Inside Focus

'ഇറാനില്‍ അമേരിക്ക യുദ്ധക്കുറ്റങ്ങള്‍ ചെയ്തു, വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്'; യുഎന്‍ റിപ്പോര്‍ട്ട്

സൈനിക നീക്കത്തിന്റെ ആദ്യ ദിവസങ്ങളില്‍ നടന്ന രണ്ട് ആക്രമണങ്ങളെയാണ് യുഎന്‍ പരാമര്‍ശിച്ചിരിക്കുന്നത്

Madism Desk

ഇറാനില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളില്‍ യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍പ്പെടുന്നവയും ഉണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് യുദ്ധക്കുറ്റങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നത്. സൈനിക നീക്കത്തിന്റെ ആദ്യ ദിവസങ്ങളില്‍ നടന്ന രണ്ട് ആക്രമണങ്ങളെയാണ് യുഎന്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ഫെബ്രുവരി 28 ന് തെക്കന്‍ നഗരമായ മിനാബിലെ സ്‌കൂളില്‍ നടന്ന ആക്രമണമാണ് ഇതില്‍ പ്രധാനം. ഈ സംഭവത്തില്‍ 120 കുട്ടികളും 26 അധ്യാപകരും ഉള്‍പ്പെടെ കുറഞ്ഞത് 156 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാനിയന്‍ അധികൃതരുടെ വിശദീകരണം. സമീപകാല യുഎസ് സൈനിക ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ഒന്നാണിത്.

തെക്കന്‍ നഗരമായ ലാമെര്‍ഡിലെ ഒരു സ്‌പോര്‍ട്‌സ് സെന്ററിലും റെസിഡന്‍ഷ്യല്‍ ഏരിയയിലും നടന്ന വ്യോമാക്രമണമാണ് ഇതില്‍ രണ്ടാമത്തേത്. ഫെബ്രുവരി 28 ന്് തന്നെയാണ് രണ്ടാമത്തെ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ ആക്രമണത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്‍ കണക്കുകള്‍. വിവേചന രഹിതമായ ആക്രമണങ്ങള്‍ എന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ ഈ രണ്ട് സംഭവങ്ങളെയും പരാമര്‍ശിക്കുന്നത്. ഈ ആക്രമണങ്ങളില്‍ സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ സിവിലിയന്‍ വസ്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാകുകയോ ചെയ്തിട്ടുണ്ട്. യുഎസ് യുദ്ധക്കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളാണിവയെന്നും ' യുഎന്നിന്റെ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫാക്റ്റ്-ഫൈന്‍ഡിങ് മിഷന്‍ പറഞ്ഞു.

എന്നാല്‍, റിപ്പോര്‍ട്ട് തള്ളുന്ന നിലപാടാണ് യുഎസ് സ്വീകരിച്ചത്. വിശ്വസനീയമല്ലാത്ത റിപ്പോര്‍ട്ട് എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥന്‍ ഇതിനോട് പ്രതികരിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടുള്ള വിരോധമാണ് റിപ്പോര്‍ട്ടിന് പിന്നില്‍ എന്നാണ് അമേരിക്കയുടെ നിലപാട്. ട്രംപ് അധികാരമേറ്റ് ആഴ്ചകള്‍ക്ക് ശേഷം 2025 ഫെബ്രുവരിയില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യുഎസിനെ ഔദ്യോഗികമായി പിന്‍വലിച്ചതും, സംഘടനയ്‌ക്കെതിരെ യഹൂദവിരുദ്ധത ആരോപിച്ചതും ഉള്‍പ്പെടെയുള്ള കാരണങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വിഷയങ്ങളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ ഒന്നും പ്രഖ്യാപിക്കാനില്ലെന്നുമാണ് പ്രതിരോധ വകുപ്പിന്റെ നിലപാട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നാവിക താവളം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ലക്ഷ്യം തെറ്റി സ്‌കൂളിലേക്ക് ഇടിച്ചിറങ്ങിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്റലിജന്‍സ് പിഴവായിരുന്നു ഇതിന് കാരണമെന്നും ആ സമയങ്ങളില്‍ സൂചനകളുണ്ടായിരുന്നു.

യുഎന്നിന്റെ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫാക്റ്റ്-ഫൈന്‍ഡിങ് മിഷന്‍ റിപ്പോര്‍ട്ട് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന് സമര്‍പ്പിക്കും. ബംഗ്ലാദേശി നിയമവിദഗ്ദ്ധ സാറ ഹൊസൈന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘത്തില്‍ സ്വതന്ത്ര വിദഗ്ധരും ഉള്‍പ്പെടുന്നുണ്ട്. യുഎന്‍ മനുഷ്യാവകാശ സമിതിക്ക് കീഴിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. യു.എന്‍. അംഗരാജ്യങ്ങളായ 47 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൗണ്‍സിലിന് മുമ്പാകെ വിദഗ്ധര്‍ തിങ്കളാഴ്ച തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപഗ്രഹ ചിത്രങ്ങള്‍, വീഡിയോ, ഫോട്ടോകള്‍, വിശ്വസനീയ സംഘടനകളില്‍ നിന്നും വിദഗ്ധരില്‍ നിന്നുമുള്ള വിവരങ്ങള്‍, ഇറാനിലും പുറത്തുമുള്ള നിരവധി പേരുടെ അഭിമുഖങ്ങള്‍ എന്നിവ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പുറമെ ജനുവരിയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനിടയില്‍ ഇറാനിയന്‍ അധികാരികള്‍ മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇറാന്റെ 31 പ്രവിശ്യകളിലും ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ നടന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വിഷയത്തില്‍ ഇറാന്റെ ഭാഗത്തുനിന്ന് റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരണമുണ്ടായിട്ടില്ല.

A UN fact-finding mission has found “reasonable grounds to believe” that the United States committed a war crime in a February 2026 strike on a primary school in Minab, Iran. The attack killed more than 150 people, including around 120 children, according to the UN report. Investigators concluded that the school was a clearly identifiable civilian facility and said the US failed to adequately verify whether it was a military target before the strike. The mission also cited another strike on a sports facility and residential area in Lamerd that it said amounted to an indiscriminate attack. The US government has rejected the findings, while the Pentagon says its own investigation into the Minab strike remains ongoing.