

രണ്ട് വ്യത്യസ്ത കഥാപാത്രങ്ങൾ. രണ്ട് വ്യത്യസ്ത അഭിനയഭാവങ്ങൾ. ഒടുവിൽ ഒരേ വേദിയിൽ രണ്ട് എമ്മി പുരസ്കാരങ്ങൾ. 2026ലെ എമ്മി വേദിയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് മാത്യു റിസ്. ‘ദി ബീസ്റ് ഇൻ മി ’യിലെ അപകടകാരിയായ നിലെ ജർവിസ് മുതൽ ‘വിഡോസ് ബേ’യിലെ ഹൊറർ-കോമഡി കഥാപാത്രമായ ടോം ലോഫ്റ്റിസ് വരെ എത്തുമ്പോൾ, ഒരു നടന്റെ അഭിനയപരിധി എത്രത്തോളം വിശാലമാകാമെന്നതിന് തെളിവാകുകയാണ് റിസിന്റെ ഈ നേട്ടം. ഒരു വശത്ത് ഭാര്യയെ കൊലപ്പെടുത്തിയെന്ന സംശയത്തിൽ കഴിയുന്ന, സ്വാധീനവും പണവും കൈവശമുള്ള ഒരു കുതന്ത്രശാലിയായ ബിസിനസ് അവകാശി. മറുവശത്ത് പ്രേതബാധിതമായ ന്യൂ ഇംഗ്ലണ്ടിലെ ഒരു ദ്വീപ് നഗരത്തിന്റെ മേയറും മകളെ ഒറ്റയ്ക്ക് വളർത്തുന്ന അച്ഛനും. കഥാപാത്രങ്ങൾ തമ്മിൽ യാതൊരു സാമ്യവുമില്ല. എന്നാൽ രണ്ടിനെയും ഒരേ നടൻ തന്റെതാക്കി മാറ്റി. അതാണ് മാത്യു റീസിനെ വ്യത്യസ്തനാക്കുന്നതും.
1974ൽ കാർഡിഫിൽ ജനിച്ച മാത്യു റീസ് കുട്ടിക്കാലം മുതൽ വെൽഷ് ഭാഷയുടെയും സംസ്കാരത്തിന്റെയും ഇടയിലാണ് വളർന്നത്. അച്ഛൻ സ്കൂൾ പ്രിൻസിപ്പലും അമ്മ അധ്യാപികയുമായിരുന്നു. കുടുംബത്തിന്റെ കൃഷിയിടത്തിനും കടൽത്തീരത്തിനുമിടയിലായിരുന്നു ബാല്യം. 17-ാം വയസ്സിൽ ഒരു സ്കൂൾ സംഗീതനാടകത്തിൽ എൽവിസ് പ്രെസ്‌ലിയായി വേഷമിട്ടതാണ് അഭിനയത്തിലേക്കുള്ള വഴിത്തിരിവ്. പിന്നീട് ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ടിൽ പഠിക്കാൻ അവസരം ലഭിച്ചു. അവിടെ പട്രീഷ്യ റോതർമെയർ സ്കോളർഷിപ്പ് സ്വന്തമാക്കിയ റീസ്, സിനിമയിലേക്കും ടെലിവിഷനിലേക്കും എത്തുന്നതിന് മുമ്പ് വർഷങ്ങളോളം നാടകവേദിയിൽ തന്റെ കഴിവ് തെളിയിച്ചു. ലോസ് ആഞ്ചലസ് ജീവിതത്തിനിടയിൽ സഹ വെൽഷ് അഭിനേതാക്കളായ മൈക്കൽ ഷീൻ, ഇയാൻ ഗ്രുഫുഡ് എന്നിവരോടൊപ്പം താമസിച്ചിരുന്ന കാലവും റീസിന്റെ കരിയർ യാത്രയിലെ ശ്രദ്ധേയമായൊരു അധ്യായമാണ്. ഇവർ തമാശയായി തങ്ങളുടെ കൂട്ടായ്മയ്ക്ക് ‘എൽഎ ടാഫിയ’ എന്ന പേരും നൽകിയിരുന്നു.
‘ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ്’ ഉൾപ്പെടെയുള്ള ടെലിവിഷൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയെങ്കിലും, 2013ൽ ആരംഭിച്ച ‘ദി അമേരിക്കൻസ്’ ആണ് മാത്യു റീസിന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത്. ശീതയുദ്ധ പശ്ചാത്തലത്തിൽ സോവിയറ്റ് ചാരനായ ഫിലിപ്പ് ജെന്നിങ്സ് ആയി എത്തിയ റീസ്, കഥാപാത്രത്തിന്റെ വൈകാരിക സങ്കീർണതയും തീവ്രതയും കൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടി. ഈ പ്രകടനത്തിനാണ് 2018ൽ ഒരു നാടക പരമ്പരയിലെ മികച്ച നടനുള്ള എമ്മി പുരസ്കാരം ലഭിച്ചത്. അതോടെ ടെലിവിഷൻ രംഗത്തെ ഏറ്റവും ശ്രദ്ധേയരായ അഭിനേതാക്കളിലൊരാളായി റീസ് മാറി. ‘ദി അമേരിക്കൻസ്’ന്റെ ചിത്രീകരണവേദിയിൽ നിന്നാണ് ജീവിതത്തിലെ മറ്റൊരു പ്രധാന ബന്ധവും ആരംഭിച്ചത്. സഹതാരം കെറി റസ്സലുമായി പ്രണയത്തിലായ റീസ്, പിന്നീട് കുടുംബജീവിതത്തിലും അവർക്കൊപ്പം തുടരുകയായിരുന്നു.
മാത്യു റീസിനെ ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുക്കാൻ കഴിയില്ല എന്നതാണ് അദ്ദേഹത്തിന്റെ കരിയർ നോക്കുമ്പോൾ വ്യക്തമാകുന്നത്. ‘പെറി മേസൺ’ പോലുള്ള ഗൗരവമേറിയ കോടതിമുറി നാടകത്തിൽ നിന്ന് ‘ഗേൾസ്’ലെ കുതന്ത്രശാലിയായ എഴുത്തുകാരൻ വരെയും, ‘ദി ബീസ്റ്റ് ഇൻ മീ’യിലെ അപകടകാരിയായ കോടീശ്വര അവകാശി മുതൽ ‘വിഡോസ് ബേ’യിലെ ഹാസ്യത്തിന്റെ അംശങ്ങളുള്ള മേയർ വരെയും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പ്രത്യേകിച്ച് ‘ദി ബീസ്റ്റ് ഇൻ മീ’യിലെ നൈൽ ജാർവിസ് എന്ന കഥാപാത്രം റീസിന്റെ അഭിനയശേഷിയുടെ മറ്റൊരു വശമാണ് തുറന്നുകാട്ടിയത്. ക്ലെയർ ഡെയ്ന്സ് അവതരിപ്പിക്കുന്ന ആഗി വിഗ്സ് എന്ന കഥാപാത്രവുമായി ജാർവിസിനുള്ള സങ്കീർണമായ ബന്ധമാണ് പരമ്പരയുടെ പ്രധാന ആകർഷണം. പരസ്പരം ആകർഷിക്കപ്പെടുകയും അതേസമയം ശക്തമായി അകന്നുനിൽക്കുകയും ചെയ്യുന്ന രണ്ട് കഥാപാത്രങ്ങൾ. ഒരേ സമയം പരസ്പരം തിരിച്ചറിയുകയും ഭയക്കുകയും ചെയ്യുന്ന അവരുടെ ബന്ധമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. അതേസമയം ‘വിഡോസ് ബേ’യിൽ ടോം ലോഫ്റ്റിസ് ആയി എത്തിയപ്പോൾ റീസ് തന്റെ ഹാസ്യഭാവവും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. അതീന്ദ്രിയമായ തടസ്സങ്ങൾ നിറഞ്ഞ ഒരു ദ്വീപിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ശ്രമിക്കുന്ന മേയർ എന്ന കഥാപാത്രം, ഇതുവരെ കണ്ട റീസിന്റെ ഗൗരവമേറിയ പ്രതിച്ഛായയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.
തന്നെ സ്വാധീനിച്ച അഭിനേതാക്കളെക്കുറിച്ച് പറയുമ്പോൾ റിച്ചാർഡ് ബർട്ടന് മാത്യു റീസ് പ്രത്യേക സ്ഥാനമാണ് നൽകുന്നത്. വെൽഷ് അഭിനയപാരമ്പര്യത്തിലെ വലിയ പേരുകളായ ബർട്ടണും ആന്തണി ഹോപ്കിൻസിനുമൊപ്പം മാർലൺ ബ്രാൻഡോ, റോബർട്ട് ഡി നീറോ, അൽ പച്ചീനോ തുടങ്ങിയവരും അദ്ദേഹത്തിന്റെ അഭിനയ സ്വാധീനങ്ങളാണ്. റിച്ചാർഡ് ബർട്ടനോടുള്ള ആരാധന അത്രമേൽ ആഴത്തിലുള്ളതായിരുന്നു. 2025ൽ ‘പ്ലേയിങ് ബർട്ടൺ’ എന്ന നാടകാവതരണത്തിൽ ബർട്ടണായി അഭിനയിക്കാനും റീസിന് അവസരം ലഭിച്ചു. എന്നാൽ വർഷങ്ങളായുള്ള വിജയങ്ങൾക്കിടയിലും സ്വയം എളുപ്പത്തിൽ നിർവചിക്കാവുന്ന ഒരാളായി റീസ് കരുതുന്നില്ല. വെയിൽസിൽ ജനിച്ച് വളർന്ന് അമേരിക്കയിൽ വലിയ കരിയർ സൃഷ്ടിച്ച ഒരാൾ. ഗൗരവമേറിയ നാടകീയ കഥാപാത്രങ്ങളിലൂടെ പ്രശസ്തനായെങ്കിലും ഹാസ്യത്തെക്കുറിച്ച് ഒരുകാലത്ത് ഭയമുണ്ടായിരുന്ന നടൻ. നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടും തന്റെ കഴിവിനെക്കുറിച്ച് സംശയിക്കുന്ന ഒരു ‘നർവസ് നെല്ലി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി.
ഒരേ സമയം തമാശക്കാരനാകാനും നാടകീയനാകാനും അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ അഭിനയിക്കാനും കഴിയുന്ന നടൻ എന്നതാണ് മാത്യു റീസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു രാത്രിയിൽ രണ്ട് എമ്മി പുരസ്കാരങ്ങൾ സ്വന്തമാക്കിയ 2026ലെ ചരിത്രനേട്ടം അതുകൊണ്ടുതന്നെ ഒരു പുരസ്കാരവിജയം മാത്രമല്ല. വർഷങ്ങളായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു നടന്റെ യാത്രയ്ക്ക് ലഭിച്ച മറ്റൊരു വലിയ അംഗീകാരമാണ്.
Matthew Rhys made Emmy history in 2026 by winning two awards for two contrasting performances, showcasing his remarkable range as an actor. From The Americans and Perry Mason to The Beast in Me and Widow’s Bay, Rhys has built a career across intense drama, comedy and complex characters