തെലങ്കാനയുടെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തി പങ്കിടുന്ന ആ വനമേഖലയിലൂടെ യാത്ര ചെയ്താല്‍ ആരും ഒന്നു അത്ഭുതപ്പെടും. റോഡിന്റെ ഒരു വശത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ പണിത മികച്ച ടാറിട്ട റോഡ്, മറുവശത്ത് തെലങ്കാനയുടെ വകയായി കല്ലും മുള്ളും നിറഞ്ഞ കാട്ടുപാത. കുറച്ചുകൂടി മുന്നോട്ട് നടന്നാല്‍ ഒരു ബോര്‍ഡ് കാണാം. അവിടെ ഒരേ കോമ്പൗണ്ടില്‍ രണ്ട് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. ഒന്നില്‍ കുട്ടികള്‍ മറാത്തി അക്ഷരങ്ങള്‍ ഉറക്കെപ്പഠിക്കുമ്പോള്‍, തൊട്ടടുത്ത ക്ലാസ് മുറിയില്‍ തെലുങ്ക് ഭാഷയുടെ മനോഹാരിത മുഴങ്ങുന്നു. ഇതൊരു സിനിമാക്കഥയല്ല. തെലങ്കാനയിലെ ആദിലാബാദും മഹാരാഷ്ട്രയിലെ ചന്ദ്രാപൂരും അതിര്‍ത്തി പങ്കിടുന്ന 80 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ 14 ഗ്രാമങ്ങളുടെ യഥാര്‍ത്ഥ ജീവിതമാണ്. പാരന്ദോലി, മുഖദ്ദംഗുഡ, അന്താപ്പൂര്‍, ബോലാപതര്‍ എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലായി ചിതറിക്കിടക്കുന്ന ആറായിരത്തോളം മനുഷ്യര്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ജീവിക്കുന്നത് രണ്ട് സംസ്ഥാനങ്ങളുടെ തണലിലാണ്.
വികസനത്തിന്റെ കണക്കുകള്‍ പറഞ്ഞ് മഹാരാഷ്ട്രയും തെലങ്കാനയും ഈ മണ്ണില്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍, മറുവശത്ത് ഈ 14 ഗ്രാമങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ സ്വത്വം എന്താണെന്ന് അറിയാതെ നടുക്കടലിലാണ്
സാധാരണയായി ഒരു ഗ്രാമപഞ്ചായത്തിന് ഒരു പ്രസിഡന്റു, അത് ഉള്‍പ്പെടുന്ന ജില്ലയ്ക്ക് ഒരു കളക്ടറും, ആ സംസ്ഥാനത്തിന് ഒരു മുഖ്യമന്ത്രിയുമേ ഉണ്ടാകാറുള്ളൂ. എന്നാല്‍ ഈ 14 അതിര്‍ത്തി ഗ്രാമങ്ങളിലെ അവസ്ഥ തികച്ചും വിചിത്രമാണ്. ഇവിടെ ഒരേ സമയം രണ്ട് സംസ്ഥാനങ്ങളുടെ ഭരണം നടക്കുന്നു. അവര്‍ക്ക് രണ്ട് റേഷന്‍ കാര്‍ഡുകളുണ്ട്, രണ്ട് വോട്ടര്‍ ഐഡികളുണ്ട്, ചില വീടുകളില്‍ രണ്ട് സംസ്ഥാനങ്ങളുടെയും വൈദ്യുതി കണക്ഷനുകള്‍ പോലുമുണ്ട്!
രണ്ട് മുഖ്യമന്ത്രിമാര്‍: തെലങ്കാന മുഖ്യമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഈ ഗ്രാമങ്ങള്‍ക്ക് മേല്‍ ഒരേപോലെ അധികാരം അവകാശപ്പെടുന്നു.
രണ്ട് കളക്ടര്‍മാര്‍: തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലാ കളക്ടറും, മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലാ കളക്ടറും ഈ ഗ്രാമങ്ങളിലെ കാര്യങ്ങളില്‍ ഒരുപോലെ ഇടപെടുന്നു.
ഇരട്ട പ്രതിനിധികള്‍: ഇവിടുത്തെ വോട്ടര്‍മാര്‍ തെലങ്കാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭകളിലേക്കും ലോക്‌സഭകളിലേക്കും ഒരേ സമയം വോട്ട് രേഖപ്പെടുത്തുകയും രണ്ട് വീതം എംഎല്‍എമാരെയും എംപിമാരെയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
ഇരട്ട ജീവിതത്തിന്റെ തുടക്കം
ഈ വിചിത്ര പ്രതിഭാസത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് 1956-ലെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയിലാണ്. പണ്ട് ഹൈദരാബാദ് നിസാമിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ഈ ഗ്രാമങ്ങള്‍, പിന്നീട് ആന്ധ്രാപ്രദേശിന്റെ ഭാഗമായി കണക്കാക്കപ്പെട്ടു. എന്നാല്‍ ഭൂമിശാസ്ത്രപരമായി തെലങ്കാനയോട് (പഴയ ആന്ധ്ര) ചേര്‍ന്നുനില്‍ക്കുമ്പോഴും, സാംസ്‌കാരികമായും ഭാഷാപരമായും ഇവിടുത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് മഹാരാഷ്ട്രയോടായിരുന്നു ആത്മബന്ധം.1960-ല്‍ മഹാരാഷ്ട്ര സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ 1983-ല്‍ കെ.കെ. നായ്ഡു കമ്മീഷന്‍ ഈ ഗ്രാമങ്ങള്‍ ആന്ധ്രയ്ക്ക് അവകാശപ്പെട്ടതാണെന്ന് വിധി എഴുതിയെങ്കിലും മഹാരാഷ്ട്ര സുപ്രീം കോടതിയെ സമീപിച്ചു. പതിറ്റാണ്ടുകളായി ഈ കേസ് സുപ്രീം കോടതിയുടെ ഫയലുകളില്‍ ഉറങ്ങിക്കിടക്കുകയാണ്. നിയമം വഴിതിരിഞ്ഞുനിന്നപ്പോള്‍, ഗ്രാമവാസികള്‍ തങ്ങളുടേതായ ഒരു വഴി കണ്ടെത്തിര. ണ്ട് സംസ്ഥാനങ്ങളെയും ഒരുപോലെ സ്‌നേഹിക്കുക, ഇരു കൂട്ടരുടെയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുക.
കഥ മാറ്റിയെഴുതിയ 'ഒരു വോട്ട്' എന്ന പ്രതിസന്ധി
എന്നാല്‍ ഈ ഇരട്ട മധുരം അധികകാലം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുത്തുന്ന ഒരു സംഭവമാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ നടക്കുന്നത്. രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 'സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍' രണ്ട് സംസ്ഥാനങ്ങളും ഒരേ സമയം പ്രഖ്യാപിച്ചു. 'ഒരു വ്യക്തിക്ക് ഒരു വോട്ട്' എന്ന കര്‍ശനമായ നിയമവുമായി ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങളിലേക്ക് വണ്ടികയറിയതോടെ കഥ മാറി.
തെലങ്കാനയുടെ ഉദ്യോഗസ്ഥര്‍ വോട്ടര്‍ ഫോമുകളുമായി എത്തിയപ്പോള്‍ ഒരു വിഭാഗം ജനങ്ങള്‍ അത് വാങ്ങാന്‍ വിസമ്മതിച്ചു. 'ഞങ്ങള്‍ ഏത് സംസ്ഥാനക്കാരനാണെന്ന് ആദ്യം സുപ്രീം കോടതി പറയട്ടെ, അതിനുശേഷം മാത്രം ഫോം തന്നാല്‍ മതി,' എന്ന നിലപാടിലാണ് അവര്‍.ഇവിടെയാണ് ഈ 14 ഗ്രാമങ്ങളിലെ മനുഷ്യര്‍ക്കിടയിലെ ആന്തരികമായ ചേരിതിരിവുകള്‍ പുറത്തുവരുന്നത്. മറാത്തി സംസാരിക്കുന്ന, പട്ടികജാതി ( വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് മഹാരാഷ്ട്രയോടാണ് കൂറ്. അവര്‍ തെലങ്കാനയുടെ ഫോമുകള്‍ തൊടാന്‍ പോലും തയ്യാറാകുന്നില്ല. എന്നാല്‍ അതേ ഗ്രാമത്തിലെ ലംബാനി (ലമ്പാടി) സമുദായക്കാര്‍ നേരെ തിരിച്ചാണ് ചിന്തിക്കുന്നത്. അവര്‍ക്ക് തെലങ്കാനയുടെ ഫോം വേണം. അതിനൊരു വ്യക്തമായ കാരണവുമുണ്ട്.ലംബാനി വിഭാഗത്തെ തെലങ്കാന സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മഹാരാഷ്ട്രയിലാകട്ടെ അവര്‍ പിന്നാക്ക വിഭാഗക്കാരാണ് . തെലങ്കാനയിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിപ്പോയാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വലിയ ആനുകൂല്യങ്ങളും എസ്ടി പദവിയും നഷ്ടപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. അതിജീവനത്തിനായുള്ള പാവപ്പെട്ട മനുഷ്യരുടെ ഈ ആകുലതകള്‍ അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പുതിയൊരു മുഖം നല്‍കുകയാണ്.
കാടും പണ്ടത്തെ കനലുകളും
മുന്‍പ് മഹാരാഷ്ട്രയുടെ ഭാഗത്തുനിന്നും സര്‍പഞ്ചായിരുന്ന കാംബ്ലെ ലക്ഷ്മണ്‍ എന്ന ഗ്രാമീണന്‍ പങ്കുവെക്കുന്ന ചില ഓര്‍മ്മകള്‍ ഈ മനുഷ്യര്‍ അനുഭവിക്കുന്ന സങ്കീര്‍ണ്ണത വ്യക്തമാക്കുന്നുണ്ട്. ഗ്രാമങ്ങളിലെ ഭൂമി കൃത്യമായി സര്‍വേ ചെയ്ത് അതിര് തിരിച്ചിട്ടില്ലാത്തതിനാല്‍ ഇരു സംസ്ഥാനങ്ങളിലെയും ഭൂമിരേഖകള്‍വെച്ചാണ് ഇവര്‍ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പകള്‍ എടുത്തിരുന്നത്. രണ്ട് സര്‍ക്കാരുകള്‍ക്കും ഇവര്‍ നികുതിയും ഒടുക്കുന്നുണ്ട്.
എന്നാല്‍ 2014-ല്‍ തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പണ്ടത്തെപ്പോലെ തെലങ്കാന സര്‍ക്കാര്‍ ഭൂമിരേഖകള്‍ നല്‍കാതാവുകയും, തങ്ങളുടെ കൃഷിഭൂമികള്‍ റിസര്‍വ് വനമാക്കി മാറ്റാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണെന്നും ലക്ഷ്മണ്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, മുന്‍പ് തെലങ്കാന ഭരിച്ചിരുന്ന ബിആര്‍എസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന 'റൈതു ബന്ധു' ധനസഹായവും സൗജന്യ വൈദ്യുതിയും ഈ മറാത്തി മനുഷ്യരെ തെലങ്കാനയോട് അടുപ്പിച്ചുനിര്‍ത്തിയിരുന്നു എന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്.ഇപ്പോള്‍ രണ്ടു ഭാഗത്തുനിന്നുമുള്ള ജനപ്രതിനിധികളും ആവശ്യപ്പെടുന്നത് ഒന്നുമാത്രമാണ്‌രണ്ട് സംസ്ഥാനങ്ങളിലെയും ജില്ലാ കളക്ടര്‍മാര്‍ ഒരുമിച്ചിരുന്ന് ഒരു ചര്‍ച്ചയിലൂടെ ഈ അതിര്‍ത്തി തര്‍ക്കം പരിഹരിക്കണം. അതുവരെ പുതിയ വോട്ടര്‍പട്ടിക നിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
എങ്ങുമെത്താത്ത സ്വത്വ അന്വേഷണം
ഒരു വശത്ത് വികസനത്തിന്റെ കണക്കുകള്‍ പറഞ്ഞ് മഹാരാഷ്ട്രയും തെലങ്കാനയും ഈ മണ്ണില്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍, മറുവശത്ത് ഈ 14 ഗ്രാമങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ സ്വത്വം എന്താണെന്ന് അറിയാതെ നടുക്കടലിലാണ്. കാര്‍ഷിക വായ്പകള്‍ക്കും വോട്ടവകാശത്തിനും വേണ്ടി രണ്ട് സംസ്ഥാനങ്ങളുടെയും ഓഫീസുകള്‍ മാറി മാറി കയറിയിറങ്ങുന്ന ഇവരുടെ ജീവിതം മാധ്യമങ്ങളില്‍ ഒരു കൗതുക വാര്‍ത്ത മാത്രമായി ഒതുങ്ങുകയാണ്.
തങ്ങള്‍ ഏത് മണ്ണിലെ പൗരന്മാരാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്ത ഈ ആറായിരം മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ഭരണഘടനയുടെയും സുപ്രീം കോടതിയുടേയും വാതിലുകള്‍ എന്നാണ് തുറക്കപ്പെടുക എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു. രണ്ട് അമ്മമാരുടെ സ്‌നേഹത്തിന് നടുവില്‍, ഒടുവില്‍ തങ്ങളെ ആര് ദത്തെടുക്കും എന്നറിയാതെ കാത്തിരിക്കുകയാണ് ഈ അതിര്‍ത്തി ഗ്രാമങ്ങള്‍.
A unique cluster of 14 villages along the Telangana–Maharashtra border has lived under the influence of two states for nearly seven decades. Spread across an 80-square-kilometre forest region between Adilabad district in Telangana and Chandrapur district in Maharashtra, around 6,000 residents experience dual administrative and cultural influences. The area features striking contrasts, including roads maintained by different states and even schools operating side by side in Marathi and Telugu, reflecting the region's unusual cross-border identity.