രണ്ടുമാസമായി ഖത്തറിൽനിന്ന് ഒരു എണ്ണക്കപ്പൽ പോലും അനങ്ങിയിട്ടില്ല; ഇറാൻ യുദ്ധത്തിൽ തളർന്ന് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം

ഹോർമുസ് കടലിടുക്കിലെ ഉപരോധം എത്രനാൾ നീണ്ടുനിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഖത്തറിന്റെ ഭാവി
രണ്ടുമാസമായി ഖത്തറിൽനിന്ന് ഒരു എണ്ണക്കപ്പൽ പോലും അനങ്ങിയിട്ടില്ല; ഇറാൻ യുദ്ധത്തിൽ തളർന്ന് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം
Published on

ഇറാനെതിരായ യുഎസ്, ഇസ്രായേൽ യുദ്ധം ഏതെങ്കിലും ഒരു രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ മോശമായി ബാധിച്ചുകഴിഞ്ഞു. എണ്ണമേഖലയിലെ പ്രതിസന്ധി ഗൾഫ് മേഖലയുടെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാക്കിയത് കടുത്ത വെല്ലുവിളിയാണ്. അതിൽ ഏറ്റവും മോശം സാഹചര്യം നേരിടുന്നതു ഖത്തറാണ്. പ്രകൃതിവാതകത്തിന്റെ കരുത്തിൽ, മരുഭൂമിയിൽനിന്ന് ആധുനിക നഗരങ്ങളുടെ വിസ്മയമായി മാറിയ ഖത്തറിന്, തങ്ങളുടെ സാമ്പത്തിക അടിത്തറയെത്തന്നെ ഉലയ്ക്കുന്ന വെല്ലുവിളിയാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്. അതായത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.

സൗദി അറേബ്യ, യുഎഇ തുടങ്ങിയ അയൽരാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ഇന്ധന കയറ്റുമതി നടത്താൻ ബദൽ പൈപ്പ്‌ലൈൻ സംവിധാനങ്ങളുണ്ട്. എന്നാൽ പേർഷ്യൻ ഗൾഫിലേക്ക് നീണ്ടുനിൽക്കുന്ന ഉപദ്വീപ് ആയതുകൊണ്ടുതന്നെ ഖത്തറിന് കടൽമാർഗ്ഗമല്ലാതെ മറ്റു വഴികളില്ല. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഖത്തറിന്റെ ജീവരേഖയാണ് നിശ്ചലമായത്. രണ്ടുമാസമായി ഖത്തറിൽനിന്ന് ഒരു എണ്ണക്കപ്പൽ പോലും പുറപ്പെട്ടിട്ടില്ല. ഇത് രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 60 ശതമാനത്തിലധികം വരുന്ന ഇന്ധന കയറ്റുമതിയെ പൂർണമായും ബാധിച്ചു.

വരും വർഷങ്ങളിലും ജി.ഡി.പി തിരിച്ചടി നേരിടാൻ സാധ്യത

വെറുമൊരു കടൽ ഉപരോധത്തിൽ ഒതുങ്ങുന്നതല്ല ഖത്തർ നേരിടുന്ന പ്രതിസന്ധി. ഖത്തറിന്റെ പ്രകൃതിവാതക ഉൽപ്പാദനത്തിന്റെ ഹൃദയഭാഗമായ 'രാസ് ലഫാൻ' വ്യവസായ നഗരത്തിനു നേരെ ഉണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഖത്തറിന്റെ ഉൽപ്പാദന ശേഷിയിൽ 17 ശതമാനത്തിന്റെ ഇടിവുണ്ടാക്കി. വ്യവസായ കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഹമദ് പോർട്ടിലെ ക്രെയിനുകൾ നിശ്ചലമായ നിലയിലാണ്.

ഇനി നാളെത്തന്നെ ഹോർമുസ് കടലിടുക്ക് തുറന്നാൽ പോലും തകരാറിലായ അത്യാധുനിക പ്ലാന്റുകൾ പൂർവസ്ഥിതിയിലാക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇത് വരും വർഷങ്ങളിലും ഖത്തറിന്റെ ജി.ഡി.പി വളർച്ച പിന്നോട്ടടിക്കാൻ കാരണമായേക്കും. ഫോസിൽ ഇന്ധനങ്ങളെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഖത്തർ ടൂറിസം, അന്താരാഷ്ട്ര ബിസിനസ്, ഫിനാൻസ് ഹബ്ബ് എന്നീ മേഖലകളിലേക്ക് കോടികൾ നിക്ഷേപിച്ചത്. എന്നാൽ യുദ്ധം ഈ സ്വപ്നങ്ങൾക്ക് വലിയ മങ്ങലേൽപ്പിച്ചു.

രണ്ടുമാസമായി ഖത്തറിൽനിന്ന് ഒരു എണ്ണക്കപ്പൽ പോലും അനങ്ങിയിട്ടില്ല; ഇറാൻ യുദ്ധത്തിൽ തളർന്ന് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം
ദക്ഷിണേഷ്യയെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം; കാരണങ്ങളും പ്രത്യാഘാതങ്ങളും

കൈവിട്ട് വിദേശ സഞ്ചാരികൾ

ലോകത്തിലെ ഏറ്റവും ചെലവേറിയ ലോകകപ്പിനും ആഡംബര മാളുകൾക്കും വേദിയായ ഖത്തറിൽ, യുദ്ധഭീതിയെത്തുടർന്ന് വിദേശ സഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. പ്രശസ്തമായ 'സൂഖ് വാഖിഫ്' വിപണികളിലും മാളുകളിലും ഇന്നു തിരക്കില്ല. സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം പല അന്താരാഷ്ട്ര കമ്പനികളും തങ്ങളുടെ ജീവനക്കാരെ താൽക്കാലികമായി ഖത്തറിൽനിന്നു മാറ്റിക്കൊണ്ടിരിക്കുന്നു. വിദേശ നിക്ഷേപത്തെ ആശ്രയിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് വലിയ ആഘാതമാണ്

ഖത്തറിലെ 32 ലക്ഷം ജനസംഖ്യയിൽ 90 ശതമാനവും വിദേശ തൊഴിലാളികളാണ് (പ്രവാസികൾ). കമ്പനികൾ പ്രതിസന്ധിയിലാവുകയും ബിസിനസ്സ് രംഗം മന്ദഗതിയിലാവുകയും ചെയ്താൽ ഈ വിദേശ തൊഴിലാളികളുടെ വലിയ തോതിലുള്ള പലായനമുണ്ടായേക്കാം. ഇത് ഖത്തറിന്റെ ആഭ്യന്തര വിപണിയെയും നിർമ്മാണ മേഖലയെയും പൂർണമായി തകർക്കും. അതിനാൽ കമ്പനികളെ രാജ്യത്ത് തന്നെ നിലനിർത്താൻ വലിയ സമ്മർദ്ദമാണ് ഭരണകൂടം ചെലുത്തുന്നത്.

രണ്ടുമാസമായി ഖത്തറിൽനിന്ന് ഒരു എണ്ണക്കപ്പൽ പോലും അനങ്ങിയിട്ടില്ല; ഇറാൻ യുദ്ധത്തിൽ തളർന്ന് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം
ഇറാന്‍ യുദ്ധം പാവപ്പെട്ടവരെ തകര്‍ക്കുന്നതെങ്ങനെ? എന്താണ് കെ-ആകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥ

ഈ കടുത്ത പ്രതിസന്ധിയിലും ഖത്തറിനെ താങ്ങിനിർത്തുന്നത് അവരുടെ കരുത്തുറ്റ പരമാധികാര സ്വത്ത് നിധി (Sovereign Wealth Fund)യാണ്. ഏകദേശം 600 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ഖത്തറിന് വർഷങ്ങളോളം വരുമാനമില്ലെങ്കിലും പൗരന്മാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സാധിക്കും. രാജ്യം 90 ശതമാനവും ഭക്ഷണത്തിനായി ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കടൽമാർഗ്ഗം തടസ്സപ്പെട്ടതോടെ വിമാനമാർഗ്ഗവും സൗദി വഴി കരമാർഗ്ഗവുമാണ് ഇപ്പോൾ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നത്. ഇതിലൂടെ ഉണ്ടാകുന്ന വൻ വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ വലിയ തോതിൽ സബ്‌സിഡി നൽകുന്നുണ്ട്. ഇതാണ് വിപണിയിൽ ഇപ്പോഴും വലിയ വിലക്കയറ്റം അനുഭവപ്പെടാത്തതിന് കാരണം

പെട്രോ ഡോളറുകളുടെ കരുത്തിൽ ഖത്തർ കെട്ടിപ്പടുത്തത് അതിശയകരമായ ഒരു സാമ്രാജ്യമാണ്. പ്രതിസന്ധികളെ താൽക്കാലികമായി മറികടക്കാൻ ഖത്തറിന്റെ ഖജനാവിന് ശേഷിയുണ്ടെന്നത് ശരിയാണ്. എന്നാൽ, ഒരു ആഗോള ടൂറിസം-ബിസിനസ് ഹബ്ബ് എന്ന നിലയിലേക്ക് മാറാൻ ഏതൊരു രാജ്യത്തിനും വേണ്ട പ്രാഥമിക ഘടകം 'സ്ഥിരതയും സുരക്ഷിതത്വവുമാണ്'. ആ സുരക്ഷിതത്വ ബോധത്തിനാണ് ഈ യുദ്ധം കനത്ത പ്രഹരമേൽപ്പിച്ചിരിക്കുന്നത്.

വഴിമാറുന്ന ആഗോള സാമ്പത്തിക ക്രമത്തിൽ, ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ ഒരു എനർജി സൂപ്പർപവറിനെ എങ്ങനെ നിസ്സഹായരാക്കുന്നുവെന്നതിന്റെ നേർച്ചിത്രമാണ് ഇന്നത്തെ ഖത്തർ. ഈ സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലെ ഉപരോധം എത്രനാൾ നീണ്ടുനിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഖത്തറിന്റെ ഭാവി.

English Summary: Qatar’s economy, built on natural gas exports, faces severe pressure amid Hormuz Strait disruptions linked to regional conflict. With energy exports, tourism, foreign investment, and supply chains at risk, the crisis highlights how geopolitical instability can threaten even the wealthiest Gulf economies.

Madism Digital
madismdigital.com