

2026ലെ വയലാർ അവാർഡ് ലഭിച്ച, ആർ രാജശ്രീയുടെ 'ആത്രേയകം' എന്ന നോവലിനെ ആസ്പദമാക്കിയുള്ള നിരൂപണം- ആർ പി ശിവകുമാർ
ദ്രുപദൻ എന്നും പാർഷദനെന്നും പൊതുവേ അറിയപ്പെടുന്ന യജ്ഞസേനന് കുട്ടികളുണ്ടായിരുന്നില്ല. അതിനായി ശിവനെ തപസു ചെയ്തപ്പോൾ ജനിച്ച കുട്ടിയിൽ പിതാവെന്ന നിലയിൽ അയാൾ സംതൃപ്തനുമായിരുന്നില്ല. പിന്നീടാണ് സഹപാഠിയായ ദ്രോണർ സന്ദർശിക്കാനെത്തിയപ്പോൾ ‘തുല്യനിലയിലുള്ളവർ തമ്മിൽ വേണം സൗഹൃദം’ എന്നു പറഞ്ഞ് അഹങ്കാരത്തോടെ ദ്രോണരെ അപമാനിച്ചു വിട്ടതും ഗുരുദക്ഷിണയായി ദ്രോണർ അർജുനനെക്കൊണ്ട് പാഞ്ചാല രാജ്യത്തെ കീഴടക്കി സ്വന്തമാക്കി ‘തുല്യനില’എന്താണെന്ന് ദ്രുപദനെ പഠിപ്പിച്ചതും. ഭീഷ്മരെ കൊല്ലാൻ ഒരാൺകുട്ടി വേണമെന്ന അയാളുടെ ആദ്യത്തെ ആഗ്രഹത്തിന്റെ ഫലമാണ് ശിഖണ്ഡിനി. തന്നെ പിടിച്ചു കെട്ടി അപമാനിച്ച, പഴയ സഹപാഠിയായ ദ്രോണരെ കൊല്ലാൻ ഒരാൺകുഞ്ഞും തന്നെ പിടിച്ചുകെട്ടിയ അർജുനനെന്ന ചുണക്കുട്ടിക്കു നൽകാൻ ഒരു പെൺകുഞ്ഞും വേണമെന്ന് അയാൾ ആഗ്രഹിക്കുന്നതിന്റെ ഫലമാണ് യജ്ഞസന്തതികളായ കൃഷ്ണയും ധൃഷ്ടദ്യുമ്നനും.
സാധാരണ നിലയിൽ വരം ആവശ്യപ്പെടുന്ന വക്താവിനെ വഴി പിഴപ്പിക്കുന്ന രീതിയിൽ ദേവന്മാരുടെ കുത്സിതതന്ത്രങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും (രാമായണത്തിൽ, നിർദേവത്വം ആവശ്യപ്പെട്ട കുംഭകർണ്ണന്റെ നാവിൽ കയറിയിരുന്ന് സരസ്വതി ആ വാക്കിനെ നിദ്രാവത്വം എന്നു മാറ്റിയതുപോലെ) ഇവിടെ യാതൊന്നും അത്തരത്തിൽ സംഭവിക്കാതെതന്നെ ശിവൻ, ആവശ്യപ്പെട്ടതിൽനിന്നു വ്യത്യസ്തമായി ഒരു പെൺകുട്ടിയെ ദ്രുപദനു നൽകുന്നു. കാരണം ഭാരതസന്ദർഭത്തിൽ വ്യക്തമല്ല.
രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും പകയും കഥയുടെ അടിയൊഴുക്കായി ഉണ്ട്. അതുപോലെ വ്യക്തികളുടെ ജീവിതദൗത്യങ്ങളുടെ കാര്യത്തിലും കെട്ടിയുണ്ടാക്കുന്ന കഥകൾ ചില അന്തർഗതങ്ങളെ സൂക്ഷിച്ചുവച്ചിരിക്കുന്നു. മഹാഭാരതത്തിൽ അർജ്ജുനന്റെ വധുവായ ചിത്രാംഗദയുടെ ജീവിതകഥയിലും ഇതേ കാര്യത്തിന്റെ ആവർത്തനം കാണാം. ആൺകുട്ടിയെമാത്രം കാത്തിരിക്കുന്ന ദമ്പതികൾ, അവർക്കു ജനിച്ച പെൺകുട്ടിയെ അടച്ചുറപ്പുള്ള അന്തപ്പുരത്തിലെ രഹസ്യത്തിൽ ആൺകുട്ടിയായി വളരുന്നു. പക്ഷേ പ്രായപൂർത്തിയാകുന്നതോടെ അയാളുടെ ശരീരത്തിലെ ഇരട്ട ലിംഗത്വം യാഥാർത്ഥ്യമായി അയാളെ അഭിമുഖീകരിക്കാൻ ആരംഭിക്കുന്നു. ശിഖണ്ഡിനി ഉണ്ടായിരുന്നിട്ടും യജ്ഞസേനനു കുട്ടികളില്ലാതിരുന്നു എന്ന പരാമർശം ഉണ്ടാകാൻ കാരണം യുദ്ധത്തിൽ വീര്യം പ്രദർശിപ്പിക്കാനുള്ള ‘മകന്റെ’ അഭാവമാണ്. ഈ സംഘർഷത്തെ സമകാലികമായ ലിംഗപദവിബോധത്തിന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്തതിന്റെ ഫലമാണ് ‘ആത്രേയകം’ എന്ന നോവൽ. നോവലിൽ ശിഖണ്ഡി(നി)യെന്ന പേര് ആർ രാജശ്രീ എവിടെയും ഉപയോഗിച്ചിട്ടില്ല. പകരം ‘ശത്രുക്കളില്ലാത്തവൻ’ എന്ന അർത്ഥത്തിൽ നിരമിത്രൻ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. ലിംഗശരീരങ്ങളുടെ സാമൂഹികമായ പ്രകടനങ്ങളെപ്പറ്റിയുള്ള ചിന്തകൾ അതിന്റെ അടിയൊഴുക്കായിത്തീരുന്നു.
വിവാഹശേഷം ഭർത്താവിന്റെ ശരീരത്തിൽ ആസക്തിയോടെ പരതുന്ന വധു, ഹിരണ്യവർമ്മന്റെ പുത്രിയുടെ കൈയിൽ തടഞ്ഞ മുലകളാണ് ‘ആത്രേയക’ത്തിൽ നിരമിത്രന്റെ ലിംഗപരമായ അസ്തിത്വത്തെ സാമുഹികവും രാഷ്ട്രീയവുമായ പ്രശ്നമാക്കി മാറ്റുന്നത്. സാഹചര്യം ശിഖണ്ഡിക്കു തുല്യമാണെങ്കിലും, അച്ഛനമ്മമ്മാരോ വിധിഹിതമോ അല്ല, വധുവിന്റെയും അതുവഴി അവളുടെ അച്ഛന്റെയും അയാൾ ഭരിക്കുന്ന രാജ്യത്തിന്റെയുമെല്ലാം സംശയത്തിനു മുന്നിലാണ് അയാൾ പ്രതിയായി നിൽക്കുന്നത്. വിവാഹത്തിനു മുൻപ്, അവന്തിക, സുഷേണൻ, വിശാഖ എന്നിവരുമായി നിരമിത്രനുണ്ടായിരുന്ന ശാരീരികബന്ധത്തെപ്പറ്റിയും അതിൽനിന്നുള്ള അനുഭൂതിയെപ്പറ്റിയും നോവൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. നിരമിത്രൻ എന്ന പേരിലെ ‘അൻ’ പ്രത്യയം അയാളുടെ ആണത്തസ്ഥിരീകരണത്തിലേക്കുള്ള സൂചനയാണ്. അയാളുടെ ആൺലൈംഗികസ്വത്വത്തെ മുൻനിർത്തിയുള്ള കലഹമാണ് പിതാവിൽനിന്നുള്ള അപമാനത്തിനു കാരണമായി ത്തീരുന്നതും ആത്മഹത്യക്കു പ്രേരിപ്പിക്കുനതും. നിരമിത്രനെ മരണത്തിൽനിന്നു രക്ഷപ്പെടുത്തുന്നതിനു പുറമേ അയാളെ കൂടുതൽ ആണാക്കുക എന്ന പ്രക്രിയയാണ് ആത്രേയകമെന്ന വൈദ്യഗ്രാമത്തിന്റെ ദൗത്യങ്ങളിൽ പിന്നീട് മുഖ്യമായിത്തീരുന്നത്.
ഇത് ബാഹ്യമായ മാറ്റമാണ്, നോവലിന്റെ അവസാനത്തിൽ നിരമിത്രൻ കൂടുതൽ സ്ത്രീയായി മാറുന്നതായി അനുഭവപ്പെടുന്നു. എല്ലാവരുടെയും ചങ്ങാതി എന്ന അർത്ഥത്തിലുള്ള നിരമിത്രൻ എന്ന സംജ്ഞയുടെയും ഉൾപ്പൊരുൾ അതിനകത്തുണ്ട്. ആധുനിക കാഴ്ചപ്പാടിൽ, ലിംഗപരമായ ദ്രവാവസ്ഥയുടെ (ജെൻഡർ ഫ്ലൂയിഡിറ്റി) സ്ഥിതിയാണ് നിരമിത്രനുള്ളത്. പക്ഷേ അപ്പോഴും നോവലിന്റെ അബോധം സ്ഥിരീകരിച്ചെടുക്കാൻ വെമ്പുന്നത് നിരമിത്രന്റെ ആണത്തമല്ലെന്ന കാര്യം പ്രധാനമാണ്. “സ്ത്രീ പുരുഷന്റെ മുന്നിൽ വിളമ്പിവച്ച വിഭവമാണെന്ന്” സ്വന്തം ഭാര്യയെ ആക്രമിച്ച് അപമാനിച്ചുകൊണ്ട് മകനെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ദ്രുപദന്റെ മുന്നിൽ നിന്നുരുകുന്ന നിരമിത്രൻ ‘താൻ ഇത്തരമൊരു പുരുഷനല്ലെന്ന്’ പറഞ്ഞ് കരയുന്ന സന്ദർഭം നോവലിലുണ്ട്. ഈ ആണത്തസങ്കല്പം ആധുനികലോകാവബോധവുമായി ഒത്തുപോകുന്ന ഒന്നാണ്. ഇത്തരമൊരു ‘ആൺസ്വത്വം‘ സമകാലത്തിന്റേതല്ല. എന്നാലും ഹിംസയും പീഡനവും ചൂഷണവും അക്രമവും യുദ്ധവും പുരുഷന്റെയും പുരുഷലോകത്തിന്റെയും സൃഷ്ടിയാണെന്ന ചിന്ത പ്രാചീനകാലം മുതൽ വർത്തമാനകാലംവരെയുണ്ട്. അവ നേരിട്ട് അനുഭവിച്ചവരുടെ വിവരണങ്ങളിൽ തീവ്രമായിത്തന്നെ ആ ആരോപണം മുന്നിട്ടു നിൽക്കുന്നു. 2015-ൽ സാഹിത്യത്തിനുള്ള നോബെൽ പുരസ്കാരം ലഭിച്ച സ്വെറ്റ്ലാന അലക്സ്യേവിച്ച്, നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിൽ ‘യുദ്ധം പുരുഷസ്വഭാവത്തിന്റെ ഉല്പന്നമാണെന്ന്’ എടുത്തു പറയുന്നുണ്ട്.
ആത്രേയകത്തിൽനിന്നു ലഭിച്ച ഇളയുടെ ചികിൽസയുടെ പരീക്ഷണഫലത്തിൽ നോവൽ ഈ കാര്യത്തെ ഒന്നുകൂടി ഉറപ്പിക്കുന്നതായി കാണാം. ദശാർണ്ണത്തിൽനിന്നു വന്ന ദാസിയെ ഉപദ്രവിച്ചു വശംകെടുത്തുന്ന നിരമിത്രന്റെ അക്രമത്തിൽ തെളിയുന്നതാണ് അതിന്റെ ഫലസിദ്ധി. ‘സ്വന്തം ഇച്ഛയ്ക്കു വിധേയനല്ലാതെ’ എന്ന ന്യായം അവിടെ കൂട്ടുണ്ടെങ്കിലും, അതിനു മുൻപ് ആണായിരിക്കുന്നതിന്റെ അർത്ഥം എന്ന നിലയിൽ ദ്രുപദൻ കൊട്ടാരത്തിൽവച്ചു കാട്ടിക്കൂട്ടിയ വിക്രിയയുമായി അതിനു സാദൃശ്യമുണ്ട്. നോവലിന്റെ അവസാനം ആത്രേയകത്തിലെ ചികിൽസയുടെ ഫലമായി മാറിയ സ്വത്വത്തെയും നിരമിത്രൻ ഉപേക്ഷിക്കുന്നതായി കാണുന്നു. അതിനർത്ഥം, പരമ്പരാഗതമായ സമീപനങ്ങളോടും അടിയുറച്ച പൊതുസങ്കല്പത്തോടും ചേരാതെ ഓരം പറ്റുന്ന ആഖ്യാനങ്ങളെയും ലിംഗത്വത്തെയും ലിംഗപദവിയെയും ആ നിലയ്ക്കുള്ള രാഷ്ട്രീയത്തെയും സംബന്ധിക്കുന്ന ആധുനികാവബോധങ്ങളെയും ഒന്നിച്ചുചേർത്തുകൊണ്ടുള്ള ഗതിയാണ് ‘ആത്രേയക’ത്തിന്റെ വ്യതിരിക്തത എന്നാണ്.
ജർമ്മൻ ഗ്രീറിന്റെ ‘ഫീമെയിൽ യൂനക്കി’നെ (1970) ഇവിടെ ഓർക്കുന്നത് ഉചിതമായിരിക്കും. സാമൂഹികമായും സാംസ്കാരികമായും അടിച്ചമർത്തപ്പെട്ട നിലയിലുള്ള സ്ത്രീപദവിയെയാണ് ജെർമെൻ ഗ്രീർ ‘ഫീമെയിൽ യൂനക്ക്’ എന്ന സങ്കല്പനംകൊണ്ട് വിശേഷിപ്പിച്ചത്. സ്വയം പ്രകാശനത്തിനോ നിർവാഹകത്വത്തിനോ അവസരമില്ലാതെ, ജീവിതത്തിൽ സ്വയം അധികാരശൂന്യമായ അവസ്ഥ അനുഭവപ്പെടുന്ന സ്ത്രീകളുടെ അവസ്ഥയായി അവതിനെ വിഭാവന ചെയ്തു. സമൂഹത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ച് പെരുമാറാനും പ്രകടനം നടത്താനുമുള്ള സമ്മർദ്ദം രൂപകപരമായി സ്ത്രീകളെ ‘ലിംഗഛേദന’ത്തിനു വിധേയരാക്കുന്നു എന്നാണ് ഗ്രീറിന്റെ വാദം. എല്ലാവർക്കും അറിയാവുന്ന ആശയങ്ങൾ അവതരിപ്പിക്കുകയും ഈ അവസ്ഥകൾ മാറുന്നതിനുള്ള ആശയമൊന്നും അവതരിപ്പിക്കാതിരിക്കുകയും ചെയ്യുന്നു എന്ന പേരിൽ ഗ്രീറിന്റെ പുസ്തകത്തെ മാർക്സിസ്റ്റ് ചിന്തകയായ എവ്‌ലിൻ റീഡ് (1971) തള്ളിക്കളയുന്നുണ്ടെങ്കിലും, (നിരമിത്രന്റെ ആത്യന്തികമായ പരാജയം ആ വാദത്തെയും ഈ അവസരത്തിൽ പ്രസക്തമാക്കുന്നു) സങ്കല്പം എന്ന നിലയ്ക്ക് ‘ഫീമെയിൽ യൂനക്’ നിരമിത്രന്റെ സൃഷ്ടിയിൽ ബോധപൂർവമോ അബോധാത്മകമായോ ചെലുത്തുന്ന സ്വാധീനത്തെ കണ്ടില്ലെന്നു നടിക്കാനാവില്ല. ശരീരത്തിന്റെ ആണത്താകാംക്ഷകളെ തള്ളിക്കളയുന്ന രീതിയിൽ അവസാനം ‘അയാൾ’ പൂർണ്ണമായും അമ്മയുടെ മാനസികനിലയിലേക്ക് മാറുന്നുമുണ്ട്.
“ഉടലിലെയും ഉയിരിലെയും ശക്തിമുഴുവൻ സംഭരിച്ച് കൃഷ്ണയുടെ രാജകുമാരന്മാരുടെ ശയ്യയിലേക്ക് നിരമിത്രൻ ഇഴഞ്ഞെത്തി. നിശ്ചലരായ ഓരോരുത്തരെയും തൊട്ടു നോക്കി.
എന്റെ കുഞ്ഞുങ്ങൾ ഭയക്കരുത്. ഞാൻ കാവലുണ്ട്. അയാൾ അതീവ ദുർബലമായ സ്വരത്തിൽ പറഞ്ഞു.” (പുറം 382)
അന്ത്യഭാഗത്ത് അയാൾക്കുണ്ടാകുന്ന ഈ മാറ്റം, കഥയുടെ തുടക്കത്തിൽ തന്റെ കുഞ്ഞിനെ വേദനിപ്പിച്ച ജനമേയന്റെ സഹോദരന്മാരോട് ചീറുന്ന സരമയുടേതിനു തുല്യമാണ്. സരമയുടെ കത രാജശ്രീ നോവലിന്റെ ആമുഖകഥയായാണ് നൽകിയിരിക്കുന്നത്. നോവലിനുള്ളിൽ അതിനു പ്രസക്തി കൈവരുന്ന സന്ദർഭമാണ് മുകളിൽ എടുത്തെഴുതിയത്. അതീവദുർബലനും(യും) ആസന്നമരണനും(യും) ആയതിനാൽ അയാൾ സരമയെപ്പോലെ തന്റെ ജീവിതത്തിലെ അവസാനശത്രുവിനെ ശാരീരികമായോ (യുദ്ധംകൊണ്ടോ) മാനസികമായോ (ശാപം കൊണ്ടോ) മറികടക്കുന്നില്ല. സഹോദരിയായ കൃഷ്ണയുടെ മക്കൾ, ഒരർത്ഥത്തിൽ അയാളുടെതന്നെ മക്കളാണ്. അവരെ കൊലയിൽനിന്നു സംരക്ഷിക്കാനും അവരുടെ അഭിമാനം വീണ്ടെടുക്കാനും കഴിയാതെപോയതിലുള്ള കുറ്റബോധവും ആസന്നനിമിഷത്തിൽ പ്രകാശിതമാകുന്ന വാത്സല്യവും അയാളെ പരാജയപ്പെട്ട മറ്റൊരു ‘സരമ’യുടെ അപരസ്വത്വയാക്കിത്തീർക്കുന്നു.
‘ആത്രേയക’ത്തിലെ ഇള, നിരമിത്രൻ, ചിത്രാംഗദ - ഈ കഥാപാത്രങ്ങൾക്കും അവയുടെ മഹാഭാരതപശ്ചാത്തലങ്ങൾക്കും ഉള്ള ലിംഗപരമായ അസ്ഥിരത വ്യത്യസ്തമായ നിലകളിലുള്ളതാണെങ്കിലും സ്ത്രൈണമായ അവസ്ഥകളിലാണ് അവയുടെ ആത്യന്തികമായ വിശ്രാന്തി. ഇരാവാന്റെ പ്രാദേശികപാഠത്തിലുള്ള സ്വവർഗലൈംഗികതയും ചേർത്തുവയ്ക്കാം. ഇളയുടെ പൂർവകഥയിലെ ഉഭയലിംഗത്വം, ശിഖണ്ഡിയുടെ ലിംഗമാറ്റം, വിദുരരുടെ ധർമ്മചിന്ത ഒഴിയാത്ത ശാപഗ്രസ്തമായ ശൂദ്രത്വം, ചിത്രാംഗദയുടെ പ്രകടനപരമായ ലിംഗാന്തരത്വം - ഇവയെല്ലാം അനിവാര്യമായ വ്യക്തിദുരന്തത്തിലേക്കുള്ള വഴിത്താരകളായിത്തീരുകയാണ്.
ഭൂമി എല്ലാവർക്കും സുന്ദരമല്ലെന്ന് മനസിലാക്കാൻ ശൂദ്രൻ, സ്ത്രീ, നപുംസകം -ഇതിലേതെങ്കിലും ഒന്നായി ജനിക്കണമെന്ന് മാണ്ഡവ്യൻ ധർമ്മദേവനെ അറിയിക്കുന്നതായി നോവലിലുണ്ട്. അതിനോടൊപ്പം ചിത്രാംഗദയും ഹിഡുംബിയും ഉലൂപിയും ഇരാവാനും ഘടോത്കചനും പ്രതിനിധീകരിക്കുന്ന പർവത-കാനന ഭൂമികളിലെ, സഹനശക്തിയും വിധേയത്വവും കൈമുതലായുള്ള കരുത്തരായ അരികുജീവിതങ്ങളെയും ചേർത്തു പിടിച്ചുള്ള മറ്റൊരു ഭാരതഗാഥയായി ‘ആത്രേയകം’ മാറുന്നു. ന്യൂനപക്ഷാത്മകത (മൈനോരിറ്റി) എന്നു വിളിക്കാവുന്നതരത്തിൽ അടിസ്ഥാന പരമായി, സ്ത്രൈണതയിലേക്ക് കുതിക്കുന്ന ജീവിതാവേഗങ്ങളുടെ പരാജയം ഏതു ശാരീരികാവസ്ഥയിലും സ്വാഭാവികമാണെന്ന് കാണിച്ചുതരികയാണ് ‘ആത്രേയകം’ ചെയ്യുന്നത്. സ്ത്രൈണത ഒരു ശാരീരിക നിലമാത്രമല്ലെന്ന നിലപാടാണ് അതിന്റെ അടിത്തറ.
ആത്രേയകം എന്ന സാങ്കല്പിക ഇടത്തിന്റെ മധ്യസ്ഥനിലയെ ഭൂമിശാസ്ത്രപരം മാത്രമല്ല, ആൺ-പെൺ സ്വത്വങ്ങൾക്കിടയിലെ പരിവർത്തന സ്ഥലമെന്ന നിലയ്ക്കും ബോധാബോധങ്ങൾക്കിടയിലെ ‘സൂപ്പർ ഈഗോ’ എന്ന ഊർജ്ജത്തിന്റെ പ്രവർത്തന സ്ഥലമെന്ന നിലയ്ക്കും മനശ്ശാസ്ത്രപരമായും മനസിലാക്കാവുന്നതാണ്. മാത്രമല്ല ‘ആത്രേയകം’ എന്ന നോവലിന്റെ ശില്പപരമായ ഘടനയിൽപോലും കടന്നുകയറി പ്രവർത്തിക്കുന്നതരം പ്രാധാന്യവും ആ ഇടഭൂമിയ്ക്കുണ്ട്. അങ്ങനെ ഭൂമിശാസ്ത്രപരമായി പ്രകൃതിയിൽ പുറത്തും മാനസികമായി വ്യക്തിയുടെ അകത്തുമുള്ള ഇടനിലകളെ അവതരിപ്പിക്കുന്നു എന്ന പ്രാധാന്യവും ആത്രേയകത്തിനുണ്ട്.
(തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ താത്കാലിക അധ്യാപകനാണ് ലേഖകൻ. സാമൂഹിക മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. കൽബുർഗിയുടെ ലേഖനങ്ങൾ (വിവ), ഉംബെർട്ടോ എക്കോ പുസ്തകം (എഡി), ‘ഒരു ശബ്ദം എന്നെ വിളിക്കുന്നു’ - ജിസേയ് - ജപ്പാൻ മരണകവിതകൾ, കണ്ണുകൾകൊണ്ടു ചിന്തിക്കുമ്പോൾ എന്നിവ കൃതികൾ)
The liminal nature of the fictional space ‘Athreyakam’ can be understood not only geographically, but also psychologically—as a transitional space between male and female identities, and as the site where the energy of the ‘superego’ operates between the conscious and the unconscious. Moreover, this intermediate space holds such significance that it permeates even the structural form of the novel Athreyakam. Thus, Athreyakam is significant in representing liminal spaces that exist externally in nature in a geographical sense and internally within the individual in a psychological sense.