2007-ന് ശേഷം ലോകമെമ്പാടും ജനനനിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയതില്‍ പ്രധാന വില്ലന്‍ ഐഫോണ്‍ ആണെന്നാണ് രണ്ട് പുതിയ പഠനങ്ങള്‍ അവകാശപ്പെടുന്നത്. നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് അടുത്തിടെ പുറത്തുവിട്ട ഒരു പഠനമനുസരിച്ച്, അമേരിക്കയിലെ പൊതുവായ ജനന നിരക്ക് 1980 മുതല്‍ 2007 വരെ 1,000 സ്ത്രീകള്‍ക്ക് 65 മുതല്‍ 70 ജനനങ്ങള്‍ എന്ന രീതിയിലായിരുന്നു. എന്നാല്‍ അതിനുശേഷം പെട്ടെന്നും തുടര്‍ച്ചയായതുമായ ഇടിവ് രേഖപ്പെടുത്തി. 2024 ആയപ്പോഴേക്കും ഇത് 54 ആയി കുറഞ്ഞു, അതായത് 17 വര്‍ഷത്തിനിടെ 22 ശതമാനത്തിന്റെ ഇടിവ്.
ജനനനിരക്ക് കുറയുന്നതില്‍ ഐഫോണിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് കൃത്യമായി അളക്കുക പ്രയാസകരമാണ്. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള പല ഘടകങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. 2007-നും 2011-നും ഇടയില്‍ അമേരിക്കയില്‍ ഐഫോണ്‍ വിപണിയില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് ഈ പഠനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ കാലയളവില്‍ എടി&ടി എന്ന കമ്പനി വഴി മാത്രമായിരുന്നു ഐഫോണ്‍ ലഭ്യമായിരുന്നത്.
ഐഫോണ്‍ കണക്റ്റിവിറ്റിയുള്ള പ്രദേശങ്ങളില്‍ ജനനനിരക്ക് കുറയുന്നു
2011 ഫെബ്രുവരി വരെ അമേരിക്കയില്‍ ഐഫോണ്‍ എടി&ടി വഴി മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇതിനര്‍ത്ഥം ആ വര്‍ഷങ്ങളില്‍ ഐഫോണ്‍ എത്രത്തോളം ഉപയോഗിക്കപ്പെട്ടു എന്നത് അവിടുത്തെ എടി&ടി മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കിന്റെ ലഭ്യതയെ അടിസ്ഥാനമാക്കിയായിരുന്നു. ഗവേഷകര്‍ എടി&ടി കവറേജ് പൂര്‍ണ്ണമായും ഉള്ള പ്രദേശങ്ങളെ കവറേജ് തീരെയില്ലാത്ത അല്ലെങ്കില്‍ കുറവുള്ള പ്രദേശങ്ങളുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയത്.
ഐഫോണിന്റെ ലഭ്യത പതിനഞ്ചിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കിടയിലെ ജനനനിരക്ക് 4.5 മുതല്‍ 8 ശതമാനം വരെയും, ഇരുപതിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ 3.2 മുതല്‍ 6.6 ശതമാനം വരെയും കുറച്ചതായി ഗവേഷകര്‍ കണ്ടെത്തി. 2007-2011 കാലയളവില്‍ 15 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളില്‍ പൊതുവായ പ്രത്യുല്‍പാദന നിരക്കിലുണ്ടായ ഇടിവിന്റെ 33 മുതല്‍ 52 ശതമാനം വരെ ഐഫോണ്‍ മൂലമാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. എടി&ടി കവറേജ് ഇല്ലാത്ത പ്രദേശങ്ങളില്‍ കൗമാരക്കാരായ അമ്മമാരുടെ നിരക്ക് 13.8 ശതമാനം കുറഞ്ഞപ്പോള്‍, ഭാഗികമായി കവറേജ് ഉള്ളയിടങ്ങളില്‍ 18.9 ശതമാനവും, പൂര്‍ണ്ണമായ കവറേജ് ഉള്ളയിടങ്ങളില്‍ 26 ശതമാനവുമായിരുന്നു ഇടിവ്.
ഐഫോണ്‍ ജനനനിരക്കിനെ സ്വാധീനിച്ചോ?
ജനനനിരക്ക് കുറയുന്നതിന് പിന്നിലെ ഏക കാരണം ഐഫോണ്‍ ആയിരിക്കില്ലെങ്കിലും അതില്‍ വലിയൊരു പങ്ക് ഐഫോണിനുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഐഫോണും മറ്റ് ആധുനിക സ്മാര്‍ട്ട്ഫോണുകളും പ്രചാരത്തിലായതോടെ ആളുകള്‍ പരസ്പരം ചിലവഴിക്കുന്ന സമയം കുറഞ്ഞു. ഇതിനൊപ്പം ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് കുറയുകയും പോണ്‍ ചിത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്തു. ലൈംഗികതയ്ക്ക് പകരമായി ആളുകള്‍ പോണ്‍ ചിത്രങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതാകാം ഇതിന് കാരണമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
പഠനം നടത്തിയ കാലയളവില്‍ ഗൂഗിളില്‍ 'പോണ്‍' എന്ന വാക്കിനായുള്ള തിരച്ചില്‍ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു. കൂടാതെ, ഗര്‍ഭധാരണം ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, ഗര്‍ഭച്ഛിത്രം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ ഐഫോണുകള്‍ യുവാക്കളെ സഹായിച്ചിട്ടുണ്ടാകാമെന്നും കരുതപ്പെടുന്നു.
അമേരിക്കയില്‍ മാത്രമല്ല, ആഗോളതലത്തിലും ഈ മാറ്റം ദൃശ്യമാണ്
സിന്‍സിനാറ്റി സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ നടത്തിയ മറ്റൊരു പഠനത്തില്‍, ലോകബാങ്കിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് 128 രാജ്യങ്ങളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗവും കൗമാരക്കാരിലെ പ്രജനന നിരക്കും പരിശോധിച്ചു. ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍, ക്ഷേമപദ്ധതികള്‍, ഗര്‍ഭച്ഛിത്ര നിയമങ്ങള്‍, മതപരമായ പാരമ്പര്യങ്ങള്‍, സാമ്പത്തിക മാന്ദ്യങ്ങള്‍, ജനസംഖ്യാപരമായ പ്രവണതകള്‍ എന്നിവയിലൊക്കെ വലിയ വ്യത്യാസങ്ങളുള്ള രാജ്യങ്ങളിലെല്ലാം ഇതേ കാലയളവില്‍ സമാനമായ മാറ്റങ്ങള്‍ ഉണ്ടായതായി പഠനം കണ്ടെത്തി.
ഇതൊരു 'പൊതുവായ ആഗോള സാങ്കേതിക ആഘാതം' (common global technology shock) ആണെന്നാണ് ഗവേഷകരുടെ നിഗമനം. ഇറാന്‍, കോസ്റ്ററിക്ക, ഗ്വാട്ടിമാല, ചിലി, മെക്‌സിക്കോ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ സ്മാര്‍ട്ട്ഫോണുകള്‍ വ്യാപകമായതോടെ കൗമാരക്കാരിലെ പ്രജനന നിരക്കിലെ ഇടിവ് വേഗത്തിലായതായി അവര്‍ കണ്ടെത്തി. മാത്രമല്ല, മികച്ച അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമുള്ള പ്രദേശങ്ങളില്‍ കൗമാരക്കാരുടെ പ്രജനന നിരക്ക് വളരെ വേഗത്തില്‍ കുറയുന്നതായും കണ്ടെത്തി.
ആളുകള്‍ നേരിട്ട് ഇടപഴകുന്നതും ആശയവിനിമയം നടത്തുന്നതും 2003-ല്‍ പ്രതിദിനം 68 മിനിറ്റായിരുന്നത് 2019 ആയപ്പോഴേക്കും 38 മിനിറ്റായി കുറഞ്ഞുവെന്നും പഠനം കണ്ടെത്തി. അതായത് 44 ശതമാനത്തിന്റെ കുറവ്. മറുവശത്ത്, ആളുകള്‍ കമ്പ്യൂട്ടറിന് മുന്നില്‍ ചിലവഴിക്കുന്ന സമയം പ്രതിദിനം 22 മിനിറ്റില്‍ നിന്ന് 96 മിനിറ്റായി വര്‍ദ്ധിച്ചു. ഇത് 336 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ്.
ജനനനിരക്ക് കുറയുന്നതിന് പിന്നിലെ ഒരേയൊരു കാരണം ഐഫോണ്‍ മാത്രമല്ലെന്ന് രണ്ട് പഠനങ്ങളും സമ്മതിക്കുന്നുണ്ട്. എന്നിരുന്നാലും, വികസിത രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും ഒരുപോലെ ജനനനിരക്ക് കുറയുന്ന സമയത്താണ് ഈ പഠനങ്ങള്‍ പുറത്തുവരുന്നത്. അമേരിക്കയിലെ പ്രജനന നിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലാണ്. കാനഡയില്‍ 2024-ല്‍ ഒരു സ്ത്രീക്ക് 1.25 കുട്ടികള്‍ എന്ന നിരക്കിലാണ് പ്രജനനം രേഖപ്പെടുത്തിയത്. ഇത് ജപ്പാന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം 1.30 എന്ന പരിധിക്ക് താഴെയാണ്.
പ്രധാന ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളും ജനസംഖ്യാ ചോര്‍ച്ച നേരിടുന്നുണ്ട്. ചൈന 2016-ല്‍ തങ്ങളുടെ ഏകസന്താന നയം അവസാനിപ്പിച്ചു. ജപ്പാനും ദക്ഷിണ കൊറിയയും ജനനനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി വന്‍തോതില്‍ പണം ചിലവഴിക്കുന്നുണ്ടെങ്കിലും വലിയ ഫലമൊന്നും ഉണ്ടായിട്ടില്ല. സബ്-സഹാറന്‍ ആഫ്രിക്ക ഉള്‍പ്പെടെയുള്ള ലോകത്തിലെ ചില ദരിദ്ര രാജ്യങ്ങളില്‍ ഇപ്പോഴും ഉയര്‍ന്ന ജനനനിരക്ക് ഉണ്ടെങ്കിലും ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും ജനനനിരക്ക് അതിവേഗം കുറഞ്ഞുവരികയാണ്.
English Summary: Two recent studies have suggested that the widespread adoption of smartphones, particularly the iPhone, may have contributed significantly to the decline in birth rates recorded around the world since 2007. Researchers found that regions in the United States with greater access to iPhones experienced steeper declines in fertility rates, especially among teenagers and young adults.