2 വര്‍ഷത്തിനിടെ 15 തവണ ജാമ്യം, പ്രഭാഷണങ്ങളും നാടുചുറ്റലും, ഒടുവില്‍ ആശാറാം ബാപ്പുവിനെ തിരിച്ച് ജയിലിലേക്കയച്ച് രാജസ്ഥാന്‍ ഹൈക്കോടതി

2024 മാര്‍ച്ച് 21-നും 2026 മെയ് 25-നും ഇടയില്‍ ഒരു ഡസനിലധികം തവണ ആശാറാമിന് കോടതി മെഡിക്കല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
2 വര്‍ഷത്തിനിടെ 15 തവണ ജാമ്യം, പ്രഭാഷണങ്ങളും നാടുചുറ്റലും, ഒടുവില്‍ ആശാറാം ബാപ്പുവിനെ തിരിച്ച് ജയിലിലേക്കയച്ച് രാജസ്ഥാന്‍ ഹൈക്കോടതി
Published on

പ്രായവും രോഗവും ചൂണ്ടിക്കാട്ടി 2 വര്‍ഷമായി ജാമ്യത്തില്‍ തുടര്‍ന്ന ബലാത്സംഗക്കേസ് പ്രതി ആശാറാം ബാപ്പുവിന് ഒടുവില്‍ രാജസ്ഥാന്‍ ഹൈക്കോടതി തടയിട്ടു. രണ്ട് ബലാത്സംഗക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു അടിയന്തര പരോളുകള്‍, ഇടക്കാല ജാമ്യം, മോശം ആരോഗ്യസ്ഥിതി എന്നിവയിലൂടെ കുറഞ്ഞത് 15 തവണയെങ്കിലും കോടതിയില്‍ നിന്ന് ഇളവുകള്‍ നേടിയിരുന്നു. എന്നാല്‍ മെയ് 27-ഓടെ അതിന് വിരാമമായി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആശാറാമിന്റെ ജീവപര്യന്തം തടവുശിക്ഷ രാജസ്ഥാന്‍ ഹൈക്കോടതി ശരിവെക്കുകയും ജാമ്യം റദ്ദാക്കി കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതി 'ഇരയുടെ ശബ്ദത്തെ അവഗണിക്കാന്‍ ഒരു കാരണവുമല്ല' എന്നാണ് കോടതി നിരീക്ഷിച്ചത്. ഇടക്കാല ജാമ്യം റദ്ദാക്കിയ പിറ്റേദിവസം ആശാറാം ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കീഴടങ്ങി. 2013ല്‍ ജോധ്പൂരിനടുത്തുള്ള ആശ്രമത്തില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2018ല്‍ ആശാറാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

ഒന്നിന് പിറകെ ഒന്നൊന്നായി ജാമ്യം

മെയ് 28-ന് ആശാറാം കീഴടങ്ങുമ്പോള്‍ ഏഴു മാസമായി അദ്ദേഹം ഇടക്കാല ജാമ്യത്തിലായിരുന്നു. അതിന് മുന്‍പുള്ള വലിയൊരു കാലയളവ്, അതായത് 2024 മാര്‍ച്ച് മുതല്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. 2024 മാര്‍ച്ച് 21-നും 2026 മെയ് 25-നും ഇടയില്‍ ഒരു ഡസനിലധികം തവണ ആശാറാമിന് കോടതി മെഡിക്കല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

2 വര്‍ഷത്തിനിടെ 15 തവണ ജാമ്യം, പ്രഭാഷണങ്ങളും നാടുചുറ്റലും, ഒടുവില്‍ ആശാറാം ബാപ്പുവിനെ തിരിച്ച് ജയിലിലേക്കയച്ച് രാജസ്ഥാന്‍ ഹൈക്കോടതി
'അയിത്തത്തിന്റെ പ്രത്യക്ഷ ആചാരം, മനുസ്മൃതിയുടെ ജാതി യുക്തി'; കുട്ടികള്‍ക്ക് ഡെസ്‌കില്‍ മിഠായി വിതറിയിട്ട വി മുരളീധരനു രൂക്ഷ വിമര്‍ശനം

'സാധാരണഗതിയില്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ അനുഭവിച്ച ഒരു പ്രതിക്ക് ജാമ്യം ലഭിക്കാറുണ്ട്. ഈ കേസില്‍, അപ്പീല്‍ക്കാരനെതിരെയുള്ള ആരോപണം അദ്ദേഹം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ്. അതുകൂടാതെ, ഗുജറാത്തില്‍ ഒരു ബലാത്സംഗക്കേസിലും ഇയാള്‍ പ്രതിയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇയാളുടെ ശിക്ഷ റദ്ദ് ചെയ്യാന്‍ സാധിക്കില്ല', 2024 ജനുവരിയില്‍ നാലാമതും ജാമ്യം നിഷേധിച്ചത്തിനെതിരെ ആശാറാം നല്‍കിയ അപ്പീല്‍ തള്ളുന്നതിന് മുന്‍പ് രാജസ്ഥാന്‍ ഹൈക്കോടതി നിരീക്ഷിച്ചത് ഇങ്ങനെയാണ്.

തുടര്‍ന്ന് ആശാറാമിന്റെ അഭിഭാഷകര്‍ ബൈപാസ് സര്‍ജറി/ആന്‍ജിയോപ്ലാസ്റ്റി നടത്തുന്നതിനായി അനുമതി തേടി മറ്റൊരു ഹര്‍ജി നല്‍കി. എന്നാല്‍, 2024 ഫെബ്രുവരിയില്‍ ആശാറാം ആവശ്യപ്പെട്ട ആശുപത്രിയ്ക്ക് പകരം ന്യൂഡല്‍ഹി എയിംസില്‍ ചികിത്സ തേടാന്‍ കോടതി നിര്‍ദേശിച്ചു. മഹാരാഷ്ട്രയിലെ ഖൊപ്പോലിയിലുള്ള മാധവ്ബാഗ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ ആശാറാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ 2024 മാര്‍ച്ചില്‍ വീണ്ടും കോടതിയെ അറിയിച്ചു. ഇതിനായി വരുന്ന എല്ലാ പോലീസ് സുരക്ഷാ ചെലവുകളും അദ്ദേഹം തന്നെ വഹിച്ചുകൊള്ളാമെന്നും അറിയിച്ചു.

ആശാറാമിന് മറ്റ് അനുബന്ധ രോഗങ്ങളുണ്ടെന്നും രണ്ടു മൂന്നു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആശാറാമിന്റെ നില ഗുരുതരമാണെന്ന് മാധവ്ബാഗ് ആശുപത്രിയും കോടതിയില്‍ അറിയിച്ചു. സുരക്ഷയും ക്രമസമാധാന പ്രശ്‌നങ്ങളും കണക്കിലെടുത്ത് ആശാറാമിനെ മാധവ്ബാഗ് ആശുപത്രിയിലേക്ക് മാറ്റുന്നത് സുരക്ഷിതമല്ലെന്നാണ് റായ്ഗഡ് ജില്ലാ പൊലീസ് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയത്.

2 വര്‍ഷത്തിനിടെ 15 തവണ ജാമ്യം, പ്രഭാഷണങ്ങളും നാടുചുറ്റലും, ഒടുവില്‍ ആശാറാം ബാപ്പുവിനെ തിരിച്ച് ജയിലിലേക്കയച്ച് രാജസ്ഥാന്‍ ഹൈക്കോടതി
ബോൺമൗത്തിനെ യൂറോപ്പ ലീഗിലെത്തിച്ച ആൻഡോണി ഇരയോള; പുതിയ പരിശീലകനിൽ യുർ​ഗൻ ക്ലോപ്പിനെ സ്വപ്നം കാണുന്ന ലിവർപൂൾ

ഒടുവില്‍, 2024 മാര്‍ച്ച് 21-ന് ഹൈക്കോടതി ആശാറാമിന്റെ പ്രായം കണക്കിലെടുക്കുകയും അനുയോജ്യമായ ചികിത്സ ലഭിക്കുക എന്നത് അദ്ദേഹത്തിന്റെ മൗലികാവകാശമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ ജോധ്പൂരിലെ ആരോഗ്യധാം ആയുര്‍വേദ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കി. അതോടൊപ്പം മാധവ്ബാഗിലെ ഡോക്ടര്‍മാര്‍ക്ക് അവിടെയെത്തി ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കാനും അനുവാദം നല്‍കി. സ്വന്തം സുരക്ഷാ ചെലവുകള്‍ ആശാറാം തന്നെ വഹിക്കണമെന്നതായിരുന്നു ഇതിലെ ഒരു നിബന്ധന.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെ ഒരാഴ്ച ആശാറാം ആശുപത്രിയിലായിരുന്നു. പിന്നീട് ഏപ്രില്‍ 16-ന് ഹൈക്കോടതി അദ്ദേഹത്തെ വീണ്ടും 10 ദിവസത്തേക്ക് ജോധ്പൂര്‍ കേന്ദ്രത്തില്‍ ചികിത്സ നേടാന്‍ അനുവദിച്ചു. ജൂലൈ 26-ന്, അഭിഭാഷകരുടെ അപേക്ഷയെ തുടര്‍ന്ന് സുരക്ഷാ ചെലവ് ആശാറാം വഹിക്കണമെന്ന നിബന്ധന ഹൈക്കോടതി ഒഴിവാക്കി. ഓഗസ്റ്റ് 13-ന് ആശാറാമിന് വീണ്ടും ഇളവ് ലഭിച്ചു. മഹാരാഷ്ട്രയിലെ മാധവ്ബാഗ് ആശുപത്രിയില്‍ ചികിത്സ തേടുന്നതിനായി ഹൈക്കോടതി അദ്ദേഹത്തിന് ഏഴു ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചു. സെപ്റ്റംബര്‍ 3-ന് ഹൈക്കോടതി ആശാറാമിന്റെ അടിയന്തര പരോള്‍ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി നല്‍കി.

2024 നവംബര്‍ 7-ന് കോടതി ആശാറാമിന്റെ ജാമ്യവ്യവസ്ഥകളില്‍ ഇളവ് വരുത്തി. ജോധ്പൂരിലെ ആരോഗ്യധാമില്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുന്ന കാലയളവ് വരെ അദ്ദേഹത്തിന് ചികിത്സയില്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഇത് തുടര്‍ച്ചയായി പരമാവധി 30 ദിവസത്തില്‍ കൂടാന്‍ പാടില്ലെന്നും അതിനുശേഷം അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. ആ ഒരു മാസം അവസാനിച്ച ഉടന്‍ തന്നെ, ഡിസംബര്‍ 10-ന്, മാധവ്ബാഗ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ 17 ദിവസത്തേക്ക് ചികിത്സ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഈ ഇടവേളയില്‍ ആശാറാമിനെ തിരികെ ജയിലിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും കോടതി പറഞ്ഞു.

2 വര്‍ഷത്തിനിടെ 15 തവണ ജാമ്യം, പ്രഭാഷണങ്ങളും നാടുചുറ്റലും, ഒടുവില്‍ ആശാറാം ബാപ്പുവിനെ തിരിച്ച് ജയിലിലേക്കയച്ച് രാജസ്ഥാന്‍ ഹൈക്കോടതി
എ ഐ തരംഗത്തില്‍ ഇന്ത്യക്ക് 'കാലിടറി'; ദക്ഷിണ കൊറിയയ്ക്കും തായ്‌വാനും മുന്നില്‍ വിപണി കിതയ്ക്കുമ്പോള്‍

2025 ജനുവരി 7-ന് ആശാറാമിന് സുപ്രീം കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചു. ചികിത്സയ്ക്കായി മാര്‍ച്ച് 31 വരെ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. തുടര്‍ന്ന് രാജസ്ഥാന്‍ ഹൈക്കോടതിയും മാര്‍ച്ച് 31 വരെ ജാമ്യം അനുവദിച്ചു. ഗുജറാത്ത് ഹൈക്കോടതിയും ഇതേ വഴി പിന്തുടര്‍ന്നു. ആദ്യം 2025 ജൂണ്‍ 30 വരെ ജാമ്യം നല്‍കിയ കോടതി, ഏപ്രില്‍ 7-ന് അത് ജൂലൈ 1 വരെ നീട്ടി. രാജസ്ഥാന്‍ ഹൈക്കോടതിയും അദ്ദേഹത്തിന്റെ ജാമ്യം ജൂലൈ 1 വരെ നീട്ടി. തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം ജൂലൈ 7 വരെ നീട്ടിയപ്പോള്‍ രാജസ്ഥാന്‍ ഹൈക്കോടതി ജൂലൈ 9 വരെ നീട്ടി നല്‍കി. ജൂലൈ എട്ടിന് രാജസ്ഥാന്‍ ഹൈക്കോടതി മറ്റൊരു ഉത്തരവിലൂടെ ആശാറാമിന്റെ ജാമ്യം ഓഗസ്റ്റ് 12 വരെ നീട്ടി നല്‍കിയെങ്കിലും ഇനിമേല്‍ യാതൊരു ഇളവും അനുവദിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ജാമ്യം ഓഗസ്റ്റ് 21 വരെ നീട്ടിയതായി ആശാറാമിന്റെ അഭിഭാഷകര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യം ഓഗസ്റ്റ് 29 വരെ വീണ്ടും നീട്ടി.

2025 ഒക്ടോബര്‍ 13-ന് ആരോഗ്യധാം ആയുര്‍വേദ ആശുപത്രി കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ആശാറാം ഗുരുതരമായ പല രോഗങ്ങളാലും ബുദ്ധിമുട്ടുകയാണെന്ന് വ്യക്തമാക്കിയിരുന്നു. അദ്ദേഹം അങ്ങേയറ്റം ക്ഷീണിതനും ഭക്ഷണം കഴിക്കുന്നതിനും ശൗചാലയത്തില്‍ പോകുന്നതിനും ദൈനംദിന പരിചരണങ്ങള്‍ക്കും മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നും ആശുപത്രി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ആശാറാം ആരോഗ്യധാം ആശുപത്രിയില്‍ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും എന്നാല്‍ അടിയന്തര ഘട്ടങ്ങളിലോ ആരോഗ്യം വഷളാകുന്ന സാഹചര്യങ്ങളിലോ ഇതില്‍ മാറ്റം വരുത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ, രാജസ്ഥാന്‍ ഹൈക്കോടതി അദ്ദേഹത്തെ ആറ് മാസത്തെ ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചു.

ശിക്ഷാ ഇളവുകള്‍ ഉള്‍പ്പെടെ ആശാറാം 12 വര്‍ഷവും 11 മാസവും 27 ദിവസവും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും (യഥാര്‍ത്ഥ തടവുകാലം 11 വര്‍ഷവും 6 മാസവും 3 ദിവസവുമാണ്) 86-ാം വയസ്സില്‍ അദ്ദേഹം പലവിധ രോഗങ്ങളാല്‍ വലയുകയാണെന്നും പൂര്‍ണ്ണമായും കിടപ്പിലായ അവസ്ഥയിലാണെന്നും ജാമ്യം നല്‍കി ഹൈക്കോടതി നിരീക്ഷിച്ചു. ആശാറാമിന് ജാമ്യം ലഭിച്ച് രണ്ട് മാസത്തിന് ശേഷം പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യത്തിലിറങ്ങിയ ആശാറാം ചികിത്സ തേടുന്നതിന് പകരം പ്രഭാഷണങ്ങള്‍ നടത്തുകയാണെന്ന് പരാതിയില്‍ പറഞ്ഞു. ഉജ്ജൈന്‍, അയോധ്യ തുടങ്ങിയ തീര്‍ത്ഥാടന നഗരങ്ങളിലും ഗുജറാത്തിലും ആശാറാം പലതവണ സന്ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

2 വര്‍ഷത്തിനിടെ 15 തവണ ജാമ്യം, പ്രഭാഷണങ്ങളും നാടുചുറ്റലും, ഒടുവില്‍ ആശാറാം ബാപ്പുവിനെ തിരിച്ച് ജയിലിലേക്കയച്ച് രാജസ്ഥാന്‍ ഹൈക്കോടതി
ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്, പരസ്പരം ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഹിസ്ബുള്ളയും

അനുയായികളെ കൂട്ടമായി കാണരുതെന്ന ജാമ്യവ്യവസ്ഥകള്‍ പരസ്യ പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് ആശാറാം ലംഘിച്ചുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില അത്ര മോശമല്ലെന്നും പരാതിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്ത വാദിച്ചു. ആശാറാമിനെതിരെയുള്ള കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുക്കാതെ ജാമ്യം അനുവദിച്ച രാജസ്ഥാന്‍ ഹൈക്കോടതിയുടെ തീരുമാനത്തെയും അവര്‍ ചോദ്യം ചെയ്തു.

തുടര്‍ന്ന് 2018-ലെ ശിക്ഷാവിധിക്കെതിരെയുള്ള ആശാറാമിന്റെ അപ്പീലില്‍ വിധി വരാന്‍ സമയമെടുക്കുമെന്നും അതിനാല്‍ ഇടക്കാല ജാമ്യം തുടരാന്‍ അനുവദിക്കണമെന്നും ദേവ്ദത്ത് കാമത്തിന്റെ നേതൃത്വത്തിലുള്ള ആശാറാമിന്റെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. 2026 ഏപ്രില്‍ 29-ന് ഹൈക്കോടതി അദ്ദേഹത്തിന് മെയ് 25 വരെയോ അല്ലെങ്കില്‍ അപ്പീലില്‍ വിധി പറയുന്നതുവരെയോ ജാമ്യം അനുവദിച്ചു. മെയ് 25-ന് ഇത് ജൂലൈ 7 വരെ നീട്ടി നല്‍കുകയും ചെയ്തു.

അന്തിമ വിധി

2026 മെയ് 27-ന് രാജസ്ഥാന്‍ ഹൈക്കോടതി ആശാറാമിന്റെ അപ്പീലില്‍ വിധി പ്രസ്താവിച്ചു. 'കുറ്റം ചെയ്യുമ്പോള്‍ അപ്പീല്‍ക്കാരന് 73 വയസ്സായിരുന്നു. ഇപ്പോള്‍ 86 വയസ്സുണ്ട്. പ്രായാധിക്യവും രോഗവും കാരണം അദ്ദേഹത്തിന് ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ അദ്ദേഹത്തിന് യാതൊരു ഇളവും നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, കാരണം അദ്ദേഹത്തിന്റെ ശാരീരിക ബലഹീനതയുടെ നിഴലില്‍ ഇരയുടെ ശബ്ദത്തെ അവഗണിക്കാന്‍ കഴിയില്ല. അതിനെ അവഗണിക്കുന്നത് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലുള്ള സമൂഹത്തിന്റെ വിശ്വാസത്തെ തകര്‍ക്കും. ഒരു കോടതിയും നല്‍കാന്‍ പാടില്ലാത്ത തെറ്റായ സന്ദേശമായിരിക്കും അത് നല്‍കുക, പ്രത്യേകിച്ച് പ്രതി ഒരു സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ മേലങ്കിക്കുള്ളില്‍ ഒളിച്ചിരുന്ന ആളാകുമ്പോള്‍', ആശാറാമിന്റെ ജീവപര്യന്തം തടവ് ശരിവെച്ചുകൊണ്ട് കോടതി പറഞ്ഞു.

വിധിക്കെതിരെ സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്ന് ആശാറാമിന്റെ അഭിഭാഷകന്‍ നിഷാന്ത് ബോറ പറഞ്ഞു. ആശാറാമിന് ലഭിച്ച ശിക്ഷ നീതിയുടെ വലിയ വിജയമാണെന്നും തിരികെ ജയിലിലായത് തങ്ങളുടെ വാദം സത്യമാണെന്ന് തെളിയിക്കുന്നുവെന്നും ഇരയുടെ അഭിഭാഷകനായ സോളങ്കി പറഞ്ഞു.

English Summary: Self-styled godman Asaram Bapu has been sent back to prison after the Rajasthan High Court upheld his life sentence in a rape case involving a minor girl and revoked his interim bail. The court ruled that his advanced age and poor health could not outweigh the victim's right to justice. Over the past two years, Asaram had secured at least 15 instances of relief from courts, including emergency paroles, interim bail, and extended medical treatment permissions.

Madism Digital
madismdigital.com