

വാണിജ്യ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'പ്രൊജക്ട് ഫ്രീഡം പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ഹോർമുസ് കടലിടുക്കിൽ പ്രതിരോധം കടുപ്പിച്ച് ഇറാൻ. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കുന്ന പുതിയ നിയന്ത്രണ സംവിധാനമാണ് ഇപ്പോൾ ഇറാൻ മുന്നോട്ടുവെക്കുന്നത്. ഗൾഫ് മേഖലയിലെ സമുദ്ര ഗതാഗതത്തിൽ സ്വാധീനം ശക്തിപ്പെടുത്താനുള്ള ഇറാന്റെ ശ്രമമാണിതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഹോർമുസിൽ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പിന്നീട് അമേരിക്ക നടത്തിയ ഉപരോധവും വലിയ ആശങ്ക ഉയർത്തിയതിന് പിന്നാലെയുള്ള ഇറാന്റെ നീക്കം ലോക സമ്പദ് വ്യവസ്ഥക്കും ആഗോള ഊർജ വിതരണ സംവിധാനത്തിനും വലിയതോതിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
എന്തിനാണ് യാത്രാ അനുമതിപത്രം?
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഗതാഗത പാതകളിലൊന്നായ ഹോർമുസ് വഴി കടന്നുപോകുന്ന എല്ലാ കപ്പലുകൾക്കും ഇനി മുതൽ മുൻകൂട്ടി ട്രാൻസിറ്റ് പെർമിറ്റ്/യാത്രാ അനുമതിപത്രം നിർബന്ധമാക്കാനാണ് ഇറാൻ തയാറെടുക്കുന്നത്. ഇതോടെ ലോക സമ്പദ് വ്യവസ്ഥയിൽ പുതിയ സമവാക്യം രൂപപ്പെടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് അഭിപ്രായപ്പെട്ടു.
അമേരിക്കൻ നാവിക സേന വ്യാപാര കപ്പലുകൾക്ക് സുരക്ഷാ അകമ്പടി നൽകുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ നിയന്ത്രണങ്ങൾ വരുന്നതെന്നും ശ്രദ്ധേയമാണ്. യുഎസും സഖ്യകക്ഷികളും മേഖലയിൽ സമുദ്രസുരക്ഷയെ അസ്ഥിരമാക്കുന്നതിനാലാണ് നിലവിൽ കടലിടുക്കിൽ നേരിടുന്ന യാത്ര-സാമ്പത്തിക പ്രതിസന്ധികളെന്ന് മുഹമ്മദ് ബാഗർ ഗാലിബാഫ് ആരോപിച്ചു.
ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) നാവികസേന ഹോർമുസ് മേഖലയിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ നിർദ്ദിഷ്ട സമുദ്രമാർഗങ്ങൾ കർശനമായി പാലിക്കണമെന്നും നിശ്ചിത പാതയിൽനിന്ന് വ്യതിചലിച്ചാൽ സൈനിക നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നടപടിക്കു പിന്നിലെ ആസൂത്രണം!
ഇറാന്റെ ഈ നീക്കം സുരക്ഷാ നടപടിയായും നിയന്ത്രണമായും തോന്നുമെങ്കിലും അമേരിക്ക-സൗദി അറേബ്യ -യുഎഇ സഖ്യകക്ഷികൾക്കെതിരായ ശക്തമായ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഗൾഫ് മേഖലയിലെ കടലിലെ സുരക്ഷ, കപ്പൽ ഗതാഗതം, പരിസ്ഥിതി എന്നിവയെ ബാധിക്കുന്ന സമുദ്രാധിപത്യത്തെ ചോദ്യം ചെയ്യാനും സ്വന്തം അധീശത്വം പ്രകടിപ്പിക്കാനുമുള്ള ശ്രമമാണിതെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ആഘാതമാകുമോ?
പുതിയ അനുമതി സംവിധാനം ഇറാൻ നടപ്പിലാക്കുന്നതോടെ അന്താരാഷ്ട്ര ഷിപ്പിങ്ങിന് കൂടുതൽ സങ്കീർണതയും അനിശ്ചിതത്വവും സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഹോർമുസിലെ ഈ മാറ്റം ആഗോള ഊർജ വിപണിയെയും കടൽസുരക്ഷാ സമവാക്യങ്ങളെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമോ എന്ന ചോദ്യവും ഇതോടെ ശക്തമാകുകയാണ്.
ആഗോള എണ്ണവിതരണത്തിന്റ 20 ശതമാനത്തോളം ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ എന്നീ പ്രധാന ഊർജ കയറ്റുമതി രാജ്യങ്ങൾ ഈ പാതയെ ആശ്രയിച്ചാണ് ലോക വിപണികളിലേക്ക് എണ്ണയും വാതകവും എത്തിക്കുന്നത്. അതിനാൽ പെർമിറ്റ് സംവിധാനം മൂലം കടൽഗതാഗതത്തിന് കാലതാമസം നേരിടുകയും ചരക്ക് നീക്കത്തിലും വേവാതകളിലും അസ്ഥിരത വർധിക്കുകയും ചെയ്യും.
ചരക്കുകപ്പൽ ഗതാഗത മേഖലയിലും ഈ പുതിയ സാഹചര്യത്തിന് ഗൗരവമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ അനുമതി നിയമങ്ങൾ, അധിക ഡോക്യൂമെന്റഷൻ ആവശ്യങ്ങൾ, നിർബന്ധിത റൂട്ട് പാലിക്കൽ എന്നിവ ചരക്കുകപ്പൽ കമ്പനികളുടെ പ്രവർത്തനഭാരം വർധിപ്പിക്കും. കൂടാതെ, ഗൾഫ് മേഖലയിലെ കൂടുതൽ സങ്കീർണത ഉയരുന്നതിനാൽ ഇൻഷുറൻസ് കൂടാനും സാധ്യതയുണ്ട്. ഇതെല്ലാം കൂടി ചരക്കുഗതാഗത ചെലവ് വർധിക്കും.
പുതിയ നീക്കം ഓഹരി വിപണികളിലും വലിയ പ്രത്യാഘതങ്ങൾ സൃഷ്ടിച്ചേക്കും. എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ കറൻസികൾ കൂടുതൽ സമ്മർദത്തിലാകാനും സാധ്യതയുണ്ട്. കൂടാതെ, ക്രൂഡ് ഓയിൽ വില ഉയരാൻ സാധ്യത കൂടുതലാണ്. എണ്ണവില ഉയർന്നാൽ അതിന്റെ പ്രതിഫലം ആഗോള സമ്പദ്‌വ്യവസ്ഥയിൽ വളരെ വേഗത്തിൽ പ്രകടമാകും. കപ്പൽ ഗതാഗത ചെലവ് കൂടുന്നതോടെ ചരക്കുനീക്ക ചെലവും വർധിക്കും. ഇതോടെ നിർമാണ ചെലവ് , ഭക്ഷ്യവില, വിമാന ഇന്ധന വിലയും കൂടും. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഗൾഫ് രാജ്യങ്ങളിൽനിന്ന് വൻതോതിൽ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായതിനാൽ ഇന്ധന പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുണ്ട്.
English Summary: Iran’s introduction of new permit rules for vessels passing through the Strait of Hormuz is expected to significantly impact global shipping and energy markets. The regulations increase operational burden on shipping companies through stricter documentation and route compliance, while rising geopolitical tensions in the Gulf could push marine insurance premiums higher. These developments may lead to increased shipping costs, supply chain disruptions, and volatility in oil prices. Analysts warn that the move reflects a broader geopolitical strategy by Iran to exert control over global energy flow, potentially affecting economic stability worldwide.