Inside Focus

'യാത്രാ രേഖ' മാത്രമാകുന്ന പാസ്പോര്‍ട്ട്; വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും ഭരണഘടനാ-നിയമ പ്രതിസന്ധിയും

ഇന്ത്യ സ്വന്തം പാസ്പോര്‍ട്ടിനെ പൗരത്വ രേഖയായി പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ലെങ്കില്‍, മറ്റ് വിദേശ രാജ്യങ്ങള്‍ എന്തിന് അതിനെ വിശ്വസിക്കണമെന്ന ലളിതവും എന്നാല്‍ അതീവ ഗൗരവമേറിയതുമായ ചോദ്യമാണ് ഉയരുന്നത്

Madism Desk

ഒരു രാജ്യം അതിന്റെ പൗരന്മാര്‍ക്ക് ഔദ്യോഗികമായി പാസ്പോര്‍ട്ട് അനുവദിക്കുകയും, അത് ആ വ്യക്തിയുടെ ദേശീയതയുടെയും പൗരത്വത്തിന്റെയും തെളിവായി സ്വീകരിക്കാന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അതേ രാജ്യം തന്നെ പിന്നീട് തങ്ങള്‍ നല്‍കിയ പാസ്പോര്‍ട്ട് പൗരത്വത്തിനുള്ള അന്തിമ തെളിവല്ല, കേവലം ഒരു 'യാത്രാ രേഖ' മാത്രമാണെന്ന് നിലപാടെടുത്താല്‍ എന്തുണ്ടാകും?

കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടുത്തിടെ നടത്തിയ പ്രസ്താവനയിലൂടെ ഇന്ത്യയില്‍ ഉടലെടുത്തിരിക്കുന്നത് ഇത്തരമൊരു സങ്കീര്‍ണ്ണമായ ഭരണഘടനാ-നിയമ പ്രതിസന്ധിയാണ്. ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഈ വിചിത്രമായ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ ബേദി 'ദി വയര്‍' -ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ വിമര്‍ശിക്കുന്നത്. ഇന്ത്യ സ്വന്തം പാസ്പോര്‍ട്ടിനെ പൗരത്വ രേഖയായി പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ലെങ്കില്‍, മറ്റ് വിദേശ രാജ്യങ്ങള്‍ എന്തിന് അതിനെ വിശ്വസിക്കണമെന്ന ലളിതവും എന്നാല്‍ അതീവ ഗൗരവമേറിയതുമായ ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.

തീര്‍ത്തും സുരക്ഷിതമായ സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിക്കുന്ന, ദേശീയ ചിഹ്നം പതിച്ച, കടുത്ത പോലീസ് വെരിഫിക്കേഷന് ശേഷം മാത്രം കൈമാറുന്ന ഒരു രേഖയെയാണ് ഇത്തരത്തില്‍ തരംതാഴ്ത്തിയിരിക്കുന്നത്

എന്താണ് വിവാദത്തിന് കാരണം?

പാസ്പോര്‍ട്ട് സേവാ ദിനത്തോട് അനുബന്ധിച്ച് നടന്ന ഔദ്യോഗിക യോഗത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന പ്രസ്താവന നടത്തിയത്. പാസ്പോര്‍ട്ട് വിദേശത്ത് ഇന്ത്യക്കാരുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, അത് ഇന്ത്യയ്ക്കുള്ളില്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. തീര്‍ത്തും സുരക്ഷിതമായ സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിക്കുന്ന, ദേശീയ ചിഹ്നം പതിച്ച, കടുത്ത പോലീസ് വെരിഫിക്കേഷന് ശേഷം മാത്രം കൈമാറുന്ന ഒരു രേഖയെയാണ് ഇത്തരത്തില്‍ തരംതാഴ്ത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ വിസ നേടാനും, വിദേശ വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ സുരക്ഷ മറികടക്കാനും, വിദേശത്ത് വച്ച് നയതന്ത്ര സംരക്ഷണം ഉറപ്പാക്കാനും യോഗ്യമായ ഒരു രേഖയ്ക്ക് സ്വന്തം നാട്ടില്‍ പൗരത്വ തെളിവായി മാറാന്‍ കഴിയില്ലെന്നത് വലിയ വൈരുദ്ധ്യമാണ് സൃഷ്ടിക്കുന്നത്.

നിയമവശങ്ങളും ചരിത്രപരമായ നിലപാടുകളും

സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണമനുസരിച്ച്, ഈ നിലപാട് ഒരു പുതിയ നയമല്ല, മറിച്ച് ദശാബ്ദങ്ങളായുള്ള നിയമപരമായ യാഥാര്‍ത്ഥ്യമാണ്. പാസ്പോര്‍ട്ട് നിയമം 1967 (ഈ നിയമത്തിലെ വകുപ്പ് 20 അനുസരിച്ച് പ്രത്യേക സാഹചര്യങ്ങളില്‍ പൗരന്മാരല്ലാത്തവര്‍ക്കും കേന്ദ്ര സര്‍ക്കാരിന് യാത്രാ രേഖകളോ പാസ്പോര്‍ട്ടോ അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്.

കോടതി വിധികള്‍: ബോംബെ ഹൈക്കോടതി ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ കോടതികള്‍ മുന്‍പ് നല്‍കിയ വിധികളിലും പാസ്പോര്‍ട്ട് പൗരത്വത്തിന്റെ അന്തിമമായ തെളിവല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ പൗരത്വം നിര്‍ണ്ണയിക്കുന്നത് 'പൗരത്വ നിയമം 1955' (Citizenship Act, 1955) പ്രകാരമാണെന്നാണ് സര്‍ക്കാരിന്റെ വാദം.എന്നാല്‍ രാഹുല്‍ ബേദി ചൂണ്ടിക്കാണിക്കുന്നത് പോലെ, പാസ്പോര്‍ട്ട് ആക്റ്റിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നത് പൗരന്മാരുടെയും മറ്റ് വ്യക്തികളുടെയും യാത്രകളെ നിയന്ത്രിക്കാനുള്ള നിയമം എന്നാണ്. ഇതില്‍ പൗരത്വം തന്നെയാണ് അടിസ്ഥാന മാനദണ്ഡം.

ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യങ്ങള്‍

ആധാര്‍ കാര്‍ഡ് കേവലം ഒരു ഐഡന്റിറ്റി രേഖ മാത്രമാണെന്നും പൗരത്വ തെളിവല്ലെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടര്‍ ഐഡിയും പൗരത്വത്തിന്റെ പരമാധികാര രേഖയായി കണക്കാക്കപ്പെടുന്നില്ല. ഇപ്പോള്‍ പാസ്പോര്‍ട്ടും ഈ പട്ടികയില്‍ നിന്ന് പുറത്താകുമ്പോള്‍, ഒരു സാധാരണക്കാരന്‍ ഇന്ത്യയില്‍ പൗരത്വം തെളിയിക്കാന്‍ ഏത് രേഖയാണ് കാണിക്കേണ്ടതെന്ന വലിയ ആശങ്കയാണ് പൊതുസമൂഹത്തിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയരുന്നത്.

'ഒരു മരണ സര്‍ട്ടിഫിക്കറ്റ് മരണത്തെ സ്ഥിരീകരിക്കുന്നില്ലെങ്കിലോ, ഡ്രൈവിംഗ് ലൈസന്‍സ് ഒരാള്‍ക്ക് വണ്ടി ഓടിക്കാന്‍ അറിയാമെന്നതിന് തെളിവല്ലെങ്കിലോ അതിനെ നമ്മള്‍ ഭരണപരമായ പരാജയം എന്ന് വിളിക്കും. എന്നാല്‍ ഒരു പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാന്‍ ഉപയോഗിക്കുമ്പോള്‍ മാത്രം ഇന്ത്യന്‍ ബ്യൂറോക്രസി അതിന്മേല്‍ സംശയം പ്രകടിപ്പിക്കുന്നു. ഇത് ഭരണപരമായ വൈദഗ്ധ്യമല്ല, മറിച്ച് വിചിത്രമായ ഒരു പ്രതിഭാസമാണ്. - രാഹുല്‍ ബേദി പറയുന്നു.ഡിജിറ്റല്‍ ഗവേണന്‍സിനെക്കുറിച്ചും 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനെ'ക്കുറിച്ചും വാചാലരാകുന്ന ഒരു ഭരണകൂടത്തിന് കീഴിലാണ് സ്വന്തം പൗരന്മാര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ രേഖകള്‍ക്ക് മുകളില്‍ വീണ്ടും രേഖകള്‍ ഹാജരാക്കേണ്ടി വരുന്ന ഈ അവസ്ഥയുണ്ടാകുന്നത്. ആഗോളതലത്തില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ വിദേശകാര്യ മന്ത്രാലയം നടപ്പിലാക്കുമ്പോഴും, ആഭ്യന്തരമായി ഈ രേഖ നേരിടുന്ന വിശ്വാസ്യതക്കുറവ് അന്താരാഷ്ട്ര തലത്തില്‍ പോലും രാജ്യത്തിന് തിരിച്ചടിയായേക്കാം.

A complex constitutional and legal debate has emerged in India following a recent statement by the Ministry of External Affairs regarding the status of passports as proof of citizenship. Traditionally, a passport is issued by a sovereign state and serves as internationally recognized evidence of an individual's nationality and citizenship. However, the controversy arose after the government clarified that an Indian passport should not be treated as conclusive proof of citizenship and is primarily a travel document. The position has triggered questions about the legal status of passports, the burden of proving citizenship, and the potential implications for citizens facing scrutiny over their nationality. Legal experts argue that the issue touches upon fundamental constitutional rights, administrative procedures, and the relationship between citizenship documentation and state authority.