Inside Focus

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം മറികടക്കാന്‍ രഹസ്യ എണ്ണക്കടത്ത്; ഇറാന്റെ തന്ത്രം കടമെടുത്ത് യുഎസ് സൈന്യം

അപ്പാച്ചെ വെടിവെച്ചിട്ട ദിവസം സോഹാര്‍ തുറമുഖത്തിന് സമീപമുള്ള ചെറിയൊരു പ്രദേശത്ത് ആറ് ജോടി ടാങ്കര്‍ കപ്പലുകള്‍ ഒരുമിച്ചു കിടക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്

Madism Desk

പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് തകര്‍ച്ചയിലായ ഗള്‍ഫ് മേഖലയിലെ ഊര്‍ജ്ജ കയറ്റുമതി പുനഃസ്ഥാപിക്കാന്‍ അമേരിക്കന്‍ സൈന്യം അതീവ രഹസ്യമായ നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഉപരോധങ്ങളെയും ശത്രുക്കളെയും വെട്ടിച്ച് അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണയെത്തിക്കാന്‍ ഇറാന്‍ ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്ന 'ഷട്ടിലിങ്' തന്ത്രമാണ് അമേരിക്ക പ്രയോഗിച്ചത്. കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് എണ്ണ കൈമാറ്റം നടത്തുന്ന രീതിയാണിത്. വ്യോമ-ജല ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് ഈ ഓപ്പറേഷന്‍ നടത്തിയത്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം യുഎഇയിലെ ഫുജൈറ തീരത്തും ഒമാന്റെ സോഹാര്‍ തുറമുഖത്തിന് സമീപവുമുള്ള രണ്ട് തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഈ എണ്ണമാറ്റം നടക്കുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാന്‍ പുതുതായി രൂപീകരിച്ച 'പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി' നിശ്ചയിച്ചിട്ടുള്ള അതിര്‍ത്തികള്‍ക്ക് തൊട്ടുപുറത്താണ് ഈ കേന്ദ്രങ്ങള്‍. മേയ് മാസം മുതല്‍ ആരംഭിച്ച ഈ ദൗത്യത്തില്‍ ഇതുവരെ തൊണ്ണൂറിലധികം കപ്പലുകള്‍ പങ്കാളികളായതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ജൂണ്‍ 11-ലെ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ മാത്രം 17 ജോടി കപ്പലുകള്‍ ഒരേസമയം ഈ കേന്ദ്രങ്ങളില്‍ എണ്ണ കൈമാറ്റം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇറാന്‍ തകര്‍ത്ത അപ്പാച്ചെ ഹെലികോപ്റ്റര്‍ ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്ന് മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള നാല് പ്രമുഖ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അപ്പാച്ചെ വെടിവെച്ചിട്ട ദിവസം സോഹാര്‍ തുറമുഖത്തിന് സമീപമുള്ള ചെറിയൊരു പ്രദേശത്ത് ആറ് ജോടി ടാങ്കര്‍ കപ്പലുകള്‍ ഒരുമിച്ചു കിടക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഓപ്പറേഷനില്‍ അപ്പാച്ചെ ഹെലികോപ്റ്ററിന്റെ കൃത്യമായ പങ്ക് എന്തായിരുന്നുവെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം, ഇറാന്‍ സര്‍ക്കാര്‍ ഈ എണ്ണ കൈമ്മാറ്റത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

യുഎസ് നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഫുജൈറ തുറമുഖത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തില്‍, ഒമാന്‍ തീരത്ത് ഒരു ടാങ്കറിന് നേരെ 'അജ്ഞാത പ്രൊജക്‌റ്റൈല്‍' (projectile) പതിച്ചതായി ബ്രിട്ടീഷ് മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് ഗ്രൂപ്പായ വാന്‍ഗാര്‍ഡ് അറിയിച്ചു. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ആക്രമണത്തില്‍ എണ്ണച്ചോര്‍ച്ച ഉണ്ടായെങ്കിലും പരിസ്ഥിതിക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും വാന്‍ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഈ ടാങ്കര്‍ യുഎസിന്റെ എണ്ണമാറ്റ പ്രക്രിയയില്‍ പങ്കാളിയായിരുന്നോ എന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.

നിശ്ചിത സമയക്രമവും വഴികളും

ഹോര്‍മുസ് കടലിടുക്കില്‍ എത്തുന്നതിന് മുന്‍പ് ടാങ്കറുകള്‍ ഒരു നിശ്ചിത മീറ്റിംഗ് പോയിന്റിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. അതിനുശേഷം കപ്പലുകള്‍ തമ്മില്‍ 3,000 മുതല്‍ 4,000 മീറ്റര്‍ വരെ അകലം പാലിച്ച് വേണം യാത്ര ചെയ്യാന്‍. കപ്പലുകളുടെ സ്ഥാനം വ്യക്തമാക്കുന്ന ട്രാന്‍സ്‌പോണ്ടറുകള്‍ പൂര്‍ണ്ണമായും ഓഫാക്കുകയു ലൈറ്റുകളുടെ വെളിച്ചം കുറയ്ക്കുകയും ചെയ്യാറുണ്ട്. യുഎസ് സൈന്യത്തിന് ഈ കപ്പലുകളുടെ പുരോഗതി നിരീക്ഷിക്കാന്‍ നിരവധി വേപോയിന്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇറാന്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് പ്രഖ്യാപിച്ച മേഖലയ്ക്ക് തൊട്ടുപുറത്തുകൂടി കടലിടുക്ക് കടക്കുമ്പോള്‍, എണ്ണ സ്വീകരിക്കാനായി കാത്തുനില്‍ക്കുന്ന വെരി ലാര്‍ജ് ക്രൂഡ് കാരിയറുകളുടെ അരികിലേക്ക് ടാങ്കറുകള്‍ അടുക്കുകയും എണ്ണ കൈമാറ്റം ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാകാന്‍ 24 മുതല്‍ 40 മണിക്കൂര്‍ വരെ സമയമെടുക്കും. ഇതിനുശേഷം എണ്ണ ഒഴിഞ്ഞ ടാങ്കറുകള്‍ കടലിടുക്കിലൂടെ തിരികെ പോവുകയും, പുതുതായി എണ്ണ നിറഞ്ഞ വിഎല്‍സിസി കപ്പലുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയും ചെയ്യും.

എണ്ണയുടെ ഉറവിടം മറച്ചുവെക്കാന്‍ സാധിക്കുമെന്നതിനാല്‍ ഉപരോധങ്ങള്‍ മറികടക്കാന്‍ വര്‍ഷങ്ങളായി ഇറാന്‍ ഈ തന്ത്രം ഉപയോഗിക്കുന്നുണ്ട്. സാധാരണയായി ഇറാന്‍ ഒരു സമയം ഒരു ജോടി കപ്പലുകള്‍ മാത്രമാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ വന്‍തോതിലുള്ള ഈ എണ്ണമാറ്റ പ്രക്രിയ ഗള്‍ഫ് ഉത്പാദകര്‍ക്ക് ഇറാന്റെ തിരിച്ചടികളില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്നു. അന്താരാഷ്ട്ര വാങ്ങലുകാര്‍ക്ക് ക്രൂഡ് ഓയില്‍, കണ്ടന്‍സേറ്റ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ സുരക്ഷിതമായി എത്തിക്കാനും സഹായിക്കുന്നു. മെയ് മാസം മുതല്‍ ഏകദേശം 90 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ ശൃംഖലയിലൂടെ കടന്നുപോയിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. യുദ്ധത്തിന് മുമ്പ് പ്രതിദിനം ഈ കടലിടുക്കിലൂടെ കടന്നുപോയിരുന്ന 20 ദശലക്ഷം ബാരലുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ അളവ് വളരെ ചെറുതാണ്.

അറബ് രാജ്യങ്ങളുടെ പങ്കാളിത്തം

യുഎസിന്റെ ഈ രഹസ്യ എണ്ണമാറ്റ ഓപ്പറേഷനില്‍ ഗണ്യമായ പങ്ക് യുഎഇ കയറ്റുമതിക്കാണെന്ന് ഷിപ്പിംഗ് റെക്കോര്‍ഡുകള്‍ കാണിക്കുന്നു. യുഎഇയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ അഡ്നോക് കൈമാറ്റത്തില്‍ സജീവ പങ്കാളിയാണെന്ന് മാരിടൈം വൃത്തങ്ങള്‍ അറിയിച്ചു. കുവൈത്ത് ഓയില്‍ ടാങ്കര്‍ കമ്പനിയും ഈ എണ്ണമാറ്റത്തില്‍ സജീവമാണ്. ജൂണ്‍ ആറിന് ഒമാന്‍ തീരത്തുവെച്ച് ഈ കമ്പനിയുടെ കപ്പലുകളിലൊന്നില്‍ നിന്ന് 2.3 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ മാറ്റിയതായി ടാങ്കര്‍ട്രാക്കേഴ്‌സ്.കോം ഡാറ്റ വ്യക്തമാക്കുന്നു. എണ്ണ സ്വീകരിച്ച 'സീ റൂബി' എന്ന കപ്പല്‍ അഞ്ച് ദിവസത്തിന് ശേഷം ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് ചൈനയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. എന്നാല്‍ യുഎഇ സര്‍ക്കാരോ, അഡ്നോകോ, കുവൈറ്റ് ഓയില്‍ ടാങ്കര്‍ കമ്പനിയോ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Amid escalating tensions in West Asia, reports suggest that the United States has been involved in a large-scale ship-to-ship oil transfer operation aimed at maintaining energy exports from the Gulf region. The method, commonly known as "shuttling," has historically been used by Iran to move oil while avoiding sanctions and other restrictions.