

കോര്‍പറേറ്റ് തൊഴിമേഖലയിലെ ലീവ് സംസ്‌കാരത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ് സൈബര്‍ ലോകം. അവകാശപ്പെട്ട അവധി കമ്പനിയുടെ ഔദാര്യമാണെന്ന രീതിയിലാണ് കോര്‍പറേറ്റ് സംസ്‌കാരത്തില്‍ പരിഗണിക്കപ്പെടുന്നത് എന്നാണ് പ്രധാന വിമര്‍ശനം. ഒരു ലീവെടുത്താല്‍ കുറ്റബോധം തോന്നിപ്പിക്കുന്ന രീതിയാണ് കോര്‍പറേറ്റുകളുടേതെന്നുമാണ് ചര്‍ച്ചകളിലെ പ്രധാന പോയിന്റുകള്‍. പാക് സ്വദേശിനിയായ മഹീര്‍ എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയ്ക്ക് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമായത്.
അർഹമായ ലീവ് എടുക്കുന്നതിന് എന്തിനാണ് കുറ്റബോധം എന്നാണ് പാകിസ്താനിയായ മഹീർ ചോദിക്കുന്നത്. ലീവിലെ അസമത്വം സംബന്ധിച്ച് ശക്തമായി പ്രതികരിക്കുന്ന ഒരു യുവതിയുടെ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഹീറിന്റെ വീഡിയോയ്ക്ക് ഇതിനോടകം തന്നെ ലക്ഷക്കണക്കിന് വ്യൂസും ഷെയറും ലഭിച്ചു കഴിഞ്ഞു. തങ്ങൾക്ക് പറയാനുള്ളത് മഹീർ പറഞ്ഞുകഴിഞ്ഞു എന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകളിലധികവും.
വീഡിയോയിൽ മഹീർ പറയുന്നത് ഇങ്ങനെയാണ്:
"ഈദിന് വേണ്ടി ഒരു ദിവസത്തെ എക്സട്രാ ലീവ് എടുത്തിട്ടുണ്ട് ഞാൻ. അതിന് വേണ്ടി ചെയ്യേണ്ട ജോലി ഒക്കെ ഇപ്പോഴേ തുടങ്ങിയും കഴിഞ്ഞു. എല്ലാം നിയന്ത്രണത്തിലാണ്. ഒരു വർക്ക് പോലും പെൻഡിങ് ആവാത്ത രീതിയിൽ പ്ലാൻ ചെയ്തിട്ടുണ്ട്. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാവുകയല്ല ഞാൻ. അർഹമായ ലീവ് തന്നെയാണ്. പക്ഷേ ഭയങ്കരമായ കുറ്റബോധം തോന്നുകയാണെനിക്ക്. എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
കോർപറേറ്റിൽ ജോലി ചെയ്യുന്നവർക്ക് എന്റെ അവസ്ഥ മനസ്സിലായേക്കും. അവധിയെടുക്കുന്നതിന് മുമ്പുള്ള ആ അനാവശ്യമായ കുറ്റബോധവും സമ്മർദവും നിങ്ങൾക്കുമുണ്ടാകും. ലീവ് എടുത്തോളൂ, വല്ലപ്പോഴുമല്ലേ... കുഴപ്പമില്ല, ആവശ്യമുള്ള കാര്യത്തിനല്ലേ.. എന്നൊക്കെ നമ്മൾ നമ്മളെ തന്നെ പറഞ്ഞു പഠിപ്പിക്കും.
ഇത് കോർപറ്റേറ്റ് സംസ്കാരമാണ്. ഒരു ബ്രേക്ക് എന്നത് കമ്പനി നിങ്ങൾക്ക് തരുന്ന ഔദാര്യമാണെന്നും നിങ്ങൾക്ക് ആവശ്യമായതല്ലെന്നും കോർപറ്റേറ്റ് നിങ്ങളെ പറഞ്ഞു പഠിപ്പിക്കും. വിശ്രമിക്കുന്നതിന് ന്യായീകരണം ആവശ്യമാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കും.
പക്ഷേ ഈയടുത്ത് ഞാനൊരു കാര്യം മനസ്സിലാക്കി. ഇതെന്റെ ജോലി മാത്രമാണ്. ഞാനെന്റെ ജോലി വൃത്തിയായി പൂർത്തിയാക്കുന്നുണ്ട്. ഉത്തരവാദിത്തത്തോടെ പെരുമാറുന്നുണ്ട്. പക്ഷേ എന്റെ ജീവനും ജീവിതവും ജോലിയെ ചുറ്റിപ്പറ്റിയായാൽ ശരിയാകില്ല. ഈദിന് ലീവെടുക്കുന്നത് എനിക്കുത്തരവാദിത്തമില്ലാഞ്ഞിട്ടോ, ജോലിയിൽ ഞാൻ സീരിയസ് അല്ലാഞ്ഞിട്ടോ അല്ല താനും.
നമ്മളെല്ലാവരും തന്നെ ഈ ഒരു ടോക്സിക് ആയ കുറ്റബോധം മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടാവും. വിശ്രമിക്കാനുള്ള അവസരം നമ്മൾ നേടിയെടുക്കേണ്ടതാണെന്നും അതിന് നമുക്ക് അർഹതയില്ലെന്നുമൊക്കെയുള്ള അനാവശ്യമായ ചിന്ത. അത് നമ്മളെ തകർക്കുകയേ ഉള്ളൂ."
സോഷ്യൽ മീഡിയയിൽ മഹീറിന്റെ വീഡിയോയ്ക്ക് വൻ പ്രതികരണമാണ് ലഭിക്കുന്നത്. ഓരോ തവണയും അവധിക്ക് അപേക്ഷിക്കുമ്പോൾ എനിക്കും ഇതുപോലെയാണ് തോന്നാറുള്ളതെന്നാണ് ഒരാൾ കുറിച്ചത്. അമിതമായി വിശദീകരിക്കേണ്ടി വരുന്ന ആ ഭാഗം വളരെ യാഥാർഥ്യമാണെന്നും മറ്റൊരാൾ കുറിക്കുന്നു.
ശമ്പളത്തോടുകൂടിയ അവധികൾ നമ്മുടെ അവകാശമാണ്, ആരുടേയെങ്കിലും ഔദാര്യമല്ല എന്നാണ് മറ്റൊരു അഭിപ്രായം.
വിശ്രമിക്കുന്നതിൽ ലജ്ജ തോന്നേണ്ട കാര്യമില്ല എന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ, ജീവനക്കാർക്ക് അവരുടെ അവധികൾ സ്വതന്ത്രമായി ഉപയോഗിക്കുന്നത് ജോലിസ്ഥലങ്ങൾ സാധാരണവൽക്കരിക്കേണ്ട സമയമായിരിക്കുന്നു എന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
English Summary: Corporate culture often makes employees feel guilty for taking leave. If someone needs a day off due to illness, they are expected to seek approval from everyone up the chain. Challenging this culture can lead to being sidelined or ignored. Now, a viral video by Pakistani woman Mahir is striking a chord online as she questions why people should feel guilty for taking the leave they are entitled to.