Inside Focus

ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ VI, പ്രചരണായുധമാക്കുന്ന ബിജെപി, ലക്ഷ്യം യുവാക്കള്‍

ഗെയിം റിലീസ് ചെയ്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിഷയം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.

Madism Desk

ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ VI (GTA VI) പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അപ്‌ഡേറ്റഡ് വേര്‍ഷന്‍ ലോകമെമ്പാടുമുള്ള ഗെയിമിങ് പ്രേമികളെ ആകര്‍ഷിക്കുമ്പോള്‍ ഇന്ത്യയില്‍ ആ തരംഗം രാഷ്ട്രീയ പ്രചരണത്തിന് കൂടി വേദിയാകുന്നു. സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിച്ച് നവംബര്‍ 19ന് പുറത്തിറങ്ങിയ ഗെയിമിന്റെ ജനപ്രീതിയാണ് ബിജെപി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

ഗെയിം റിലീസ് ചെയ്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിഷയം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. 'GTA Vനും GTA VIനും ഇടയില്‍ ഇന്ത്യ എങ്ങനെ മാറി' എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. സമ്പദ് വ്യവസ്ഥ, ദാരിദ്ര്യ നിര്‍മാര്‍ജനം, സൗരോര്‍ജ ഉല്‍പ്പാദനം, സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ച തുടങ്ങിയ മേഖലകളിലെ പുരോഗതിയാണ് ചിത്രങ്ങളില്‍ മോദി ഉള്‍പ്പെടുത്തിയത്. 'ഇന്ത്യ ഇപ്പോള്‍ തികച്ചും പുതിയൊരു ഗെയിമാണ് കളിക്കുന്നത്' എന്ന സന്ദേശവും പോസ്റ്റില്‍ ഉണ്ടായിരുന്നു.

കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും പിന്നാലെ പ്രചാരണം ഏറ്റെടുത്തു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ള പരിഹാസം ഉള്‍പ്പെടുത്തിയ ഗോയലിന്റെ പോസ്റ്റില്‍ തങ്ങള്‍ 'ചീറ്റ് കോഡുകളൊന്നും ഉപയോഗിച്ചിട്ടില്ല' എന്നും പറഞ്ഞുവച്ചു.

ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോയ്ക്ക് സമാനമായ അനിമേറ്റഡ് വീഡിയോ പങ്കുവച്ച് ബിജെപി ഔദ്യോഗിക അക്കൗണ്ട് വിഷയം ഏറ്റെടുത്തു. 'GTA VIന് മുമ്പുതന്നെ പുതിയ ഇന്ത്യയുടെ മാറ്റം ആരംഭിച്ചു കഴിഞ്ഞു' എന്നായിരുന്നു കുറിപ്പ്. 2014നുശേഷമുള്ള മാറ്റങ്ങള്‍ അവതരിപ്പിക്കുന്ന വീഡിയോയില്‍ മെട്രോ വികസനം, വന്ദേഭാരത് ട്രെയിന്‍, പിഎം സൂര്യ ഘര്‍ പദ്ധതി, യുപിഐയുടെ വ്യാപനം തുടങ്ങിയവയും വിഡിയോ പരാമര്‍ശിക്കുന്നു.

ദേശീയ തലത്തിലെ പ്രചാരണങ്ങള്‍ക്ക് അപ്പുറം സംസ്ഥാന തലങ്ങളിലും ബിജെപി ഇതേ മാര്‍ഗം വ്യാപിക്കുന്നുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ദ് വിശ്വ ശര്‍മയാണ് പ്രചാരണം ഏറ്റെടുത്ത പ്രമുഖ നേതാവ്. ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ മാതൃകയില്‍ ചിത്രം പങ്കുവെച്ച് ഗുവാഹത്തിയുടെ വികസനത്തെക്കുറിച്ചാണ് അംസം ബിജെപിയുടെ പ്രചാരണം. ബിജെപി ഗോവ, ബിജെപി ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാന ഘടകങ്ങളും ട്രെന്‍ഡിന്റെ ഭാഗമായി.

കോണ്‍ഗ്രസിന്റെ പരിഹാസം, ബിജെപിയുടെ പ്രതിരോധം

ബിജെപിയുടെ തിരക്കിട്ട രാഷ്ട്രീയ നീക്കത്തെ പരിഹാസത്തോടെയാണ് കോണ്‍ഗ്രസ് സമീപിച്ചത്. പ്രധാനമന്ത്രിയുടെ പോസ്റ്റിനെതിരെ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. യുവാക്കളിലേക്ക് എത്താനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി GTA V, GTA VI ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് പരിഹസിച്ചു. 'ഈ വീഡിയോ ഗെയിമില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന രണ്ട് പേരാണ് പ്രധാന കഥാപാത്രങ്ങള്‍. എത്ര അനുയോജ്യമായ തിരഞ്ഞെടുപ്പ്' എന്നും ജയറാം രമേശ് കുറിച്ചു.

എന്നാല്‍, ബിജെപി രാജ്യത്തുണ്ടാക്കിയ വികസന നേട്ടത്തിന്റെ കണക്കുകളെ പ്രതിരോധിക്കാന്‍ കഴിയാത്തതിനാലാണ് വീഡിയോ ഗെയിമിലെ കഥാപാത്രങ്ങളെക്കുറിച്ച് ധാര്‍മിക പ്രഭാഷണം നടത്തുന്നത് എന്നാണ് ബിജെപി നേതാക്കളുടെ വാദം.

കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദേശീയ സോഷ്യല്‍ മീഡിയ കോ-കണ്‍വീനര്‍ പ്രീതി ഗാന്ധി തിരിച്ചടിച്ചു. GTA V പുറത്തിറങ്ങിയ കാലത്ത് ഇന്ത്യ ഫ്രജൈല്‍ ഫൈവ് സമ്പദ് വ്യവസ്ഥയായിരുന്നു. GTA VI എത്തിയപ്പോള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി മാറിയെന്നും ബിജെപിയുടെ വാദിക്കുന്നു.

ട്രെന്‍ഡ് തിരിച്ചറിഞ്ഞ സോഷ്യല്‍ മീഡിയ തന്ത്രം

ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ സിക്‌സ് ഉണ്ടാക്കിയേക്കാവുന്ന സോഷ്യല്‍ മീഡിയ തരംഗം നേരത്തെ തിരിച്ചറിഞ്ഞാണ് ബിജെപി ഇത്തരം ഒരു നീക്കം നടത്തിയത് എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന സൂചന. ബിജെപി സോഷ്യല്‍ മീഡിയ സംഘമാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഈ തന്ത്രത്തെ സ്വാധീനിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ട്രെന്‍ഡുകളും പോപ്പ് കള്‍ച്ചര്‍ വിഷയങ്ങളും രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ബിജെപി കൂടുതല്‍ ഉപയോഗിക്കുന്നു എന്നതിന്റെ പ്രകടമായ സൂചനയാണിത്. യുവാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ജനപ്രിയ വിഷയങ്ങളിലൂടെ രാഷ്ട്രീയ ആശയങ്ങള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. നേരത്തെ, സിജെപി സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ പ്രധാനമന്ത്രി നേരിട്ട് ആശയവിനിമയം നടത്തിയതും യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു.

The release of Grand Theft Auto VI (GTA VI), after 13 years of anticipation, has attracted gaming enthusiasts worldwide and sparked a new trend in India, where the game's popularity is being used for political campaigning. Released on November 19, the highly anticipated game has gone viral on social media, with the BJP leveraging its popularity for political messaging.