Inside Focus

ഫ്ലാറ്റ് കിട്ടാന്‍ വൈകിയോ? ബില്‍ഡര്‍മാരുടെ ചതിക്കുഴികള്‍ക്ക് പൂട്ടിട്ട് സുപ്രീം കോടതി; ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട ചരിത്രവിധി!

വൈകിയ കാലയളവിലേക്കുള്ള നഷ്ടപരിഹാരം ചോദിക്കാന്‍ ഉപയോക്താവിനു പൂര്‍ണ അവകാശമുണ്ടെന്നാണ് സുപ്രീം കോടതിയുടെ പുതിയ വിധി

Madism Desk

സ്വന്തമായൊരു വീട് അല്ലെങ്കിൽ ഫ്ലാറ്റ് എന്നത് ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച തുകയും ബാങ്ക് വായ്പയുമെല്ലാം ചേര്‍ത്തുവെച്ച് ബില്‍ഡര്‍മാര്‍ക്കു പണം നല്‍കുമ്പോള്‍, കൃത്യസമയത്ത് താക്കോല്‍ കൈപ്പറ്റി ആ പുതിയ വീട്ടിലേക്ക് വലതുകാല്‍ വെച്ച് കയറുന്ന നിമിഷമായിരിക്കും മനസ്സില്‍. എന്നാല്‍, വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും ഫ്ലാറ്റ് കിട്ടാതെ വരികയും ഒടുവില്‍ ബില്‍ഡര്‍മാര്‍ നല്‍കുന്ന താക്കോല്‍ വാങ്ങുമ്പോള്‍ 'ഇത്രയും കാലം വൈകിയതിന് എനിക്ക് എന്ത് നഷ്ടപരിഹാരം കിട്ടി?' എന്ന് ചോദിക്കേണ്ടി വരികയും ചെയ്യുന്ന ആയിരക്കണക്കിന് ഉപയോക്താക്കളുടെ നിസ്സഹായാവസ്ഥയ്ക്കു മുന്നിലാണ് ഇപ്പോള്‍ സുപ്രീം കോടതി ഒരു രക്ഷകനായി എത്തിയിരിക്കുന്നത്.

ഫ്ലാറ്റ് വൈകി കൈപ്പറ്റിയാല്‍ പോലും, ആ വൈകിയ കാലയളവിലേക്കുള്ള നഷ്ടപരിഹാരം ചോദിക്കാന്‍ ഉപയോക്താവിനു പൂര്‍ണ അവകാശമുണ്ടെന്നാണ് സുപ്രീം കോടതിയുടെ പുതിയ വിധി. നിയമത്തിന്റെ കണ്‍കെട്ടുകളില്‍ സാധാരണക്കാരനെ തളച്ചിടാന്‍ നോക്കിയ വലിയൊരു റിയല്‍ എസ്റ്റേറ്റ് ലോബിക്കേറ്റ കനത്ത പ്രഹരമാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

രണ്ടു പതിറ്റാണ്ട് നീണ്ട പത്മനാഭന്റെ പോരാട്ടം

ഈ ചരിത്രവിധിക്കു പിന്നില്‍ ടികെഎ പത്മനാഭന്‍ എന്നൊരു സാധാരണക്കാരന്റെ 21 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന്റെ കഥയുണ്ട്. 2003 ജനുവരിയിലാണ് പത്മനാഭന്‍ ഡല്‍ഹിയിലെ അഭിരാമി കോഓപ്പറേറ്റീവ് ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റി'യില്‍ അംഗമാകുന്നതും ഫ്ലാറ്റ് വാങ്ങുന്നതും. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫ്ലാറ്റ് കൈമാറാന്‍ സൊസൈറ്റി തയ്യാറായില്ല. ഒടുവില്‍ സഹികെട്ട് 2005-ല്‍ അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചു.

അവിടെയാണ് ബില്‍ഡര്‍മാര്‍ തങ്ങളുടെ സ്ഥിരം കൗശലം പുറത്തെടുത്തത്. കരാറിലെ ചെറിയ അക്ഷരങ്ങളില്‍ എഴുതിവെച്ചിരുന്ന ഒരു വ്യവസ്ഥ അവര്‍ കോടതിയില്‍ കാട്ടി. 'തര്‍ക്കങ്ങളുണ്ടായാല്‍ കോടതിയിലല്ല, മധ്യസ്ഥ ചര്‍ച്ചയിലൂടെയേ പരിഹരിക്കാവൂ' എന്നതായിരുന്നു അത്. കീഴ്ക്കോടതികളും ദേശീയ ഉപഭോക്തൃ കമ്മിഷനും ബില്‍ഡറുടെ ഈ വാദത്തിനൊപ്പം നിന്നു. മാത്രമല്ല, പിന്നീട് പത്മനാഭന്‍ ആ ഫ്ലാറ്റ് കൈപ്പറ്റിയതുകൊണ്ട് അദ്ദേഹം ഇനി ഒരു 'ഉപയോക്താവ്' അല്ലെന്നും, അതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു കമ്മിഷന്റെ വിചിത്രമായ കണ്ടെത്തല്‍! എന്നാല്‍ തോറ്റുകൊടുക്കാന്‍ പത്മനാഭന്‍ തയ്യാറായില്ല; അദ്ദേഹം സുപ്രീം കോടതിയുടെ വാതിലില്‍ മുട്ടി.

കരാറിലെ കണ്‍കെട്ടുകള്‍ നിയമത്തിന് മുകളിലല്ല

പത്മനാഭന്റെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി റിയല്‍ എസ്റ്റേറ്റ് രംഗത്തെ രണ്ട് പ്രധാന കള്ളക്കളികള്‍ക്കാണ് ഈ വിധിയിലൂടെ പൂട്ടിട്ടത്.

1. മധ്യസ്ഥ വ്യവസ്ഥകള്‍ക്ക് ഉപഭോക്തൃനിയമത്തെ തടയാനാകില്ല: ബില്‍ഡര്‍മാര്‍ കരാറില്‍ എന്ത് എഴുതിപ്പിടിപ്പിച്ചാലും, 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം സാധാരണക്കാര്‍ക്കു നല്‍കുന്ന അധിക സുരക്ഷയെ മറികടക്കാന്‍ ഒരു സ്വകാര്യ കരാറിനും കഴിയില്ല. ഒരു ഉപഭോക്താവ് കോടതിയെ സമീപിച്ചാല്‍ കേസ് അവിടെത്തന്നെ തീര്‍പ്പാക്കണം.

2. താക്കോല്‍ വാങ്ങിയാലും അവകാശം മാറുന്നില്ല: 'താക്കോല്‍ വാങ്ങിയില്ലേ, ഇനി മിണ്ടാതിരുന്നോ'യെന്ന ബില്‍ഡര്‍മാരുടെ ഭീഷണി ഇനി നടക്കില്ല. ഹര്‍ജിക്കാരന്‍ ഫ്ലാറ്റ് കിട്ടാനല്ല, മറിച്ച് അത് വൈകിയതിലൂടെ തനിക്കുണ്ടായ മാനസിക-സാമ്പത്തിക നഷ്ടങ്ങള്‍ക്കാണ് കോടതിയെ സമീപിച്ചത്. അതിനാല്‍ ഫ്ലാറ്റ് പിന്നീട് കൈപ്പറ്റിയാലും വൈകിയ കാലയളവിലെ നഷ്ടപരിഹാരം ചോദിക്കാന്‍ ഉപഭോക്താവിനു നിയമപരമായി എല്ലാ അവകാശവുമുണ്ട്.

സമാന വിധികള്‍; ഉപഭോക്താക്കള്‍ക്ക് കരുത്താകുന്ന നിയമങ്ങള്‍

ഇതാദ്യമായല്ല സുപ്രീം കോടതി റിയല്‍ എസ്റ്റേറ്റ് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സാധാരണക്കാര്‍ക്ക് നിയമപരമായ വലിയ സുരക്ഷിതത്വം നല്‍കുന്ന മുന്‍കാലങ്ങളിലെ ചില പ്രധാന സുപ്രീം കോടതി വിധികള്‍ താഴെ പറയുന്നവയാണ്:

ന്യൂടെക് പ്രൊമോട്ടേഴ്‌സ് കേസ് (2021): ബില്‍ഡര്‍ ഫ്ലാറ്റിന്റെ നിര്‍മ്മാണം വൈകിപ്പിച്ചാല്‍ ഉപഭോക്താവിന് ആ പ്രൊജക്ടില്‍നിന്ന് പൂര്‍ണമായും പിന്മാറാം. താന്‍ മുടക്കിയ പണം മുഴുവന്‍ കൃത്യമായ പലിശ സഹിതം തിരികെ വാങ്ങാനുള്ള അവകാശം ഉപഭോക്താവിന് നിരുപാധികമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ജിമാഡ കേസ് (2025): ഫ്ലാറ്റ് കൈമാറാന്‍ വൈകുന്ന സാഹചര്യങ്ങളില്‍, കരാര്‍ പ്രകാരം ബില്‍ഡര്‍ നല്‍കേണ്ട പലിശ നല്‍കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍, ഉപഭോക്താവ് ഫ്ലാറ്റ് വാങ്ങാനായി ബാങ്കില്‍നിന്ന് എടുത്ത വ്യക്തിഗത വായ്പയുടെ പലിശ കൂടി ഇതിനൊപ്പം അധികമായി ബില്‍ഡറില്‍നിന്ന് ഈടാക്കാന്‍ നിയമമില്ലെന്ന് കോടതി നിരീക്ഷിച്ചു.

മ്ഹാഡ കേസ്: ഒരു വീടിനായി വര്‍ഷങ്ങളോളം ഉപഭോക്താവിനെ കാത്തിരിപ്പിക്കാന്‍ ബില്‍ഡര്‍ക്കു കഴിയില്ല. അത്തരം അനാവശ്യമായ വലിയ കാലതാമസം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍, ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മുടക്കിയ തുക പൂര്‍ണ്ണമായും തിരികെ നല്‍കാന്‍ ബില്‍ഡര്‍ ബാധ്യസ്ഥനാണ്.

റെറ നല്‍കുന്ന കാവല്‍

റിയല്‍ എസ്റ്റേറ്റ് നിയമത്തിലെ 18-ാം വകുപ്പ് പ്രകാരം, ഒരു പ്രൊജക്റ്റ് വൈകുമ്പോള്‍ ഉപയോക്താവിനു രണ്ട് വ്യക്തമായ ചോയ്സുകളുണ്ട്. ഒന്നുകില്‍ പലിശ സഹിതം പണം വാങ്ങി പ്രൊജക്ടില്‍നിന്ന് മാറാം. അല്ലെങ്കില്‍ പ്രൊജക്ടില്‍ തുടര്‍ന്ന് കൊണ്ട്, ഫ്ലാറ്റ് കൈമാറുന്നത് വരെ വൈകുന്ന ഓരോ മാസത്തിനും കൃത്യമായ പ്രതിമാസ പലിശ ബില്‍ഡറില്‍നിന്ന് ഈടാക്കാം.

വര്‍ഷങ്ങളോളം സ്വന്തം പണം ബില്‍ഡര്‍മാരുടെ കയ്യില്‍ കൊടുത്ത്, വാടകവീടുകളില്‍ കഴിഞ്ഞ്, കോടതികളില്‍നിന്ന് കോടതികളിലേക്കു കയറിയിറങ്ങുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് വലിയൊരു പ്രത്യാശയാണ് സുപ്രീം കോടതിയുടെ ഈ വിധി നല്‍കുന്നത്. ഇനി ബില്‍ഡര്‍മാര്‍ പണി വൈകിപ്പിച്ചാല്‍, താക്കോലിനൊപ്പം നിങ്ങളുടെ അവകാശപ്പെട്ട നഷ്ടപരിഹാരവും ചോദിച്ചുവാങ്ങാം!

In a significant ruling for homebuyers, the Supreme Court has clarified that accepting possession of a property does not waive a buyer's right to claim compensation for construction delays. The Court established that such individuals remain protected under consumer law, allowing them to pursue grievances regarding the delay period even after taking ownership. Furthermore, the ruling limits the power of developers to force disputes into arbitration by affirming that the existence of an arbitration clause in a builder-buyer agreement cannot override the jurisdiction of consumer forums.