

ഡെല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഐപിഎല്ലിലെ പവര്‍ഹൗസായ മുംബൈ ഇന്ത്യന്‍സിനെതിരെ 22കാരനായ ഒരു ഉത്തര്‍പ്രദേശുകാരന്റെ അഴിഞ്ഞാട്ടമാണ് കണ്ടത്. 51 പന്തുകളില്‍ 7 ഫോറുകളും 7 സിക്‌സറുകളുമടക്കം 90 റണ്‍സാണ് റിസ്വി അടിച്ചുകൂട്ടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനായി മറ്റൊരു ഇംപാക്റ്റ് ഇന്നിങ്സുമായി മുന്‍ നായകന്‍ രോഹിത് ശര്‍മ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതിൻറെ ചൂടാറും മുന്നേ നേട്ടത്തിൻറെ ആ പൊൻതുവൽ റാഞ്ചിയാണ് റിസ്വി മറുപടി നല്‍കിയത്. പിന്നാലെ കളിയിലെ മികച്ച താരത്തിനുള്ള മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും യുവതാരത്തെ തേടിയെത്തി. ഇതോടുകൂടി തുടര്‍ച്ചയായി 3 ഐപിഎല്‍ മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ച് നേടുന്ന എട്ടാമത്തെ കളിക്കാരനായി റിസ്വി മാറി.
അപൂര്‍വ്വ റെക്കോര്‍ഡ്
സമീര്‍ റിസ്വിക്കു മുന്നേ പലരും ഈ റെക്കോര്‍ഡ് കൈവരിച്ചിട്ടുണ്ടെങ്കിലും റിസ്വിയുടെ റെക്കോര്‍ഡിന് ചില പ്രത്യേകതകളുണ്ട്. ഐപിഎല്ലില്‍ തുടര്‍ച്ചയായി 3 മാന്‍ ഓഫ് ദ മാച്ച് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി റിസ്വി മാറി. 22 വയസ്സും 118 ദിവസവുമാണ് താരത്തിന്റെ പ്രായം. 23 വയസ്സില്‍ ഋതുരാജ് ഗെയുക്വാദ് നേടിയ റെക്കോര്‍ഡാണ് തിരുത്തപ്പെട്ടത്. ഇതിനുപുറമെ, 2 സീസണുകളിലെ കളികളിലായി ഈ റെക്കോര്‍ഡ് കൈവരിക്കുന്ന ആദ്യതാരമാണ് റിസ്വി. കഴിഞ്ഞ സീസണിലെ ഡെല്‍ഹിയുടെ അവസാന മാച്ചില്‍ പഞ്ചാബിനെതിരെയും ഈ സീസണിലെ ആദ്യമത്സരങ്ങളില്‍ ലഖ്‌നൗവിനെതിരെയും മികച്ച താരമായ റിസ്വവി മുെബൈക്കെതിരെയും നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയ മറ്റെല്ലാ കളിക്കാരും ഒരു സീസണിലെ പ്രകടനത്തിനാണ് 3 മാന്‍ ഓഫ് ദ മാച്ച് നേടിയിരുന്നത്.
റിസ്വിക്ക് മുന്നേ വന്നവര്‍
ഏഴ് കളിക്കാരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് ഇന്ത്യന്‍ കളിക്കാരും നാല് വിദേശ കളിക്കാരും ഉള്‍പ്പെടും. 2010 ല്‍ ബാംഗ്ലൂരിനുവേണ്ടി കളിക്കുമ്പോള്‍ ജാക്വസ് കാലിസ് ആണ് ആദ്യമായി ഈ നേട്ടത്തിലെത്തിയത്. പിന്നീട് 2012ല്‍ വീരേന്ദര്‍ സെവാഗ്(ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്), 2014ല്‍ ഗ്ലെന്‍ മാക്‌സ്വെല്‍(കിങ്‌സ് ഇലവന്‍ പഞ്ചാബ്), 2016ല്‍ ആരോണ്‍ ഫിഞ്ച്(ഗുജറാത്ത് ലയണ്‍സ്), വിരാട് കോഹ്ലി(റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), 2018ല്‍ ജോസ് ബട്‌ലര്‍(രാജസ്ഥാന്‍ റോയല്‍സ്), 2020 ല്‍ ഋതുരാജ് ഗെയ്ക്വാദ്(ചെന്നൈ സൂപ്പര്‍ കിങ്‌സ്) എന്നിവരും ഈ നേട്ടം കരസ്ഥമാക്കി. സെവാഗും കോഹ്ലിയുമാണ് നായകസ്ഥാനത്ത് നിന്ന് ഈ റെക്കോര്‍ഡ് നേടിയവര്‍.
ആക്രമണോത്സുകമായ ബാറ്റിങ്ങ് ശൈലിയാണ് റിസ്വിയുടെ രീതി. എന്നാല്‍ കളിയുടേയും പിച്ചിന്റേയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ശൈലി മാറ്റി കളിക്കാനും ക്ഷമയോടെ ബാറ്റ് വീശാനുമുള്ള കഴിവ് സമീര്‍ റിസ്വിയെ മറ്റ് യുവതാരങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്നു. പവര്‍ഹിറ്റിങിനു പുറമെ സുന്ദരമായ ഷോട്ടുകള്‍ കളിക്കാനും സ്പിന്നര്‍മാരെ നേരിടുന്നതിലുമുള്ള അസാമാന്യമായ കഴിവ് ഇന്ത്യന്‍ ടീമിലേക്കുള്ള റിസ്വിയുടെ പാത എളുപ്പമാക്കുമെന്ന് ഉറപ്പിച്ചു പറയാം.
English Summary: Sameer Rizvi, a 22-year-old cricketer from Uttar Pradesh, made history by becoming the youngest player to win three consecutive IPL Man of the Match awards.