പല്ലുതേച്ചാൽ മാത്രം പോരാ; ആരോഗ്യകരമായ പല്ലുകൾക്ക് കരുതൽ അത്യാവശ്യം

മനോഹരമായ ഒരു പുഞ്ചിരി വെറും സൗന്ദര്യമല്ല; അത് ആരോഗ്യമുള്ള ശക്തമായ പല്ലുകളുടെ അടയാളവുമാണ്
പല്ലുതേച്ചാൽ മാത്രം പോരാ; ആരോഗ്യകരമായ പല്ലുകൾക്ക് കരുതൽ അത്യാവശ്യം
Published on

കുട്ടികൾ മുതൽ മുതിർന്നവർ വരെ ദന്താരോഗ്യ പ്രശ്നങ്ങൾ ഇന്ന് സാധാരണമാണ്. പല്ലിലെ സെൻസിറ്റിവിറ്റി, ഇനാമൽ ക്ഷയം, പൊട്ടൽ, കാവിറ്റി, നിറമാറ്റം തുടങ്ങിയ പ്രശ്നങ്ങങ്ങളാണ് പലരെയും ബാധിക്കുന്നത്. പലപ്പോഴും ഇവ ശരിയായ പരിചരണക്കുറവിന്റെ ഫലമാണെന്ന് കരുതുമെങ്കിലും, യഥാർത്ഥത്തിൽ നമ്മുടെ ദിവസേനയുള്ള ചില സാധാരണ ശീലങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

ഇന്ത്യയിലെ ഏകദേശം 27 ശതമാനം ആളുകളിൽ പല്ലിന്റെ ഉപരിതലത്തിലുള്ള കട്ടിയുള്ള സംരക്ഷണ പാളിയായ ഇനാമൽ തേയ്മാനത്തിന്റെ ലക്ഷണങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പലർക്കും ഇനാമൽ ക്ഷയം തിരിച്ചറിയാൻ കഴിയാറില്ല. കാരണം, ഇനാമൽ നഷ്ടപ്പെടുന്നത് വളരെ മന്ദഗതിയിലാണ്. അതുകൊണ്ടുതന്നെ പല്ലുകളുടെ ആരോഗ്യത്തിനായി വെറും ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യുന്നത് മാത്രം മതിയാകില്ല. ശരിയായ രീതികളും ശീലങ്ങളും കൂടി പിന്തുടരേണ്ടതുണ്ട്.

ശക്തമായി ബ്രഷ് ചെയ്യുന്നത് നല്ലതല്ല

പല്ലുകൾ കൂടുതൽ വൃത്തിയാക്കണമെന്ന വിചാരത്തിൽ പലരും ശക്തമായി ബ്രഷ് ചെയ്യാറുണ്ട്. പ്രത്യേകിച്ച് കഠിനമായ ബ്രഷ് ഉപയോഗിച്ച് അധിക സമ്മർദ്ദത്തോടെ തേക്കുന്നത് പല്ലിന്റെ പുറം സംരക്ഷണ പാളിയായ ഇനാമലിനെ നശിപ്പിക്കും. മൃദുവായ ബ്രഷ് ഉപയോഗിച്ച് സാവധാനത്തിൽ വൃത്തിയാക്കുന്നതാണ് നല്ലത്. ശക്തമായി തേക്കുന്നത് പല്ലുകൾ കൂടുതൽ വൃത്തിയാക്കുകയല്ല, മറിച്ച് ദീർഘകാലത്ത് കൂടുതൽ ദോഷം വരുത്തുകയാണ് ചെയ്യുന്നത്.

ഭക്ഷണ ശീലത്തിലെ അപകടങ്ങൾ

ഫാസ്റ്റ് ഫുഡുകളിൽ കൂടുതലുള്ള ആസിഡും പഞ്ചസാരയും, മറ്റു പാനീയങ്ങളും പല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്നവയാണ്. സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, സിട്രസ് ജ്യൂസുകൾ, ചായ, കാപ്പി, മിഠായികൾ എന്നിവ പതിവായി കഴിക്കുമ്പോൾ പല്ലുകൾ ആസിഡ് ആക്രമണത്തിന് വിധേയമാകുന്നുണ്ട്. ബ്രഷ് ചെയ്യുന്നതിലൂടെ മാത്രം പല്ലുകളിൽ ഒട്ടിപിടിച്ച ആസിഡും പഞ്ചസാരയും നീക്കം ചെയ്യാനാകില്ല. ആസിഡ് ഉള്ള പാനീയങ്ങൾ കഴിച്ചതിന് ശേഷം വായ വെള്ളംകൊണ്ട് കഴുകുക, അല്ലെങ്കിൽ സ്റ്റ്രോ ഉപയോഗിച്ച് പാനീയങ്ങൾ കുടിക്കുക തുടങ്ങിയ ചില ശീലങ്ങൾ ഇനാമൽ സംരക്ഷിക്കാൻ സഹായിക്കും.

പല്ലുതേച്ചാൽ മാത്രം പോരാ; ആരോഗ്യകരമായ പല്ലുകൾക്ക് കരുതൽ അത്യാവശ്യം
ആരോഗ്യത്തിന് കയ്പും അല്പം നല്ലതാണ്; പ്രഭാതഭക്ഷണത്തിൽ ഇവ ശീലമാക്കിയാൽ ലഭിക്കുന്ന അവിശ്വസനീയമായ മാറ്റങ്ങൾ

വെള്ളം കുടിക്കുന്നത് പല്ലുകൾക്കും അത്യാവശ്യമാണ്

മനുഷ്യ സഹ്‌രീരത്തിന് വെള്ളം എത്രത്തോളം ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. പല്ലിന്റെ ആരോഗ്യത്തിനും വെള്ളം പ്രധാന ഘടകമാണ്. വായിലെ സ്വാഭാവിക സംരക്ഷണ സംവിധാനമായ സലൈവ അഥവാ ഉമിനീർ വായിലെ ആസിഡ് നിയന്ത്രിക്കുകയും പല്ലുകളുടെ ധാതുക്കൾ പുനഃസ്ഥാപിക്കാനും സഹായിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ വെള്ളം കുറച്ച് കുടിക്കുന്നതും കാപ്പി, ആൽക്കഹോൾ എന്നിവയുടെ അധിക ഉപയോഗവും ഉമിനീർ ഉൽപാദനം കുറയ്ക്കും. ഇതോടെ ഇനാമൽ കൂടുതൽ അപകടത്തിലാകും. അതിനാൽ ദിവസം മുഴുവൻ മതിയായ അളവിൽ വെള്ളം കുടിക്കുന്നത് ദന്താരോഗ്യത്തിനും ഗുണകരമാണ്.

വീട്ടുവൈദ്യങ്ങളും ടൂത്ത്‌പേസ്റ്റും

പല്ലുകൾ വെളുപ്പിക്കാൻ സോഷ്യൽ മീഡിയയിൽ കാണുന്ന പല ‘ടിപ്‌സുകളും’ ആളുകൾ പരീക്ഷിക്കാറുണ്ട്. നാരങ്ങാനീര്, ബേക്കിംഗ് സോഡ, ആക്ടിവേറ്റഡ് ചാർക്കോൾ എന്നിവ ചിലപ്പോൾ പല്ലുകൾ താൽക്കാലികമായി വെളുപ്പിച്ചേക്കാം. എന്നാൽ ഇവയുടെ ആസിഡ് സ്വഭാവം ഇനാമലിനെ വേഗത്തിൽ നശിപ്പിക്കും. അതിനാൽ ഡെന്റിസ്റ്റ് നിർദേശിക്കുന്ന സുരക്ഷിതമായ വൈറ്റനിംഗ് ചികിത്സകളും ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്‌പേസ്റ്റുകളും തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

ഏതെങ്കിലും ഒരു ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചാൽ മതിയെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ എല്ലാ ടൂത്ത്‌പേസ്റ്റുകളും ഇനാമൽ സംരക്ഷണത്തിന് ഒരുപോലെ സഹായിക്കുന്നില്ല. ശുചിത്വത്തിനൊപ്പം ഇനാമൽ ശക്തിപ്പെടുത്താനും ആസിഡ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ടൂത്ത്‌പേസ്റ്റുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

പല്ലുതേച്ചാൽ മാത്രം പോരാ; ആരോഗ്യകരമായ പല്ലുകൾക്ക് കരുതൽ അത്യാവശ്യം
'വര്‍ഷങ്ങളായി പുകവലിക്കാറുണ്ട്, പൂര്‍ണ ആരോഗ്യവാൻ', എന്ന് പറയുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ ശരീരത്തെ കൊല്ലുന്നത് ഇഞ്ചിഞ്ചായി

ഇനാമൽ നഷ്ടപ്പെടുന്നത് ഒരിക്കൽ സംഭവിച്ചാൽ പൂർണമായി പരിഹരിക്കപ്പെടുകയോ, നിർമ്മിച്ചെടുക്കാനോ സാധിക്കില്ല. അതിനാൽ മുൻകരുതലാണ് ഏറ്റവും മികച്ച സംരക്ഷണം. മൃദുവായ ബ്രഷ് ഉപയോഗിച്ച് സാവധാനത്തിൽ പല്ലുതേക്കുക, ആസിഡ് ഉള്ള ഭക്ഷണങ്ങൾക്ക് ശേഷം വായ കഴുകുക, മതിയായ വെള്ളം കുടിക്കുക, ശരിയായ ടൂത്ത്‌പേസ്റ്റ് തിരഞ്ഞെടുക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങളിലൂടെ പല്ലുകളുടെ ആരോഗ്യം ദീർഘകാലം നിലനിർത്താൻ ഏറെ സഹായിക്കും. മനോഹരമായ ഒരു പുഞ്ചിരി വെറും സൗന്ദര്യമല്ല; അത് ആരോഗ്യമുള്ള ശക്തമായ പല്ലുകളുടെ അടയാളവുമാണ്.

English Summary: Brushing alone is not enough; the right daily habits determine dental health. Aggressive brushing, consuming foods high in acid and sugar, and inadequate water intake can all lead to enamel erosion. Since lost enamel cannot be restored, prevention is essential. Using a soft-bristled toothbrush, rinsing the mouth after acidic foods, staying well-hydrated, and choosing an enamel-protecting toothpaste can help maintain strong, healthy teeth in the long run.

Madism Digital
madismdigital.com