

Punjab Kings: ഈ സീസണിൽ ക്വാളിഫയർ കളിക്കുമെന്ന് ആരാധകർ ആദ്യം ഉറപ്പിച്ച ടീമാണ് പഞ്ചാബ് കിങ്‌സ്. സീസണിലെ 11 മത്സരം പൂർത്തിയാക്കിയപ്പോൾ പ്ലേ ഓഫ് കാണാതെ പുറത്തായേക്കാമെന്ന അവസ്ഥയിൽ എത്തിനിൽക്കുന്നു! എന്താണ് ഈ ടീമിനു സംഭവിച്ചതെന്ന് എതിർ ടീം ആരാധകർക്കു പോലും പിടികിട്ടിയിട്ടില്ല.
സീസണിലെ ആദ്യ ഏഴ് കളികളിൽ പഞ്ചാബ് തോൽവി അറിഞ്ഞിട്ടില്ല. ആറിലും ജയിച്ചപ്പോൾ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ച് ഒരു പോയിന്റ് നേടി. എന്നാൽ അവസാന നാല് മത്സരങ്ങളും തുടർച്ചയായി തോറ്റ് ഒന്നാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചേസ് ചെയ്യുമ്പോൾ ജയിക്കുകയും ആദ്യം ബാറ്റ് ചെയ്താൽ തോൽക്കുകയുമാണ് പഞ്ചാബിന്റെ ഏറ്റവും വലിയ ദുർബലത. പഞ്ചാബ് തോറ്റ അവസാന നാല് കളികളിൽ മൂന്നും തോറ്റത് ആദ്യം ബാറ്റ് ചെയ്തപ്പോൾ ആണ്. അതിൽ തന്നെ രണ്ട് കളികളും 200 നു മുകളിൽ ആദ്യം സ്‌കോർ ചെയ്ത ശേഷമാണ് തോറ്റത്. ജയിച്ച ആറ് കളികളിൽ അഞ്ചിലും പഞ്ചാബ് രണ്ടാമതാണ് ബാറ്റ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്തു ജയിച്ചത് ഒരു കളി മാത്രം. അതായത് ആദ്യം നേടുന്ന സ്‌കോറിനെ പ്രതിരോധിക്കുന്നതിൽ പഞ്ചാബിനു വലിയ പിഴവുകൾ സംഭവിക്കുന്നു എന്നർത്ഥം.
ഈ സീസണിൽ മൂന്ന് കളികളാണ് പഞ്ചാബിനു ശേഷിക്കുന്നത്. നിലവിൽ 13 പോയിന്റോടെ നാലാം സ്ഥാനത്താണ് പഞ്ചാബ്. ശേഷിക്കുന്ന കളികളെല്ലാം ജയിച്ചാൽ പഞ്ചാബിനു 19 പോയിന്റാകും. അങ്ങനെയെങ്കിൽ പ്ലേ ഓഫ് ഉറപ്പിക്കാം. അതേസമയം ശേഷിക്കുന്ന മൂന്നിൽ ഏതെങ്കിലും ഒരു കളി തോറ്റാൽ പോലും പഞ്ചാബിന്റെ സ്ഥിതി പരുങ്ങലിലാകും.
അഞ്ചാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്‌സിനു 11 കളികളിൽ 12 പോയിന്റുണ്ട്. പഞ്ചാബ് ഒരു കളി തോൽക്കുകയും ചെന്നൈ ശേഷിക്കുന്ന എല്ലാ കളികളും ജയിക്കുകയും ചെയ്താൽ പോയിന്റ് ടേബിളിൽ ചെന്നൈയ്ക്കു മേൽക്കൈ ലഭിക്കും.
English summary: Punjab Kings had a strong start in IPL 2026, going unbeaten in the early matches and dominating the points table. However, their form has dipped with four consecutive losses, exposing weaknesses in batting first and in defending totals. With only a few matches left, their playoff qualification now depends on winning the remaining games and other teams’ results. The team’s inconsistency has become a major concern for fans and analysts alike. Their performance in the upcoming matches will decide whether they can recover or exit the playoff race early.