സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ചേരുന്ന വിദ്യാര്‍ഥികളില്‍ ഏകദേശം 73% പേരും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പഠനം ഉപേക്ഷിക്കുന്നതായി പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. എസ്റ്റിമേറ്റ് കമ്മിറ്റി പതിനെട്ടാം ലോക്സഭയില്‍ സമര്‍പ്പിച്ച പത്താമത് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. രാജ്യത്ത് കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള നയങ്ങളെക്കുറിച്ചും ബജറ്റ് വിഹിതത്തെക്കുറിച്ചും പഠിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാഠപുസ്തകങ്ങളുടെ ക്ഷാമം, 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നടപ്പാക്കുന്ന പരീക്ഷാരീതികള്‍ സൃഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദം തുടങ്ങിയ കാര്യങ്ങളും സമിതി എടുത്തുപറയുന്നുണ്ട്.
ഡ്രോപ്പ് ഔട്ട് നിരക്ക്
പ്രാഥമിക, അപ്പര്‍ പ്രൈമറി തലങ്ങളെ അപേക്ഷിച്ച് സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ സ്‌കൂളുകളുടെ എണ്ണം വളരെ കുറവാണെന്ന് സമിതി ചൂണ്ടിക്കാട്ടി. യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യുക്കേഷന്റെ വിവരങ്ങള്‍ അനുസരിച്ച്, രാജ്യത്തെ 10,92,671 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ 9,11,032 എണ്ണം പ്രൈമറി തലത്തിലും 4,12,805 എണ്ണം അപ്പര്‍ പ്രൈമറി തലത്തിലുമാണ്. എന്നാല്‍ സെക്കന്‍ഡറി തലത്തില്‍ 1,61,808 സ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ വെറും 90,866 സ്‌കൂളുകളും മാത്രമാണുള്ളത്.
ഉയര്‍ന്ന ക്ലാസുകളിലേക്ക് എത്തുമ്പോള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വലിയ കുറവുണ്ടാകുന്നുണ്ട്. പ്രൈമറി തലത്തില്‍ 6,18,45,033 വിദ്യാര്‍ഥികള്‍ പഠിക്കുമ്പോള്‍, 6 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ ഇത് 4,08,93,978 ആയി കുറയുന്നു. തുടര്‍ന്ന് സെക്കന്‍ഡറി തലത്തിലേക്ക് എത്തുമ്പോള്‍ വിദ്യാര്‍ഥികളുടെ എണ്ണം 2,36,68,220 ആയും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഇത് വീണ്ടും ഇടിഞ്ഞ് 1,64,17,949 ആയും ചുരുങ്ങുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവിലുള്ള പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളെ കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി ഉയര്‍ത്തണമെന്നും സെക്കന്‍ഡറി-ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ കൂടുതല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോട് സമിതി ശുപാര്‍ശ ചെയ്തു.
പാഠപുസ്തക ക്ഷാമവും പുതിയ പരീക്ഷാരീതിയും
9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കരിക്കുലം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 എന്നിവയ്ക്ക് അനുസൃതമായി സി.ബി.എസ്.ഇ കരിക്കുലം പുതുക്കിയെങ്കിലും എന്‍.സി.ഇ.ആര്‍.ടി ഇപ്പോഴും ഈ ക്ലാസുകള്‍ക്കായി പുതിയ പാഠപുസ്തകങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. തല്‍ഫലമായി, പുതുക്കിയ പാഠ്യപദ്ധതി പ്രകാരമാണ് പഠനം നടക്കുന്നതെങ്കിലും പഴയ പാഠപുസ്തകങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതും പുതിയ തരത്തിലുള്ള പരീക്ഷകളും വിദ്യാര്‍ഥികളില്‍ വലിയ ആശയക്കുഴപ്പവും മാനസികസമ്മര്‍ദ്ദവും ഉണ്ടാക്കുന്നുണ്ട്.
പാഠപുസ്തകങ്ങളുടെ ലഭ്യതക്കുറവും പുതിയ പരീക്ഷാരീതികളും വിദ്യാര്‍ഥികളില്‍, പ്രത്യേകിച്ച് 10, 12 ക്ലാസുകളിലെ പരീക്ഷ എഴുതുന്നവര്‍ക്ക് വലിയ അക്കാദമിക് സമ്മര്‍ദ്ദവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട് എന്ന് സമിതി നിരീക്ഷിച്ചു. ബാക്കിയുള്ള പാഠപുസ്തകങ്ങളുടെ നിര്‍മ്മാണവും അച്ചടിയും വിതരണവും വേഗത്തിലാക്കാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കൂടാതെ, എന്‍.സി.ഇ.ആര്‍.ടിയും സി.ബി.എസ്.ഇയും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും പുതിയ പരീക്ഷാ രീതികളെ കുറിച്ച് രാജ്യവ്യാപകമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.
ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യങ്ങളും ബജറ്റ് വിഹിതവും
രാജ്യത്തെ 50 ശതമാനത്തിലധികം സ്‌കൂളുകളിലും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പാര്‍ലമെന്ററി പാനല്‍ വ്യക്തമാക്കി. രാജ്യത്തെ 14,71,437 സ്‌കൂളുകളില്‍ 5,23,143 സ്‌കൂളുകളില്‍ മാത്രമാണ് ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകളുള്ളത്. റാംപുകളും കൈവരികളും ഉള്ളത് 8,08,466 സ്‌കൂളുകളില്‍ മാത്രമാണ്. ഇത്തരം സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി അനുവദിച്ച ബജറ്റ് വിഹിതം ഉപയോഗിക്കാതെ കിടക്കുന്നതിലും സമിതി ആശങ്ക രേഖപ്പെടുത്തി. 2024-25 വര്‍ഷത്തില്‍ 186 ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി 482 ലക്ഷം രൂപ വകയിരുത്തിയെങ്കിലും 2.60 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്.
എലിമെന്ററി വിഭാഗത്തിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ നിയമിക്കുന്നതിന് അനുവദിച്ച 962 ലക്ഷം രൂപയുടെ ഗ്രാന്റില്‍ 80.50 ലക്ഷം രൂപ മാത്രമാണ് ഉപയോഗിച്ചത്. സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ നിയമിക്കുന്നതിലും നിലനിര്‍ത്തുന്നതിലും വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നതിനും തുക വിനിയോഗിക്കുന്നതിനും ഓരോ വര്‍ഷവും കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിലെ ചെലവഴിക്കല്‍
ദേശീയ വിദ്യാഭ്യാസ നയം, 2020 പ്രകാരം വിദ്യാഭ്യാസ മേഖലയിലെ പൊതുചെലവ് ജി.ഡി.പിയുടെ ആറു ശതമാനം ആയി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ചെലവഴിക്കല്‍ 4.1 ശതമാനം മാത്രമാണ്. ജി.ഡി.പി ലക്ഷ്യവും നിലവിലെ ചെലവഴിക്കലും തമ്മിലുള്ള വിടവ് നികത്തുന്നതിന്, മുന്‍വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള ചെലവഴിക്കല്‍ രീതികളില്‍ നിന്ന് മാറി വിദ്യാഭ്യാസ ബജറ്റില്‍ പ്രതിവര്‍ഷം കുറഞ്ഞത് 10 ശതമാനം വര്‍ദ്ധനവ് ഉറപ്പാക്കണമെന്നും സമിതി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.
Around 73% of students enrolled in government and aided schools drop out before completing higher secondary education, according to a report submitted by the Estimates Committee of the 18th Lok Sabha. The report highlights major gaps in school availability at higher levels, textbook shortages, examination-related stress, inadequate disability-friendly infrastructure and insufficient public spending on education. The committee found that the number of schools and students declines sharply as children progress from primary to secondary and higher secondary levels. It recommended upgrading more existing schools to higher secondary institutions and establishing additional secondary and higher secondary schools.