

അമല്‍ നീരദ് ചിത്രം 'ബാച്ചിലര്‍ പാര്‍ട്ടി Deux' തിയറ്ററിലെത്താനിരിക്കെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ക്യാരക്ടര്‍ പോസ്റ്ററുകള്‍ വരെ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. കഴിഞ്ഞദിവസം ചിത്രത്തിലെ ചിന്താമൂക... എന്ന വീഡിയോ സോങ്ങിന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ അതിലെ നായികയ്ക്ക് പിന്നാലെയാണ്. ബാംഗളൂര്‍ ഡെയ്‌സില്‍ നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്റെ മനസുകവര്‍ന്ന മലയാളിത്തം തുളുമ്പുന്ന വിദേശയുവതിയായി ആരാധകരുടെ മനം നിറച്ച പാരിസ് ലക്ഷ്മിയുടെ പുത്തന്‍ ലുക്കാണ് 'ബാച്ചിലര്‍ പാര്‍ട്ടി Deux' ലേത്. പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ പാരിസ് ലക്ഷ്മിയെ കുറിച്ചായിരുന്നു മലയാളികള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്.
ഫ്രാന്‍സില്‍ ജനിച്ച് ഇന്ത്യയുടെ തനത് കലാരൂപങ്ങളെ സ്‌നേഹിച്ച മറിയം സോഫിയ ലക്ഷ്മി ക്വിനിയോ എന്ന പെണ്‍കുട്ടി പാരിസ് ലക്ഷ്മിയായതിന് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട കഥയുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള അടുപ്പവുമാണ് മറിയം സോഫിയ ലക്ഷ്മി ക്വിനിയോ എന്ന ഫ്രഞ്ച് യുവതിയെ മലയാളികള്‍ക്ക് പരിചിതയാക്കിയത്. ബാല്യത്തില്‍ തുടങ്ങിയ നൃത്തപഠനം പിന്നീട് ഭരതനാട്യത്തിലേക്കും അഭിനയത്തിലേക്കും വളരുകയായിരുന്നു. ഫ്രാന്‍സില്‍ ജനിച്ച് വളര്‍ന്നെങ്കിലും ഇന്ത്യയെ സ്വന്തം വീടുപോലെ സ്‌നേഹിച്ച കലാകാരിയാണ് പാരിസ് ലക്ഷ്മി.
ഫ്രാൻസിലെ ഐക്സ്-ആൻ-പ്രൊവാൻസിലാണ് പാരിസ് ലക്ഷ്മി ജനിച്ചത്. കലയുടെ പശ്ചാത്തലമുള്ള കുടുംബമായിരുന്നു അവരുടേത്. നാടകകലാകാരനായിരുന്നു അച്ഛൻ. അമ്മ ശിൽപിയും. കുട്ടിക്കാലത്ത് അമ്മ പറഞ്ഞുകൊടുത്തിരുന്ന ശിവൻ, പാർവതി, കൃഷ്ണൻ, രാധ തുടങ്ങിയ ദേവതകളുടെ കഥകളും യേശുവിന്റെയും വിശുദ്ധരുടെയും കഥകളും ലക്ഷ്മിയെ സ്വാധീനിച്ചു. ഇതോടൊപ്പം ഇന്ത്യയിലേക്കുള്ള കുടുംബയാത്രകളും ഇന്ത്യൻ സംസ്കാരത്തോടുള്ള താൽപര്യം വളർത്തി.
അഞ്ചാം വയസിലാണ് ആദ്യമായി കുടുംബത്തോടൊപ്പം ലക്ഷ്മി ഇന്ത്യയിലെത്തുന്നത്. പിന്നീട് എല്ലാ വർഷവും രണ്ട് മാസത്തോളം ഇന്ത്യയിൽ ചെലവഴിക്കുന്നത് പതിവായി. ചില യാത്രകളിൽ കുടുംബം ഒരു വർഷം വരെ ഇവിടെ താമസിച്ചിട്ടുമുണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുമ്പോൾ സ്വന്തം വീടുപോലെ തോന്നുന്ന ഒരിടമാണ് ഇവിടമെന്നാണ് ലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
''ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരുടെ സ്നേഹവും ആതിഥ്യമര്യാദയും കുട്ടിക്കാലത്ത് എന്നെ അത്ഭുതപ്പെടുത്തിയ അനുഭവങ്ങളിലൊന്നാണ്. ഡെറാഡൂണിന് സമീപം താമസിച്ചിരുന്ന ഒരു ആദിവാസി പെൺകുട്ടിയുമായി സൗഹൃദമുണ്ടായിരുന്നു. കുടുംബത്തിന്റെ താമസസ്ഥലത്തുള്ള ടാപ്പിൽ നിന്ന് വെള്ളമെടുക്കാൻ ദിവസവും എത്തിയിരുന്ന പെൺകുട്ടിയുമായി ഭാഷ അറിയാതെ തന്നെ ഞാൻ സൗഹൃദത്തിലായി. ഒരുമിച്ച് കളിക്കുകയും നൃത്തം ചെയ്യുകയും ഹിന്ദി പാട്ടുകൾ കേൾക്കുകയും ചെയ്തു. പിന്നീട് ഇരു കുടുംബങ്ങളും അടുത്ത ബന്ധം പുലർത്തി. ഒരിക്കൽ ആ പെൺകുട്ടി എന്റെ വെള്ളി പാദസരങ്ങൾ സമ്മാനിച്ചതും മറക്കാനാകാത്ത ഓർമയാണ്.'' പാരീസ് ലക്ഷ്മി പറഞ്ഞു.
അഞ്ചാം വയസിൽ തന്നെ നൃത്തപഠനം ആരംഭിച്ച ലക്ഷ്മി ഹിപ് ഹോപ്പ്, ബാലെ, ജാസ്, ഫ്ലമെൻകോ, കണ്ടംപററി തുടങ്ങിയ നൃത്തരൂപങ്ങൾ അഭ്യസിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ള തുടർച്ചയായ യാത്രകളാണ് ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തോട് കൂടുതൽ അടുപ്പിച്ചത്. ഒൻപതാം വയസിൽ ഫ്രാൻസിൽ ആർമൽ ചോക്വാർഡിന്റെ കീഴിൽ ഭരതനാട്യം പഠിക്കാൻ തുടങ്ങി. പിന്നീട് ഡൊമിനിക് ഡെലോർമിൽ നിന്നും പരിശീലനം നേടി. അഭിനയശേഷിയും സംഗീതബോധവും സൗന്ദര്യബോധവും ആവശ്യപ്പെടുന്ന കലയാണ് ഇന്ത്യൻ ക്ലാസിക്കൽ നൃത്തമെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം. ഈ പരിശീലനത്തിനിടെയാണ് പിന്നീട് ജീവിതപങ്കാളിയായ കഥകളി കലാകാരൻ വൈക്കം പല്ലിപ്പുറം സുനിലിനെ പരിചയപ്പെടുന്നത്.
ഏഴാം വയസിലാണ് ലക്ഷ്മി സുനിലിനെ ആദ്യമായി കാണുന്നത്. അന്ന് സുനിലിന് 21 വയസായിരുന്നു. കേരളത്തിലെ നൃത്തവേദികളിൽ സജീവമായിരുന്ന അദ്ദേഹം അവതരിപ്പിച്ചിരുന്ന പരിപാടികൾ കാണാൻ ലക്ഷ്മിയുടെ കുടുംബം പതിവായി എത്തിയിരുന്നു. പരിചയം പിന്നീട് സൗഹൃദമായി വളർന്നു. നൃത്തം തുടരാൻ സുനിൽ പ്രോത്സാഹനം നൽകിയെന്നും തനിക്കായി വേദികൾ ഒരുക്കിയിരുന്നെന്നും ലക്ഷ്മി പറയുന്നു. ഫ്രാൻസിൽ ഇരുവരും ചേർന്ന് അവതരിപ്പിച്ച 'സംഗമം' എന്ന ഡ്യൂയറ്റ് പരിപാടിയും ഈ ബന്ധത്തിന് കൂടുതൽ അടുപ്പം നൽകി.
2012ൽ വൈക്കം ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് വൈക്കത്ത് 'കലാശക്തി' എന്ന പേരിൽ സ്വന്തമായി നൃത്തവിദ്യാലയവും ആരംഭിച്ചു. സുനിൽ കഥകളിയും ലക്ഷ്മി ഭരതനാട്യവും പഠിപ്പിക്കുന്നു. സ്വന്തം നൃത്താവിഷ്കാരങ്ങൾ ഒരുക്കുന്നതിലും ലക്ഷ്മി ശ്രദ്ധ കേന്ദ്രീകരിച്ചു.
ഭർത്താവിനൊപ്പം ഒരുക്കിയ 'കൃഷ്ണ മയം' ഇവരുടെ ശ്രദ്ധേയമായ സംരംഭങ്ങളിലൊന്നാണ്. ഭരതനാട്യവും കഥകളിയും സമന്വയിപ്പിച്ച് കൃഷ്ണന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങൾ അവതരിപ്പിക്കുന്ന ഈ നൃത്താവിഷ്കാരത്തിൽ കൃഷ്ണനായി എത്തുന്നത് സുനിലാണ്. രാധ, ദ്രൗപദി തുടങ്ങിയ കഥാപാത്രങ്ങളെ ലക്ഷ്മിയും അവതരിപ്പിക്കുന്നു. ഇതിനകം അമ്പത് വേദികളിൽ 'കൃഷ്ണ മയം' അവതരിപ്പിച്ചുകഴിഞ്ഞു. വൈക്കം മഹാദേവ ക്ഷേത്രം, കേരള കലാമണ്ഡലം തുടങ്ങിയ വേദികളിലും കേരള ടൂറിസം വകുപ്പിന്റെ പരിപാടികളിലും ലക്ഷ്മി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
നൃത്തത്തിന് പുറമെ സിനിമയിലും ലക്ഷ്മി സജീവമാണ്. 2014ൽ പുറത്തിറങ്ങിയ അഞ്ജലി മേനോൻ ചിത്രം ബാംഗ്ലൂർ ഡേയ്സിൽ മിഷേൽ എന്ന വിദേശ ഭരതനാട്യ നർത്തകിയുടെ വേഷത്തിലാണ് അവർ എത്തിയത്. തുടർന്ന് ഒലപ്പീപ്പി, സാൾട്ട് മാംഗോ ട്രീ തുടങ്ങിയ ചിത്രങ്ങളിലുൾപ്പെടെ അഞ്ച് സിനിമകളിലധികം അഭിനയിച്ചു.
Born in France, Paris Laxmi developed a deep connection with India through childhood visits and eventually became a Bharatanatyam dancer and actress. Known for her role as Michelle in Bangalore Days, she trained in classical dance, married Kathakali artist Vaikom Pallippuram Sunil and established a dance school in Vaikom.