

അകലെയുള്ള വസ്തുക്കൾ വ്യക്തമായി കാണാനാകാതെ കണ്ണടയെ ആശ്രയിക്കേണ്ടി വരുന്ന കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിക്കുകയാണെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. കുട്ടികളിൽ വ്യാപകമായി കണ്ടുവരുന്ന ഈ കാഴ്ച പ്രശ്നമാണ് മയോപിയ അഥവാ ഷോർട്ട് സൈറ്റഡ്‌നസ്. അടുത്തുള്ള വസ്തുക്കൾ വ്യക്തമായി കാണാനാകുമെങ്കിലും ദൂരെയുള്ള കാഴ്ച മങ്ങുന്നതാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണം.
എന്താണ് മയോപിയ?
സാധാരണയായി 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളിലാണ് മയോപിയ കൂടുതലായി കണ്ടെത്തുന്നത്. ചില കുട്ടികളിൽ കണ്ണടയുടെ 'പവർ' വർഷംതോറും വർധിക്കുന്ന അവസ്ഥയും കാണപ്പെടുന്നു. ഇതിനെ പ്രോഗ്രസീവ് മയോപിയ എന്നാണ് വിളിക്കുന്നത്. ഇത്തരം അവസ്ഥകൾ പിന്നീട് ഗുരുതര നേത്ര രോഗങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
മയോപിയയ്ക്ക് പിന്നിലെ കാരണം
കണ്ണിന്റെ ആകൃതി സാധാരണ നിലയിലും നീളമുള്ളതാകുകയോ കോർണിയയുടെ വളവ് കൂടുതലാകുകയോ ചെയ്യുമ്പോൾ പ്രകാശം റെറ്റിനയിൽ പതിക്കാതെ അതിന് മുൻവശത്ത് ഫോകസ് ചെയ്യുന്നു. ഇതാണ് മയോപിയയ്ക്ക് പ്രധാന കാരണം. ജനിതക ഘടകങ്ങൾക്കൊപ്പം അമിതമായ സ്ക്രീൻ ഉപയോഗവും പുറത്തു കളിക്കുന്ന സമയം കുറയുന്നതും കുട്ടികളിലെ മയോപിയ വർധിക്കാൻ കാരണമാകുന്നുവെന്നാണ് ആരോഗ്യരംഗത്തെ വിലയിരുത്തൽ.
കുട്ടികളിലെ വർധിച്ച സ്ക്രീൻ ഉപയോഗം
ഓൺലൈൻ ക്ലാസുകൾ, മൊബൈൽ ഗെയിമുകൾ, സിനിമകളും സീരിസുകളും എന്നിവയുടെ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളിൽ ദിവസേന സ്ക്രീൻ എക്സ്പോഷർ വർധിപ്പിക്കുന്നുണ്ട്. പല കുട്ടികളും ദിവസത്തിൽ ആറു മണിക്കൂറിലധികം സമയം വിവിധ സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വിദഗ്ധരുടെ നിർദേശങ്ങൾ
കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നതിനായി ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി വിവിധ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളിൽ വാർഷിക നേത്രപരിശോധന നിർബന്ധമാക്കുക, പ്രായത്തിനനുസരിച്ച് സ്ക്രീൻ സമയം നിയന്ത്രിക്കുക, പഠനസമയത്ത് മതിയായ വെളിച്ചം ഉറപ്പാക്കുക, ശരിയായ വായനാദൂരം പാലിക്കുക, ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും പുറത്തു സമയം ചെലവഴിക്കാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
20-20-20 നിയമം എന്ത്?
20-20-20 നിയമം പാലിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിനും ശേഷം 20 സെക്കൻഡ് നേരത്തേക്ക് 20 അടി അകലെയുള്ള വസ്തുവിലേക്ക് നോക്കുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
കുട്ടികളിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ
ബ്ലാക്ക്ബോർഡ് വ്യക്തമായി കാണാനാകാതിരിക്കുക, ടിവി വളരെ അടുത്തിരുന്ന് കാണുക, ഇടയ്ക്കിടെ കണ്ണുചിമ്മുക, തലവേദന, കണ്ണ് വേദന, പുസ്തകങ്ങൾ മുഖത്തോട് ചേർത്ത് വായിക്കുക, പഠനത്തിൽ ശ്രദ്ധ കുറയുക, കളിക്കിടെ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവ കുട്ടികളിൽ മയോപിയയുടെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.
പ്രോഗ്രസീവ് മയോപിയ അപകടകരമാണോ?
പ്രോഗ്രസീവ് മയോപിയ അവഗണിച്ചാൽ ഹൈ മയോപിയയിലേക്ക് മാറാനും പിന്നീട് റെറ്റിനൽ ഡിറ്റാച്ച്മെന്റ്, ഗ്ലോക്കോമ, കാറ്ററാക്ട്, കാഴ്ച നഷ്ടപ്പെടൽ തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് സാധ്യത കൂടാനുമിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ചികിത്സ എങ്ങനെ?
കണ്ണട, കോൺടാക്റ്റ് ലെൻസ്, മയോപിയ കൺട്രോൾ ലെൻസ്, പ്രത്യേക ഐ ഡ്രോപ്സ് എന്നിവയാണ് പ്രധാന ചികിത്സാമാർഗങ്ങൾ. മുതിർന്നവരിൽ ലാസിക് പോലുള്ള ശസ്ത്രക്രിയകളും പരിഗണിക്കാറുണ്ട്.
കുട്ടികളിലെ സ്‌ക്രീൻ സമയം എത്രയാകണം?
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്ക്രീൻ എക്സ്പോഷർ പരമാവധി ഒഴിവാക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. രണ്ട് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഒരു മണിക്കൂറിൽ താഴെയും അഞ്ച് മുതൽ പത്ത് വയസ്സ് വരെയുള്ള കുട്ടികളിൽ പഠന ആവശ്യങ്ങൾക്ക് പുറമെ രണ്ട് മണിക്കൂറിൽ താഴെയുമാകണം ദിവസേന സ്ക്രീൻ ഉപയോഗമെന്നും നിർദേശമുണ്ട്.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്
കുട്ടികൾക്ക് കണ്ണട വന്നത് സാധാരണ കാര്യമാണെന്ന് കരുതി അവഗണിക്കരുതെന്നും, കണ്ണടയുടെ പവർ വേഗത്തിൽ കൂടുന്നുണ്ടെങ്കിൽ ഉടൻ നേത്രവിദഗ്ധരെ സമീപിക്കണമെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. നേരത്തേ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്താൽ പ്രോഗ്രസീവ് മയോപിയയുടെ അപകടസാധ്യത കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
English Summary: Health experts warn that increasing screen time among children is leading to a rise in myopia cases. Early detection, regular eye check-ups, outdoor activities, and controlled screen use are essential to prevent serious vision problems.