ധനുഷ് സിനിമകളിലെ രാഷ്ട്രീയം: ഒരു പൊളിറ്റിക്കൽ എൻട്രിക്കുള്ള മുന്നൊരുക്കമോ?

അഭ്യൂഹങ്ങൾക്ക് വീണ്ടും തിരികൊളുത്തി ധനുഷ് ഫാൻസ് ക്ലബ്ബ് പതാക.
ധനുഷ് സിനിമകളിലെ രാഷ്ട്രീയം: ഒരു പൊളിറ്റിക്കൽ എൻട്രിക്കുള്ള മുന്നൊരുക്കമോ?
Published on

ദളപതി വിജയ് 'തമിഴക വെട്രി കഴകം' എന്ന പാർട്ടി രൂപീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രിയായി വലിയ ചലനങ്ങൾ സൃഷ്ടിച്ചതിന് പിന്നാലെ, കോളിവുഡിൽ നിന്നും മറ്റൊരു പ്രചരണം കൂടി വരുന്നുണ്ട്. മറ്റൊന്നുമല്ല, ധനുഷും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണോ എന്ന രീതിയിലുള്ള പ്രചരണങ്ങൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് സിനിമ ലോകത്തും സോഷ്യൽ മീഡിയയിലും പ്രധാന ചർച്ചാവിഷയം ധനുഷിന്റെ രാഷ്ട്രീയ പ്രവേശം തന്നെയാണ്. തിരുവല്ലൂരിൽ നടന്ന ഫാൻസ് ക്ലബ്ബ് പരിപാടിയിൽ ധനുഷ് നടത്തിയ പ്രസംഗവും, പുതുതായി പുറത്തിറക്കിയ ഫാൻസ് ക്ലബ്ബ് പതാകയുമാണ് ഈ അഭ്യൂഹങ്ങൾക്ക് വീണ്ടും തിരികൊളുത്തിയത്

അനുയായികളോട്, ഒരു ലക്ഷ്യത്തിനായി ഒന്നിക്കണമെന്ന് ധനുഷ് ആഹ്വാനം ചെയ്തപ്പോൾ, അത് വെറുമൊരു സിനിമാ പ്രസംഗമല്ല മറിച്ച് രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിന്റെ സൂചനയായാണ് തമിഴകത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വിഷയത്തിൽ താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നതും സംശയങ്ങളുടെ ആഴം കൂട്ടുന്നു. എന്നാൽ, ഈ പ്രചരണങ്ങൾ പെട്ടെന്നൊരു ദിവസം പൊട്ടിപ്പുറപ്പെട്ടതല്ല എന്നതാണ് സത്യം. സിനിമയിലൂടെ രാഷ്ട്രീയത്തിന്റെ വിത്തുപാകി പിന്നീട് ജനനായകന്മാരായ നേതാക്കളുടെ നീണ്ട നിര തമിഴ്നാട്ടിലുണ്ട്. ആ വഴിയെ പരിശോധിച്ചാൽ, ധനുഷും കഴിഞ്ഞ കുറേ വർഷങ്ങളായി തന്റെ സിനിമകളിലൂടെ കൃത്യമായ ഒരു രാഷ്ട്രീയ അടിത്തറ പണിയുകയായിരുന്നു എന്ന് വ്യക്തമാകും.

ധനുഷ് സിനിമകളിലെ രാഷ്ട്രീയം: ഒരു പൊളിറ്റിക്കൽ എൻട്രിക്കുള്ള മുന്നൊരുക്കമോ?
സിനിമയ്ക്ക് വേണ്ടി എഞ്ചിനീയറിങ് ഉപേക്ഷിച്ചു; വിവാഹസമ്മർദ്ദങ്ങളെ മറികടക്കാൻ അണ്ഡം ശീതീകരിച്ചു: മനസ്സ് തുറന്ന് കൃതി സനോൻ

മണ്ണും ജാതിയും; അസുരൻ, ക്യാപ്റ്റൻ മില്ലർ

ധനുഷ് നാളെ രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ, തമിഴ് ജനതയ്ക്ക് ഏറെ പ്രിയപ്പെട്ട, 'മണ്ണും ജാതിയും' തന്നെയാവും അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങളെന്ന് ഉറപ്പാണ്. വെട്രി മാരൻ സംവിധാനം ചെയ്ത 'അസുരൻ' ഇതിനൊരു മികച്ച ഉദാഹരണമാണ്. എളിയ കർഷകനായ ശിവസാമിയായി എത്തി, ഉയർന്ന ജാതിക്കാരുടെ അടിച്ചമർത്തലുകൾക്കെതിരെയും ഭൂമി കൈയേറ്റത്തിനെതിരെയും പോരാടുന്ന ധനുഷിനെയാണ് പ്രേക്ഷകർ കണ്ടത്. 100 വർഷം മുൻപത്തെ ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ വന്ന 'ക്യാപ്റ്റൻ മില്ലർ' (2024) എന്ന ചിത്രത്തിലും ജാതി വ്യവസ്ഥയും, സ്വന്തം മണ്ണിൽ അവകാശം നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ പ്രതിരോധവും തന്നെയാണ് ധനുഷ് പ്രമേയമാക്കിയത്.

അധികാരത്തിനെതിരെയുള്ള പോരാട്ടം; കർണ്ണൻ

മാരി സെൽവരാജ് സംവിധാനം ചെയ്ത 'കർണ്ണൻ' (2021) ധനുഷിന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു. 1995-ൽ നടന്ന കൊടിയൻകുളം സംഭവത്തെ ഓർമ്മിപ്പിക്കുന്ന ചിത്രം, പാർശ്വവൽക്കരിക്കപ്പെട്ട ഒരു ഗ്രാമത്തിന് മേൽ പൊലീസ് നടത്തുന്ന അതിക്രമങ്ങളെയും ജാതി വിവേചനത്തെയുമാണ് ദൃശ്യവൽക്കരിച്ചത്. ജനങ്ങളുടെ അവകാശത്തിനായി ഭരണകൂട സംവിധാനങ്ങളോട് പോരാടുന്ന ജനനായകന്റെ പ്രതിച്ഛായയാണ് ഈ ചിത്രം ധനുഷിന് നൽകിയതും.

ധനുഷ് സിനിമകളിലെ രാഷ്ട്രീയം: ഒരു പൊളിറ്റിക്കൽ എൻട്രിക്കുള്ള മുന്നൊരുക്കമോ?
അരാഷ്ട്രീയരായ ജെൻസികൾ!

ഗുണ്ടാ സംഘങ്ങളും രാഷ്ട്രീയവും: വട ചെന്നൈ, കൊടി

വടക്കൻ ചെന്നൈയിലെ ചേരി നിവാസികളെ സ്വന്തം മണ്ണിൽ നിന്ന് ഒഴിപ്പിക്കാൻ രാഷ്ട്രീയക്കാരും പൊലീസും പ്രാദേശിക ഗുണ്ടാസംഘങ്ങളും കൈകോർക്കുന്ന ധനുഷിന്റെ 'വട ചെന്നൈ' (2018). ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിക്കെതിരെ സാധാരണക്കാരനായ അൻബു നടത്തുന്ന ചെറുത്തുനിൽപ്പായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. അതേസമയം, 'കൊടി' (2016) എന്ന ചിത്രത്തിലൂടെ ധനുഷ് നേരിട്ട് തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞു. പരിസ്ഥിതി മലിനീകരണത്തിനെതിരെ പോരാടുന്ന നേതാവായും, രാഷ്ട്രീയത്തിലെ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന കഥാപാത്രമായും ധനുഷ് ഇരട്ട വേഷത്തിൽ തിളങ്ങി.

വിദ്യാഭ്യാസവും തൊഴിലില്ലായ്മയും; വാത്തി, വേലൈയില്ലാ പട്ടധാരി

ഒരു ജനകീയ രാഷ്ട്രീയക്കാരൻ മുന്നോട്ടുവെക്കുന്ന പ്രധാന വിഷയങ്ങളായ വിദ്യാഭ്യാസവും തൊഴിലില്ലായ്മയും ധനുഷ് തന്റെ ചിത്രങ്ങളിൽ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്.

സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ ലാഭക്കൊതി കാരണം സർക്കാർ സ്കൂളുകൾ തകർക്കപ്പെടുന്നതിനെതിരെ പോരാടുന്ന അധ്യാപകന്റെ കഥയാണ് 'വാത്തി' (2023) പറഞ്ഞതെങ്കിൽ, പഠിച്ചിട്ടും ജോലിയോ അംഗീകാരമോ കിട്ടാതെ അലയുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതിനിധിയായാണ് 'വേലൈയില്ലാ പട്ടധാരി' എന്ന ചിത്രത്തിൽ ധനുഷ് എത്തിയത്.

ധനുഷ് സിനിമകളിലെ രാഷ്ട്രീയം: ഒരു പൊളിറ്റിക്കൽ എൻട്രിക്കുള്ള മുന്നൊരുക്കമോ?
മമ്മൂട്ടിയും സംഘപരിവാറും; കലയും പ്രൊപ്പഗണ്ടയും ഒരേ ത്രാസിൽ അളക്കുന്ന ജൂറി

പ്രതീക്ഷയോടെ ആരാധകരും

മണ്ണും ജാതിയും, പൊലീസ് അതിക്രമങ്ങളും, തൊഴിലില്ലായ്മയും, വിദ്യാഭ്യാസ വിവേചനവുമെല്ലാം തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പുകളിൽ എന്നും പ്രധാന ചർച്ചാവിഷയങ്ങളാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി താൻ തിരഞ്ഞെടുത്ത കഥാപാത്രങ്ങളിലൂടെ ഇത്തരം ഗൗരവമുള്ള സാമൂഹിക വിഷയങ്ങൾ ജനങ്ങളിലെത്തിക്കാൻ ധനുഷിന് സാധിച്ചിട്ടുണ്ട്. ഇതൊരു യാദൃശ്ചികത മാത്രമാണോ അതോ കൃത്യമായ പ്ലാനിംഗോടെയുള്ള കരുനീക്കമാണോ എന്ന് വരും ദിവസങ്ങളിൽ അറിയാം. എന്തായാലും തമിഴക രാഷ്ട്രീയത്തിലേക്ക് മറ്റൊരു സൂപ്പർതാരം കൂടി ചുവടുവെക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ ലോകവും!

Summary

Rumors about Dhanush's possible political entry have resurfaced following his recent fan club speech and the launch of a new flag. The article explores how films like Asuran, Karnan, Captain Miller, Kodi, and Vaathi have consistently reflected themes of caste, social justice, education, and governance, potentially laying the foundation for a future political career.

Madism Digital
madismdigital.com