

തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചപ്പോഴുള്ള മോശം അനുഭവങ്ങളെക്കുറിച്ച് ബോളിവുഡ് നടിമാരായ ജാൻവി കപൂറും രാധിക ആപ്തെയും അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകൾക്കെതിരെ രൂക്ഷവിമർശനവുമായി നടി റെജീന കസാന്ദ്ര. ഇത്തരം പരാമർശങ്ങൾ ഉത്തരേന്ത്യൻ-ദക്ഷിണേന്ത്യൻ സിനിമാലോകങ്ങൾ തമ്മിലുള്ള വിഭജനം വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും, അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നതെന്നും റെജീന തുറന്നടിച്ചു.
'പെഡ്ഡി' എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ താൻ ഒബ്ജക്റ്റിഫൈ ചെയ്യപ്പെട്ടുവെന്നും അതിനെതിരെ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' ഷോയിലാണ് ജാൻവി കപൂർ സംസാരിച്ചത്. അതുപോലെ, ഒരു തെലുങ്ക് ചിത്രത്തിൽ അമ്മാവനായി അഭിനയിച്ച പ്രായം കൂടിയ നടനൊപ്പം ഭാര്യയായി അഭിനയിക്കേണ്ടി വന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് രാധിക ആപ്തെയും തുറന്നുപറഞ്ഞിരുന്നു.
ഇതിനോട് കടുത്ത വിയോജിപ്പാണ് റെജീന പ്രകടിപ്പിച്ചത്. ബുദ്ധിമുട്ടുകൾ തോന്നിയിരുന്നെങ്കിൽ അവർക്ക് ആ സിനിമകളിൽ നിന്ന് ധൈര്യമായി ഇറങ്ങിപ്പോകാമായിരുന്നു എന്ന് റെജീന അഭിപ്രായപ്പെട്ടു. "ഒരാൾക്ക് അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ സിനിമയിൽ നിന്ന് പിന്മാറണം. തങ്ങൾക്ക് മറ്റ് വഴികളില്ലായിരുന്നുവെന്ന് പറയേണ്ട സാഹചര്യം ഉണ്ടാകരുത്. ഇത് പുരുഷനോ സ്ത്രീക്കോ എതിരായ നിലപാടല്ല. ഒരു സ്ത്രീയെന്ന നിലയിൽ സ്വാഭാവികമായും മറ്റൊരു സ്ത്രീയുടെ പക്ഷം ചേരാൻ എനിക്ക് എളുപ്പമാണ്. എന്നാൽ നിങ്ങൾ പറഞ്ഞ ഉദാഹരണങ്ങളിലുള്ള രണ്ടുപേരും ഒരു സിനിമയിൽ നിന്ന് ഇറങ്ങിപ്പോകാൻ കഴിയാത്ത സാഹചര്യമുള്ളവരാണെന്ന് ഞാൻ കരുതുന്നില്ല. പ്രത്യേകിച്ച് അവർ ആരാണെന്ന് പരിഗണിക്കുമ്പോൾ," റെജീന പറഞ്ഞു.
ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ന് നിയമപരമായ വഴികളുണ്ട്. പ്രശ്നങ്ങളുണ്ടെങ്കിൽ പുറത്തുവന്ന് സംസാരിക്കുക, അല്ലാതെ അതൊരു നോർത്ത്-സൗത്ത് വിഭജനമാക്കി മാറ്റരുതെന്നും റെജീന വ്യക്തമാക്കി.
സിനിമയിൽ തന്റെ കഥാപാത്രത്തിന്റെ അവതരണം ചില ഘട്ടങ്ങളിൽ അതിരുകടന്നതായിരുന്നുവെന്നും കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നും ജാൻവി സമ്മതിച്ചിരുന്നു. സംവിധായകന്റെ നിർദേശങ്ങൾ അനുസരിച്ചാണ് പല കാര്യങ്ങളും ചെയ്തതെന്നും ചിത്രീകരണത്തിനിടെ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് പ്രശ്നങ്ങൾ കുറയ്ക്കാൻ ശ്രമിച്ചിരുന്നുവെന്നും ജാൻവി പറഞ്ഞിരുന്നു.
തെലുങ്ക് സിനിമകളിൽ പലപ്പോഴും കൃത്യമായ സ്ക്രിപ്റ്റോ ക്യാമറ ആംഗിളുകളെക്കുറിച്ചുള്ള വ്യക്തമായ ധാരണയോ ലഭിക്കാറില്ലെന്നും ജാൻവി അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. സ്വന്തം സ്വാധീനവും സൗകര്യങ്ങളും കൂടുതൽ പ്രയോജനപ്പെടുത്തി കാര്യങ്ങളിൽ ഇടപെടേണ്ടിയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ആ അനുഭവം ഒരുതരത്തിൽ തന്നെ ലംഘിക്കപ്പെട്ടതുപോലെയായിരുന്നുവെന്നും ജാൻവി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം പരാമർശങ്ങൾ ദക്ഷിണേന്ത്യൻ സിനിമാ മേഖലയെക്കുറിച്ച് തെറ്റായ പൊതുധാരണകൾ സൃഷ്ടിക്കുമെന്നാണ് റെജീനയുടെ നിലപാട്. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നുള്ള താരങ്ങൾ ദക്ഷിണേന്ത്യൻ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അത് നോർത്ത്-സൗത്ത് വിഭജനത്തിലേക്ക് നയിക്കുന്നുണ്ടെന്നും നടി പറഞ്ഞു. അത്തരമൊരു സമീപനം ശരിയല്ലെന്നും റെജീന അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസിനെതിരെയും റെജീന ഗുരുതരമായ ആരോപണം ഉന്നയിച്ചു. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിച്ച 'കേസരി 2' എന്ന ചിത്രത്തിൽ അക്ഷയ് കുമാറിന്റെ നായികയായി സുപ്രധാന വേഷത്തിൽ താൻ അഭിനയിച്ചിരുന്നുവെങ്കിലും, പ്രൊമോഷൻ സമയത്ത് തന്നെ പൂർണ്ണമായും തഴഞ്ഞുവെന്ന് അവർ പറഞ്ഞു. സിനിമയിലെ ഒരു ഗാനത്തിൽ തുടക്കം മുതൽ ഒടുക്കം വരെ താനുണ്ടായിട്ടും അത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ പോലും തന്നെ ടാഗ് ചെയ്യാൻ അണിയറപ്രവർത്തകർ തയ്യാറായില്ല. താനൊരു തെന്നിന്ത്യൻ നടി ആയതുകൊണ്ടാണോ ഈ വിവേചനം നേരിടേണ്ടി വന്നതെന്ന് ചോദിച്ച റെജീന, ബോളിവുഡിലെ ഈ വിവേചനങ്ങളെക്കുറിച്ച് ആരും ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും വിമർശിച്ചു.
"ജാൻവി കരൺ ജോഹറിന്റെ ഷോയിൽ താൻ ഒബ്ജക്ടിഫിക്കേഷന് വിധേയയായതിനെക്കുറിച്ച് സംസാരിച്ചു. എന്നാൽ അതേ കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് 'കേസരി 2'ന്റെ പ്രമോഷനിൽ എന്നെ ഉൾപ്പെടുത്തിയില്ല. ഇതിനെ ഞാൻ എന്താണ് വിളിക്കേണ്ടത്? എന്നെ ഒരു ദക്ഷിണേന്ത്യക്കാരിയായതുകൊണ്ടാണോ അവഗണിച്ചത്? എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ഇന്നും എനിക്കറിയില്ല. അത് വളരെ വിചിത്രമാണ്. 'കേസരി 2'ലെ ഒരു ഗാനം അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. തുടക്കം മുതൽ അവസാനം വരെ ആ ഗാനത്തിൽ ഞാനുണ്ട്. എന്നിട്ടും എന്നെ ടാഗ് ചെയ്തില്ല," റെജീന പറഞ്ഞു.
അതേസമയം, സുന്ദർ സി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'മൂക്കുത്തി അമ്മൻ 2' ആണ് റെജീനയുടെ പുതിയ റിലീസ്. നയൻതാര പ്രധാന വേഷത്തിലെത്തുന്ന ചിത്രം നവംബർ 6ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിൽ റെജീനയും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
South Indian actress Regina Cassandra strongly criticized Bollywood actresses Janhvi Kapoor and Radhika Apte for their recent negative remarks regarding their experiences in South Indian cinema. Regina stated that if they were uncomfortable, they could have legally walked out of those projects instead of creating an unnecessary North-South divide. Additionally, Regina called out the hypocrisy by sharing her own experience of facing discrimination in Bollywood, accusing Dharma Productions of completely sidelining her during the promotional campaigns of 'Kesari 2'.