

ഇറാനിൽ നിന്നുമുള്ള എണ്ണയുമായി ഇന്ത്യന്‍ തീരത്തേക്ക് പുറപ്പെട്ട ക്രൂഡ് ഓയില്‍ ടാങ്കര്‍ ചൈനയിലേക്ക് വഴിതിരിച്ചു വിട്ടു. തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എസ്വാറ്റിനിയുടെ പതാക വഹിച്ച 'പിംഗ് ഷുൻ' എന്ന ക്രൂഡ് ഓയില്‍ ടാങ്കറിന്റെ ഗതിയാണ് അപ്രതീക്ഷിതമായി മാറ്റിയത്. ഗുജറാത്തിലെ വദിനാർ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പൽ ഇപ്പോൾ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള ഡോങ്‌യിംഗ് തുറമുഖം ലക്ഷ്യമാക്കി സഞ്ചരിക്കുകയാണ്.
6 ലക്ഷം ബാരല്‍ എണ്ണ സംഭരിച്ച കപ്പലാണ് വദിനാര്‍ തീരത്തേക്ക് സഞ്ചരിച്ചിരുന്നത്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ രാത്രിയ്ക്കും പുലര്‍ച്ചയ്ക്കുമിടയിൽ തീരമണയാൻ സാധ്യതയുണ്ടായിരുന്ന കപ്പലാണ് ഡോങ്‌യിംഗിലേക്ക് ലക്ഷ്യസ്ഥാനം മാറ്റിയിരിക്കുന്നത്. കെപ്ലറിൽ നിന്നുള്ള ഡാറ്റ പ്രകാരമാണ് വിവരങ്ങൾ ലഭിക്കുന്നത്. പണമിടപാട് സംബന്ധിച്ച പ്രശ്നങ്ങളാണ് ലക്ഷ്യസ്ഥാനം മാറുന്നതിലേക്ക് നയിച്ചതെന്നാണ് നിലവിലെ വിലയിരുത്തൽ.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളിൽ പ്രതിരോധം തീർക്കുന്നതിന്റെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള തലത്തിലെ എണ്ണ വിലയിൽ കുത്തനെ വർദ്ധനവുണ്ടായിരുന്നു. തുടർന്നാണ് മാര്‍ച്ച് 21ന് ഇറാന്‍ എണ്ണയ്ക്ക് മേലെയുണ്ടായിരുന്ന ഉപരോധം യു.എസ് പിൻവലിച്ചത്. നിലവിൽ ഒരു മാസത്തേക്ക് മാത്രമാണ് ഉപരോധത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഇതോടെ കപ്പലുകളില്‍ ലോഡ് ചെയ്ത ഇറാന്‍ എണ്ണ വില്‍ക്കാനാണ് യു.എസ് അനുമതി നല്‍കി. റഷ്യന്‍ എണ്ണയ്ക്ക് മേലുള്ള ഉപരോധത്തിലും സമാന ഇളവാണ് യു.എസ് നല്‍കിയിരുന്നത്.
അതേസമയം, ഉപരോധമുള്ള എണ്ണവില്‍ക്കുന്ന ഡാര്‍ക്ക് ഫ്ലീറ്റ് ടാങ്കറുകള്‍ ഇത്തരത്തിൽ സഞ്ചാര ദിശമാറ്റുന്നത് ആദ്യമായല്ല. കപ്പലിന്റെ ദിശയും ലക്ഷ്യ സ്ഥാനവും സംബന്ധിച്ച നിരീക്ഷണം ഒഴുവാക്കുന്നതിന്റെ ഭാഗമായാണ് കപ്പലുകള്‍ ഗതി മാറ്റൽ രീതി പിന്തുടരുന്നത്. ലക്ഷ്യം ചൈനയായിരുന്നെങ്കിൽ കപ്പലിന് ഗുജറാത്ത് തീരത്തേക്ക് വരേണ്ടിയിരുന്നില്ല. അതിനാല്‍ 'പിംഗ് ഷുൻ' തുടക്കത്തില്‍ വദിനാര്‍ തീരം ലക്ഷ്യമാക്കിയാണ് യാത്ര ആരംഭിച്ചിരുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മാത്രമല്ല, ഉപരോധത്തിന് ഇളവ് ലഭിച്ച ഘട്ടത്തില്‍ ഈ രീതി പിന്തുടരേണ്ട സാഹചര്യവും നിലനിൽക്കുന്നില്ല.
ഇറാന്‍ എണ്ണ വാങ്ങുന്നത് സംബന്ധിച്ച് രാഷ്ട്രങ്ങൾക്കു മേൽ യു.എസ് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും പണമിടപാട് സംബന്ധിച്ച് പ്രതിസന്ധി തുടരുകയാണ്. ഇറാൻ ബാങ്കുകള്‍ രാജ്യാന്തര പെയ്മെന്‍റ് സംവിധാനമായ സൊസൈറ്റി ഫോർ വേൾഡ്‌വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻ (SWIFT) ന്‍റെ പരിധിയില്‍ ഉൾപ്പെടുന്നില്ല. അതിനാല്‍ ഇറാനിയൻ സാമ്പത്തിക സംവിധാനവുമായുള്ള ഇടപാടുകളിൽ ഏർപ്പെടുന്നതിനു പല ബാങ്കുകളും തടസങ്ങൾ നേരിടുന്നുണ്ട്.
English Summary : An Iranian crude oil tanker initially bound for India’s Vadinar port has been unexpectedly rerouted to China, likely due to payment-related issues amid ongoing sanctions and banking restrictions.