Feature

മാൾട്ട പാർലമെന്റിൽ മുഴങ്ങിയ മലയാളിപ്പേര്; ഗീതു ലൂയിസിന്റെ നിശ്ശബ്ദ സേവനത്തിന് പ്രധാനമന്ത്രിയുടെ സല്യൂട്ട്

വിദേശ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്ന പുതിയ സർക്കാർ നയങ്ങൾ പ്രവാസികൾക്കിടയിൽ ആശങ്കയുയർത്തുമ്പോഴാണ് ഈ അംഗീകാരവും ശ്രദ്ധേയമാകുന്നത്

Sameena C V

മാൾട്ട പാർലമെന്റിൽ പ്രധാനമന്ത്രി റോബർട്ട് അബേലയുടെ പ്രശംസ ഏറ്റുവാങ്ങുമ്പോൾ, തൃശൂർ ചാലക്കുടി സ്വദേശിനി ഗീതു ലൂയിസിന് അത് ഒരിക്കലും പ്രതീക്ഷിക്കാത്തൊരു അംഗീകാരമായിരുന്നു. പ്രശസ്തിയോ ബഹുമതികളോ ലക്ഷ്യമിട്ടല്ല ഗീതു ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. കർശനമായ രഹസ്യസ്വഭാവമുള്ള ജോലിയായിരുന്നതിനാൽ, പ്രധാനമന്ത്രിയുടെ കുടുംബത്തെയാണ് താൻ പരിചരിക്കുന്നതെന്ന വിവരം സ്വന്തം മാതാപിതാക്കളോടുപോലും അവർ പങ്കുവെച്ചിരുന്നില്ല. എന്നാൽ, നിശ്ശബ്ദമായി ചെയ്ത ആ സേവനത്തിന് രാജ്യത്തിന്റെ പരമോന്നത വേദിയിൽ തന്നെ അംഗീകാരം തേടിയെത്തി.

മാൾട്ട പ്രധാനമന്ത്രി പാർലമെന്റിൽ പരസ്യമായി അഭിനന്ദിച്ചപ്പോൾ ഗീതുവിന് അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. “പ്രധാനമന്ത്രി എന്റെ പേര് പരാമർശിച്ചപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞാൻ നൽകിയ സേവനത്തിന് ഇത്രയേറെ അംഗീകാരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,” ഗീതു പറഞ്ഞു.

ഏകദേശം ഒരു വർഷം മുൻപ് മാൾട്ട മുൻ പ്രസിഡന്റും പ്രധാനമന്ത്രിയുടെ പിതാവുമായ ജോർജ് അബേലയ്ക്ക് അപകടം സംഭവിച്ചതിനെത്തുടർന്നാണ് ഗീതു അദ്ദേഹത്തിന്റെ പരിചരണച്ചുമതല ഏറ്റെടുക്കുന്നത്. ജോലി ചെയ്തിരുന്ന സ്ഥാപനം വഴിയാണ് ഈ ദൗത്യം ഗീതുവിലേക്കെത്തിയത്. തുടർന്ന് പ്രധാനമന്ത്രിയുടെ മകളുടെ ആരോഗ്യപരിചരണത്തിലും അവർ പങ്കാളിയായി. ജോർജ് അബേലയുടെ പരിചരണം പൂർത്തിയായ ശേഷവും കുടുംബത്തിലെ മറ്റൊരാൾക്ക് അപകടമുണ്ടായപ്പോൾ ഗീതുവിന്റെ സേവനം തന്നെ മതിയെന്ന് അബേല കുടുംബം ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, പ്രധാനമന്ത്രിയുടെ കുടുംബത്തെയാണ് പരിചരിക്കുന്നതെന്ന വിവരം സ്വന്തം മാതാപിതാക്കളോടുപോലും ഗീതു പങ്കുവെച്ചിരുന്നില്ല. പ്രധാനമന്ത്രിയുടെ പരാമർശത്തിലൂടെയാണ് തന്റെ സേവനത്തിന് ഇത്ര വലിയ അംഗീകാരം ലഭിച്ച വിവരം ഗീതു അറിയുന്നത്.

മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയുടെ ഭാര്യ ഡോ. ലിഡിയ അബേലയ്ക്കും മകൾക്കുമൊപ്പം ഗീതുവും മകളും

"പ്രധാനമന്ത്രി പാർലമെന്റിൽ എന്റെ പേര് പരാമർശിച്ചപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ സേവനത്തിന് ഇത്ര വലിയൊരു അംഗീകാരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല," ഗീതു പറയുന്നു. "ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും വിശ്വസ്തരായിരിക്കണം എന്ന ബൈബിൾ വചനമാണ് എനിക്ക് പറയാനുള്ളത്. ആത്മാർഥതയോടെ ചെയ്യുന്ന ജോലിക്ക് അതിന്റേതായ പ്രതിഫലം ഒരിക്കൽ നമ്മെ തേടിയെത്തും," ആത്മവിശ്വാസത്തോടെ അവർ കൂട്ടിച്ചേർത്തു.

തൃശൂർ സ്വദേശികളായ ലൂയിസ് പി വി, ബീന ലൂയിസ് എന്നിവരുടെ മകളായ ഗീതുവിന്റെ കുട്ടിക്കാലത്തെ സ്വപ്നമായിരുന്നു നഴ്സാവുകയെന്നത്. അങ്കമാലി ലിറ്റിൽ ഫ്ലവറിൽനിന്ന് നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം വിദേശത്തേക്ക് പറന്നു. ഇറ്റലിയിലായിരുന്നു ആദ്യ അഞ്ചുവർഷം. തുടർന്നാണ് എട്ടു വർഷം മുൻപ് മാൾട്ടയിലെത്തുന്നത്.

മാൾട്ട ഇന്റർനാഷണൽ എയർപോർട്ടിലായിരുന്നു ആദ്യത്തെ നിയമനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെത്തുന്നവരുടെ പരിശോധനയും സ്ക്രീനിങ്ങും നടത്തുന്നതിനായിരുന്നു ചുമതല. പിന്നീട് കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. ഹെൽത്ത് മാർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് കീഴിലായിരുന്നു ഈ പ്രവർത്തനങ്ങൾ.

മാൾട്ടയിലെ മലയാളി നഴ്സുമാരുടെ വലിയ സാന്നിധ്യം

ഗീതുവിന്റെ നേട്ടം ഒരു വ്യക്തിയുടെ മാത്രം വിജയമല്ല, മറിച്ച് യൂറോപ്യൻ രാജ്യമായ മാൾട്ടയുടെ ആരോഗ്യരംഗത്ത് നിർണായക സാന്നിധ്യമായ മലയാളി സമൂഹത്തിനുള്ള അംഗീകാരം കൂടിയാണ്. മാൾട്ടയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്സുമാരിൽ ഭൂരിഭാ​ഗവും മലയാളികളാണ്.

കേരളത്തിൽനിന്ന് മികച്ച തൊഴിൽജീവിതം തേടി മാൾട്ടയിലെത്തുന്ന നിരവധി വനിതകൾക്ക് നഴ്സിങ് മേഖല വലിയ അവസരമാണ് തുറന്നുനൽകുന്നത്. എന്നാൽ വിദേശരാജ്യത്തെ ജീവിതം ജോലി നേടുന്നതോടെ അവസാനിക്കുന്നില്ല. പുതിയ ഭാഷയും സംസ്കാരവും തൊഴിൽസാഹചര്യങ്ങളും ജീവിതച്ചെലവും കുടുംബത്തിൽനിന്നുള്ള അകലവും ഉൾപ്പെടെ നിരവധി വെല്ലുവിളികളിലൂടെയാണ് ഓരോ പ്രവാസിയും കടന്നുപോകുന്നത്. മാൾട്ടയിലെ എട്ടു വർഷത്തെ ജീവിതം വ്യക്തിയെന്ന നിലയിൽ തന്നെ ഏറെ കരുത്തയാക്കിയെന്ന് ഗീതു സാക്ഷ്യപ്പെടുത്തുന്നു.

പ്രശംസയ്ക്കൊപ്പം ചർച്ചയാകുന്ന വിദേശ തൊഴിലാളി നയം

യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ മാൾട്ടയുടെ സാമ്പത്തിക വളർച്ചയിൽ വഹിക്കുന്ന പങ്ക് എടുത്തുപറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ഗീതുവിനെ അഭിനന്ദിച്ചത്. ഇന്ത്യയിൽനിന്നെത്തി സ്വന്തം കുടുംബത്തിന്റെ ആരോഗ്യപരിചരണത്തിൽ വലിയ പങ്കുവഹിച്ച ഗീതുവിന്റെ ആത്മാർഥതയും സമർപ്പണവും പ്രധാനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു.

അംഗീകാരങ്ങൾക്കിടയിലും പുതിയ ബജറ്റിലെ ചില തീരുമാനങ്ങൾ പ്രവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിദേശ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന സൗജന്യ ശിശുപരിചരണ, പൊതുഗതാഗത ആനുകൂല്യങ്ങൾ പിൻവലിക്കുന്നതും ഡ്രൈവിങ് ലൈസൻസ് ഫീസ് വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നിർദേശങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

ഈ തീരുമാനങ്ങൾ ഇന്ത്യക്കാരടക്കമുള്ള വിദേശ തൊഴിലാളികളെ ബാധിക്കുമെന്നും പ്രത്യേകിച്ച് ദീർഘകാല താമസാനുമതി ലഭിക്കാത്തവർക്ക് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുമെന്നും ഗീതു ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും കുടുംബത്തോടൊപ്പം മാൾട്ടയിൽ കഴിയുന്നവർക്കും അധിക സാമ്പത്തിക ബാധ്യതകൾ താങ്ങുക എളുപ്പമല്ല. താമസച്ചെലവും മറ്റ് ഫീസുകളും വർധിക്കുന്ന സാഹചര്യത്തിൽ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കൊപ്പം സമ്പാദ്യം കണ്ടെത്തുന്നതും പ്രയാസകരമാകുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. മാൾട്ടയുടെ ആരോഗ്യരംഗത്തും സമ്പദ്‌വ്യവസ്ഥയിലും വിദേശ തൊഴിലാളികൾ നൽകുന്ന സംഭാവനകൾ പരിഗണിച്ച് സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നാണ് ഗീതുവിന്റെ പ്രതീക്ഷ.

മാൾട്ട തനിക്ക് നല്ല അനുഭവങ്ങളും അവസരങ്ങളും മാത്രമാണ് നൽകിയിട്ടുള്ളതെന്ന് ഗീതു പറയുന്നു. എങ്കിലും വിദേശരാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്ന വനിതകൾക്ക് മുന്നിലുള്ള വഴി എളുപ്പമല്ലെന്ന തിരിച്ചറിവും അവർക്കുണ്ട്. പ്രതിസന്ധികൾ വരുമ്പോൾ പിന്മാറാതെ പരിശ്രമിച്ചുകൊണ്ടിരിക്കണമെന്നാണ് തന്റെ അനുഭവങ്ങളിലൂടെ ​ഗീതു നൽകുന്ന സന്ദേശം.

വിദേശ തൊഴിലാളികളുടെ സേവനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമാണെന്ന് മാൾട്ടയുടെ പ്രധാനമന്ത്രി തന്നെ അംഗീകരിക്കുമ്പോഴും അതേ തൊഴിലാളികൽക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന പുതിയ സർക്കാർ നയങ്ങളും ചർച്ചയാകുകയാണ്. വിദേശ തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനൊപ്പം അവരുടെ തൊഴിൽപരവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കുന്നതും പ്രധാനമാണ്. അത്തരത്തിൽ ഗീതു ലൂയിസിന്റെ അനുഭവം വിദേശമണ്ണിൽ അധ്വാനിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ സംഭാവനകളെയും അവകാശങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് കൂടി വഴിയൊരുക്കുകയാണ്.

Malayali nurse Geethu Louis from Chalakkudy has earned recognition in Malta for her dedicated service to the family of the country's Prime Minister. Her commitment and contributions received appreciation in the Malta Parliament, bringing attention to the dedication of Malayali nurses working abroad.