ഈ വര്‍ഷം ഒരു വിദേശയാത്ര പ്ലാനിലുണ്ടോ, എവിടെ പോകണം എന്നതില്‍ ഇതുവരെ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യയന്‍ റെയില്‍വെയെ സമീപിക്കാം. ജപ്പാനിലേക്കാണ് റെയില്‍വെയുടെ ഐആര്‍സിടിസി പുതിയ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. 8 രാത്രിയും 9 ദിവസവും നീണ്ടുനില്‍ക്കുന്ന യാത്ര ഒക്ടോബര്‍ 25 ന് ആരംഭിച്ച് നവംബര്‍ 3 വരെ നീളുന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജപ്പാനിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പാക്കേജ്. മുംബൈയില്‍ നിന്നുമാണ് ട്രിപ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 25 ന് വൈകീട്ട് 4.50 ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലെ ഹനേഡയിലേക്കുള്ള നേരിട്ടുള്ള വിമാനത്തിലാണ് യാത്രയുടെ തുടക്കം. ടോക്കിയോയില്‍ എത്തുന്ന സംഘത്തെ ഗൈഡ് സ്വാഗതം ചെയ്യും.
ടോക്കിയോയില്‍ ഉച്ചയോടെ എത്തുന്ന സംഘം ഭക്ഷണത്തിന് ശേഷം ടീം ലാബ് പ്ലാനറ്റ്സ് എന്ന ഇമ്മേഴ്സീവ് ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം സന്ദര്‍ശിക്കും. തുടര്‍ന്ന് യുനോ പാര്‍ക്കില്‍ ഈവനിങ് വാക്ക്. രാത്രി ഇന്ത്യന്‍ റസ്റ്റോറന്റില്‍ അത്താഴത്തോടെ ആദ്യ ദിനം അവസാനിക്കും. ടോക്കിയോ നഗരക്കാഴ്ചകളാണ് രണ്ടാം ദിനത്തില്‍ സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. മൂന്നാം ദിവസം, മൗണ്ട് ഫുജി ഉള്‍പ്പെടെ ജപ്പാന്റെ ഭുപ്രകൃതിയുടെ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ക്യോട്ടോ/ഒസാക്ക, ടൊയോട്ട മ്യൂസിയം, ടോഡായ്-ജി ക്ഷേത്രം എന്നിവയും ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നു. ഏഴാം ദിവസം ഹിരോഷിമയാണ് പ്രധാന ആകര്‍ഷണം. ഹിരോഷിമയിലെ ചരിത്രപ്രസിദ്ധമായ ആറ്റോമിക് ബോംബ് ഡോം, മ്യൂസിയം, പീസ് മെമ്മോറിയല്‍ പാര്‍ക്ക് എന്നിവ അവര്‍ സന്ദര്‍ശിക്കും. എട്ടാം ദിവസം ടോക്കിയോയിലേക്ക് മടങ്ങുന്ന സംഘത്തിന് പരമ്പരാഗത ജാപ്പനീസ് ഉച്ചഭക്ഷണത്തോടൊപ്പം ഒരു സാംസ്‌കാരിക സുമോ ഷോ ആസ്വദിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കും. ഒമ്പതാം ദിനമാണ് മടക്കം നിശ്ചയിച്ചിരിക്കുന്നത്.
ജപ്പാന്‍ പാക്കേജ്
ഒരാള്‍ക്ക് 4,14,770 രൂപ
രണ്ട് പേരുടെ പാക്കേജ് ഒരാള്‍ക്ക് 3,36,200 രൂപ
മൂന്ന് പേരുടെ പാക്കേജ്: ഒരാള്‍ക്ക് 3,36,200
കുട്ടികള്‍ (പ്രത്യേത കിടക്കയോടെ) (2 -11 വയസ്സ്): ഒരു കുട്ടിക്ക് 3,36,200 രൂപ
കുട്ടി (കിടക്കയില്ലാത്തത്) (2-11 വയസ്സ്): ഒരു കുട്ടിക്ക് 2,63,100 രൂപ
മുംബൈയ്ക്കും ഹനേഡയ്ക്കും ഇടയിലുള്ള വിമാന നിരക്ക്. ടോക്കിയോ, ഹമാമത്സു, ഒസാക്ക, ഹിരോഷിമ എന്നിവിടങ്ങളിലെ 3-സ്റ്റാര്‍ ഹോട്ടല്‍ താമസം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു. സുഖപ്രദമായ എസി ഡീലക്‌സ് ബസുകളാണ് ജപ്പാനിലെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഹോട്ടലുകളിലെ കോണ്ടിനെന്റല്‍ പ്രഭാതഭക്ഷണം, പ്രാദേശിക റെസ്റ്റോറന്റുകളിലെ ഉച്ചഭക്ഷണങ്ങളും അത്താഴങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഇതിന് പുറമെ, എല്ലാവിധ എന്‍ട്രി ടിക്കറ്റുകള്‍, ഒസാക്ക-ഹിരോഷിമ, ഹിരോഷിമ-ടോക്കിയോ ബുള്ളറ്റ് ട്രെയിന്‍ യാത്രകള്‍. ഒസാക്കയില്‍ നിന്ന് ടോക്കിയോയിലേക്കുള്ള ലഗേജ് കൈമാറ്റങ്ങളും ഉള്‍പ്പെടുന്നു. സാധാരണ വിസ ചാര്‍ജുകള്‍, ഒരാള്‍ക്ക് ഒരു ദിവസം ഒരു കുപ്പി മിനറല്‍ വാട്ടര്‍, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു പ്രാദേശിക ടൂര്‍ ഗൈഡ്, 80 വയസ്സിന് താഴെയുള്ള യാത്രക്കാര്‍ക്കുള്ള വിദേശ യാത്രാ ഇന്‍ഷുറന്‍സ്, ഏകോപനത്തിനും ജിഎസ്ടിക്കുമുള്ള ഐആര്‍സിടിസി ഉദ്യോഗസ്ഥന്‍ എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു.