

തങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് കൊറിയൻ പോപ് സംഘം ബിടിഎസിലെ അംഗങ്ങളായ വിയും ജങ് കൂക്കും. സംഗീതലോകത്ത് ദശലക്ഷക്കണക്കിന് ആരാധകരുള്ള ഇവർ ‘അരീരംഗ് വേൾഡ് ടൂർ’ തിരക്കുകൾക്കിടെയാണ് ലൈവ് സ്ട്രീമിങ്ങ് വഴി തങ്ങളുടെ ആരോഗ്യനിലയെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടര വർഷത്തോളമായി താൻ കേൾവിക്കുറവ് നേരിടുന്നുണ്ടെന്നാണ് ബിടിഎസ് താരം 'വി'യുടെ വെളിപ്പെടുത്തൽ. ഇതുവരെ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നും താരം വ്യക്തമാക്കി. നിലവിൽ ഒരു ചെവിയിൽ പൂർണമായും കേൾക്കാൻ കഴിയുന്നുണ്ടെങ്കിലും മറുചെവിയിലെ കേൾവിശക്തി 30 ശതമാനമായി കുറഞ്ഞതായും വി പറഞ്ഞു. സൈനിക സേവനത്തിനിടെയാണ് കേൾവിക്കുറവ് കൂടുതൽ രൂക്ഷമായത്. എന്നാൽ ഒപ്പമുണ്ടായിരുന്നവർ അത് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നമായി തള്ളിക്കളയുകയായിരുന്നു. അതിനാൽ ആദ്യഘട്ടത്തിൽ താനും അത്ര ഗൗരവമായി എടുത്തിരുന്നില്ലെന്നും വി ഓർത്തെടുത്തു. ആരോഗ്യപ്രശ്നങ്ങളെ നിസ്സാരമായി കാണരുതെന്ന് ജങ് കൂക്ക് ഓർമ്മിപ്പിച്ചതോടെയാണ് ചികിത്സയിൽ കൂടുതൽ ശ്രദ്ധ നൽകിയത്. നിലവിൽ കൃത്യമായി മരുന്നുകൾ കഴിക്കുന്നുണ്ടെന്നും ചികിത്സ തുടരുകയാണെന്നും വി വ്യക്തമാക്കി.
പൊതുവേദികളിൽ ആവേശത്തോടെ ചുവടുവയ്ക്കുന്ന ബിടിഎസ് താരം ജങ് കൂക്കും കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. കാലുകൾക്ക് ഏതു നിമിഷവും ‘സ്ട്രെസ് ഫ്രാക്ചർ’ സംഭവിച്ചേക്കാം. സ്റ്റേജിൽ പരമാവധി ഓടിനടന്ന് പെർഫോം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും, കടുത്ത വേദന കാരണം പലപ്പോഴും സ്വയം നിയന്ത്രിക്കേണ്ടിവരുന്നുണ്ടെന്നും താരം പറഞ്ഞു. തുടർച്ചയായ ഷോകൾ ഉള്ളതിനാൽ നിലവിൽ വിശ്രമിക്കാൻ സമയം ലഭിക്കുന്നില്ലെന്നും, അതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാണ് ഇപ്പോൾ പെർഫോമൻസ് തുടരുന്നതെന്നും താരം വ്യക്തമാക്കി.
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കിടയിലും വേദികളിൽ തുടരുന്നത് ബിടിഎസ് ആരാധകരിൽ വലിയ ആശങ്കയും വേദനയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ വിക്കും ജങ് കൂക്കിനും പിന്തുണ അറിയിക്കുന്നതിനൊപ്പം ഇരുവർക്കും ആവശ്യമായ വിശ്രമവും ചികിത്സയും ഉറപ്പാക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. ഓഗസ്റ്റ് ആദ്യം ആരംഭിച്ച യു എസ് പര്യടനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും ബിടിഎസ് പ്രധാന വേദികളിലെത്തും.
BTS members V and Jungkook have opened up about health issues they are facing while continuing their world tour. V revealed significant hearing loss in one ear, while Jungkook spoke about severe leg pain and the risk of a stress fracture, raising concerns among fans.