുന്ന അപമാനങ്ങളും ഒരേസമയം ഈ ലേഖനത്തില്‍ വിശകലനം ചെയ്യപ്പെടുന്നു. സമകാലിക കേരളത്തില്‍ മാതൃഭാഷാപഠനത്തിന്റെ ശോചനീയാവസ്ഥ കൃത്യമായും എടുത്തുകാട്ടുന്നു. കായിക അധ്യാപനത്തിനും കലാപഠനത്തിനും നിശ്ചയിക്കപ്പെട്ട അധ്യാപകർ ഇല്ലെങ്കിൽ പോലും ആഴ്ചയില്‍ അനുവദിച്ചിട്ടുള്ള രണ്ട് പിരീഡ് മാത്രമാണ്, ഒന്നാംഭാഷയായ മലയാള പഠനത്തിനും ഹൈസ്കൂള്‍ തലംവരെ മാറ്റി വെച്ചിട്ടുള്ളത്. എന്നിട്ടാണ് നാം മലയാളം പഠിക്കുന്നില്ല എന്നും മലയാളം ശരിയായി എഴുതാൻ കഴിയുന്നില്ല എന്നും വിലപിക്കുന്നത്. മലയാളം ഒന്നാംഭാഷയായി പഠിക്കുന്നവർ നമ്മുടെ വിദ്യാർത്ഥി സമൂഹത്തിൻ്റെ പകുതി മാത്രമേയുള്ളൂ എന്നതും നാം തിരിച്ചറിയണം. ഭാഷയിലുള്ള ഒരു കൃതിയെങ്കിലും പഠിക്കാതെ, സാംസ്കാരികമായ സാഹിത്യപരമായ ഈടുവയ്പുകളെക്കുറിച്ച് ഒന്നുമറിയാതെ നിങ്ങൾക്ക് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കാനും ഉയര്‍ന്ന ഔദ്യോഗികസ്ഥാനങ്ങൾ വഹിക്കാനും കഴിയുമെന്ന സവിശേഷത കേരളത്തിൽ മാത്രമാണുള്ളത്. ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയിൽ കാണുമ്പോൾ നമുക്ക് ഇംഗ്ലീഷ് മതിയാകും. എന്നാൽ നമ്മുടെ ചിന്തകളുടെയും വികാരങ്ങളുടെയും മാനവിക ബോധത്തിന്റെയും അടിസ്ഥാനം മാതൃഭാഷയാണെന്നും പ്രതിഷേധത്തിന്റെയും സമരത്തിന്റെയും ഭാഷ കൂടിയാണ് മലയാളം നഷ്ടപ്പെടുമ്പോള്‍ ഇല്ലാതാവുന്നത് എന്നും നമ്മള് തിരിച്ചറിയേണ്ടതുണ്ട്.
'കൈകഴയ്ക്കുന്ന പ്രതിജ്ഞകൾ' എന്ന ലേഖനത്തിൽ വർഷാവർഷം ദിവസേന 10 മുതൽ 15 മിനിറ്റ് വരെ സമയമെടുത്ത് സ്കൂളിൽ അവതരിപ്പിക്കുന്ന പ്രതിജ്ഞ ചടങ്ങ്, പ്രവൃത്തികളായി മാറാതെ അർത്ഥരഹിതമാകുന്നു എന്ന ചിന്തയാണ് മുന്നോട്ടുവെക്കുന്നത്. മഴയും വെയിലും കൊണ്ട് അസംബ്ലിയിൽ എടുക്കുന്ന പ്രതിജ്ഞകൾ കുട്ടികൾ പ്രവൃത്തിപഥത്തിൽ എത്തിക്കുകയോ ഹൃദയംകൊണ്ട് ഉൾക്കൊള്ളുകയോ ചെയ്യുന്നില്ല എന്നും തികച്ചും യാന്ത്രികമായ ഒരു പ്രവർത്തനമായി അത് മാറുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. 'അധ്യാപകരുടെ രാഷ്ട്രീയവും വിദ്യാഭ്യാസത്തിൻ്റെ രാഷ്ട്രീയവും' എന്ന ലേഖനത്തിൽ കക്ഷിരാഷ്ട്രീയത്തിന്റെ മെഗാഫോണായി ക്ലാസ് മുറിയിൽ എത്തുന്ന അധ്യാപകനോളം ലജ്ജാകരമായ ഒന്നില്ല എന്ന് പി പ്രേമചന്ദ്രന് പറയുന്നു. ''വിമോചന സമരം" എന്ന ഒളപ്പമണ്ണ കവിത രണ്ട് ഭാഷാധ്യാപകർ പഠിപ്പിച്ചപ്പോഴത്തെ അനുഭവം ലേഖനത്തിൽ വിവരിക്കുന്നുണ്ട്. ക്ലാസുമുറിയിൽ ജനാധിപത്യം നടപ്പിലാക്കാന്‍ ആവശ്യം കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടയല്ല, വിദ്യാഭ്യാസത്തിൻ്റെ രാഷ്ട്രീയബോധമാണ് എന്ന് ലേഖനം വിശദീകരിക്കുന്നു. അധ്യാപകർ തൻ്റെ രാഷ്ട്രീയ നിലപാടുകൾ ക്ലാസുമുറിയിൽ തുറന്നു പറയേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, രാഷ്ട്രീയം പറയുകയോ പറയാതിരിക്കുകയോ ചെയ്യുന്നതിനപ്പുറം, തന്റെ ധിഷണകൊണ്ട് വിഷയങ്ങളുടെ ആഴത്തിലേക്കും പരപ്പിലേക്കും വിദ്യാര്‍ത്ഥിയുടെ കൈപിടിച്ചു നടത്തലാവണം അധ്യാപനത്തിന്റെ ലക്ഷ്യം എന്ന ഉത്തരമാണ് ലേഖകൻ മുന്നോട്ടുവെക്കുന്നത്. പ്രത്യക്ഷരാഷ്ട്രീയത്തിന്റെ വക്താക്കളായി ക്ലാസുമുറിക്കകത്തും പുറത്തും വര്‍ത്തിക്കുകയും തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ കക്ഷിരാഷ്ട്രീയത്തിന്റെ ജീര്ണ്ണനിലപാടുകൾ പോലും പങ്കുവയ്ക്കുകയും ചെയ്യുന്ന അധ്യാപകർ വായിച്ചിരിക്കേണ്ട ലേഖനങ്ങളിൽ ഒന്നാണ് ഇത്.
ഈ പുസ്തകത്തിലെ മുഴുവൻ ലേഖനത്തെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നില്ല. എങ്കിലും 'അധ്യാപക ജീവിതത്തിൻ്റെ തായ്വേരുകള്' പോലുള്ള ലേഖനങ്ങൾ, അധ്യാപകര്‍ എങ്ങനെയാണ് ഒരു സമൂഹത്തിൽ മാനിക്കപ്പെടുന്നതെന്നും എങ്ങനെയാണവര്‍ സമൂഹത്തിൻ്റെ മാർഗ്ഗദർശിയും വഴിവിളക്കുകളുമാകുന്നത് എന്നും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 'ഗ്രേസ് മാർക്കുകൾ കെടുത്തുന്ന തിളക്കങ്ങൾ', 'ഓൺലൈൻ കാലത്തെ അധ്യാപകർ', 'സിനിമ കാണാൻ അധ്യാപകർ എന്തിനു പഠിക്കണം' തുടങ്ങി അധ്യാപകരെ നവീകരിക്കാനുതകുന്ന ധാരാളം ലേഖനങ്ങൾ കൊണ്ട് സമ്പന്നമാണ് പി പ്രേമചന്ദ്രന്റെ 'ചിരി(ച്ചു)മരിച്ച ക്ലാസുമുറികൾ'.
അധ്യാപകരുടെ ക്രയവിക്രയങ്ങളിൽ അവര്‍ ദിനേന ഇടപെടുന്ന പരിസരങ്ങളെ കുറിച്ചാണ് ഈ പുസ്തകം നിങ്ങളോട് സംവദിക്കുന്നത്. പരിസരത്തെ നന്നായി അറിയുമ്പോഴാണ് നിങ്ങൾക്ക് അവിടെ വേര് പിടിക്കാൻ കഴിയുക. മാത്രമല്ല ആ പരിസരത്തിനപ്പുറത്തേക്ക് പുതിയ അന്വേഷണങ്ങൾ നടത്തുന്നതിനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. ഒരു അധ്യാപകന്/ അധ്യാപിക എന്ന നിലയിൽ ഒരാള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പത്ത് പുസ്തകങ്ങളിൽ ഒരു പുസ്തകം തീർച്ചയായും 'ചിരി(ച്ചു)മരിച്ച ക്ലാസുമുറികൾ' ആണ് എന്ന കാര്യത്തിൽ സംശയമില്ല. ഇതിലെ എല്ലാ ലേഖനങ്ങളും നമുക്ക് പരിചിതമായതും അല്ലാത്തതുമായ സൂക്ഷ്മമായ അക്കാദമിക പ്രശ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ചില സന്ദർഭങ്ങളിൽ പ്രശ്നങ്ങള്‍ക്ക് സർഗാത്മകമായ പരിഹാരങ്ങൾ അവതരിപ്പിക്കാൻ ലേഖകൻ ശ്രമിക്കുന്നുണ്ട്. മറ്റുചിലവ പൊതുസമൂഹത്തിന് മുന്നിലേക്ക് ചോദ്യങ്ങളായും ആശങ്കകളായും അവതരിപ്പിക്കുന്നു. അവ പരിഹാരിക്കാനുള്ള ആലോചനകൾ ഏറ്റെടുക്കുക എന്ന ശ്രമകരമായ ദൗത്യം കൂടി വായനക്കാരന് നിർവ്വഹിക്കേണ്ടിയിരിക്കുന്നു. അധ്യാപകര്‍ എന്ന നിലയിലും ഈ പുസ്തകത്തിന്റെ വായനക്കാര്‍ എന്ന നിലയിലും നമുക്ക് മാത്രം പൂർത്തിയാക്കാൻ കഴിയുന്ന പലതും ചുറ്റിലും ബാക്കിനില്‍ക്കുന്നുണ്ട് എന്നു ഓര്‍മ്മിക്കാന്‍ ഈ പുസ്തകം എന്നും നമ്മുടെ അടുത്തുതന്നെ വേണ്ടതുണ്ട്. തീർച്ചയായും 'ചിരി(ച്ചു)മരിച്ച ക്ലാസുമുറികൾ' വായിക്കുന്നതിന് മുൻപുള്ള അധ്യാപകരിൽ നിന്ന് വായിച്ചതിന് ശേഷമുള്ള അധ്യാപകരിലെത്തുമ്പോള് അക്കാദമികമായി ഒരുപാട് ദൂരങ്ങള്‍ നിങ്ങൾ സഞ്ചരിച്ചിട്ടുണ്ടാവും.
A literary reflection by Sreelal Manjapalam on Premachandran P Chiri Chu Maricha Classumurikal, exploring the reading experience, its themes and the impressions it leaves on readers.