

കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ. ഷോർട്ട് സർക്യൂട്ടല്ല അപകടകാരണമെന്ന ഫോറൻസിക് സംഘത്തിന്റെയും മോട്ടോർ വാഹനവകുപ്പിന്റേയും കണ്ടെത്തുലുകളെ തങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും സംഭവത്തിൽ ഭർത്താവ് രജിൻലാലിനെ സംശയിക്കുന്നതായും മരിച്ച സോനയുടെ അമ്മാവൻ എകെ സത്യൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഫോടനത്തിനായി കാറിനുള്ളിൽ എന്തെങ്കിലും വെച്ചിട്ടുണ്ടായിരുന്നു എന്നാണ് കരുതുന്നത്. സോനയെ മുൻസീറ്റിൽ ഇരുത്താതെ പുറകിലാണ് ഇരുത്തിയത്. നിലവിൽ രജിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്ന അറിവ് മാത്രമേ തങ്ങൾക്കുള്ളൂവെന്നും സത്യൻ പറഞ്ഞു. അപകടമുണ്ടായപ്പോൾ പുറകിലെ ഡോർ തുറക്കാതെ തോട്ടിൽ ചാടി രക്ഷപ്പെടാനാണ് രജിൻ ശ്രമിച്ചത്. കാറിനുള്ളിൽ മറ്റൊരാൾ ഉള്ളതായും രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് പറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും വിവാഹംകഴിക്കാൻ തീരുമാനിക്കുകയും അതിനിടിയിൽ രജിൻലാൽ മറ്റൊരു വിഹാഹത്തിന് തീരുമാനിച്ചതറിഞ്ഞ സോന ആത്മഹത്യാശ്രമം നടത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷനിൽവെച്ച് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് സോനയെ വിവാഹം കഴിക്കാമെന്ന് രജിൻലാൽ ഉറപ്പ് നൽകിയതെന്നും സത്യൻ അറിയിച്ചു.
ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വയൽപ്രദേശത്തെ തോട്ടിനരികെയാണ് അപകടം ഉണ്ടായത്. ഇതിനാൽതന്നെഓടിക്കൂടിയ നാട്ടുകാർക്ക് തീകെടുത്താൻ സഹായമായി. വലിയ സ്ഫോടനശബ്ദം കേട്ടതായും ഓടിയെത്തുമ്പോൾ കാർ ആളിക്കത്തിയിരുന്നെന്നും നാട്ടുകാർ സംഭവ ദിവസം പറഞ്ഞിരുന്നു.
അതേസമയം, രജിൻലാലിന്റെ മൊഴിയിലെ വൈരുദ്ധ്യും ദുരൂഹതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. വളരെപെട്ടൊന്ന് തീ ആളിക്കത്തണമെങ്കിൽ കാറിനുള്ളിൽ മറ്റെന്തെങ്കിലും വസ്തുവിന്റെ സാനിധ്യമുണ്ടാകാമെന്ന് ഫോറൻസിക് സംഘവും അഭിപ്രായപ്പെട്ടിരുന്നു. സംഭവസ്ഥലത്തെ സിസടിവി ദൃശ്യങ്ങളും രജിന്റെ ഫോൺ രേഖകളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
English Summary: A pregnant woman, Sona, died after a moving car caught fire in Perambra, Kozhikode, with her relatives alleging foul play in the incident. Forensic experts reportedly ruled out a short circuit, while the family suspects her husband Rajinlal and claims an explosive substance may have been inside the car.