ഒരു ഓഗസ്ത് 30 കൂടി കടന്നുപോകുന്നു. അതെ, കൽബുർഗിയുടെ രക്തസാക്ഷി ദിനം കടന്നുപോകുന്നു... ഹിന്ദുത്വമെന്ന ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിനെതിരായി ചിന്തിക്കുകയും എഴുതുകയും ചെയ്ത കുറ്റത്തിനാണ് ഹിന്ദുത്വ തീവ്രവാദ സംഘം ആ ജ്ഞാന വൃദ്ധന്റെ തലക്ക് നേരെ നിറയൊഴിച്ചത്. ബ്രാഹ്മണ്യത്തിന്റെ അശ്ലീല കരവും മനുഷ്യത്വരഹിതവുമായ ധർമ്മശാസ്ത്രങ്ങളെയും അതിന്റെ സൂക്ഷ്മ തലങ്ങളിലെ വ്യവഹാരങ്ങളെയും നിശിതമായി വിമർശിക്കുകയും തുറന്നുകാട്ടുകയും ചെയ്ത ആ പണ്ഡിതനെ അവർക്ക് സഹിക്കാൻ കഴിയില്ലായിരുന്നു.
ധാബോൽക്കറെയും ഗോവിന്ദ് പൻസാരെയെയും നിഷ്ഠൂരമായ വധിച്ച അതെ സനാതന സംസ്ഥക്കാർ തന്നെയായിരുന്നു കന്നടയുടെ ബൗദ്ധിക ജീവിതത്തെ സജീവമാക്കിയ, സവർണ്ണ ജാതി അധീശത്വത്തിനെതിരെ ചിന്തയുടെ തീജ്വാലകൾ പടർത്തിയ, ആദരണീയനായ കൽബുർഗിയെയും അവസാനിപ്പിച്ചത്. കൽബുർഗിയുടെ വധത്തിൽ രോഷാകുലയായി പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്ത ഗൗരിലങ്കേഷിനെയും വെടിയുതിർത്ത് കൊന്നതും ഇതേ സംഘമായിരുന്നു.
രാജ്യവ്യാപകമായി സംഘപരിവാർ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയവരാണ് ഗൗരി ലങ്കേഷിനെയും പൻസാരെയെയും കൽബുർഗിയെയും പോലുള്ളവർ. അവരുടെ ജീവിതം കവരുന്നതിലൂടെ ഫാസിസ്റ്റ് വിരുദ്ധപോരാട്ടങ്ങളെ നിശബ്ദമാക്കാമെന്നാണ് സംഘപരിവാർ വ്യാമോഹിക്കുന്നത്.
ഫാസിസ്റ്റുകൾ ആശയത്തെയും ഭിന്നാഭിപ്രായങ്ങളെയും ആയുധംകൊണ്ട് നേരിടുന്നവരാണല്ലോ. ആശയമില്ലാത്ത ഭീരുക്കളുടെ ശക്തിഗാഥയാണ് ഫാസിസം. കയ്യൂക്കാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന, ജനാധിപത്യവിരുദ്ധമായ പ്രത്യയശാസ്ത്രമാണ് നാസികളെയും ഫാസിസ്റ്റുകളെയും പോലെ ആർ.എസ്.എസിനെയും നയിക്കുന്നത്. സനാതൻ സംസ്ഥ, തങ്ങളെ ചിന്താപരമായും സാമൂഹ്യമായും എതിർക്കുന്നവരെ ഉന്മൂലനം ചെയ്യാനായി രൂപപ്പെടുത്തിയ ഒരു ഭീകര സംഘടനയാണ്.
കർണാടകയിലും ഗോവയിലും മഹാരാഷ്ട്രയിലും തിമർത്താടുന്ന തീവ്രഹിന്ദുത്വസംഘടനകളുടെ നോട്ടപ്പുള്ളികളായിരുന്നു കൽബുർഗിയും ഗൗരിലങ്കേഷും. അവരെപ്പോലെ കർണാടകയിൽ കെ.എസ്.ഭഗവാനും ചേതനതീർത്ഥഹള്ളിയുമെല്ലാം സംഘപരിവാറിന്റെ നോട്ടപ്പുള്ളികളാണ്. ശ്രീരാമസേനയെയും സനാതൻ സംസ്ഥയെയും പോലുള്ള ഹിന്ദുത്വ ഹൂളിഗാൻ സംഘങ്ങളെയും കൊലയാളി സംഘങ്ങളെയും ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കുന്നതുകൊണ്ടാണ് തീവ്രഹിന്ദുത്വവാദികൾ ഇവരെയൊക്കെ ലക്ഷ്യമിട്ടിരിക്കുന്നത്. സംഘപരിവാറിനെതിരെ ശബ്ദമുയർത്തുന്ന എഴുത്തുകാരുടെയും ആക്ടിവിസ്റ്റുകളുടെയും ജീവൻ അപകടത്തിലാണെന്ന ഭീതിദമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
എൻ.ഐ.എ അന്വേഷിക്കുന്ന നിരവധി കൊലപാതകകേസുകളിലും സ്‌ഫോടനപരമ്പരകളിലും പ്രതിസ്ഥാനത്തേക്ക് വരുന്നത് സനാതൻ സംസ്ഥ എന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ്. ഹിന്ദുരാഷ്ട്രനിർമ്മിതിക്കുള്ള ചാവേർ സംഘങ്ങളായിട്ടാണ് സനാതൻ സംസ്ഥ എന്ന തീവ്രഹിന്ദുത്വസംഘടന രൂപംകൊണ്ടിട്ടുള്ളത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഹിപ്‌നോട്ടിക്കൽ രീതികളുപയോഗിച്ച് റിക്രൂട്ട് ചെയ്യപ്പെടുന്നവരാണ് ഈ സംഘത്തിലെ ചാവേറുകൾ. ഹിന്ദുരാഷ്ട്രമില്ലാതെ ഹിന്ദുമതവിശ്വാസം സാക്ഷാത്കരിക്കാൻ ആവില്ലെന്ന വിശ്വാസഭ്രാന്താണ് സനാതൻ സംസ്ഥ അതിന്റെ അംഗങ്ങളിൽ സൃഷ്ടിക്കുന്നത്.
അപരമതങ്ങളോടും ഹിന്ദുരാഷ്ട്രത്തെ എതിർക്കുന്നവരോടും ഹിംസാത്മകമായ വിദ്വേഷവും ഉന്മാദവുമാണ് സനാതൻ സംസ്ഥ പോലുള്ള ഹിന്ദുത്വസംഘങ്ങൾ വളർത്തിയെടുക്കുന്നത്. രാജ്യത്തെ ഞെട്ടിച്ച പല സംഭവങ്ങളിലും ഈ സംഘടനയ്ക്കുള്ള പങ്ക് വ്യക്തമായിട്ടും ഇത്തരം സംഘടനകളെ നിരോധിക്കാനോ അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനോ കേന്ദ്രസർക്കാർ തയ്യാറാകാത്തത് ആർഎസ്എസ് സമ്മർദ്ദം മൂലമാണ്.
കൽബുർഗിയുടെയും ഗൗരിലങ്കേഷിന്റെയും മരണം കർണ്ണാടകയുടെ ബൗദ്ധികരംഗത്തിനും മാധ്യമലോകത്തിനും നമ്മുടെ ജനാധിപത്യ പ്രക്രിയക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.അത് ജനാധിപത്യവാദികളെയാകെ അസ്വസ്ഥപ്പെടുത്തുന്നതുമാണ്. കർണാടകയിലെ കമ്യൂണൽ ഹാർമണി ഫോറം പ്രവർത്തകനും ഗൗരിലങ്കേഷിന്റെ അടുത്ത സുഹൃത്തുമായ കെ.എൽ.അശോക്, ഗൗരിയുടെ കൊലപാതകം നടന്ന സമയത്ത് പറഞ്ഞതുപോലെ ഇതൊരു പത്രപ്രവർത്തകയുടെ മരണമല്ല, ജനാധിപത്യത്തിന്റെയും ഭരണഘടനാതത്വങ്ങളുടെയും അരുംകൊലയാണ്.
വർഗീയ ഫാസിസത്തിനെതിരെ ശബ്ദിക്കുന്ന ബുദ്ധിജീവികളെയും എഴുത്തുകാരെയും നിശബ്ദമാക്കാമെന്ന വ്യാമോഹമാണ് ഇത്തരം കൊലപാതകങ്ങളിലേക്ക് സംഘപരിവാർ സംഘടനകളെ നയിക്കുന്നത്. ഹിന്ദുരാഷ്ട്രാഭിമാനത്തെ വിമർശിക്കുന്നവരെ വെടിയുണ്ടകൾ കൊണ്ട് അവസാനിപ്പിച്ചുകളയാമെന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന് മറുപടി നൽകേണ്ട സന്ദർഭമാണിത്. ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ ഉദ്ധതമായ ശിരസ്സുകൾ ഉയരേണ്ട സമയം. മുഷ്ടികൾ ഉയരേണ്ട സമയം.
ഫാസിസ്റ്റ് രാഷ്ട്രീയത്തെ മരണംവരെ കൽബുർഗിയും ഗൗരിലങ്കേഷും എതിർത്തുപോന്നു. ആ പോരാട്ടത്തിലവർ രക്തസാക്ഷിയായി. മരണത്തിന് തോല്പിക്കാനാവാത്ത ചരിത്രത്തിന്റെ സമരാഹ്വാനവുമായി ധാൽ ബോക്കറും പൻ സാരെയും കൽബുർഗിയും ഗൗരിലങ്കേഷുമെല്ലാം നമ്മളിൽ ജീവിക്കും. ധൈഷണിക സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അവസാനിക്കാത്ത പോരാട്ടവീര്യമായി.
It was the same Sanatan Sanstha members who brutally killed Dabholkar and Govind Pansare who also eliminated the revered Kalburgi, who had energised Karnataka’s intellectual life and spread the flames of thought against upper-caste domination. The same group also shot dead Gauri Lankesh, who had led protests in outrage over Kalburgi’s assassination.
People like Gauri Lankesh, Pansare and Kalburgi fought uncompromisingly against the fascist threat and state repression posed by the Sangh Parivar across the country. The Sangh Parivar believes that it can silence anti-fascist struggles by taking their lives.