

മാസപ്പടി കേസിൽ സുപ്രിംകോടതിയിൽ ഇന്ന് വാദം തുടങ്ങും. വിജിലൻസ് കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമർപ്പിച്ച ഹർജിയിലാണ് ഇന്ന് വാദം കേൾക്കുക. ഹർജികൾ പരിഗണിക്കാൻ സുപ്രിംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വി.മോഹനയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുക.
കേസിൽ വിജിലൻസ് അന്വേഷണവും എഫ്ഐആറും രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയും അതിൽ ഡിവിഷൻ ബെഞ്ചിൽ നിന്നുണ്ടായ തിരിച്ചടികൾക്കെതിരെയുമാണ് പിണറായി വിജയൻ, ടി വീണ, പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവർ കോടതിയെ സമീപിച്ചിരിക്കുന്നത്. വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നും അറസ്റ്റ് നടപടികൾ തടയണമെന്നുമാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതിയിൽ നിന്ന് ഉത്തരവുണ്ടായതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആരോപണ വിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീം കോടതിയിലെത്തിയത്. കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേഗം പരിഗണിക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉൾപ്പെടെ എല്ലാ കക്ഷികളും നൽകിയ ഹർജികളും കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാരിന്റെയും ഇഡിയുടെയും ഹർജിക്കാരനായ കെ എം ഷാജഹാന്റെയും അഭിഭാഷകരും ഇന്ന് കോടതിയിലെത്തിയേക്കും.
സിഎംആർഎല്ലും വീണാ വിജയനുമായി ബന്ധപ്പെട്ട എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ല ആരോപണങ്ങളാണ് കേസിന് ആധാരം. സേവനങ്ങൾ നൽകിയതിന് പ്രതിഫലമായാണോ പണം കൈമാറിയത്, അതല്ലെങ്കിൽ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളാണോ നടന്നത് എന്നതിലൊക്കെയാണ് അന്വേഷണം നടക്കുന്നത്. ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഒക്ടോബർ ഒമ്പതിന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ പിണറായി നൽകിയ അപ്പീൽ പരിഗണിക്കാൻ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. തുടർന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ആകെ പതിമൂന്ന് പ്രതികളുള്ള കേസിൽ രണ്ട് വ്യത്യസ്ത എഫ്ഐആറുകളായാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎൽ കമ്പനിക്കുവേണ്ടി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നതാണ് ആദ്യത്തെ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും മകൾ ടി. വീണ രണ്ടാം പ്രതിയും മുഹമ്മദ് റിയാസ് മൂന്നാം പ്രതിയുമാണ്.
വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന ഐടി കമ്പനിക്ക് സിഎംആർഎൽ നൽകാത്ത സേവനത്തിന് 3.28 കോടി രൂപ നൽകിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തൽ.
രണ്ടാമത്തെ കേസ് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ടതാണ്. ഈ കേസിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി. വീണ രണ്ടാം പ്രതിയുമാണ്. മാസപ്പടിയായി ലഭിച്ച പണം ഷെൽ കമ്പനികൾ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം. മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ചുവന്ന ഡയറിയിലെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, വിദേശ കറൻസി കൈമാറ്റം, ബിനാമി സിം കാർഡുകളുടെ ഉപയോഗം എന്നിവയാണ് ഈ കേസിന് അടിസ്ഥാനമായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്.
രണ്ടായിരത്തി പതിനേഴ് മുതലുള്ള കാലയളവിൽ വീണയ്ക്ക് ലഭിച്ച പണം റിയാസും സുഹൃത്തുക്കളും ചേർന്ന് കുഴൽപ്പണ ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്ന് ഇഡി റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്കാണ് കോടതി നിർദേശം നൽകിയത്. ഇ.ഡി നൽകിയ കത്തിലും രേഖകളിലും എഫ്ഐആർ നേരിട്ടു റജിസ്റ്റർ ചെയ്യാൻ മതിയായ വസ്തുതകൾ ഉണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളുടെയും സംശയിക്കുന്ന വ്യക്തികളുടെയും മൊഴികളുമുണ്ട്. ആരോപണ വിധേയർ അഴിമതി നിരോധന നിയമപ്രകാരം (പി.സി ആക്ട്) കുറ്റം ചെയ്തെന്നും ഇ.ഡി നൽകിയ വിവരങ്ങൾ വെളിപ്പെടുത്തുന്നു.
റിവിഷൻ ഹർജി തള്ളിയതിനു ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം വിവരങ്ങൾ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനായി ഡിജിപിക്കു കൈമാറിയത്. അതിനാൽ ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ ഉത്തരവുകൾ ഫലപ്രദമായ അന്വേഷണത്തിനു തടസ്സമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിഎസിന്റെ മുൻ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറികെ.എം.ഷാജഹാൻ നൽകിയ ഹർജിയിലായിരുന്നു ഈ മാസം 9ലെ ഉത്തരവ്.
The Supreme court will hear the petition filed by Opposition Leader Pinarayi Vijayan challenging the Kerala High Court’s order allowing a vigilance case to be registered in CMRL-Exalogic case. The Supreme Court has constituted a special bench to hear the petitions. The bench comprises Justices Joymalya Bagchi and V. Mohana.