Art and Literature

ഈ ജീവിതം, വിഷാദച്ഛായയില്‍

മനുഷ്യ ജീവിതത്തില്‍ മരണം പോലെ ഉറപ്പുള്ളത്, വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത് ദുരന്തങ്ങളാണെന്ന് അവര്‍ മനുഷ്യ രാശിയെ നിരന്തരമായി ഓര്‍മ്മിപ്പിക്കുന്നു.

വി മുസഫർ അഹമ്മദ്

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ (1998ല്‍) ഇറങ്ങിയ ആന്‍ കാഴ്സന്റെ ' ഓട്ടോ ബയോഗ്രഫി ഓഫ് റെഡ്' വായിച്ചത് ഈ നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷത്തിലാണ്. അതിനു ശേഷം കാഴ്‌സന്റെ കവിതകളും ഉപന്യാസങ്ങളും കിട്ടിയാല്‍ വിടാതെ വായിക്കുമായിരുന്നു. 2024ല്‍ ലിവ് ഉള്‍മാന്‍ ലൂസിയാന ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ ആന്‍ കാഴ്ണെ ഇന്റര്‍വ്യൂ ചെയ്തു. ആദ്യമത് യുട്യൂബിലാണ് വന്നത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കാണാം. വിഖ്യാത ചിന്തകന്‍ ദെക്കാര്‍ത്തിനെക്കുറിച്ച് ലോകം പൊതുവില്‍ ആവര്‍ത്തിക്കുന്ന കാര്യം തിരുത്താനാണ് അഭിമുഖത്തില്‍ കാഴ്‌സണ്‍ ശ്രമിക്കുന്നത്.

ദക്കാര്‍ത്തിന്റെ കോഗിറ്റോ, എര്‍ഗോസം (ഐ തിങ്ക്, ദേര്‍ ഫോര്‍ അയാം) എന്ന നിരവധി മനുഷ്യര്‍ പറയുകയും ആയിരക്കണക്കിന് ലേഖനങ്ങളിലും പ്രസംഗങ്ങളിലും ആവര്‍ത്തിക്കുകയും ചെയ്ത ഈ വാചകത്തിന്റെ ആദ്യഭാഗം ലോകം വിട്ടുകളയുകയോ മറക്കുകയോ ചെയ്തതായി ആന്‍ പറയുന്നു. ആ വാചകം യഥാര്‍ഥത്തില്‍ ഇങ്ങിനെയാണ്: ഡുബിറ്റോ എര്‍ഗോ കോഗിറ്റോ എര്‍ഗോസം. (ഐ ഡൗട്ട് , ദേര്‍ഫോര്‍ ഐ തിങ്ക്, ദേര്‍ഫോര്‍ അയാം). ഞാന്‍ സംശയിക്കുന്നു, അതിനാല്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാനുണ്ട് എന്നാണ് യഥാര്‍ഥത്തില്‍ ആ വാക്യമെന്ന് ആന്‍ പറയുന്നു. ലോകത്ത് എല്ലായിടത്തും ആളുകള്‍ പറയാറുള്ളത് ഐ തിങ്ക്, ദേര്‍ഫോര്‍ അയാം എന്നുമാത്രമാണ്. തുടക്ക ഭാഗം ബധിരമാക്കുന്നു. ആദ്യ ഭാഗം ഒഴിവാക്കിയ വാചകം എഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ച് ലോകമെങ്ങും മനുഷ്യര്‍ നിത്യവ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നതായും അവര്‍ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്.

സാഹിത്യത്തിലും എഴുത്തിലും ചിന്തയിലും എപ്പോഴും സംവാദങ്ങള്‍ക്ക് ശ്രമിക്കുകയാണ് ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ ജേതാവ്. അതവരുടെ ജീവിതത്തിന്റെ ആകെത്തുകയാണ്. ഈ അഭിമുഖം കണ്ടതിനു ശേഷം ഞാന്‍ കൂടുതല്‍ സജീവമായി, ആവര്‍ത്തിച്ച് ആന്‍ കൃതികള്‍ വീണ്ടും വായിക്കാന്‍ തുടങ്ങി

അഭിമുഖം നടത്തുന്ന ലിവ് ഉള്‍മാനും സദസ്സിനും ലോകത്തിനു തന്നെയും ആന്‍ പറഞ്ഞത് പുതിയ തിരിച്ചറിവായിരുന്നു. ലോകം ആഘോഷിക്കുന്ന പല വാചകങ്ങളിലും ആശയങ്ങളിലും മ്യൂട്ടാക്കപ്പെടുന്ന ചിലതുകൂടിയുണ്ട് എന്നാണ് ആന്‍ ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചത്. തിരുത്ത് വലിയൊരു സാംസ്‌ക്കാരിക പ്രവര്‍ത്തനമാണ് എന്നവര്‍ വിശ്വസിക്കുന്നു. അവരുടെ എഴുത്തിനെ നയിക്കുന്നതും ഇതേ സങ്കല്‍പ്പമാണ്. സംശയങ്ങളില്‍ നിന്നും ആരംഭിക്കുന്നതാണ് ചിന്ത എന്ന ആശയം അവര്‍ക്ക് പ്രധാനപ്പെട്ടതാണ്. ദക്കാര്‍ത്തിനെക്കുറിച്ച് ആന്‍ പറഞ്ഞതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ കമന്റുകളില്‍ ഭൂരിഭാഗവും ഈ തിരുത്ത് അംഗീകരിക്കാത്തതാണ്. ആന്‍ കാഴ്സന്ദക്കാര്‍ത്തിനെ മനസ്സിലായിട്ടില്ല എന്നു പോലും പറയുന്ന കമന്റുകളുണ്ട്. സാഹിത്യത്തിലും എഴുത്തിലും ചിന്തയിലും എപ്പോഴും സംവാദങ്ങള്‍ക്ക് ശ്രമിക്കുകയാണ് ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ ജേതാവ്. അതവരുടെ ജീവിതത്തിന്റെ ആകെത്തുകയാണ്. ഈ അഭിമുഖം കണ്ടതിനു ശേഷം ഞാന്‍ കൂടുതല്‍ സജീവമായി, ആവര്‍ത്തിച്ച് ആന്‍ കൃതികള്‍ വീണ്ടും വായിക്കാന്‍ തുടങ്ങി.

അതേ അഭിമുഖത്തില്‍ മനുഷ്യ ജീവിതത്തിലെ ചെറുതെന്ന് കരുതുന്ന കാര്യങ്ങളുടെ സൂക്ഷ്മതയിലേക്ക് പോകുന്നതാണ് യഥാര്‍ഥ എഴുത്ത് എന്നും അവര്‍ വാദിക്കുന്നുണ്ട്. ബുദ്ധിജീവികളും ബോക്‌സര്‍മാരും തമ്മിലുള്ള ചിന്താവ്യത്യാസങ്ങളെ മുന്‍ നിര്‍ത്തിയാണ് ഈ സംവാദത്തിലേക്ക് അഭിമുഖത്തില്‍ അവര്‍ കടക്കുന്നത്. നോബല്‍ സമ്മാനം ലഭിച്ച വാര്‍ത്ത സ്റ്റോകഹോമില്‍ നിന്നും വിളിച്ചറിയിക്കുമ്പോഴുള്ള അവരുടെ മുഖഭാവം ഒപ്പിയെടുത്ത ഫോട്ടോ ഗ്രാഫ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഐസ്ലന്റിലെ റെയ്ക്ക്ജാവിക്കിലെ വീട്ടിലെ അടുക്കളയില്‍ നോബല്‍ സമ്മാനം എനിക്കോ എന്ന് ആശ്ചര്യപ്പെടുന്ന ആ ഫോട്ടോയിലെ അവരുടെ മുഖഭാവം കൗതുകമുണര്‍ത്തുന്നതാണ്. അതും അവര്‍ തന്നെ. മനുഷ്യന്‍ പലതാണ് എന്ന സിദ്ധാന്തത്തിലേക്കുള്ള നേര്‍രേഖ.

കവി, പ്രബന്ധകാരി, ദാര്‍ശനിക, വിവര്‍ത്തക എന്നിങ്ങനെ അവരുടെ എഴുത്ത് ലോകം നിരവധി പ്രതലങ്ങളേയും പാളികളേയും ഉള്‍ക്കൊള്ളുന്നു. പല യൂണിവേഴ്സിറ്റികളിലും അവര്‍ താരതമ്യ സാഹിത്യം പഠിപ്പിച്ചു. അക്കാദമിക് എന്ന നിലയില്‍ വലിയ സംഭാവനകള്‍ നല്‍കി. ഇന്നത്തെ മനുഷ്യജീവിതത്തെ ചിത്രീകരിക്കാനും വിശകലനം ചെയ്യാനും പഠിക്കാനും അവര്‍ മിക്കപ്പോഴും ഗ്രീക്ക് പുരാവൃത്തങ്ങളിലേക്ക് സഞ്ചരിക്കുന്നു. അവിടെ നിന്നുള്ള ഒരു കഥാപാത്രത്തെ ഇന്നിലേക്ക് കൊണ്ടു വരികയാണ് ആന്‍. അതിലൂടെ സമകാലികമായ പുരാവൃത്തം ഉണ്ടാക്കുന്നു. ഗ്രീക്ക് പുരാവൃത്തങ്ങളില്‍ ഊന്നി നിന്നുകൊണ്ട് അവര്‍ ഇങ്ങിനെ ചോദിക്കുന്നു. എന്തു കൊണ്ട് ദുരന്തം നില നില്‍ക്കുന്നു? കാരണം നിങ്ങളില്‍ ദേഷ്യം പതഞ്ഞു കൊണ്ടിരിക്കുന്നു. എന്തു കൊണ്ടാണ് നിങ്ങളില്‍ ദേഷ്യം പതയുന്നത്? കാരണം നിങ്ങളില്‍ നിറഞ്ഞു കിടക്കുന്നത് ദു:ഖമാണ്. ആന്‍ എന്ന എഴുത്തുകാരിയുടെ ജീവിത ദര്‍ശനം കൂടിയാണ് ഈ വാക്കുകള്‍. മനുഷ്യന്‍ എപ്പോഴും വിഷാദഛായയില്‍ ജീവിക്കുന്നു എന്നതാണ് ആ ദര്‍ശനം.

അവര്‍ സ്നേഹത്തെ, അടുപ്പത്തെ, പ്രണയത്തെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ മിക്കപ്പോഴും ആ അടയാളപ്പെടുത്തല്‍ ദുരന്തത്തിന്റെ പാതാളങ്ങളില്‍ ചെന്നു വീഴുകയും ചെയ്യുന്നു. മനുഷ്യ ജീവിതത്തില്‍ മരണം പോലെ ഉറപ്പുള്ളത്, വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത് ദുരന്തങ്ങളാണെന്ന് അവര്‍ മനുഷ്യ രാശിയെ നിരന്തരമായി ഓര്‍മ്മിപ്പിക്കുന്നു.

അവരുടെ ഒരു കവിതയില്‍ നാം ഇങ്ങിനെ വായിക്കുന്നു:

നിഷ്പക്ഷത (ലിംഗഭേദമില്ലായ്മ ) നല്ലതാണ്,

അര്‍ഥശൂന്യമായ കാലുകള്‍ എനിക്ക് വേണം.

സഹിക്കാനാവാത്ത ചില കാര്യങ്ങളുണ്ട്.

കുറേക്കാലം അവയില്‍ നിന്ന് ഒഴിഞ്ഞുമാറാം.

പിന്നെ നിങ്ങള്‍ മരിക്കുന്നു.

കടല്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നത്

നിന്റെ 'ഗ്രീന്‍ റൂമി'നെയാണ്

അസഹ്യമായ ചിലതുണ്ട് അവിടെ

പുച്ഛം, രാജകുമാരന്മാര്‍,

മരണത്തിന്റെ ചെറിയ അളവ്.

മനുഷ്യ ജീവിതത്തില്‍ മരണം ഉറപ്പായതിനാല്‍ ആഘോഷങ്ങള്‍ക്കും അര്‍മാദങ്ങള്‍ക്കും തിമിര്‍പ്പുകള്‍ക്കും വിഷാദഛായയുള്ളതായി അവര്‍ മിക്ക കവിതകളിലും ഓര്‍ക്കുന്നു. അത് ഗ്രീക്ക് പുരാവൃത്തത്തെ സമകാലികമാക്കിക്കൊണ്ടായിരിക്കും. സോക്രട്ടീസിനെക്കുറിച്ച് പറഞ്ഞു കൊണ്ട് അവര്‍ ഈ വാദം ഇങ്ങിനെ അവതരിപ്പിക്കുന്നു: സോക്രട്ടീസ് പറയുന്നതനുസരിച്ച് ' എറോസ്' (പ്രണയ ദേവന്‍) നിങ്ങളിലേക്ക് പ്രവേശിക്കുന്ന നിമിഷമാണ് നിങ്ങളുടെ കഥ ആരംഭിക്കുന്നത്. ആ കടന്നുകയറ്റം ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സാഹസികതയാണ്. അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഒരാളുടെ ഉള്ളിലുള്ള ഗുണനിലവാരം, വിവേകം, ഔചിത്യം എന്നിവയുടെ അളവുകോലായി മാറുന്നു. ആ അനുഭവത്തിലൂടെ പെട്ടെന്നുള്ളതും അമ്പരപ്പിക്കുന്നതുമായ രീതിയില്‍ ഒരു മനുഷ്യന്‍ തന്റെ ഉള്ളിലുള്ള എല്ലാത്തിനേയും അഭിമുഖീകരിക്കുന്നു. നിങ്ങള്‍ ആരാണ്, എന്താണ് ഒരാളില്‍ കുറവുള്ളത്, എന്തായിത്തീരാന്‍ ആ മനുഷ്യന് കഴിയും എന്നിവയെല്ലാം അപ്പോള്‍ തിരിച്ചറിയപ്പെടുന്നു: ഇന്നത്തെ മനുഷ്യനിലേക്ക് നോക്കാന്‍ ഗ്രീക്ക് സംസ്‌ക്കാരത്തിന്റെ പല വഴികള്‍ എന്തു കൊണ്ടുപയോഗിക്കുന്നു എന്ന് വ്യകതമാക്കുന്നതാണ് സോക്രട്ടീസിനെ മുന്‍നിര്‍ത്തിയുള്ള മനുഷ്യ കുലത്തെ സംബോധന ചെയ്യുന്ന രീതി. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ ഉദ്ധരണി.

അവരുടെ മാസ്റ്റര്‍ പീസായി വായനാസമൂഹവും നിരൂപകരും കരുതുന്ന ' ഓട്ടോ ബയോഗ്രഫി ഓഫ്് റെഡി'ന്റെ ആദ്യ ഖണ്ഡികയില്‍ ഇങ്ങിനെയൊരു വാചകമുണ്ട്: ഭാഷകള്‍ പഠിക്കാന്‍ അതിയായ ആഗ്രഹമുള്ളവരും തങ്ങള്‍ക്ക് എന്തു സംഭവിക്കാമെന്നും ബോധ്യമുള്ളവരുമാണ് അഭയാര്‍ഥി സമൂഹങ്ങള്‍: ഭാഷയില്ലെങ്കില്‍, വാക്കുകളില്ലെങ്കില്‍ മനുഷ്യരാശി മുഴുവനായും അഭയാര്‍ഥികളായിപ്പോകും എന്നു പറയുമ്പോള്‍ ഭാഷകളുടെ കരുത്തിലേക്ക് ആന്‍ വായനക്കാരെ നയിക്കുന്നു. കാവ്യ നോവലായും നോവല്‍ കാവ്യമായും പരിഗണിക്കപ്പെട്ട ഈ കൃതിയുടെ കേന്ദ്ര പ്രമേയത്തെ ഇങ്ങിനെ സംക്ഷിപ്തമാക്കാം: ഗെറിയോണ്‍ എന്ന ചുവന്ന ചിറകുകളുള്ള ഒരു ബാലന്റെ ജീവിതവും പ്രണയവും ആത്മാന്വേഷണവും വിവരിക്കുന്ന കാവ്യാത്മക നോവലാണിത്. ഗ്രീക്ക് പുരാണത്തിലെ ഹെറാക്ലീസിന്റേയും ഗെറിയോണിന്റെയും കഥയെ ആധുനികമായ രീതിയില്‍ പുനരാവിഷ്‌കരിക്കുന്ന ഈ കൃതി, ഗെറിയോണിന്റെ ബാല്യം, കുടുംബാനുഭവങ്ങള്‍, ലൈംഗിക സ്വത്വം, ഏകാന്തത, ഹെറാക്ലീസിനോടുള്ള പ്രണയം എന്നിവയിലൂടെ മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങളെ അവതരിപ്പിക്കുന്നു. ഫോട്ടോഗ്രഫിയിലും എഴുത്തിലും താല്‍പര്യമുള്ള ഗെറിയോണ്‍ തന്റെ അനുഭവങ്ങളെ രേഖപ്പെടുത്തുന്നതിലൂടെ സ്വന്തം സ്വത്വം തിരിച്ചറിയാന്‍ ശ്രമിക്കുന്നു. പ്രണയം, വേദന, ഓര്‍മ, ആസക്തി, സ്വാതന്ത്ര്യം എന്നിവയാണ് കൃതിയുടെ പ്രധാന പ്രമേയങ്ങള്‍. പുരാണവും ആധുനിക ജീവിതവും സംയോജിപ്പിച്ചുകൊണ്ട്, വ്യക്തിയുടെ സ്വത്വം എങ്ങനെ രൂപപ്പെടുന്നു എന്നും പ്രണയവും നഷ്ടവും ഒരാളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ആന്‍ കാര്‍സണ്‍ ഈ കൃതിയിലൂടെ അന്വേഷിക്കുന്നു: ഗ്രീക്ക് പുരാണത്തിലെ ഗെറിയോണ്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ കൃതിയില്‍ ഒരു ഫോട്ടോഗ്രാഫറായി പുനര്‍ജനിക്കുന്നു. ഫോട്ടോഗ്രാഫിയെക്കുറിച്ച് വിശദമായി പഠിച്ചെഴുതിയ സൂസന്‍ സൊന്റാഗിന് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരിയായിരുന്നു ആന്‍ എന്നതും ഇവിടെ ഓര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ ഗ്രീക്ക് പുരാവൃത്തങ്ങളില്‍ നിന്ന് 20, 21 നൂറ്റാണ്ടുകളിലേക്ക് തന്റെ കൃതിയിലൂടെ പാലം നിര്‍മ്മിക്കുകയാണ് ആന്‍ കാര്‍സണ്‍.

ആനിന്റെ എഴുത്തിന്റെ പ്രധാനപ്പെട്ട സ്വഭാവങ്ങള്‍ എന്തൊക്കെയാണ്?

ഗ്രീക്ക് പുരാണങ്ങളെ സമകാലികമായ കാഴ്ചപ്പാടിലൂടെ പുനര്‍വായിക്കുന്ന കാഴ്സണ്‍, കവിത, ഗദ്യം, ഉപന്യാസം തുടങ്ങിയ സാഹിത്യരൂപങ്ങളെ പരസ്പരം സംയോജിപ്പിക്കുന്നു. പരമ്പരാഗതമായ സാഹിത്യഘടനകളെ മറികടക്കുന്ന ഈ പരീക്ഷണാത്മക രീതി അവരുടെ എഴുത്തിന്റെ പ്രധാന സവിശേഷതയാണ്. കൂടാതെ, ഭാഷയുടെ സങ്കീര്‍ണത, ശകലാത്മകമായ ആഖ്യാനരീതി, ദൃശ്യബിംബങ്ങളുടെ ഉപയോഗം, ലിംഗസ്വത്വത്തെയും ലൈംഗികതയെയും കുറിച്ചുള്ള അന്വേഷണങ്ങള്‍ എന്നിവയും അവരുടെ രചനകളെ ശ്രദ്ധേയമാക്കുന്നു: വലിയ തോതില്‍ രാഷ്ട്രീയ നിലപാടുള്ള എഴുത്തുകാരിയാണ് അവര്‍. മുതലാളിത്തത്തെക്കുറിച്ച്്് ആന്‍ ഇങ്ങിനെ പ്രതികരിച്ചു:

സൈക്കോപതിക്ക് (സാമൂഹ്യ വിരുദ്ധ മനോഭാവങ്ങള്‍) മുതലാളിത്ത വ്യവസ്ഥയുമായി യാതൊരു ബന്ധവുമില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ക്ക് തെറ്റി. മുതലാളിത്തം ക്രൂരതയെ പുല്‍ത്തകിടിയില്‍ നിന്നുള്ള വാതകം പോലെ പുറന്തള്ളുന്നു:

ദൈവം, ആത്മീയത എന്നിവയും അവരുടെ പ്രമേയങ്ങളാണ്. 'ദൈവസ്നേഹത്തെക്കുറിച്ച് അറിയുന്നതിനുള്ള പട്ടണം' എന്ന കവിത ഇങ്ങിനെയാണ്:

കഴിഞ്ഞ ദിവസം

ഞാനൊരു തെറ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ എന്റെ സ്യൂട്ട്കേസ് തയ്യാറാണ്.

യാത്രക്കായി പുഴുങ്ങിയ രണ്ട് മുട്ടകള്‍

കരുതിയിരിക്കുന്നു.

എല്ലായിടങ്ങളിലും എന്റെ

കണ്ണുകള്‍ പതിഞ്ഞിരുന്നു.

അതല്ലാതെ മറ്റെങ്ങനെയാകാനാണ്?

ഒരു ചെറിയ ചില്ലയെയും വഹിച്ചുകൊണ്ട്.

ഒഴുകുന്ന അരുവി പോലെ.

ആ തേങ്ങലുകള്‍ എന്നെ

നിനക്ക് കേള്‍ക്കാവുന്നതാക്കിത്തീര്‍ത്തു.

ഈ കവിതയിലെ തേങ്ങല്‍ മനുഷ്യന്റേതാണോ, അതോ ദൈവത്തിന്റേതോ? ആ ചോദ്യത്തിനുള്ള ഉത്തരം നിശ്ശബ്ദതയുടെ മുഴക്കമുള്ള ഈ കവിത വായനക്കാരിലേക്ക് പകരുന്നു. മനുഷ്യ സ്വത്വം, സത്ത എന്നിവയെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണവും അവരുടെ രചനാലോകത്ത് നിരന്തരമായി പ്രവര്‍ത്തിക്കുന്നു. ഇതിനെക്കുറിച്ച് ജെസിക്ക ഫിഷര്‍ ഇങ്ങിനെ എഴുതി: ആനി കാഴ്സണ്‍ തന്റെ സൂചനാപരവും അന്തര്‍ലീനവുമായ കൃതികളില്‍ ലയിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാ അതിരുകളിലും ഏറ്റവും ശക്തമായത് സ്വത്വമാണ്. ആനിന്റെ കവിതകളും ലേഖനങ്ങളും സമാഹരിച്ച'ഗ്ലാസ്, ഐറണി, ഗോഡ്' എന്ന കൃതിയില്‍ അവര്‍ ഉന്നയിക്കുന്നത് ഞെട്ടിക്കുന്ന ചോദ്യങ്ങളാണ്. അവര്‍ അഭിസംബോധന ചെയ്യുന്ന ശക്തമായ ഒരു ദാര്‍ശനിക അന്വേഷണരേഖ അവരുടെ എഴുത്തിലൂടെ കടന്നുപോകുന്നത് ഈ കൃതിയുടെ ഓരോ താളിലും സ്പ ന്ദിക്കുന്നത് നമുക്ക് അനുഭവിക്കാന്‍ കഴിയും. അവരുടെ ഒരു ചോദ്യം ശ്രദ്ധിക്കൂ. അകത്തും പുറത്തുമുള്ള വിഘടനത്തെ അടിസ്ഥാനമാക്കിയുള്ളതിനേക്കാള്‍ മറ്റൊരു തരം മനുഷ്യ സ്വത്വം ഇല്ലായിരുന്നെങ്കില്‍ ആലോചനകള്‍ എങ്ങിനെ ആയിത്തീരുമായിരുന്നുവെന്നാണ് ആ ചോദ്യം. മനുഷ്യ സ്വത്വത്തേക്കാള്‍ വലിയ മനുഷ്യ സത്ത: സ്വത്വവും സത്തയും തമ്മിലുള്ള സംവാദം സൗന്ദര്യത്തിന്റേയും ദുരന്തത്തിന്റേയും നിരവധി പ്രതലങ്ങള്‍ സൃഷ്ടിക്കുന്നു. ഈ തിരിച്ചറിവാണ് ആന്‍ കാഴ്സനെ വായിക്കുമ്പോള്‍ ലഭിക്കുന്ന പ്രധാന ദര്‍ശനം. ഇന്ന് മനുഷ്യരാശി തന്നെ പലവിധ അപചയങ്ങളുടെ പാതാളങ്ങളിലേക്ക് നിലം പൊത്തുമ്പോള്‍ ഈ ദ്വന്ദ്വം അതിജീവിക്കാനുള്ള പ്രധാന ഉപകരണങ്ങളിലൊന്നായി നമുക്ക് മനസ്സിലാക്കാനും കഴിയും. അതു കൊണ്ടാണ് ആന്‍ പട്ടാളക്കാരനും തീര്‍ഥാടകനും എന്തു കൊണ്ട് ഒരേ പാതയിലൂടെ രണ്ട് വിഭിന്ന കാര്യങ്ങള്‍ക്കു വേണ്ടി സഞ്ചരിക്കുന്നു എന്ന് ചോദിക്കുന്നത്. നോബല്‍ സമ്മാനം അങ്ങേയറ്റം അപരിചിതമായ ആ ചോദ്യത്തിന് കൂടിയുള്ളതാണ്.

ഗ്രീക്ക് പുരാവൃത്തങ്ങളിലേക്ക് നിരന്തരമായി പോകുമ്പോഴും ആനില്‍ ഒരു സ്ത്രീവാദി കൂടി എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ചരിത്രപരമായിത്തന്നെ സ്ത്രീ ശബ്ദങ്ങളെ ബധിരമാക്കുന്നതിനെക്കുറിച്ച്, കഴുത്ത് ഞെരിച്ച് കൊല്ലുന്നതിനെക്കുറിച്ച് അവര്‍ തന്റെ ലേഖനങ്ങളില്‍ ആഴത്തില്‍ പരിശോധിച്ചിട്ടുണ്ട്. 'സ്ത്രീ' എന്ന കവിതയിലും ഈ അന്വേഷണം കാണാം.

ആ രചന ഇങ്ങിനെയാണ്:

സ്ത്രീയെ, അതിരുകള്‍ സുസ്ഥിരമല്ലാത്തതും അവയെ നിയന്ത്രിക്കാനുള്ള ശേഷി അപര്യാപ്തവുമായ ഒരു ജീവിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. രൂപഭേദങ്ങള്‍ അവളെ എപ്പോഴും പിന്തുടരുന്നു. അവള്‍ വികസിക്കുന്നു, ചുരുങ്ങുന്നു, സ്രവിക്കുന്നു, ദ്വാരങ്ങള്‍ രൂപപ്പെടുന്നു, ഒടുവില്‍ ശിഥിലമാകുന്നു. രക്തസ്രാവം, ശരീരത്തിലേക്കുള്ള പ്രവേശനം, ഗര്‍ഭധാരണം, രൂപമാറ്റങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സ്ത്രീയുടെ ജീവിതചക്രത്തെക്കുറിച്ച് ചിന്തിക്കുക. സ്‌കില്ല, മെഡൂസ, സൈറന്‍സ്, ഹാര്‍പ്പീസ്, ആമസോണ്‍സ്, സ്ഫിങ്ക്‌സ് എന്നിങ്ങനെ അതിരുകള്‍ക്ക് സ്ഥിരതയില്ലാത്ത സ്ത്രീരൂപങ്ങളായ ഗ്രീക്ക് പുരാണത്തിലെ രാക്ഷസീയ കഥാപാത്രങ്ങളെ ഓര്‍ക്കുക. ശാരീരികവും മാനസികവും ധാര്‍മികവുമായ ആത്മനിയന്ത്രണം ഒരു പുണ്യമായാണ് കണക്കാക്കപ്പെട്ടത്. എന്നാല്‍ പുരാതന കാഴ്ചപ്പാടനുസരിച്ച് സ്ത്രീകള്‍ക്ക് അത്തരമൊരു ഗുണം തീര്‍ത്തും അന്യമാണ്. ഒരു കൃത്യമായ രൂപമോ സ്ഥിരതയോ കൈവരിക്കുന്നതിന് പുരുഷന്‍ നിശ്ചയിക്കുന്ന നിയന്ത്രണങ്ങള്‍ക്കും നിര്‍വചനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ സ്ത്രീ നിര്‍ബന്ധിതയാകുന്നു: സ്ത്രീയുടെ സത്തയെക്കുറിച്ചുള്ള വാദങ്ങളുടെ കേന്ദ്രത്തില്‍ അവരുടെ ഈ കവിത നില്‍ക്കുന്നുണ്ട്.

ഇങ്ങിനെ പല പാളികളിലൂടെ, അവരുടെ ഭാഷ കടമെടുത്താല്‍ ഇരുട്ടില്‍ ഒരു ഹിമപാളി പാഞ്ഞടുക്കുമ്പോള്‍ അതിനെ നേരിടുക തന്നെ എന്ന നിശ്ചയദാര്‍ഡ്യം ആന്‍ കാഴ്സണ്‍ എപ്പോഴും നില നിര്‍ത്തുന്നു. അവരുടെ എഴുത്ത് ലോകത്തിന്റെ മൗലികത അതാണ്. ഇരുട്ടിനെപ്പോലും വെളിച്ചമാക്കി പരിവര്‍ത്തിപ്പിക്കുന്ന രാസപ്രവര്‍ത്തനം.

V. Musafar Ahamed presents a literary appreciation of the work by Anne Carson associated with the Nobel Prize in Literature, exploring its literary qualities and themes.