ഇറാനിൽ അമേരിക്കയുടെ കനത്ത പ്രത്യാക്രമണം; ഖെഷ്മ് ദ്വീപിലും അബാദാനിലും മിസൈൽ വർഷം

അതേസമയം, ഇറാഖിൽ അമേരിക്കയും സൗദി അറേബ്യയും സംയുക്തമായി ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകൾക്ക് നേരെ ആക്രമണം നടത്തി
ഇറാനിൽ അമേരിക്കയുടെ കനത്ത പ്രത്യാക്രമണം; ഖെഷ്മ് ദ്വീപിലും അബാദാനിലും മിസൈൽ വർഷം
Published on

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിക്കൊണ്ട് ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം. കുറച്ചുദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്. പശ്ചിമേഷ്യയിലെ യുഎസ് സേനയ്ക്ക് നേരെ കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ ആക്രമണശ്രമങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് തങ്ങളുടെ ഈ പ്രത്യാക്രമണമെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി.

ഇറാനിലെ ഖെഷ്മ് ദ്വീപിലും (Qeshm Island) തെക്കുപടിഞ്ഞാറൻ നഗരമായ അബാദാനിലും (Abadan) അമേരിക്ക കനത്ത മിസൈൽ ആക്രമണം നടത്തി. ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ പ്രത്യാക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം നടന്നത്. "ഇപ്പോൾ തിരിച്ചടിക്കേണ്ട ഊഴം നമ്മുടേതാണ്. അവർക്ക് നേരെ അതിശക്തമായ ആക്രമണം ഉണ്ടാകും," ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം തന്നെ സമാധാന കരാറിനായുള്ള ശ്രമങ്ങൾ വാഷിങ്ടൺ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിൽ അമേരിക്കയുടെ കനത്ത പ്രത്യാക്രമണം; ഖെഷ്മ് ദ്വീപിലും അബാദാനിലും മിസൈൽ വർഷം
സൗദി മുതല്‍ കുവൈത്ത് വരെ: യു എസ്-ഇറാന്‍ യുദ്ധവും ഗള്‍ഫ് മേഖലയിലെ പുതിയ സുരക്ഷാ സമവാക്യങ്ങളും

പ്രാദേശിക സമയം പുലർച്ചെ 4 മണിക്കാണ് ഇറാനിൽ അമേരിക്കയുടെ മിസൈലുകൾ പതിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖെഷ്മ് ദ്വീപിൽ മൂന്ന് സ്ഫോടനങ്ങൾ കേട്ടതായി ഇറാന്റെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. ഡ്രോണുകൾ, ആക്രമണ ബോട്ടുകൾ, കടലിൽ നിക്ഷേപിക്കുന്ന മൈനുകൾ എന്നിവ സൂക്ഷിക്കുന്ന പ്രധാന കേന്ദ്രമാണിത്. ഖെഷ്മിലെ ജനവാസ കേന്ദ്രത്തിലും മിസൈൽ പതിച്ചിട്ടുണ്ട്.

അതേസമയം, ഇറാഖിൽ അമേരിക്കയും സൗദി അറേബ്യയും സംയുക്തമായാണ് ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകൾക്ക് നേരെ ആക്രമണം നടത്തിയത്. സൗദി ആദ്യമായാണ് അമേരിക്കയ്ക്കൊപ്പം പരസ്യമായി വ്യോമാക്രമണത്തിൽ പങ്കുചേരുന്നത്. ആക്രമണത്തിൽ 20 പോരാളികൾ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നാല് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് ഉപദേശകരും കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമമായ ഹംഷാരി റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഇറാഖിൽ 'അമേരിക്കയ്ക്ക് മരണം' എന്ന് മുദ്രാവാക്യം വിളിച്ച് വൻ പ്രതിഷേധം നടന്നു. ലക്ഷക്കണക്കിന് ഇറാനിയൻ തീർത്ഥാടകർ ഇറാഖിലെ പുണ്യസ്ഥലങ്ങളിലേക്ക് വാർഷിക പ്രാർത്ഥനകൾക്കായി എത്തുന്ന സമയത്താണ് ഈ ആക്രമണം നടന്നത്. അമേരിക്കയുടെ ആക്രമണം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് പ്രസിഡന്റ് അപലപിച്ചു. രാജ്യത്തെ യുദ്ധത്തിൽ നിന്ന് മാറ്റിനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് ഇറാഖിലെ പുതിയ പ്രധാനമന്ത്രി അലി അൽ-സെയ്ദിയും പ്രതികരിച്ചു.

ഇറാന്റെ പ്രത്യാക്രമണം, വെടിവെച്ചിട്ട് ജോർദാൻ

ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് സ്ഥിരീകരിച്ചു. ജോർദാൻ സൈന്യം അഞ്ച് ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകൾ വെടിവെച്ചിട്ടു. ഹോർമുസ് കടലിടുക്കിലൂടെ അനധികൃതമായി കടക്കാൻ ശ്രമിച്ച മൂന്ന് ടാങ്കറുകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തി. ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോൾ തങ്ങൾക്കാണെന്നാണ് ഇറാന്റെ അവകാശവാദം. ഇത് സംയുക്തമായി നിയന്ത്രിക്കാമെന്ന ഒമാന്റെ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞു.

ഇറാനിൽ അമേരിക്കയുടെ കനത്ത പ്രത്യാക്രമണം; ഖെഷ്മ് ദ്വീപിലും അബാദാനിലും മിസൈൽ വർഷം
അമേരിക്കൻ അതിർത്തികളിൽ ഇനി ചൈനീസ് 'യന്ത്രമനുഷ്യർ' വേണ്ട: നിർമ്മിത ബുദ്ധിയുടെ കാലത്തെ പുതിയ സാങ്കേതിക യുദ്ധം

അതിനിടെ, ഈജിപ്തിലെ ഡാമിയറ്റ തുറമുഖത്ത് അമേരിക്കൻ ഉടമസ്ഥതയിലുള്ള ഗ്യാസ് ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം നടന്നതായി ബ്രിട്ടീഷ് മാരിടൈം സുരക്ഷാ ഏജൻസിയായ ആംബ്രെ റിപ്പോർട്ട് ചെയ്തു. തുറമുഖത്ത് തീപിടുത്തമുണ്ടായതായി ഈജിപ്ത് സ്ഥിരീകരിച്ചു. ഇതിനുപുറമെ, കഴിഞ്ഞ ആഴ്ച സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിച്ചതും പശ്ചിമേഷ്യയെ കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടുന്ന വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന ഭയം വർധിപ്പിക്കുന്നു.

യുദ്ധം കൂടുതൽ വ്യാപിക്കുന്നതിൽ സൗദി അറേബ്യയ്ക്ക് കടുത്ത ആശങ്കയുണ്ട്. ഹൂതികൾക്കും ഇറാഖിലെ സായുധ ഗ്രൂപ്പുകൾക്കും നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തി സ്ഥിതി വഷളാക്കരുതെന്ന് അഭ്യർത്ഥിക്കാൻ സൗദി പ്രതിരോധ മന്ത്രി വാഷിങ്ടണിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ തുടങ്ങിയ ബോംബിങ് ക്യാമ്പയിനാണ് ഇപ്പോൾ അഞ്ച് മാസം പിന്നിട്ട് വലിയൊരു യുദ്ധമായി മാറിയിരിക്കുന്നത്. ജൂണിൽ ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ തകർന്നതോടെയാണ് വീണ്ടും ആക്രമണങ്ങൾ ആരംഭിച്ചത്. യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 8 ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 90 ഡോളറിന് മുകളിലെത്തി.

ഇറാനുമായുള്ള യുദ്ധം തുടരുന്നത് അമേരിക്കയുടെ ആയുധശേഖരത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. യുഎസ് സൈന്യത്തിന്റെ പക്കൽ 1000-ൽ താഴെ പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളും 250-ൽ താഴെ താഡ് (THAAD) ഇന്റർസെപ്റ്ററുകളും മാത്രമേയുള്ളൂവെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് റിപ്പോർട്ട് ചെയ്യുന്നു. വ്യോമപ്രതിരോധത്തിന് അത്യാവശ്യമായ ഈ മിസൈലുകളുടെ കുറവ് അമേരിക്കയ്ക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ വെടിനിർത്തൽ പുനഃസ്ഥാപിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ ഏറെക്കുറെ പരാജയപ്പെട്ട അവസ്ഥയിലാണ്. "സ്ഥിതിഗതികൾ ഇപ്പോൾ വളരെ മോശമായ അവസ്ഥയിലാണ്," എന്ന് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Summary

The US military launched missile strikes on Iran's Qeshm Island and the southwestern city of Abadan. The strikes targeted strategic storage sites for Iranian military assets and were framed as retaliation for Iranian attacks on US forces. In their first publicly acknowledged joint operation, US and Saudi forces bombed Iran-backed paramilitary groups (PMF) in Iraq. The strikes killed at least 20 fighters and four Iranian Revolutionary Guards (IRGC) advisors, drawing fierce condemnation from the Iraqi government and triggering anti-American protests.

Madism Digital
madismdigital.com