Women in Cinema

കലയെ വിട്ടുകൊടുക്കാതെ കലാരഞ്ജിനി; വേദനകളെ തോൽപ്പിച്ച് പ്രേക്ഷകമനസ്സിൽ ഇടംനേടിയ അഭിനയപ്രതിഭ

വേദനകളും ദുരന്തങ്ങളും മറികടന്ന് അഭിനയത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടംനേടിയ കലാരഞ്ജിനി

Varsha G

മലയാള സിനിമയിൽ ഒരേ വീട്ടിൽ നിന്നെത്തിയ മൂന്ന് അഭിനേത്രിമാർ, വ്യത്യസ്ത വഴികളിലൂടെ മലയാളത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരേ കുടുംബാഗംങ്ങള്‍. നാടകവേദിയിൽ പ്രവർത്തിച്ചിരുന്ന ചവറ വി.പി. നായരുടെ മൂത്ത മകളായ കലാരഞ്ജിനി, ബാല്യത്തിൽ തന്നെ കലാരംഗത്തിന്റെ അന്തരീക്ഷം അനുഭവിച്ചാണ് വളർന്നത്. പിന്നീട് ഇളയ സഹോദരി ഉർവശി തെന്നിന്ത്യൻ സിനിമകളിൽ മുൻനിര താരമായി ഉയർന്നപ്പോൾ, മറ്റൊരു സഹോദരി കൽപ്പന ഹാസ്യനടിയായി സ്വന്തം ഇടംനേടിയെടുത്തു. രണ്ട് വ്യത്യസ്ത വിജയരേഖകളുടെ ഇടയിൽ, അതേ കുടുംബത്തിൽ നിന്നുള്ള കലാരഞ്ജിനിയുടെ യാത്ര കൂടുതൽ ശാന്തവമായിരുന്നു. കഴിവിൽ യാതൊരു കുറവുമില്ലായിരുന്നിട്ടും, ലഭിച്ച അവസരങ്ങളുടെ സ്വഭാവവും സമയവും അവരുടെ കരിയറിനെ മറ്റൊരു വഴിയിലേക്ക് നയിച്ചു. പുറത്തുനിന്ന് നോക്കുമ്പോൾ ഒരേ കുടുംബത്തിലെ മൂന്ന് വിജയങ്ങൾ പോലെ തോന്നാമെങ്കിലും, അകത്ത് ഓരോരുത്തരുടേയും യാത്രകൾ തമ്മിൽ വളരെ വ്യത്യസ്തമായിരുന്നു.

നായികയായി തുടക്കം

സിനിമയിൽ കലാരഞ്ജിനിയുടെ തുടക്കം സാധാരണ രീതിയിലായിരുന്നില്ല. ചെറുപ്പത്തിൽ ചെറിയ സാന്നിധ്യങ്ങളിലൂടെ തിരശ്ശീലയിൽ മുഖം കാണിച്ചെങ്കിലും, യഥാർത്ഥമായ തുടക്കം ഒരു അനിശ്ചിത നിമിഷത്തിലാണ് രൂപപ്പെട്ടത്. ഒരു ഷൂട്ടിങ് ലൊക്കേഷനിൽ സഹോദരിയെ കാണാൻ എത്തിയപ്പോൾ, സംവിധായകന്റെ ശ്രദ്ധയിൽപ്പെട്ടത് കലാരഞ്ജിനിയായിരുന്നു. കഥാപാത്രത്തിനായി കൂടുതൽ അനുയോജ്യമെന്ന വിലയിരുത്തലോടെ ലഭിച്ച ആ അവസരം, അഭിനയജീവിതത്തിലേക്കുള്ള വാതിൽ തുറന്നു. തുടർന്ന് ചെറിയ വേഷങ്ങളിൽ നിന്ന് നായികയിലേക്ക് എത്തിയത് വളരെ വേഗത്തിലാണ്. പ്രത്യേകിച്ച് എൻ. ടി. രാമറാവുവിന്റെയും അദ്ദേഹത്തിന്റെ മകൻ ബാലകൃഷ്ണയുടെയും ഒപ്പമുള്ള ചിത്രത്തിൽ നായികയായി എത്തിയതോടെ, ദക്ഷിണേന്ത്യൻ സിനിമകളിൽ കലാരഞ്ജിനിക്ക് വലിയ ശ്രദ്ധ ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അവസരങ്ങൾ ഒഴുകിയെത്തിയ ഒരു ഘട്ടം കലാരഞ്ജിനിയുടെ കരിയറിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, തുടക്കത്തിൽ ഉണ്ടായ ആ വേഗത പിന്നീട് അതേ നിലയിൽ തുടരാൻ കഴിഞ്ഞില്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത.

അപകടങ്ങൾ മറികടന്ന കലാരഞ്ജിനി

കലാരഞ്ജിനിയുടെ ജീവിതയാത്രയെ വേറിട്ടതാക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടത്, നിരന്തരം പിന്തുടർന്ന അപകടങ്ങളുടെയും ദുരന്തങ്ങളുടെയും പരമ്പരയാണ്. സിനിമാ ഷൂട്ടിങ്ങുകൾക്കിടയിൽ സംഭവിച്ച അപകടങ്ങൾ പലപ്പോഴും ജീവൻ തന്നെ ഭീഷണിയിലാക്കി. ഒരു ചിത്രത്തിന്റെ ലൊക്കേഷനിൽ കാർ നിയന്ത്രണം വിട്ട് താഴേക്കുവീഴുകയും ഭാഗ്യവശാൽ വലിയ അപകടത്തിൽനിന്ന് രക്ഷപ്പെടുകയും ചെയ്ത സംഭവം അവരുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായിരുന്നു.

മറ്റൊരവസരത്തിൽ യാത്രയ്ക്കിടെയുണ്ടായ വാഹനാപകടം ഗുരുതരമായ പരുക്കുകൾക്ക് ഇടയാക്കി. ആറ് പേരുടെ ജീവൻ നഷ്ടമായ ഒരു അപകടത്തിൽനിന്ന് കലാരഞ്ജിനി അത്ഭുതകരമായി രക്ഷപ്പെട്ടത് പോലും, അവരുടെ ജീവിതത്തിലെ കടുത്ത അനുഭവങ്ങളിലൊന്നാണ്. ചിത്രീകരണത്തിനിടെ ബൈക്ക് ഓടിക്കുന്ന രംഗം ചിത്രീകരിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വീണതിനെ തുടർന്ന് ദിവസങ്ങളോളം ബോധരഹിതയായി കിടന്നതും പിന്നീട് വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയതും അതേ കരുത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

കരിയറിനെ ബാധിച്ച കലയുടെ ശബ്ദം

കലാരഞ്ജിനിയുടെ അഭിനയജീവിതത്തെ നേരിട്ട് ബാധിച്ച ഏറ്റവും ഗുരുതരമായ സംഭവങ്ങളിൽ ഒന്നായിരുന്നു ശബ്ദം നഷ്ടപ്പെട്ടത്. ഒരു സിനിമാ രംഗത്തിനായി തയ്യാറാക്കിയ ദ്രാവകത്തിൽ ഉണ്ടായ പിഴവാണ് ഈ ദുരന്തത്തിന് വഴിവെച്ചത്. പ്രേം നസീറിനൊപ്പമുള്ള രംഗത്തിൽ, കലാരഞ്ജിനിയുടെ വായിൽ നിന്ന് രക്തം വാർന്നൊഴുകുന്നതായി കാണിക്കേണ്ടതിനായിരുന്നു രംഗം. എന്നാൽ രക്തത്തിന്റെ ഭാവം സൃഷ്ടിക്കാൻ കളറിൽ വെളിച്ചെണ്ണ ചേർക്കുന്നതിനുപകരം ആസിഡ് ആയിരുന്നു ചേർത്തത്. ഷൂട്ടിങ്ങിനിടെ ഈ ദ്രാവകം വായിലേക്ക് കടന്നതോടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഇതുമൂലം ശ്വാസനാളത്തിന് ക്ഷതം സംഭവിക്കുകയും ശബ്ദത്തിൽ ഗൗരവമായ വ്യതിയാനം ഉണ്ടാകുകയും ചെയ്തു.

ദീർഘകാലം ചികിത്സയിൽ കഴിയേണ്ടിവന്ന ഈ സംഭവം, അവരുടെ കരിയറിനെ തന്നെ മാറ്റിമറിച്ചു. മുമ്പത്തെ പോലെ സംസാരിക്കാൻ കഴിയാത്ത അവസ്ഥ, പൊതുവേദികളിൽനിന്ന് മാറിനിൽക്കാൻ അവരെ നിർബന്ധിതരാക്കി. അഭിമുഖങ്ങളും പരിപാടികളും ഒഴിവാക്കി, തിരഞ്ഞെടുക്കപ്പെട്ട കഥാപാത്രങ്ങൾ മാത്രം ഏറ്റെടുക്കുന്ന രീതിയിലേക്ക് അവർ മാറി. ഒരു അഭിനേത്രിയുടെ പ്രധാന ആയുധങ്ങളിലൊന്നായ ശബ്ദം തന്നെ ബാധിക്കപ്പെട്ട സാഹചര്യത്തിൽ പോലും, അഭിനയത്തിൽനിന്ന് പൂർണമായും വിട്ടുനിൽക്കാതെ മുന്നോട്ടുപോയത് അവരുടെ ആത്മവിശ്വാസത്തിന്റെ തെളിവാണ്.

തിരിച്ചടികളെ മറികടന്ന് തുടരുന്ന സാന്നിധ്യം

ദീർഘമായ ഇടവേളകളുണ്ടായിട്ടും, കലാരഞ്ജിനിയുടെ സിനിമാ സാന്നിധ്യം പൂർണമായും അവസാനിച്ചിരുന്നില്ല. വർഷങ്ങളായി പല ചിത്രങ്ങളിലും ചെറിയതും വലുതുമായ വേഷങ്ങളിലൂടെ കലാരഞ്ജിനി വീണ്ടും പ്രത്യക്ഷപ്പെട്ടു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, സ്വപ്നക്കൂട്, നന്ദനം, ഹൗ ഓൾഡ് ആർ യു പോലുള്ള സിനിമകളിൽ, കഥയുടെ ഒഴുക്കിൽ സ്വാഭാവികമായി ലയിക്കുന്ന പ്രകടനങ്ങളാണ് മലയാള സിനിമയ്ക്ക് കലാരഞ്ജിനി സമ്മാനിച്ചത്. ഒരു രംഗം മാത്രം ഉണ്ടായാലും, അത് പ്രേക്ഷകന്റെ ഓർമ്മയിൽ നിലനിർത്തുന്നതായിരുന്നു അവരുടെ അഭിനയത്തിന്റെ പ്രത്യേകത.

പുതിയ തലമുറയിലും തുടർച്ചയായ സാന്നിധ്യം

കാലം മാറിയിട്ടും അഭിനയത്തോടുള്ള ഇഷ്ടം വിട്ടുകളയാതെ തുടരുന്ന കലാരഞ്ജിനി, പുതിയ തലമുറ സിനിമകളിലും സ്വന്തം സ്ഥാനം നിലനിർത്തി. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ‘ഭരതനാട്യം’, ‘മോഹിനിയാട്ടം’ എന്നീ ചിത്രങ്ങളിൽ അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ, കരിയറിന്റെ പിന്നീട് ഘട്ടത്തിലും അവരുടെ പ്രകടനത്തിൽ കുറവൊന്നുമില്ലെന്ന് തെളിയിക്കുന്നു. സിനിമയിൽ സൈജു കുറുപ്പിനോടൊപ്പം തന്നെ എടുത്തുപറയേണ്ട വ്യക്തി തന്നെയാണ് കലാരഞ്ജിനിയും. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കലാരഞ്ജിനി കാഴ്ചവെച്ച പ്രകടനം, ഇതുവരെ അഭിനയിച്ച മറ്റ് സിനിമകളേക്കാൾ ഒരുപാട് മുകളിലായിരുന്നു. ഒരു നോട്ടത്തിലൂടെയോ ചെറിയ ഒരു ചലനത്തിലൂടെയോ കഥാപാത്രത്തെ ഓർമ്മയിൽ പതിപ്പിക്കുന്ന അവരുടെ കഴിവ്, ഈ ചിത്രങ്ങളിലും വ്യക്തമായി പ്രകടമാകുന്നു.

സിനിമയ്ക്കു പുറത്തുള്ള ജീവിതവും കലാരഞ്ജിനിക്ക് എളുപ്പമായിരുന്നില്ല. കുടുംബത്തിലെ അകാല മരണങ്ങൾ, ബന്ധങ്ങളിലെ തകർച്ചകൾ, വ്യക്തിപരമായ നഷ്ടങ്ങൾ ഇവയെല്ലാം ഒരാളുടെ ജീവിതത്തെ തകർക്കാൻ പോരുന്നതാണ്. എന്നാൽ ഈ സാഹചര്യങ്ങൾക്കിടയിലും അവർ തളരാതെ മുന്നോട്ട് പോകാൻ ശ്രമിച്ചു. സ്വന്തം ജീവിതത്തിലെ നഷ്ടങ്ങളെ അതിജീവിക്കാൻ വിശ്വാസവും ആത്മവിശ്വാസവും ചേർത്ത് പിടിച്ചതാണ് കലാരഞ്ജിനിയുടെ കരുത്ത്.

മലയാള സിനിമയുടെ വലിയ ചരിത്രത്തിൽ, എല്ലായ്‌പ്പോഴും മുന്നിലില്ലാത്ത പക്ഷേ മറക്കാനാവാത്ത ചില സാന്നിധ്യങ്ങൾ ഉണ്ടാകും. കലാരഞ്ജിനി അത്തരത്തിലൊന്നാണ്. വലിയ വിജയകഥകളുടെ ഇടയിൽ ഒളിഞ്ഞുനിൽക്കുന്ന, എന്നാൽ ശ്രദ്ധയോടെ നോക്കുമ്പോൾ അതിന്റെ ആഴം തിരിച്ചറിയാവുന്ന ഒരു അഭിനയയാത്ര. കഥയുടെ കേന്ദ്രത്തിൽ നിൽക്കാത്ത കഥാപാത്രങ്ങൾക്കും ജീവൻ നൽകാൻ കഴിയുന്ന ഒരു അഭിനേത്രി. ശബ്ദം ഉയർത്താതെ തന്നെ പ്രേക്ഷകന്റെ മനസ്സിൽ ഇടംപിടിക്കുന്ന സാന്നിധ്യം. അതുകൊണ്ടുതന്നെ, കലാരഞ്ജിനിയുടെ പേര് വലിയ ചർച്ചകളിൽ കുറച്ച് മാത്രം കേൾക്കാമെങ്കിലും അവരുടെ മുഖം മലയാള സിനിമയുടെ ഓർമ്മയിൽ സ്ഥിരമായി നിലനിൽക്കുന്നു.

English Summary: Kalaaranjini’s journey in Malayalam cinema is one of resilience, overcoming personal struggles, accidents, and voice loss while continuing to leave a lasting impact through powerful performances