കടകളിലും മറ്റും ജോലിക്കാർ ആരും ഇല്ലാതെ തുറന്നുവെക്കുന്ന യൂറോപിലെ ചിലയിടങ്ങളിലെ സ്ഥലങ്ങളെ കുറിച്ച് വാർത്തകൾ നാം വായിച്ചിട്ടുണ്ടാകും. വിൽക്കാനുള്ള സാധനങ്ങൾ നിറയെ നിരത്തിവെച്ച് ഉടമസ്ഥർ തങ്ങളുടെ മറ്റുകാര്യങ്ങളേക്ക് കടക്കും. വാങ്ങാൻ വരുന്നവർ ആവശ്യമുള്ളത് എടുത്ത് പണം അവിടെ വെക്കുകയോ ഓൺലൈൻആയി അടക്കുകയോ ചെയ്യും. ഇന്നേവരെ ഒരു കളവും ഇവിടങ്ങളിൽ നടക്കുന്നില്ലെന്നത് പലപ്പോഴും മാധ്യമങ്ങളിൽ നിറയാറുണ്ട്.
എന്നാൽ ഒരുപടികൂടി കടന്ന്, വീടുകളിലും കടകളിലും വാതിൽപോലും വെക്കാത്ത ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. മഹാരാഷ്ട്രയിലെ ശനി ശിംഘനാപൂർ എന്നാണ് ആ ഗ്രാമത്തിന്റെ പേര്. ഒരു തരത്തിലുള്ള മോഷണഭയവുമില്ലാതെയാണ് ഇവിടത്തെ ആളുകൾ മുൻവാതിലുകളില്ലാത്ത വീടുകൾ നിർമിക്കുന്നതും കടകൾ പൂട്ടാതെ തുറന്നിടുകയും ചെയ്യുന്നത്. ഇത് തുടങ്ങിയതാവട്ടെ, ഏകദേശം 300 വർഷങ്ങൾക്ക് മുമ്പും.
തെരുവുനായ്ക്കൾ അകത്ത് കയറാതിരിക്കാൻ ചില വീടുകളുടെ പ്രവേശന കവാടത്തിൽ മരപ്പലകകൾ ചാരിവയ്ക്കാറുണ്ട്. എന്നാൽ സ്ഥിരമായ വാതിലുകളോ പൂട്ടുകളോ സ്ഥാപിക്കാറില്ല. പണവും ആഭരണങ്ങളും സുരക്ഷാ സംവിധാനങ്ങളില്ലാതെ സൂക്ഷിക്കുന്നതിലും ഗ്രാമവാസികൾക്ക് ആശങ്കയില്ല. ഗ്രാമത്തിലെ പൊതുശൗചാലയങ്ങൾക്കുപോലും സ്വകാര്യതയ്ക്കായി ഒരു കനംകുറഞ്ഞ തിരശ്ശീല മാത്രമാണുള്ളത്.
ഗ്രാമത്തിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്കും ഈ ആചാരം പാലിക്കേണ്ടതുണ്ട്. 2015 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച പോലീസ് സ്റ്റേഷനുപോലും മുൻവാതിലില്ല. ഇതുവരെ ഗ്രാമവാസികളിൽനിന്ന് ഒരു മോഷണപരാതിപോലും ലഭിച്ചിട്ടില്ലെന്നാണ് പറയപ്പെടുന്നത്. 2011ൽ യുണൈറ്റഡ് കൊമേഴ്ഷ്യൽ ബാങ്ക് ഇവിടെ ഇന്ത്യയിലെ ആദ്യത്തെ പൂട്ടില്ലാത്ത ബാങ്ക് ശാഖ ആരംഭിക്കുകയും ചെയ്തു. സുതാര്യതയുടെ പ്രതീകമായി ഗ്ലാസുകൊണ്ടുള്ള പ്രവേശന കവാടംമാത്രമാണ് സ്ഥാപിച്ചത്.
ഇതിനുപിന്നിലൊരു ഐതിഹ്യമുണ്ട്. ഏകദേശം 300 വർഷങ്ങൾക്കുമുമ്പ് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായപ്പോൾ, ഒരിക്കൽ ഗ്രാമത്തിലൂടെ ഒഴുകിയിരുന്ന പനസ്നാല നദിയുടെ തീരത്ത് വലിയൊരു കറുത്ത പാറക്കല്ല് ഒഴുകിയെത്തി. അന്നുരാത്രി ഗ്രാമമുഖ്യന്റെ സ്വപ്നത്തിൽ ശനിദേവൻ പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം. ആ പാറ തന്റെ വിഗ്രഹമാണെന്നും ഇനി മുതൽ ഗ്രാമത്തിൽ തന്നെ വസിക്കുമെന്നും ദേവൻ അറിയിച്ചെന്നും ഗ്രാമത്തെ എല്ലാ അപകടങ്ങളിൽ നിന്നും താൻ സംരക്ഷിക്കുമെന്നും വാഗ്ദാനം ചെയ്തുന്നുമാണ് ഐതിഹ്യം.
ഗ്രാമവാസികൾ തങ്ങളുടെ വീടുകൾ നോക്കാൻ അയൽവാസികളോട് പോലും ആവശ്യപ്പെടാറില്ല. മോഷണം നടത്തുന്നവർക്ക് ഉടൻ കാഴ്ച നഷ്ടപ്പെടുമെന്നും, സത്യസന്ധതയില്ലാത്തവർക്ക് ഏഴര വർഷം ദുർഭാഗ്യം അനുഭവിക്കേണ്ടിവരുമെന്നും അവർ വിശ്വസിക്കുന്നു. കൗതുകമുണർത്തുന്ന ഈ ഗ്രാമം ഇന്ന് സഞ്ചാരികളുടെ കേന്ദ്രമാണ്. പ്രതിദിനം കുറഞ്ഞത് 40,000 പേർ ഇവിടം സന്ദർശിക്കുന്നുവെന്നാണ് കണക്ക്.
കാലം മാറുന്നതിനനുസരിച്ച് നിലവിൽ കുടുംബസുരക്ഷയ്ക്കായി വീടുകളിൽ വാതിലുകളും പൂട്ടുകളും സ്ഥാപിക്കാൻ അനുമതി തേടി ചില ഗ്രാമവാസികൾ ഗ്രാമപഞ്ചായത്തിനെ സമീപിക്കുന്നുണ്ട്. എന്നിരുന്നാലും ഭൂരിപക്ഷം വീടുകളും കടകളും ഇപ്പോഴും തുറന്നുതന്നെയാണുള്ളത്.
In parts of Europe, stories occasionally emerge about unattended shops where customers simply pick up what they need and leave payment behind. But in India’s Maharashtra state, the village of Shani Shingnapur takes trust a step further. For nearly 300 years, many homes and shops have existed without front doors or locks. Villagers believe Lord Shani protects them from theft and misfortune. Money and valuables are often left unsecured, and even public facilities have minimal barriers. Today, the unique village attracts around 40,000 visitors daily, though some residents are beginning to seek modern security measures.